Slider

നാടകമത്സരം തുടരുന്നു

0
Image may contain: 1 person, hat, outdoor and closeup

"ചെസ്റ്റ് നമ്പർ പന്ത്രണ്ട്,
സുരേഷ് ആന്‍റ് പാർട്ടി 10 B. ഫസ്റ്റ് കോൾ" .....
പ്രദീപ് സാറിന്‍റെ പാറപ്പുറത്തു ചിരട്ടയിട്ടുരയ്ക്കുന്ന ശബ്ദം സ്റ്റേജിന്‍റെ മുൻപിൽ രണ്ടു സൈഡിലായി അടുക്കി വെച്ചിരിക്കുന്ന ബോക്സിലൂടെ പ്രകമ്പനം കൊള്ളുമ്പോൾ സുരേഷ് ആന്‍റ് പാർട്ടികൾ തൊട്ടുതൊഴുതു സ്റ്റേജിലേക്കു കയറി,
രംഗ സജീകരണ വെപ്രാള കോലാഹലത്തിലാണ്.....
ചെണ്ടയുംകൊണ്ട് മേളക്കാരന്‍ ശിവന്‍കുട്ടി സൈഡുകര്‍ട്ടന്‍റെ മറവിൽ കര്‍ട്ടന്‍വലിക്കാരനൊപ്പം കസേരപിടിച്ചിട്ടിരുന്ന് എയറു മേലോട്ടു വലിച്ചുകേറ്റി ചെണ്ടക്കോലും പിടിച്ച് കിട്ടിയ സമയം സാമ്പിൾ ടെസ്റ്റു നടത്തുകയാണ്
കഥാപാത്രങ്ങളേ കണ്ടപ്പോള്‍ത്തന്നെ മനസ്സിലായി രാമായണത്തിലെ ഏതോ ഏടിന്‍റെ മൂഡുപിഴുതു കൊണ്ടുള്ള വരവാണ് ..... പട്ടിണി ലുക്കുണ്ടെങ്കിലും കൂട്ടത്തിൽ തൊലിവെളുപ്പ് സുരേഷിനായതുകൊണ്ട് അവന്‍തന്നെയാണ് ശ്രീരാമന്‍ , മനൂനെ നോക്കിയതും ആർട്ടിസ്റ്റിനേയൊത്തു കിട്ടാത്ത ദാരിദ്ര്യം അവനെന്ന ലക്ഷ്മണനില്‍ വ്യക്തമായി പ്രതിഫലിക്കുന്നു, അനാവശ്യത്തിനു തടിയും പൊക്കവും പിന്നെ മുഖത്തുവരുത്തിയ ചെറിയ ടച്ചപ്പില്‍ത്തന്നെ സുമേഷിന്‍റെ ഹനുമാന്‍ കസറിയിട്ടുണ്ട്, രാവണനായി കരടിജോണിയും തരക്കേടില്ല......
വന്നവരവിൽത്തന്നെ ഹനുമാൻ നിലത്തേക്കു കിടന്നു
ഉത്തരത്തേല്‍ നേരത്തേ തയ്യാറാക്കിയിട്ട കപ്പിയിൽക്കൂടി താഴേക്കു ഞാത്തിയിട്ടിരുന്ന വടത്തിന്‍റെയൊരറ്റം സംവിധായകന്‍ രവിയണ്ണന്‍ ഹനുമാന്‍റെ പുറത്തേക്കു കൊളുത്തി, എന്നിട്ടെല്ലാവരുമൊത്തുചേര്‍ന്ന് ഹനുമാനേ വലിച്ചു മുകളിലേക്കു കൊണ്ടുപോയി, മേളില്‍ ചെന്നതും തടിയന്‍ രാജേഷും കാളസുനിയും വടത്തില്‍ ഗ്യാരന്‍റികൊടുത്തു മുറുകെപ്പിടിച്ചിരിക്കുകയാണ്....
രാമായണത്തിൽ പറഞ്ഞിട്ടില്ലാത്ത ഈ ഹനുമാനേത്തൂക്കം ഏതേടില്‍നിന്നും മാന്തിയതാണെന്നുള്ള ആകാംഷ
സ്റ്റേജിനു വെളിയില്‍ സൈഡിലായി നോക്കി നില്‍ക്കുന്നവരില്‍ വ്യക്തമായിക്കാണാം ,
രംഗസജ്ജീകരണം വൈകുന്നതിന്റെ ക്ഷമയില്ലായ്മ പുറത്തു താളത്തിലുള്ള ഓരിയിടലിനെ നിശബ്ദമാക്കിക്കൊണ്ടു പ്രദീപ് സാർ വീണ്ടും പ്രകാമ്പനംകൊള്ളിച്ചു......
നാടകമത്സരം ചെസ്റ്റ് നമ്പർ പന്ത്രണ്ട്
"സെക്കന്റ് കോൾ "
സുരേഷ് ആന്‍റ് പാര്‍ട്ടിയുടെ വെപ്രാളപ്പാച്ചില് കണ്ടിട്ട് അൽപ്പംകൂടി സമയമനുവദിച്ചുകൊടുക്കാനായി പ്രദീപ് സാർ വീണ്ടും മൈക്കെടുത്തു...
"ദേശീയഗാനമത്സരത്തിനു പേരുകൊടുത്ത
മത്സരാർത്ഥികൾ എത്രയും പെട്ടന്നുതന്നെ തയ്യാറാവേണ്ടതാണ്.... വാളന്റിയര്‍മാരുടെ ശ്രദ്ധയ്ക്ക്..... സ്റ്റേജിന്‍റെ സൈഡില്‍ കൂട്ടംകൂടി നിൽക്കുന്നവരെ എത്രയുംപെട്ടന്നിവിടുന്നു മാറ്റിത്തരേണ്ടതാണ്.....
ഒടുവില്‍ രവിയണ്ണന്‍ ലൈക്‌സിംബല്‍ കാണിച്ചതും പ്രദീപ് സാറിന്‍റെ ഫൈനല്‍ അനൌണ്‍സ്മെന്‍റ്
ചെസ്റ്റ് നമ്പര്‍ പന്ത്രണ്ട്...... സുരേഷ് ആന്‍റ് പാര്‍ട്ടി,
"ഫൈനല്‍ കോള്‍"....
കര്‍ട്ടനുയര്‍ന്നതും പുറത്തു മഴത്തോര്‍ച്ചപോലെ നിശബ്ദം, വേദിയില്‍ കാടും പടലവും ശ്രീരാമനും,
ശ്രീരാമന്‍ ഉലാത്തുകയാണ്... സ്റ്റേജിന്‍റെ രണ്ടറ്റത്തേക്കുമുള്ള പോക്കുവരവില്‍ താളത്തിനൊത്തു ശിവന്‍കുട്ടി പെരുപ്പിക്കുന്നുണ്ട് ....
ഇടയ്ക്ക് മൈക്ക് തലയില്‍ത്തട്ടി ടെമ്പോയുടെ പിറകില്‍ തേങ്ങായെടുത്തിട്ടതുപോലെ ശബ്ദം കേട്ടതും മൈക്കുസെറ്റുകാരന്‍ ശ്രീരാമനെ നോക്കി നാക്കു കടിച്ചു കാണിക്കുന്നു, കൈ കണ്ണിനു മറപിടിച്ച് വെയിലത്ത് ഫ്ലൈറ്റ്‌പോകുന്നത് നോക്കുന്നപോലെ ശ്രീരാമന്‍ ആരേയോ പ്രതീക്ഷിക്കുകയാണ് , ഏറ്റോം പിറകില്‍ ഡസ്ക്കിന്‍റെ മുകളില്‍ നിരന്നുനില്‍ക്കുന്നവരുടെ ഭാഗത്തേക്കു നോക്കിക്കൊണ്ട് ശ്രീരാമന്‍ മൈക്കിന്‍റെ മുന്നില്‍നിന്നു വിളിച്ചുചോദിച്ചു :-
"ഹനുമാന്‍ ശ്രേഷ്ഠാ"..... അങ്ങ് എവിടെയാണ്"....?അക്ഷമനായി എത്രനേരം നോം അങ്ങയേ കാത്തിരിക്കുന്നു".....,
ശിവന്‍കുട്ടി കാത്തിരിപ്പിന്‍റെ ഫീല് വരുത്തുന്ന ചെണ്ടയിലുരുട്ടുമായി തൊട്ടുപിറകെ പമ്മിവന്നിട്ട് ഒവര്‍ടേക്ക് ചെയ്തു ചിറകടിപോലെ കടന്നുപോയി.....
രവിയണ്ണന്‍ തടിയന്‍ രാജേഷിനും കാളസുനിക്കും സിഗ്നലുകൊടുത്തതും കയറിന്‍റെ പിടുത്തം സാവധാനത്തില്‍ അയച്ചു ഹനുമാനേ താഴ്ത്തിറക്കുകയാണ്, സ്റ്റേജിനു നേരെമുകളില്‍ സമാന്തരമാകുമ്പോള്‍ കാണികളെ വടംകാണിക്കാതെ കൊളുത്തുവിടീച്ച് പറന്നിറങ്ങിയതുപോലെ ചാടണം....
ഹനുമാനേ ചാടിച്ചു പഠിപ്പിക്കാനായി ഒരാഴ്ച്ചയ്ക്കു മുന്‍പേ വടം വാടകയ്ക്കെടുത്തതാണ്...
താഴേക്കു വന്നു പകുതിയായപ്പോളേക്കു വടം തെന്നിമാറി കപ്പിയുടെ ഇടയിലേക്കു കയറി.....
വടം പിടുത്തക്കാര്‍ക്കൊപ്പം ഹനുമാനേയിറക്കാന്‍ രവിയണ്ണനും ലക്ഷ്മണനും രാവണനും ശിവന്‍കുട്ടിയും ആവുന്നപണി മൊത്തം നോക്കിയിട്ടും അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ ഹനുമാന്‍ സീലിംഗ് ഫാനിന്‍റെ നില്‍ക്കാന്‍ പോകുന്നതിനു മുന്‍പുള്ള പങ്കയേപ്പോലെ കറങ്ങിക്കൊണ്ടിരിക്കുകയാണ്....., .
പണി പാളിയെന്നു മനസ്സിലാക്കിയ ശ്രീരാമന്‍ ഉലാത്തിയുലാത്തി എവിടെങ്കിലുമൊന്നിരുന്നാല്‍ കൊള്ളാമെന്ന പരുവത്തിലായി....
രവിയണ്ണന്‍ പിന്നൊന്നുമാലോചിച്ചില്ല
ഒടിപ്പോയൊരു കത്തിയൊപ്പിച്ചോണ്ടു വന്ന് ഒരുസൈഡില്‍ക്കൂടി ഞൊടിയിടയില്‍ അള്ളിപ്പിടിച്ച് കയറി ഉത്തരത്തിലൂടെ ഞാന്നുചെന്ന് കപ്പിക്ക് താഴെവെച്ച് വടം അറുത്തുമുറിച്ചു ഹനുമാനേ താഴേയ്ക്കിട്ടു......
ചക്കവെട്ടിയിട്ടതുപോലെ മോണേം തല്ലി ഹനുമാന്‍ താഴേക്കുവീണതും അതിനു തൊട്ടുപിറകെ സംവിധായകന്‍ രവിയണ്ണനും വന്നു മുതുകത്തുവീണിട്ട് എഴുന്നേറ്റൊരോട്ടം........
എന്താണിവിടെ സംഭവിച്ചതെന്ന് ഒരുപിടീംകിട്ടാതെ ഒരു പരുവത്തില്‍ ഹനുമാന്‍ നടു അമര്‍ത്തിപ്പിടിച്ച് നിലത്തൂന്നു പൊങ്ങുമ്പോള്‍ സ്റ്റേജിനു പുറത്തുകേള്‍ക്കുന്നത് ചിരിയാണോ അലര്‍ച്ചയാണോന്നറിയാത്ത അവസ്ഥ.....
മോണയ്ക്കു തിരുകി വെച്ച ബണ്ണ് , ഹനുമാൻ ചോരകൂട്ടി തുപ്പിക്കൊണ്ടു നിൽക്കുമ്പോൾ എങ്ങനെയെങ്കിലുമവസാനിപ്പിക്കാമെന്ന കണക്കുകൂട്ടലോടെ ശ്രീരാമന്‍ ഹനുമാനോട് :-
"അല്ലയോ ഹനുമാന്‍ ശ്രേഷ്ഠാ....അങ്ങെന്‍റെ സീതാദേവിയേ കണ്ടുവോ ??"...... അതിന്‍റെപിറകേ ശിവന്‍കുട്ടിയുടെ ചെണ്ടകൊട്ടൂടെ കേട്ടതും സര്‍വ്വാങ്കം ചൊറിഞ്ഞുകയറി ഹനുമാനൊരലര്‍ച്ചയായിരുന്നു....
"ഒന്നു പോടാവ്വേ അവിടുന്ന് ....വടം പിടിച്ചവന്മാരേം എന്‍റെ മുതുകത്തു വീണവനേവൊക്കെ ആദ്യം ഞാന്‍ പോയൊന്നു കണ്ടേച്ചുംവരട്ടെ.........പിന്നെനോക്കാം നിന്‍റെ ചീതേ"....
വാലും വടവും വലിച്ചുകൊണ്ട് വലിഞ്ഞുവലിഞ്ഞു ഹനുമാന്‍ സൈഡിലേക്കു പോകുമ്പോള്‍ ശ്രീരാമന്‍ കര്‍ട്ടന്‍വലിക്കാരനു നേരെ കൈപൊക്കി "താഴ്ത്തെടാന്നു" വിളിച്ചു പറഞ്ഞതും, മേളക്കാരന്‍ ശിവന്‍കുട്ടിയുടെ ചെണ്ടപ്പുറത്തെ ആത്മാർത്ഥത കര്‍ട്ടന്‍ താഴെയെത്തുംവരേയും നീണ്ടുനിന്നു.....
ഒടുവിൽ, സബ്ജില്ലയ്ക്ക് "ഹനുമാൻ ദുരന്തം " എന്ന പേരിട്ട് ഇങ്ങനെതന്നെ ഈ നാടകം കളിക്കണമെന്നായിരുന്നു രവിയണ്ണനോട് ചില കാണികൾക്കുള്ള അഭിപ്രായം 

By Santhosh Nooranad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo