Slider

വൈകല്യത്തെ വരമാക്കുന്നവർ

0

വൈകല്യത്തെ വരമാക്കുന്നവർ
*************************************
ഏകദേശം മൂന്ന് വയസ്സുള്ളപ്പോഴാണ് ഞാൻ അവനെ ആദ്യമായി കാണുന്നത് ....എന്റെ വീടിനടുത്തേക്കു താമസം മാറിവന്ന ഒരു കുടുംബത്തിലൊരുവൻ ....അവനു വലതു കൈപത്തി ജന്മനാൽ നിഷേധിക്കപ്പെട്ടിരുന്നു ...പേര് അരവിന്ദ് ..അച്ഛനും അമ്മയും കൂലിപ്പണിയെടുത്താണ് അരവിന്ദ് നെ വളർത്തിയിരുന്നത് ....അന്ന് എന്റെ മോന് ഒരു വയസ്സ് ആയിട്ടേയുള്ളു ....അരവിന്ദിനെക്കാൾ രണ്ടു വയസ്സ് കുറവ്....ഇന്ന് അവനു പതിനഞ്ചു വയസ്സും മോന് 13 വയസ്സും ...രണ്ടുപേരും ഒരുമിച്ചു കളിച്ചു വളർന്നവരാണ് .....കാലം മുന്നോട്ടു പോകുംതോറും ഇന്നെന്റെ ഓർമ്മകൾ പുറകോട്ടു സഞ്ചരിക്കുകയാണ്
പണിക്കു പോകുന്ന അരവിന്ദിന്റെ മാതാപിതാക്കൾ അവനെ എന്നെ ഏല്പിച്ചിട്ടാണ് പോകുന്നത് എന്റെ മകന്റെ കൂടെ അവനും വളർന്നു ....ഒരു അഞ്ചു വയസ്സ് മുതൽ അവന്റെ വീട്ടിലെ എല്ലാ ജോലിയും ആ ശാരീരിക വൈകല്യത്തോട് പൊരുതി തന്നെ അവൻ ചെയ്യും ....എന്നെ അതുഭുതപ്പെടുത്താറുണ്ട് അവന്റെ പ്രായത്തിൽ കവിഞ്ഞ പക്വത .....
വിദ്യാഭ്യാസം ഒട്ടും ഇല്ലാത്ത അവന്റെ മാതാപിതാക്കളോട് വളരെയേറെ അഭ്യർത്ഥിച്ചിട്ടും അവർ അവരുടെ മകനെ സ്കൂളിൽ അയക്കാൻ തയ്യാറല്ലായിരുന്നു ....അവൻ മറ്റുള്ളവരുടെ മുൻപിൽ ഒരു പരിഹാസ പാത്രമാവുമോ എന്ന ഭയമായിരുന്നു അവർക്കു ....
പക്ഷെ അറിവിന് വേണ്ടി കേഴുന്ന ആ പിഞ്ചുമനസ്സിന്റെ പ്രതിബിംബം അവന്റെ മുഖത്ത് സ്പഷ്ടമായി വായിച്ചെടുത്ത ഞാൻ അവന്റെ മാതാപിതാക്കളെ നിർബന്ധിച്ചും ,അപേക്ഷിച്ചു ഇവിടെ അടുത്തുള്ള ഒരു സർക്കാർ സ്കൂളിൽ ചേർത്ത് വിട്ടു ....പഠിക്കാൻ മിടുക്കനാണ് അവൻ .....അതിനിടയിൽ അവനൊരു അനിയത്തിയും കൂട്ടായെത്തി ..
എന്റെ വൈകുന്നേരങ്ങൾ ഞാൻ അവനായി മാറ്റിവെച്ചു ....കുഞ്ഞായിരിക്കുമ്പോൾ മടിയിൽ കിടക്കുന്ന എന്റെ മകനോട് വഴക്കുണ്ടാക്കി എന്റെ മടിയിലൊരു സ്ഥാനം പിടിക്കുന്ന അവനു എന്റെ മനസ്സിലും ഒരു സ്ഥാനം ഉണ്ടായിരുന്നു ....
വൈകല്യത്തെ തോൽപ്പിച്ചു ....നിസ്സാരവൽക്കരിച്ചു ജീവിച്ച അവൻ എല്ലാ മേഖലകളിലും സമർത്ഥനാണ്...കവിത ...ഡ്രോയിങ് ...അക്കാദമിക് ലെവൽ ...സ്പോർട്സ് എല്ലാത്തിലും മിടുക്കൻ ...ഇടതു കൈകൊണ്ട് ആണ് ഈ അഭ്യാസങ്ങളെല്ലാം ...
ആയിടക്ക് അവന്റെ അച്ഛന് കോൺക്രീറ്റ് മെഷീനിൽ നിന്ന് പറ്റിയ ഒരു അപകടത്തിൽ രണ്ടു കൈകളും നഷ്ടപെട്ട്ട് ...കുടുംബം പുലർത്താൻ ഒരു വഴിയും കാണാതെ വിഷമിക്കുന്ന അവനെ സഹായിക്കാൻ പലരും തയ്യാറായിരുന്നു പക്ഷെ ആ സഹായങ്ങളൊക്കെ അവൻ സ്നേഹപൂർവ്വം നിരസിക്കുകയാണ് ചെയ്തത് ...
വിഷമിച്ചിരുന്ന അവനോടു ഒരിക്കൽ ഞാൻ സഹായവാക്ദാനവുമായി ചെന്നു...അന്നവർ എന്നോട് പറഞ്ഞത്
"എനിക്ക് സ്കൂളിൽ പോകാതെ വീട്ടിലിരുന്നു പഠിക്കാൻ കഴിയുന്ന ഒരു മാർഗ്ഗവും അതിന്റെ നിയമവശങ്ങളും മാത്രം സമയാസമയങ്ങളിൽ ഉപദേശിച്ചു എന്നെ അങ്ങനെ ആ രീതിയിൽ പഠിക്കാൻ സഹായിക്കണം"
അത് സാധ്യമാകുമോ എന്ന ചോദ്യവുമായി എന്റെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കി നിന്ന അവന്റെ കണ്ണിൽ ഞാൻ ശരിക്കും ഈശ്വരനെ കണ്ടു....ഒരുപക്ഷെ ആ അവസ്ഥയിലും അവന്റെ കണ്ണുകളിൽ കണ്ട ആ ആത്മവിശ്വാസമായിരിക്കാം നമ്മൾ പലപ്പോഴും പലരൂപത്തിലും ഭാവത്തിലും സങ്കൽപ്പിക്കുന്നു പ്രകൃതിശക്തികൾ
അവന്റെ ആഗ്രഹത്തെയും സ്വാഭിമാനത്തെയും മാനിച്ചു ഞാൻ അവനു വേണ്ട നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞ രണ്ടു വർഷമായി സ്കൂളിൽ പോകാതെ വീടിനടുത്തുള്ള ഒരു ഗാർമെൻറ് ഫാക്ടറിയിൽ ഒരു കയ്യിൽ ചെയ്യാവുന്ന ചെക്കിങ് ജോലികളും ക്ലീനിങ് ജോലികളും ചെയ്തു അവൻ അവന്റെ കുടുംബത്തെ പൊന്നു പോലെ നോക്കുകയാണ് ...സാമ്പത്തികമായി ഇന്ന് വരെ എന്റെ മുന്നിൽ പോലും കൈനീട്ടാത്ത അവനോടു എനിക്ക് പലപ്പോഴും ആരാധനയാണ് തോന്നിയിട്ടുള്ളത് ...
എന്റെ ഭാഗത്തു നിന്ന് അവൻ ആവശ്യപ്പെടുന്നത് വൈകീട്ടത്തെ ഒരു നേരത്തെ ഭക്ഷണം മാത്രമാണ് അതും എന്റെ നിർബന്ധം കൊണ്ട് അവനു ശീലമായതാണ് ....അൽപനേരം എന്റെ മകനോടൊപ്പം എന്റെ മടിത്തട്ടിലൊരു സ്ഥാനവും
ചില നേരങ്ങളിൽ മുഖം താഴ്ത്തിയിരിക്കുന്ന അവന്റെ കണ്ണിൽ നിന്ന് നല്ല ചൂടുള്ള നീർകണങ്ങൾ ഉതിരും .....അപ്പോൾ തന്നെ അവനിൽ നിന്ന് ഒരു ദീർഘശ്വാസം വരും ...ആ ശ്വാസഗതിയാണെന്റെ തിരിച്ചറിയൽ സൂത്രം .....അത് കണ്ടയുടനെ ഞാൻ ഒരു കോമാളിയെപ്പോലെ അവന്റെ മുന്നിൽ വളിച്ച തമാശകൾ പറയും ....ഒരുപാട് കോമാളിത്തരങ്ങൾക്കൊടുവിൽ എന്റെ കൈകൾ ചേർത്തുപിടിച്ചു അവൻ എന്നോട് നിർത്താൻ ചേച്ചിയൊരു കോമാളിയാവേണ്ടെന്നു പറഞ്ഞു ഉറക്കെ ചിരിക്കും .....മനസുതുറന്നു ചിരിക്കും
ആ ചിരി കാണുമ്പോൾ എനിക്ക് തോന്നും .......ആ ചിരിക്കും സന്തോഷത്തിനും വേണ്ടി ഒരു നൂറുവട്ടം കോമാളിയായാലും വേണ്ടില്ലെന്നു
ഈ കഴിഞ്ഞ അക്കാദമിക് വർഷത്തിൽ അവൻ പത്താം ക്ലാസ്സിലായിരുന്നു ....വളരെ നിർബന്ധപൂർവം വീട്ടിൽതന്നെയിരുന്നാലും പലയിടങ്ങളിലായി ട്യൂഷനും ..ട്രൈനിങ്ങിനും അവസരമൊരുക്കി ...അവന്റെ വീട്ടിലെയും ...പഠിപ്പിന്റെയും എല്ലാ ചിലവുകളും ഏറ്റെടുക്കാൻ സുമനസ്സുകളുടെ ഒരു കൂട്ടായ്മയുണ്ടാക്കി ഞങ്ങൾ ഒരു വേവലാതിയും അറിയിക്കാതെ അവനെ പത്താം ക്ലാസ്സിൽ രജിസ്റ്റർ ചെയ്തു എക്സാം എഴുതിപ്പിച്ചു
മാർച്ച് അവസാനത്തിൽ എല്ലാ പരീക്ഷയും എഴുതിക്കഴിഞ്ഞു ...വളരെ നല്ലൊരു റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്ന ഞാൻ ...
പരീക്ഷയെല്ലാം തീർന്ന ദിവസം വൈകുന്നേരത്തെ എന്റെ മടിയിൽ മകനോടൊപ്പം അവൻ കിടക്കുന്ന സമയത്തു എന്റെ മടിത്തടത്തിലേക്കു അവന്റെ മിഴികളിൽ നിന്ന് നിലയ്ക്കാതെ നനവൊഴുകുന്നുണ്ടായിരുന്നു ......എന്താണെന്ന് ചോദിച്ചപ്പോഴേക്കും എഴുന്നേറ്റു ഒന്നും മിണ്ടാതെ അവൻ വീട്ടിലേക്കു ഓടിപ്പോയി ...
രണ്ടു ദിവസം മുന്നേ എന്നെ കാണാൻ വന്നു ....ജോലി ചെയ്തു ക്ഷീണിച്ചാണ്‌ വരവ് ...ഏതോ ഓർമ്മകളിൽ വഴുതി വീണു മൗനമായി വളരെ വേദനയോടെ ഞാനിരിക്കുന്ന ഒരു സമയമായിരുന്നു അത് ....എന്റെ ഭാവം കണ്ടിട്ടാവണം അവൻ ഒരു കോമാളിയെപ്പോലെ എന്റെ മുന്നിൽ നാടകം തുടങ്ങി ....എല്ലാം കാണുന്നുണ്ടെങ്കിലും അപ്പോഴത്തെ അവസ്ഥയിൽ അത് ശ്രദ്ധിക്കാനുള്ള അവസ്ഥയിലല്ലായിരുന്നു ഞാൻ ....ഒടുവിൽ എല്ലാ ശ്രമങ്ങളും വിഫലമായപ്പോൾ ...വളരെ ഗൗരവത്തോടെ അവൻ എന്റെ അടുത്ത് മുട്ടുകുത്തിയിരുന്ന ...പറഞ്ഞു
"ഞാനൊരു സ്വകാര്യം പറയട്ടെ ഞാൻ വിഷമിച്ചിരിക്കുമ്പോളൊക്കെ ചേച്ചിയെന്നോട് പറഞ്ഞ തമാശകൾ വളരെ ബോറായിരുന്നു....അതുസഹിക്കാൻ കഴിയാത്തതുകൊണ്ടാണ് ഞാൻ വേഗം ചിരിതുടങ്ങാറുള്ളത് "......അതുകേട്ടപ്പോഴേക്കും എനിക്ക് ചിരിവന്നു ...ഞാൻ എല്ലാം മറന്നു ചിരിക്കാൻ തുടങ്ങി ....പക്ഷെ ഞാൻ ചിരിക്കുമ്പോൾ അവന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു ......സന്തോഷം കൊണ്ടുള്ള കണ്ണുനീർ .......
എന്റെ ചെറിയൊരു ദുഃഖം പോലും അവനെ സ്പർശിക്കുന്നു ...പലപ്പോഴും ചില ആത്മബന്ധങ്ങൾ രക്തബന്ധങ്ങളേക്കാൾ മുന്നിലെത്തും ..
ശാരീരിക വൈകല്യമുള്ളവരെല്ലാം വികലാംഗർ അല്ല ......വൈകല്യമില്ലാത്തൊരു മനസ്സാണ് മനുഷ്യർക്ക് വേണ്ടത് ....അങ്ങനെയുള്ള മനസ്സുകൾ കാണാതെ അവരെ വികലാംഗർ എന്ന് മുദ്രകുത്തി മാറ്റിനിർത്തുന്നവർ ആണ് യഥാർത്ഥത്തിൽ മനുഷ്യന് ഏറ്റവും അനിവാര്യം ആയ മനസ്സ് എന്ന ഭാഗമില്ലാതെ സൃഷ്ടിയിൽ വൈകല്യമുള്ളവർ .....
വൈകല്യങ്ങളോട് പൊരുതി ജീവിക്കുന്നവരെ നമിക്കുന്നു ....
സസ്നേഹം
സൗമ്യ സച്ചിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo