Slider

എങ്ങിനെ മരിക്കാതിരിക്കാം

0

എങ്ങിനെ മരിക്കാതിരിക്കാം
*******************************************
“മിസ്റ്റർ പട്ടേൽ, നിങ്ങളുടെ മകൻ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ക്രയോനിക്‌ പേഷ്യൻറ് ആണ്.....ഇതിൽ നിങ്ങൾക്കഭിമാനിക്കാം ... നിങ്ങൾ പ്രതീക്ഷ കൈവിടരുത്. സയൻസ് പ്രകാശ വേഗത്തിലാണ് മുന്നോട്ട് കുതിക്കുന്നത് …”
കാലിഫോർണിയയിലെ ക്രയോനിക് ഇൻസ്റ്റിട്യൂട്ടിലെ മനോഹരമായ തൻ്റെ മുറിയിലിരുന്ന് ഡോ. എറിക് മോറിസ് ആശിഷ് പട്ടേലിനോട് പറഞ്ഞു
”നോക്കൂ...ഇപ്പോൾ ഇവിടെ അറുപത് ക്രയോനിക്‌ പേഷ്യന്റ്സ് ഉണ്ട്.....അതെ, ഞങ്ങൾ അവരെ മരിച്ചവർ എന്ന് പറയാറില്ല ... വേണമെങ്കിൽ ലീഗലി ഡെഡ് എന്ന് വിളിക്കാം.....കുറച്ചു കൊല്ലങ്ങൾ കഴിഞ്ഞാൽ അവർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയും എന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത് “
തൻ്റെ ബിസിനസ് സാമ്രാജ്യം നോക്കാനുള്ള ഏക മകൻ പ്രണവ് ക്യാൻസറിന് കീഴടങ്ങി ലോകത്തിലെ തന്നെ ഏറ്റവും നല്ല ക്യാൻസർ ക്ലിനിക്കുകളിൽ ഒന്നായ മായോ ക്ലിനിക്കിൽ ഇന്നലെ മരണപ്പെടുമ്പോൾ അവന്
പ്രായം വെറും ഇരുപത്. കഴിഞ്ഞ അഞ്ചു വർഷമായി ചികിത്സക്കായി മകനെയും കൊണ്ടുപോകാത്ത ഒരിടവും ബാക്കിയില്ല.
ആശിഷ് പട്ടേൽ ആ മുറിയുടെ ഇടതുവശത്തുള്ള വിശാലമായ ജനാലയിലൂടെ പുറത്തേക്ക് നോക്കി...
.ദൂരെ ഒരു വെളുത്ത ഓക്ക് മരം...അതിന്റെ ചില്ലകളിലൂടെ വെളുത്ത മഞ്ഞു പെയ്തിറങ്ങുന്നു
ഗാന്ധിനഗറിലെ തൻ്റെ ഇരുനില ബംഗ്ലാവിൽ നിന്ന് നോക്കുമ്പോൾ കാണുന്ന കറുത്തു നരച്ച ചിത്രങ്ങളിലേക്ക് അതയാളുടെ ചിന്തയെ പറിച്ചു നട്ടു
കക്കൂസില്ലാത്ത ചേരികളിൽ കുട്ടികൾ പുറത്തു മലവിസർജനം ചെയ്യുന്നതിന്റെ നേർത്ത കാഴ്ച......തലകുനിക്കാതെ കയറിപ്പോകാൻ പറ്റാത്ത കുടിലുകളിൽ കുട്ടികൾ നിറഞ്ഞിരിക്കുന്നു.
കണ്ണായ ആ സ്ഥലം അയാളെ വളരെയേറെ കൊതിപ്പിക്കുന്നുണ്ട്. പക്ഷെ ഇനിയും അവസരമൊത്തു വന്നിട്ടില്ല.
തൻ്റെ ഈ വലിയ വീട്ടിലാണെങ്കിൽ മകൻ പ്രണവിന് ഓടിക്കളിക്കാൻ സ്ഥലം മതിയാവുമോ എന്ന ആധി....
ഇനിയൊരു കുഞ്ഞിനെ പ്രസവിക്കാൻ ഭാര്യക്ക് കഴിയില്ലെന്ന് ഡോക്ടർ വിധിയെഴുതിയ നാൾ തൊട്ട് അവരുടെ ഓർമകളും സ്വപ്നങ്ങളും പ്രണവിനെ പ്രദക്ഷിണം വെച്ചുള്ളവ മാത്രമായിരുന്നു...തൻ്റെ വ്യവസായ രാജ്യത്തിൻറെ ഭാവി ചക്രവർത്തി.....
*****
പതിനഞ്ചുകാരനായ പ്രണവ് അന്ന് തൻ്റെ അച്ഛന്റെ പുതിയ ലാൻഡ് ക്രൂയ്സർ വണ്ടി എടുത്തു വീട്ടിനു പുറത്തേക്ക് കടന്നു. ..നട്ടുച്ച നേരത്ത് ചേരിയിലേക്കുള്ള ഗല്ലിയിൽ കുതിച്ച വണ്ടി കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളുടെ ശരീരത്തിൽ കയറിയിറങ്ങി....
അഴുക്കും വിയർപ്പും നിറഞ്ഞ വഴിയിടത്തിൽ കുരുന്നു മഞ്ചാടിക്കുരുക്കൾ പൊട്ടിച്ചിതറി.
ഒരു നിമിഷത്തെ ഞെട്ടലിനു ശേഷം പ്രണവ് അച്ഛനെ വിളിച്ചു
ആശിഷ് മകനോട് ചോദിച്ചു "ആരെങ്കിലും കണ്ടോ അത് ?.. "
"ഒരു ചെക്കൻ മാത്രം....അവൻ ഇവിടെയുണ്ട്.."
” ഓകെ.. നീ അവനെ വണ്ടിയിൽ ഇങ്ങോട്ട് കൂട്ടി വാ .... മറ്റ് കാര്യങ്ങൾ ഞാൻ ചെയ്തോളും”
ആ പത്തു വയസ്സുകാരൻ പിന്നെയൊരു സൂര്യോദയം കണ്ടിട്ടില്ല.
ചേരികളിൽ കയറിയിറങ്ങുന്ന ആ സന്നദ്ധ പ്രവർത്തകൻ - ആ വക്കീൽ - മാത്രമായിരുന്നു ആശിഷിന്റെ പേടി......
ഇല്ല, ഒന്നും സംഭവിച്ചില്ല, കാര്യങ്ങൾ എല്ലാം പതിവുപോലെ നടന്നു ....
പ്രണവിന് അച്ഛനിൽ നിന്ന് പാഠങ്ങൾ കിട്ടിത്തുടങ്ങി...
*****
ആശിഷിനു ഇപ്പോൾ ഓക്ക് മരത്തിന്റെ ചില്ലകൾ കാണാൻ പറ്റുന്നില്ല...വെളുത്ത പുകയായി നിറയുന്ന മഞ്ഞിൽ, നിര തെറ്റിയ പല്ലുകൾ കാണിച്ചു ചിരിക്കുന്ന കുഞ്ഞു മുഖങ്ങൾ തെളിഞ്ഞു വന്നു. ..
ചിരിച്ചുകൊണ്ടുതന്നെ ഒരു മുഖം ആശിഷിനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി:
"”നിങ്ങളുടെ മോൻ മരിക്കേണ്ട അല്ലേ..? നിങ്ങൾക്കും ??
" നിങ്ങൾ ക്രയോനിക് സെന്ററിൽ രണ്ടു ലക്ഷം യുഎസ് ഡോളർ അടച്ചു അല്ലേ ..ഒരിക്കലും സംഭവിക്കാത്ത തിരിച്ചു വരവിനായി..?”
“അമ്പത്തഞ്ചു വയസ്സുള്ള മിസ്റ്റർ ആശിഷ് പട്ടേൽ ജീവിതത്തിൽ എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ ? എന്നിട്ട് ഇനിയും മരിക്കാതെ ജീവിക്കണം അല്ലേ …?”
" വെറും പത്തു വര്ഷം കൊണ്ട് ഞാനെത്ര മനോഹരമായ ജീവിതമാണ് നയിച്ചതെന്ന് നിങ്ങൾക്കറിയാമോ …?!!”
- “സ്‌കൂളിൽ പോകാതെ അച്ഛനെ ഞാൻ സഹായിച്ചു, സുഖമില്ലാത്ത അയലത്തെ ചേച്ചിക്ക് പാത്രങ്ങൾ കഴുകിക്കൊടുത്തു, തുണികൾ അലക്കിക്കൊടുത്തു...വല്ലപ്പോഴും കിട്ടുന്ന ചോക്കലേറ്റുകൾ അനിയത്തിക്കുട്ടിക്ക് വേണ്ടി മാറ്റിവെച്ചു......”
"മിസ്റ്റർ പട്ടേൽ, അന്ന് നിങ്ങൾ കഴുത്ത് ഞെരിച്ചു എന്നെ കൊല്ലുമ്പോൾ, എന്റെ കൂട്ടുകാരുടെ മേലിലൂടെ പ്രണവ് നിങ്ങളുടെ വണ്ടി കയറ്റുമ്പോൾ.... ഞങ്ങൾക്ക് വേദനിച്ചെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ... ?..”
“ഇല്ല,.... ആ അവസാന നിമിഷങ്ങളായിരുന്നു എന്റെ ജീവിതത്തിൽ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിച്ചത്... ഓരോ ഞരമ്പും പിളർന്നു ചോരയൊലിക്കുമ്പോൾ, ഞാൻ അനുഭവിച്ച ആത്‌മ ഹര്ഷത്തിന്റെ നേരിയൊരംശം പോലും വിവരിക്കാൻ എനിക്കാവുന്നില്ല….”
ഇന്ന് ഞാൻ അമരത്വം നേടിയിരിക്കുന്നു - ദൈവത്തിന്നരികിൽ!
“ഇവിടെ ഞാൻ ഒറ്റക്കല്ല മിസ്റ്റർ പട്ടേൽ ...ദിവസവും നൂറുക്കണക്കിന് കൂട്ടുകാർ പൂമ്പാറ്റകളെപ്പോലെ പല പല നാടുകളിൽ നിന്ന് പാറി വരുന്നു....ചിരിക്കുന്ന കണ്ണുകളിൽ ചോരയുടെ നിറവും കസ്തുരിയുടെ സുഗന്ധവുമായി.... “
പക്ഷെ, ഒരുനാൾ നിങ്ങൾ നിന്ദ്യരായി ഞങ്ങളുടെ അരികിൽ വരിക തന്നെ ചെയ്യും... അന്ന്.....
“ മിസ്റ്റർ പട്ടേൽ, ഇതാ നിങ്ങളുടെ രണ്ട് ലക്ഷം ഡോളറിന്റെ ബില്ലും എഗ്രിമെന്റും “
ഡോ. എറികിന്റെ വാക്കുകൾ കേട്ടപ്പോഴാണ് ആശിഷിനു പരിസര ബോധം വന്നത്.
അപ്പോൾ ദൂരെ ഓക്ക് മരത്തിൽ മഞ്ഞു പെയ്യുന്നത് അവസാനിച്ചു കഴിഞ്ഞിരുന്നു ..
-----------------
ഹാരിസ് കോയ്യോട്
( cryonics : മരിച്ച ഉടനെ ബ്രെയിൻ /മുഴുവൻ ബോഡി മൈനസ് 190 C ക്ക് താഴെ ശീതീകരിച്ചു, നൈട്രജൻ ലായനി ഉപയോഗിച്ച് കേടാകാതെ സൂക്ഷിക്കുന്ന രീതി. മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുന്ന "ശാസ്ത്രം" കണ്ടെത്തുമ്പോൾ ഉപയോഗിക്കാൻ എന്ന ലേബലിൽ .. .ഒറ്റ വാക്കിൽ പറഞ്ഞാൽ ശുദ്ധ തട്ടിപ്പ് )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo