
ഇതൊരു കഥയല്ല...പിന്നെയോ......
എന്തോ രണ്ടു ദിവസമായി ഇത് നിങ്ങളോടു പങ്കുവയ്ക്കണമെന്നു കരുതുന്നു, ആചാരങ്ങളുടെ തിരക്കുകളിൽ പെട്ട് വൈകിപ്പോയി. എങ്കിലും മുഖവുര കൂടാതെ തന്നെ പറയട്ടെ, നമുക്കെല്ലാവർക്കും മക്കളുണ്ട്, അല്ലെങ്കിൽ ഉണ്ടാവാൻ സാധ്യതയുണ്ട് . ദയവുചെയ്ത് അവരെ മനുഷ്യരായി വളർത്തണേ....
നമ്മൾ പ്രവാസികളുടെ ഒരു (ദുര)ആഗ്രഹമാണ് മക്കളെ ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ ആക്കണം എന്നുള്ളത് . അല്ലെങ്കിൽ പിന്നെ ഈ ജീവിതത്തിനര്ഥമില്ലെന്നു. ഒരു കാര്യം മനസിലാക്കുക, വലിയ വീട്, കാർ ഇതൊക്കെ ഒരു സ്റ്റാറ്റസ് സിംബൽ ആണെങ്കിൽ നമ്മുടെ മക്കൾ അതിനൊക്കെ ഉപരിയാണ് ,എന്തുണ്ടായാലും മക്കൾ നശിച്ചാൽ എന്ത് ഫലം? ഞാനിത് പറയാൻ കാര്യം നമ്മളെല്ലാവരും വായിച്ചറിഞ്ഞ ആ കൂട്ട കൊലപാതകം തന്നെ ...
പല വീടുകളിലും ചെല്ലുമ്പോൾ കാണുന്ന കാഴ്ചയാണ് കുട്ടികൾ ഒന്നുകിൽ കമ്പ്യൂട്ടറിന്റെ മുൻപിൽ,അല്ലെങ്കിൽ ടാബ്ലറ്റ്, ഒന്നുമില്ലെങ്കിൽ മാതാപിതാക്കളുടെ ഫോണിൽ . സുഖമാണോ എന്നുചോദിച്ചാൽ മുഖമുയർത്തി നോക്കാൻ പോലും മിനക്കിടാത്ത കുട്ടികൾ. ഇവരെയെല്ലാം ഇൻറർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തതാണോ എന്നു തോന്നി പോകും. ഒരു വികാരവും ഇല്ലാത്ത യന്ത്ര പാവകൾ ... ഇവരൊക്കെ മാതാപിതാക്കളോട് മിണ്ടാറുണ്ടോ എന്നുപോലും സംശയമാണ് ....
വേറൊരു കൂട്ടരുണ്ട്,മക്കൾ മലയാളം പറഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴുമെന്നു ഭയപ്പെടുന്നവർ, ഇംഗ്ലീഷ് അവരെ സ്കൂളിൽ സഹായിക്കുമായിരിക്കും, പക്ഷെ നമ്മുടെ പലരുടെയും പാവം മാതാപിതാക്കൾ കൊച്ചുമക്കളോട് ഒന്നും മിണ്ടാൻ പറ്റാതെ നിസ്സഹായരാവുന്നത്.....ഒന്ന് പറഞ്ഞു കൊള്ളട്ടെ, നമ്മളൊക്കെ എത്ര ഇംഗ്ലീഷ് പറഞ്ഞാലും നമ്മളാരും സായിപ്പാകാൻ പോകുന്നില്ല ..ഒരുവക രണ്ടും കെട്ട വർഗം ആയി തീരുന്ന ഒരു തലമുറ.....കുട്ടികളെ അവരുടെ മാതൃഭാഷ പഠിപ്പിക്കുക ,സംസാരിക്കുക, സംസ്കാരം പഠിപ്പിക്കുക ,അത് ലോകത്തെവിടെയാണെങ്കിലും .....
നമ്മുടെ മക്കളുടെ ഇന്റലിജൻസ് ( IQ) കൂട്ടാൻ നമ്മൾ എന്തൊക്കെ ചെയുന്നു. കൂട്ടത്തിൽ അവരുടെ വികാരങ്ങൾ നിയന്ത്രിക്കാനുള്ള emotional quotient( EQ) ഉ നല്ല സാമൂഹ്യ ജീവികളായി വരാനുള്ള spiritual quotient( SQ )കൂടി ഉണ്ടാകുമ്പോഴാണ് അവർ നല്ല മനുഷ്യരാവുന്നത്.
മക്കളോട് നമുക്ക് സംസാരിക്കാം, അത് അവർക്കു നിർദേശങ്ങൾ കൊടുക്കാനും, താരതമ്യം ചെയ്യാനും, വിമർശിക്കാനും വഴക്കുപറയാനും മാത്രമാകരുത്. അവരെ അറിയാനും പ്രോത്സാഹിപ്പിക്കാനും സ്നേഹിക്കാനും കൂടിയാകട്ടെ .....
മക്കളോടുകൂടെ കുറച്ചു സമയം നമുക്ക് ചിലവഴിക്കാം, നമ്മുടെ ഫോണും FB യും വട്സാപ്പും ഒക്കെ കുറച്ചുസമയം മനഃപൂർവം നമുക്കവർക്കായി മാറ്റിവെക്കാം .....ഓർക്കുക എന്നാലേ നമ്മൾ വേണമെന്ന് വെയ്ക്കുമ്പോൾ അവർ നമ്മുടെയടുത്ത ഓടിയെത്തുകയുള്ളൂ....
വേറൊന്നു നമുക്കവരെ കാത്തിരിക്കാൻ പഠിപ്പിക്കാം, ക്ഷമാപഠിപ്പിക്കാം. എന്റെ ചെറുപ്പത്തിൽ എന്റെ മുതിർന്നവർ ഉപയോഗിച്ച പാഠപുസ്തകങ്ങളും ഉടുപ്പുകളും ഒക്കെയായിരുന്നു കിട്ടിയിരുന്നത്. എന്ത് ചോദിച്ചാലും ഏറ്റവും കുറഞ്ഞത് ഒരുദിവസത്തെ കാത്തിരിപ്പാവശ്യമായിരുന്നു ,ആവശ്യത്തിൽ കവിഞ്ഞു ഒന്നും കിട്ടിയതായിട്ടു പോലും ഓർമയില്ല , കാത്തിരുന്ന് കിട്ടുന്നതിന്റെ മൂല്യം സാധനങ്ങൾ സൂക്ഷിച്ചുപയോഗിക്കാൻ പഠിപ്പിച്ചു. പങ്കുവയ്ക്കാൻ പഠിപ്പിച്ചു ഇന്നും അത് ജീവിതത്തിന്റെ നടവഴികളിൽ ഒരുവാതിൽ അടഞ്ഞാൽ തളരാതെ മറ്റൊന്നും തേടാനുള്ള ക്ഷമയും ശക്തിയും തരുന്നു.
പകരം നമ്മുടെ കുട്ടികൾക്ക് നമ്മൾ കൊടുക്കുന്നതോ ആവശ്യത്തിലധികം ,എന്തിന് അവരാഗ്രഹിക്കുന്നതിനും അപ്പുറത്തു. ഒന്നിനും ഒരു കുറവുണ്ടാകരുതല്ലോ... ഓർക്കുക ,നമ്മൾ നമ്മുടെ കുട്ടികളെ സ്നേഹിക്കുകയല്ല പകരം നശിപ്പിക്കുകയാണ് , കാരണം അവർ ഒന്നിന്റെയും വിലയറിയുന്നില്ല ,ഫലമോ ,മനസ്സിൽ വിചാരിച്ചത് ഒരു നിമിഷം വൈകിയാൽ നിരാശയായി, പൊട്ടിത്തെറിയായി, ആത്മഹത്യയായി ,കൊലപാതകമായി ....
നമുക്ക് സ്നേഹിക്കാം നമ്മുടെ കുട്ടികളെ .. അവരുടെ ആവശ്യങ്ങളറിഞ്ഞു , മനസറിഞ്ഞു. പണ്ടെപ്പോഴൊവായിച്ച കുഞ്ഞുണ്ണിമാഷിന്റെ വരികൾ ഓർമ്മവരുന്നു "കുട്ടികൾ വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലേൽ തളരും" പുസ്തകങ്ങൾ കൊടുക്കാം നമുക്ക് അവർ വായിക്കട്ടെ, സ്വപ്നം കാണട്ടെ..... .... വളരട്ടെ പരസ്പരം സ്നേഹിക്കുന്നവരായി,സഹാനുഭൂതിയുള്ളവരായി , കരുതലുള്ളവരായി, മനുഷ്യരായി, മനുഷ്യത്വം ഉള്ളവരായി.....
മാതാപിതാക്കളെ നമുക്ക് നല്ല ഇടയന്മാരാകാം, ആടുകളുടെ മനസ്സറിയുന്ന ഇടയന്മാർ , ആടിന്റെ മണമുള്ള ഇടയന്മാർ, ചെന്നായ്ക്കൾ വരുമ്പോൾ അറിയുന്ന ഇടയന്മാർ.....
ഓർക്കുക ഡോക്ടറും എൻജിനീയറും മാത്രമല്ല ഈ ലോകത്തിൽ ആവശ്യമുള്ളത്, ജീവിക്കുന്നത് സമ്പാദിക്കുനത്..... നമ്മുടെ മക്കൾ നമ്മളെ കൊല്ലാതിരിക്കട്ടെ......കത്തിച്ചാമ്പലാതെ...... സമാധാനമായി കണ്ണടക്കാൻ ആർക്കാനാഗ്രഹമില്ലാത്തത്.....
By:
Well said
ReplyDelete