Slider

#പോസ്റ്റ്_മുതലാളി

0

#പോസ്റ്റ്_മുതലാളി
അവിചാരിതമായാണ് മുകുന്ദൻ മംഗലം ഒരു സാഹിത്യഗ്രൂപ്പിൽ അംഗമാകുന്നത്. അത്ര വായനാശീലമൊന്നും ഇല്ലാതിരുന്ന അയാൾ ഗ്രൂപ്പിൽ വരുന്ന കഥകളും കവിതകളും വായിക്കാൻ തുടങ്ങി. വായിച്ച കഥകൾക്കെല്ലാം നല്ല കമൻ്റുകൾ നൽകുന്ന ആളായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അയാൾ ആ ഗ്രൂപ്പിൽ പ്രസിദ്ധനായി. എഴുത്തുകാരെല്ലാം അയാൾക്കു request അയച്ചു. മാത്രമല്ല അയാളുടെ കമൻ്റുകൾ കണ്ട് മറ്റു വായനക്കാരും കൂട്ടുകാരായതോടെ അയാളുടെ സൗഹൃദവലയം നാൾക്കുനാൾ വർദ്ധിച്ചു വന്നു. ആർക്കും മോശമായ ഒരു കമൻ്റ് അയാൾ നൽകിയിരുന്നില്ല. ആരെയും വേദനിപ്പിക്കുന്നത് അയാൾക്ക് ഇഷ്ടമല്ലായിരുന്നു. തനിക്ക് ഇഷ്ടപെടാത്ത പോസ്റ്റിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് അയാളുടെ ശീലം... കമൻ്റുകൾ കൊണ്ടുമാത്രം അയാൾക്ക് ഒത്തിരി ആരാധകരുണ്ടായി.
കൂട്ടുകാർ അയാളെ പല ഗ്രൂപ്പിലും ചേർത്തു. എല്ലാ ഗ്രൂപ്പിലും അയാൾ നിറഞ്ഞു നിന്നു...
ഇത്രയും നന്നായി കഥകൾ വിശകലനം ചെയ്യുന്ന ആൾക്ക് എന്തുകൊണ്ട് ഒരു കഥ എഴുതിക്കൂടാ എന്ന കൂട്ടുകാരുടെ നിരന്തര അഭ്യർത്ഥന അയാളെ ഒരു കഥയെഴുതാൻ പ്രേരിപ്പിച്ചു. തൻ്റെ ഓഫീസിൽ നടന്ന വേദന നിറഞ്ഞ ഒരനുഭവം ഒരു കഥയായി എഴുതി.
ഇനി ഇതൊന്നു പോസ്റ്റുചെയ്യണമല്ലോ ആദ്യമായി എൽകെജി പോകുന്ന കുട്ടിയെപോലെ അയാൾ ടെൻഷനടിച്ചു. ഉച്ചകഴിഞ്ഞ് പോസ്റ്റാം അതാണ് ഏറ്റവും നല്ല സമയം. അയാൾ ഓഫീസിൽ നിന്നും നേരത്തെ വന്നു. മൊബൈൽ ഫുൾ ചാർജ്ജ് ചെയ്തു. അയാളുടെ മുഖഭാവം കണ്ട് ഭാര്യക്ക് ചിരിവന്നു. അതയാളെ കൂടുതൽ ടെൻഷനാക്കി. ഒടുവിൽ താൻ അംഗമായ പ്രധാനപെട്ട നാലു ഗ്രൂപ്പുകളിൽ അയാൾ കഥ പോസ്റ്റു ചെയ്തു...
കുറച്ചുനേരം അയാൾ നെറ്റ് ഓഫ് ചെയ്തു അരമണിക്കൂർ കഴിഞ്ഞ് ഓൺ ചെയ്യണം നോട്ടിഫിക്കേഷൻ്റെ ബഹളമായിരിക്കും. ഹോ എന്തുമാത്രം അഭിനന്ദനങ്ങളാവും തനിക്ക് കിട്ടുക. എല്ലാവരോടും മനസ്സു നിറഞ്ഞ നന്ദി പറയണം.. ചിലരുണ്ട് കഷ്ടപെട്ട് ടൈപ്പ് ചെയ്തു നല്ല കമൻ്റു കൊടുത്താലും അതിനെ കണ്ടഭാവം നടിക്കാത്തവർ താനൊരിക്കലും അങ്ങനെയാവില്ല.
അയാൾ നെറ്റ് ഓൺ ചെയ്ത് ആകാംഷയോടെ നോട്ടിഫിക്കേഷനിൽ നോക്കി. നാലു ഗ്രൂപ്പിൽ നാലു ലൈക്ക് രണ്ടു ഗ്രൂപ്പിൽ രണ്ടു സ്റ്റിക്കർ കമൻ്റ്!!
അയാൾ പരിഭ്രാന്തനായി എന്തുപറ്റി തൻ്റെ എഴുത്ത് അത്രയും മോശമാണോ. കുറച്ചു നേരം കൂടി കാത്തിരിക്കാം. മൂന്നു മണിക്കൂർ കഴിഞ്ഞ് നോക്കിയപ്പോഴും ഏതാനും ലൈക്കുകളും നാലോ അഞ്ചോ സ്റ്റിക്കർ കമൻ്റും വന്നിട്ടുണ്ട്...
എഴുത്തുകാരായ പല കൂട്ടുകാരും പച്ചയും കത്തിച്ചിരിപ്പുണ്ട് അവർക്കെല്ലാം നോട്ടി വന്നിട്ടുണ്ടാവും എന്നിട്ടും......
അയാൾക്ക് വല്ലാത്ത നിരാശ തോന്നി തൻ്റെ രചന മോശമാണെങ്കിൽ അതെങ്കിലും ഒന്നു തുറന്നു പറഞ്ഞിരുന്നെങ്കിൽ. വേണ്ട തനിക്ക് എഴുത്തു പറ്റില്ല ഇന്നത്തോടെ നിർത്തണം ഈ അവഗണന സഹിക്കാവുന്നതിലും അപ്പുറമാണ്...
ആർക്കും വേണ്ടാത്ത തൻ്റെ രചന എന്തിനിവിടെ കിടക്കണം ഡിലീറ്റ് ചെയ്യുകതന്നെ. മൂന്നു ഗ്രൂപ്പുകളിൽ നിന്ന് അയാൾ ആ കഥ ഒഴിവാക്കി. നാലാമത്തെ ഗ്രൂപ്പിൽ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് മൊബൈൽ വിറച്ചു...
Rahul Meppadi commented on your post in....
മുകുന്ദൻ ആകാംഷയോടെ ആ കമൻ്റിലേക്ക് നോക്കി ഒരു പാരഗ്രാഫ് നീളുന്ന വലിയൊരു കമൻ്റ്. ഒരു തുടക്കകാരനു ലഭിക്കാവുന്ന ഏറ്റവും നല്ല കമൻ്റ് വീണ്ടും വീണ്ടും എഴുതാനുള്ള പ്രചോദനം ഈ വാക്കുകളിലുണ്ട്. ഈശ്വരാ ഇദ്ദേഹത്തെയാണോ താൻ ഇതുവരെ അവഗണിച്ചത്. രാഹുലിൻ്റെ ഒരു പോസ്റ്റിൽ പോലും താനൊരു കമൻ്റ് നൽകിയില്ല എന്നിട്ടും തന്നെ പ്രോത്സാഹിപ്പിക്കാൻ ആദ്യം വന്നു.
രാഹുൽ കമൻ്റിട്ടതോടെ അദ്ദേഹത്തിൻ്റെ കൂട്ടുകാരുടെ നല്ല നല്ല കമൻ്റുകൾ വന്നുതുടങ്ങി..
ഒരുമാസമായി വന്നുകിടക്കുന്ന രാഹുലിൻ്റെ ഫ്രണ്ട് റിക്വസ്റ്റ് confirm ചെയ്യുമ്പോൾ അയാളുടെ മനസ്സ് ഇങ്ങനെ മന്ത്രിച്ചു....
''മാപ്പ് ഒരായിരം മാപ്പ് ''....
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo