Slider

കാത്തിരിപ്പ്..!!

1

കാത്തിരിപ്പ്..!!
ശമ്പളം ഇനിമുതല്‍ അക്കൗണ്ടിലാണത്രേ. സന്തോഷംകൊണ്ടയാള്‍ തുളളിച്ചാടി. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഉച്ചയ്ക്കുശേഷം അയാളുടെ ഫോണിലേക്ക് മെസേജെത്തി. അക്കൗണ്ടിലേക്ക് ശമ്പളം വന്നിരിക്കുന്നു. കാര്‍ഡുമായി അയാള്‍ നേരേ എ ടി എമ്മിലെത്തി. നീണ്ട ക്യൂവിന് പിന്നില്‍ നിന്നു. ഏറെനേരത്തെ കാത്തുനില്‍പ്പിന് ശേഷം അകത്തുകയറി. അപ്പോഴേക്കും ആ മെഷീന്‍ ഇങ്ങനെ എഴുതിക്കാണിച്ചു.
''ക്യാഷ് ഈസ് നോട്ട് അവെെലബിള്‍''
അങ്ങനെ അയാള്‍ അടുത്ത എ ടി എമ്മിനെ ലക്ഷ്യമാക്കി പാഞ്ഞു.അവിടെ നിന്നും അടുത്തിടത്തേക്ക്, അങ്ങനെ അങ്ങനെ വെെകുന്നേരത്തോടെ അയാളുടെ എ ടി എം സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയായി. നിരാശ മാത്രമാണ് ഫലം. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പിന്നെ അയാള്‍ നേരേപോയത് ബീരാന്‍ ഇക്കായുടെ കടയിലേക്കായിരുന്നു. പലചരക്ക് സാധനങ്ങള്‍ വാങ്ങിയശേഷം കാശ് ചോദിച്ച ഇക്കായ്ക്ക്നേരേ എ ടി എം കാര്‍ഡ് നീട്ടിക്കൊണ്ട് ഇപ്പൊ എല്ലാം ഡിജിറ്റലാണ് ഇക്കാ എന്നയാള്‍ പറഞ്ഞു. ഡിജിറ്റലിനെ അറിയാത്ത പാവം ഇക്ക അയാളുടെ കയ്യില്‍നിന്നും സാധനങ്ങളെല്ലാംവാങ്ങി കടയ്ക്കകത്ത് വെച്ചശേഷം ഷട്ടര്‍ ഇട്ടു.
അങ്ങനെ ശമ്പളം കിട്ടിയ ദിവസംതന്നെ ചായപ്പൊടി പോലും വാങ്ങാതെ വീട്ടിലെത്തിയ ആ ഗൃഹനാഥനെ അയാളുടെ ഭാര്യ ശരിക്കും ശകാരിച്ചു. ശമ്പളദിവസം കെെനിറയെ സാധനങ്ങളും പലഹാരങ്ങളുമായി വരാറുളള തങ്ങളുടെ അച്ഛന്‍െറ നിസ്സഹായമായ നില്പുകണ്ട് കുട്ടികള്‍ അകത്തേക്ക് കയറിപ്പോയി. സാരമില്ലെടീ ക്യാഷ്ലെസ് ആകുന്നതിന്‍െറ ഭാഗമല്ലേ എന്നയാള്‍ ഭാര്യയെ ആശ്വസിപ്പിക്കുമ്പോഴേക്കും ട്രാഫിക് ജാമില്‍പ്പെട്ടുകിടന്ന അടുത്ത ഒരു മെസേജ് അയാളുടെ ഫോണിലേക്കെത്തി.
''താങ്കളുടെ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാത്തതിനാല്‍ താങ്കള്‍ ആവശ്യപ്പെട്ട തുക നല്‍കുവാന്‍ സാധിക്കുകയില്ല.ബാങ്കിന്‍െറ സേവനം ഉപയോഗിച്ചതിന് നന്ദി.''
ങ്ങേ..?? കിട്ടിയ ശമ്പളം മൊത്തം സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ പോയോ..??
ഇനി ആ ബാങ്ക് ആയതുകൊണ്ടായിരിക്കുമോ..?? അങ്ങനെയെങ്കില്‍ നാളെത്തന്നെ അക്കൗണ്ട് മറ്റൊരു ബാങ്കിലേക്ക് മാറ്റിയിട്ടുതന്നെ കാര്യം.
പുതുതായി അക്കൗണ്ട് തുടങ്ങേണ്ട ബാങ്കിനെപ്പറ്റി ചിന്തിച്ചതും അയാളുടെ ഫോണിലേക്ക് അടുത്ത മെസേജെത്തി.
''താങ്ക്യൂ ഫോര്‍ തിങ്കിംഗ് എബൗട്ട് എ ന്യൂ അക്കൗണ്ട് ഇന്‍ ഔവര്‍ ബാങ്ക്.തിങ്കിംഗ് സര്‍വ്വീസ് ചാര്‍ജ്ജ് Rs.23.50 ഈസ് ഡെബിറ്റഡ് ഫ്രം യുവര്‍ അക്കൗണ്ട്.താങ്ക്യൂ..''
'നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു..' എന്ന പാട്ടും പാടി ക്യാഷ്ലെസ്സായ അടുത്ത ശമ്പളത്തിനായി അയാള്‍ കാത്തിരുന്നു..!!
ആര്‍.ശ്രീരാജ്
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo