Slider

• അവസ്ഥാന്തരങ്ങൾ.

0

• അവസ്ഥാന്തരങ്ങൾ.
ഇരുപതു വർഷങ്ങൾക്കു ശേഷമുള്ള ഒരു കണ്ടുമുട്ടലായിരുന്നു അത്. !!
ഗായത്രിയും നീലിമയും.
പക്ഷേ, ഇരുപതു വർഷങ്ങൾ തമ്മിൽ കാണാതിരുന്ന രണ്ടു വ്യക്തികളുടെ കൂടിച്ചേരലായിരുന്നു അതെന്ന വസ്തുത അവരുടെ പെരുമാറ്റങ്ങളിൽ ഒട്ടുമേ പ്രതിഫലിച്ചിരുന്നില്ല.
എം. എ. പഠനം കഴിഞ്ഞു കോളേജിന്റെ പടിയിറങ്ങുമ്പോൾ എങ്ങനെയായിരുന്നോ രണ്ടു പേരും, അങ്ങനെ തന്നെയാണ്‌ ഇപ്പോഴും.
ക്ലാസ്സ് കഴിഞ്ഞുള്ള ഒരു സായാഹ്നത്തിലെന്ന പോലെ......
അല്ലെങ്കിൽ ഒരു ലഞ്ച് ബ്രേക്കിന്റെ ഒത്തു ചേരലിൽ എന്നപോലെ.
അവരുടെ ബന്ധത്തിൽ നേരിയൊരു വിള്ളലെങ്കിലും സൃഷ്ടിയ്ക്കാൻ കാലത്തിനു പോലും കഴിഞ്ഞിരുന്നില്ല.
ഊഷ്മളമായ ഒരു സൗഹൃദത്തിന്റെ പുനഃസ്സമാഗമം. നീലിമയുടെ ഗാഢമായ സ്നേഹത്തിന്റെ ആ കൈച്ചുറ്റൽ, ഗായത്രിയുടെ മനസ്സിൽ ഘനീഭവിച്ചു കിടന്നിരുന്ന കാർമേഘങ്ങളെ അൽപ്പമൊന്നു അലിയിച്ചു കളഞ്ഞു.
അവളെത്തന്നെ നോക്കിയിരിയ്ക്കുകയായിരുന്നു ഗായത്രി.
വേഷഭൂഷാദികളിലല്ലാതെ സംസാരത്തിലോ ചിരിയിലോ പെരുമാറ്റത്തിലോ ഒരു മാറ്റവുമില്ല.
പണ്ട്, കള്ളിയങ്കാട്ടുനീലി എന്നു ആൺകുട്ടികൾ കളിയാക്കി വിളിച്ചിരുന്ന അതേ നീലിമ.
എവിടെയും അടങ്ങിയിരിയ്ക്കുന്നില്ല അവൾ. അതവൾക്കു പണ്ടേ ശീലമില്ലല്ലോ.
തോട്ടക്കാരനോടു മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങാൻ പറഞ്ഞും, ജോലിക്കാരിയ്ക്ക് ഊണൊരുക്കങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകിയും പ്രസരിപ്പോടെ തുള്ളിത്തുള്ളി നടന്നു നീലിമ.
പണ്ട് ക്ലാസ്സിൽ അദ്ധ്യാപകർ ലക്ചർ ചെയ്യുമ്പോഴും പലവിധ കലാപരിപാടികളായിരുന്നു നീലിമയ്ക്ക്.
ആൺകുട്ടികളുമായി കൂട്ടു കൂടി അവളൊപ്പിയ്ക്കാത്ത കുസൃതിത്തരങ്ങൾ ഒന്നുമുണ്ടായിരുന്നില്ല അന്ന്. പിടിയ്ക്കപ്പെടുന്നതോ ശിക്ഷ കിട്ടുന്നതോ ഒന്നും അവൾക്കൊരു പ്രശ്നമേ ആയിരുന്നില്ല.
എന്തു വെല്ലുവിളിയും ചങ്കൂറ്റത്തോടെ ഏറ്റെടുക്കുന്ന പ്രകൃതം.
ഒരിയ്ക്കൽ, പ്രകാശുമായി ബെറ്റ് വച്ചിട്ടാണ് അവൾ അഖിൽ ചന്ദ്രൻ സാറിനെ പ്രണയിയ്ക്കാൻ ഇറങ്ങിപുറപ്പെട്ടത്. അഖിൽ സാർ ഗസ്റ്റ് ലക്ച്ചറർ ആയി ജോലിയിൽ പ്രവേശിച്ച സമയം
സുമുഖനും സൗമ്യനുമായിരുന്നു സാറ്.
സാറിനെ ഒന്നു വളയ്ക്കാമോ എന്ന വെല്ലുവിളി പുഷ്പം പോലെ ഏറ്റെടുത്തു നീലിമ.
"വളക്ക്യല്ല, വേണെങ്കി ഒടിയ്ക്കാം" എന്നവൾ ഉറപ്പു പറഞ്ഞു.
"വേണ്ട നീലി, സാർ പാവമല്ലേ", എന്നു താൻ ചോദിച്ചപ്പോൾ അവളു പറഞ്ഞു
"ഒന്നു പോടീ, നീ കണ്ടോ, ആ സാറിനെ ഞാൻ വളയ്ക്കുക മാത്രമല്ല ഒടിച്ചു മടക്കി, പെട്ടിക്കകത്താക്കും. എന്നിട്ട് ഒരു താലി എടുത്തു അങ്ങേരുടെ കയ്യിൽ കൊടുത്തിട്ടു പറയും, എന്റെ കഴുത്തിലോട്ടു കെട്ടടോ, എന്ന്.
ആ ബെറ്റിനു ക്ലാസ്സിലെ ആൺകുട്ടികൾ മുഴുവൻ അവളെ പിന്തുണച്ചു ; അവൾ വാക്കും പാലിച്ചു.
അതാണു നീലി ; കള്ളിയങ്കാട്ടു നീലി. !!
ബെറ്റിൽ തോറ്റ പ്രകാശ്‌ പാതി വടിച്ച മീശയുമായി ക്ലാസ്സിൽ വന്നിരുന്നത് ഇന്നലെയെന്ന പോലെ ഓർക്കുന്നു.
മൊബൈലിൽ ആരോടോ സംസാരിച്ചു കഴിഞ്ഞു അതിൽ തന്നെ എട്ടുപത്തു ഉമ്മയും കൊടുത്തു നീലിമ വന്ന് ഗായത്രിയോടു ചേർന്നിരുന്നു.
അവളുടെ ചൈതന്യം മാഞ്ഞു പോയ കണ്ണുകളിലേയ്ക്ക് നോക്കി ചോദിച്ചു.
"എന്താടാ, നിനക്കെന്താ പറ്റിയത് ?എന്തിനാ അത്യാവശ്യമായിട്ട് എന്നെ കാണണം ന്നു വാശി പിടിയ്ക്കുംപോലെ പറഞ്ഞത് ?"
"അതൊക്കെ പറയാം, നീ നിന്റെ വിശേഷങ്ങൾ പറ ആദ്യം. "
"ഓ, എനിയ്ക്കെന്തു വിശേഷം "
വിദേശ നിർമ്മിതമായ ആ പതു പതുത്ത സോഫാ സെറ്റിയിൽ ചാരിക്കിടന്നു, ഗായത്രിയുടെ കൈത്തലമെടുത്തു നെഞ്ചോടു ചേർത്തു തലോടിക്കൊണ്ട് നീലിമ പറഞ്ഞു.
"ഇങ്ങനെയൊക്കെ ജീവിച്ചു പോകുന്നു.
മരുഭൂമിയിലെ ജീവിതം, സമ്പൽസമൃദ്ധി, ചിലപ്പോൾ തോന്നും, പഴയ കോളേജ് അദ്ധ്യാപകനായി നാട്ടിൽ തന്നെ ഒതുങ്ങികൂടിയാ മതിയായിരുന്നു എന്ന്. അന്നൊക്കെ മനസ്സമാധാനം ഉണ്ടായിരുന്നു..... മക്കൾ വളർന്നപ്പോൾ ആവശ്യങ്ങളും ചിലവുകളും കൂടി വന്നു, അപ്പൊ ആ ജോലിയും വിട്ടു ബിസിനസ്സിലേയ്ക്ക് തിരിഞ്ഞു. ഇപ്പൊ മുഴുവൻ സമയ ബിസിനസ്സ് മാൻ എല്ലാ അർത്ഥത്തിലും..... മക്കൾ മെഡിസിൻ, നാലാം വർഷവും ഒന്നാം വർഷവുമൊക്കെയായി.......
ഒരു പാടു സമ്പാദിച്ചു, ദാ കണ്ടില്ലേ, ഇത്രേം വലിയ വീട്, ഇഷ്ടം പോലെ പണം ; ജീവിതം ഒരൊഴുക്കിലങ്ങ് ഒഴുകിപ്പോവുകയാണ്.
എല്ലാമുണ്ട്, എന്നാൽ ഒന്നുമില്ലാത്ത അവസ്ഥ...
"അതെന്താ?"
ഗായത്രി അത്ഭുതം കൂറി.
" ശാന്തേടത്യേ, ഊണിനു ചിക്കനോടൊപ്പം ചെമ്മീനും റെഡിയാക്കിക്കോളൂ ട്ടോ, ഈ ചെമ്മീൻ കൊതിച്ചിയെ ഞാനിന്നു മൂക്കുമുട്ടെ തീറ്റിച്ചിട്ടേ വിടുന്നുള്ളൂ "
ജ്യൂസും കൊണ്ടു വന്ന ശാന്തേടത്തി അതു കേട്ടു ചിരിച്ചു.
" അതിനെന്താ, ഒക്കെ ആവാലോ "
അവർ അതും പറഞ്ഞു പോയപ്പോൾ ഗായത്രി വീണ്ടും ആകാംക്ഷയോടെ ചോദിച്ചു. "അഖിൽ സാറ്,........ നിങ്ങൾക്കിടയിൽ ഇപ്പോഴും ആ പഴയ പ്രണയമില്ലേ..... ??"
"ഉണ്ടായിരുന്നു, ഒരുപാടു നാൾ. പിന്നെ തിരക്കുകൾക്കിടയിൽ രണ്ടു പേരും പരസ്പരം എന്തൊക്കെയോ എവിടെയൊക്കെയോ മറന്നു പോയി. പ്രണയവും അതിൽ പെടും "
നിസ്സംഗയായി നീലിമ പറഞ്ഞുകൊണ്ടേയിരുന്നു.
"അഖിലിനു ബിസിനസ്സിന്റെ തിരക്ക്, കുട്ടികൾക്ക് പഠനത്തിന്റെയും മറ്റു ആക്ടിവിറ്റിസിന്റെയും തിരക്ക്. ഇതിനിടയിൽ ഞാനെന്നൊരു വ്യക്തി കൂടി അവിടെ ജീവിയ്ക്കുന്നുണ്ടെന്ന് അച്ഛനും മക്കളും ഓർക്കാറേയില്ല.മടുപ്പു തോന്നും ഗായൂ ചിലപ്പോൾ. ഈ വാഷിംഗ്‌ മെഷീൻ ന്റെയും കുക്കിംഗ്‌ റേഞ്ച് ന്റെയും അയേൺ ബോക്സിന്റെയും ജോലികൾ ചെയ്തു ചെയ്ത്.......
 അഖിൽ എന്നെ ശ്രദ്ധിയ്ക്കാറേയില്ല. ഒരു തലവേദനയോ പനിയോ വന്നു കിടന്നാൽ പോലും എന്തു പറ്റിയെന്നു ചോദിയ്ക്കാറില്ല. സാരമില്ല എന്നൊരു ആശ്വാസവാക്ക്, നെഞ്ചോടു ചേർത്തു പിടിച്ചൊരു തലോടൽ.... അത്രയുമേ വേണ്ടൂ എനിയ്ക്ക്.....
സ്പർശനത്തിന്, ദാമ്പത്യത്തിന്റെ കെട്ടുറപ്പിനെ ദൃഢമാക്കുന്നതിൽ ഒരു വലിയ പങ്കുണ്ടെന്ന കാര്യം അഖിൽ പലപ്പോഴും മറക്കുകയാണ്...... "
കണ്ണുകൾ തുളുമ്പിയൊഴുകി, നീലിമയുടെ.
അവളുടെ മുഖത്തിനു ഒട്ടും ചേരാത്തതായിരുന്നു ആ കണ്ണുനീർ.
പക്ഷേ പെട്ടന്നു തന്നെ അവൾ സംയമനം വീണ്ടെടുത്തു.
"പോട്ടെ, സാരല്ല്യ, ഇതൊക്കെ എനിക്കിപ്പോ ശീലമാ..... ഒത്തിരി നാളുകൂടി കണ്ടിട്ട് ഞാൻ നിന്നേം സങ്കടപ്പെടുത്തി അല്ലേ ?അതു പോട്ടെ, എന്റെ കഥ അവിടെ നിക്കട്ടെ, നിനക്കെന്താ പറ്റിയത് ?
നീലിമ, ഗായത്രിയുടെ കരുവാളിച്ച കവിളിൽ തലോടി.........
ഗായത്രി മുഖം കുനിച്ചു.
നീലിമയപ്പോൾ പഴയ ഗായത്രിയെ ഓർക്കുകയായിരുന്നു.
നീണ്ടിടതൂർന്ന മുടിയും, അതിൽ തിരുകി വയ്ക്കാറുള്ള ചെമ്പകമൊട്ടും മഷിയെഴുതികറുപ്പിച്ച തിളങ്ങുന്ന വലിയ കണ്ണുകളും ചന്ദനക്കുറിയിട്ട തുടുത്ത മുഖവും..... ഇതെല്ലാം ചേർന്നതായിരുന്നു ഗായത്രി. നമ്പ്യാരുമാഷിന്റെ മകൾ ഗായത്രി. നന്മ മാത്രം പഠിപ്പിയ്ക്കുന്ന ഒരച്ഛന്റെ മകൾ.....
ഇപ്പോൾ കണ്ടാൽ പഴയ ഗായത്രിയുടെ പ്രേതം പോലെയുണ്ട്.
" ഞാനൊരു വല്ലാത്ത പ്രതിസന്ധിയിലാണു നീലി "
" എന്താ, എന്തായാലും പറ, ഞാനില്ലേ നിനക്ക്. കാശിനു എന്തെങ്കിലും ആവശ്യമുണ്ടോ, അതോ ഇനി നിഭയും ഭർത്താവും തമ്മിൽ......... "
"ഏയ് അങ്ങനൊന്നുമില്ല, അവളും പ്രവീണും സുഖമായിരിയ്ക്കുന്നു. അവൾക്കിത് ഏഴാം മാസാ.. പ്രസവസമയത്ത് എന്നോടും യു. എസ് ലേയ്ക്ക് ചെല്ലാൻ പറഞ്ഞിരിയ്ക്ക്യാ, അമ്മ കൂടെയില്ലാതെ അവൾ പ്രസവിക്കില്ല്യാന്നു. പോരേ പൂരം "
നിഭയുടെ കാര്യം പറഞ്ഞപ്പോൾ മാത്രം ഗായത്രി ചെറുതായൊന്നു ചിരിച്ചു.
"അമ്മേടെ ചെല്ലക്കുട്ടി തന്നെ ഇപ്പോഴും നിഭ അല്ലേ.. ?"
പഴയ ഏതോ ഒരോർമ്മയിൽ നീലിമ പുഞ്ചിരിച്ചു.
ആദ്യമായി നിഭയെ കൈകളിൽ കോരിയെടുത്ത നിമിഷം.....
തന്റെ കണ്ണുനീർ കുഞ്ഞിന്റെ നെറ്റിയിൽ പതിച്ചതു കണ്ടു സുദേവൻ പറഞ്ഞു
" എന്റെ മോൾക്ക്‌ രണ്ടമ്മമാരാ '
ഇരുപത്തിരണ്ടു വർഷങ്ങൾ......
ശരവേഗത്തിൽ പാഞ്ഞു പോയവ......
അമ്മയുടെ സ്ഥാനത്തായിരുന്നിട്ടു കൂടി അവളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഒരു വലിയ ശസ്ത്രക്രിയയ്ക്കു ശേഷമുളള വിശ്രമാവസ്ഥയായിരുന്നു അപ്പോൾ.
ഗായത്രിയുടെ ശബ്ദം, നീലിമയെ ചിന്തയിൽ നിന്നും ഉണർത്തി.
"അടുത്ത രണ്ടു മാസത്തിനകം ഞാൻ നിഭയുടെ അടുത്തേയ്ക്കു പോവും നീലി, പക്ഷെ അതിനു മുമ്പ്, നിർണ്ണായകമായൊരു തീരുമാനം ഞാൻ സുധിയേട്ടനോടു പറഞ്ഞേ ആവുള്ളൂ. "
" എന്തു തീരുമാനം?"
നെഞ്ചു തിരുമ്മിക്കൊണ്ടാണ് ഗായത്രി അതിനു മറുപടി പറഞ്ഞത്.
"സുധിയേട്ടനു മറ്റൊരിഷ്ടം, അവളെ വിവാഹം കഴിയ്ക്കണമെന്നു വാശി പിടിയ്ക്കുന്നു "
നടുങ്ങിപ്പോയി നീലിമ.
"സുദേവനോ, എന്താ ഞാനീ കേക്കണേ"
"ഉം, സുദേവൻ തന്നെ "
"എന്താ കാരണം, നിങ്ങൾ തമ്മിൽ...... "
ഗായത്രിയുടെ ശബ്ദം കനത്തു.
"രണ്ടു ശരീരങ്ങൾ തമ്മിൽ മാത്രമുളള ഒരു ഉടമ്പടിയാണോ നീലി, വിവാഹമെന്നത് ? അതിനപ്പുറം മനസ്സ് എന്നൊരു സംഗതിയില്ലേ.. ?
ഞാനിപ്പോൾ ഒന്നിനും കൊള്ളാത്തവളായി.
പുതുമകൾ തേടുന്നതിലാണിപ്പോൾ സുധിയേട്ടനു കമ്പം. നമ്മൾ, അമ്പതുകൾ പിന്നിടാനൊരുങ്ങുന്നവർ... കൃഷ്ണയ്ക്കു പ്രായം വെറും മുപ്പത്തിരണ്ട്. അമ്പത്തഞ്ചുകാരനായ എന്റെ ഭർത്താവിനെ എന്തു കണ്ടിട്ടാണ് ആ കുട്ടി......... "
നീലിമ വല്ലാതെ അസ്വസ്ഥയായി.
ഗായത്രി തുടർന്നു.
"കിടപ്പറയിൽ ഞാനൊരു പരാജയമാണത്രെ. ഒരു പ്രായം കഴിയുമ്പോൾ നമ്മൾ പെണ്ണുങ്ങൾ പലതിൽ നിന്നും ഉൾവലിയുന്നവരല്ലേ, അതു ഭർത്താക്കൻമാരോടുള്ള സ്നേഹക്കുറവാണോ..... ?
അദ്ദേഹത്തിന്റെ ആരോഗ്യവും യൗവ്വനവുമൊന്നും എന്റെ താല്പര്യമില്ലായ്മയ്ക്കു മുന്നിൽ അടിയറ വയ്ക്കാൻ പറ്റില്ലെന്ന്...... കൃഷ്ണയെ കെട്ടി, കുടകിലെ എസ്റ്റേറ്റ്‌ ബംഗ്ളാവിലേയ്ക്ക് മാറുകയാണെന്ന്.....
എനിക്ക്, ഭക്തി കൂടിപ്പോയി പോലും.... അതൊരു തെറ്റാണോ നീലി ?
ഭക്തിമാർഗ്ഗം മോക്ഷമാർഗ്ഗമാണെന്ന് പണ്ട് അച്ഛൻ പറയാറുണ്ട്. എനിയ്ക്കും മോക്ഷം വേണം. ഇത്ര നാളും ഞാൻ ജീവിച്ചത് ഭർത്താവിനും മകൾക്കും വേണ്ടി മാത്രമാണ്. അവരുടെ ഇഷ്ടങ്ങളായിരുന്നു എന്റെയും. അവർക്കിഷ്ടമില്ലാത്ത ഒരു കൂട്ടാൻ പോലും ഞാനാ വീട്ടിൽ വെക്കാറില്ല. അവർക്കു വേണ്ടിയായിരുന്നു, എന്റെ ഉദയാസ്‌തമയങ്ങളെല്ലാം. എന്റെ ഇഷ്ടങ്ങൾ പലതും ഞാൻ മറന്നു പോയി. എന്നിട്ടും ഞാനിപ്പോ കൊള്ളരുതാത്തവളായി."
നീലിമയുടെ തോളിൽ തല ചായ്ച്ച് ഗായത്രി ഒത്തിരി നേരം വിങ്ങിക്കരഞ്ഞു.
" ഞാൻ സമ്മതിയ്ക്കാൻ പോവ്വാ നീലി, അദ്ദേഹമെങ്കിലും സുഖമായും സന്തോഷമായും ജീവിയ്ക്കട്ടെ "
നീലിമ മറുപടി പറഞ്ഞില്ല.
ശാന്തേടത്തി വന്ന് രണ്ടു പേരെയും ഉണ്ണാൻ വിളിച്ചു.
ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോൾ നീലിമ ഓർക്കുകയായിരുന്നു,ഗായത്രി പറഞ്ഞ കാര്യങ്ങൾ.......
"കൃഷ്ണയ്ക്കു പ്രായം വെറും മുപ്പത്തിരണ്ട്..... എന്തു കണ്ടിട്ടാണവൾ അമ്പത്തഞ്ചുകാരനായ എന്റെ ഭർത്താവിനെ.......
ചോറുരുള തൊണ്ടയിൽ കുരുങ്ങിയ അവസ്ഥയായി, നീലിമയ്ക്ക്.
അല്പം മുമ്പ് എന്റെ ഫോണിന്റെ മറുതലയ്ക്കൽ ഉണ്ടായിരുന്ന ആ പ്രണയത്തിനും പ്രായം വെറും മുപ്പത്തിരണ്ട്...... എന്തു കണ്ടിട്ടാവാം അവനും......
പക്ഷേ, വിവേകിനു തന്നോടുള്ളതും തനിയ്ക്ക് അങ്ങോട്ടു തോന്നുന്നതും പ്രണയമാണോ ?
ഒരിയ്ക്കലുമല്ല.
ഒരു തരം ആശ്രയത്വം.
ആരൊക്കെയോ കൂടെയുണ്ടെന്ന് തോന്നിപ്പിയ്ക്കുന്നവൻ അവഗണിയ്ക്കപ്പെടുന്നതിന്റെ വേദന പാടെ ഇല്ലാതാക്കുന്നവൻ......
ഏകാന്തതയുടെ കൊടും വേനൽച്ചൂടിൽ പലപ്പോഴും ഒരു തണൽ മരമാവുന്നവൻ. നിനക്കും ഈ ഭൂമിയിൽ ജീവിയ്ക്കാൻ അവകാശമുണ്ടെന്നു എപ്പോഴും ഓർമ്മിപ്പിയ്ക്കുന്നവൻ.......
അതും.......
ഒരിയ്ക്കലും, ഒരു തവണ പോലും നേരിൽ കാണാതെ..... ശബ്‌ദത്തിലൂടെ......
ശബ്‌ദത്തിലൂടെ മാത്രം നോവാറ്റുന്നവൻ.....
അവനില്ലാതെ നീലിമയ്ക്കു നിലനിൽപ്പുണ്ടോ ??
എവിടെയാണ് കാലിടറുന്നതു മനുഷ്യന്.... ??
തെറ്റ് ആർക്കും പറ്റാം.
പക്ഷെ അതിന്റെ പേരിൽ ഇരുപത്തിഅഞ്ചു വർഷത്തെ ദൃഢദാമ്പത്യത്തിന്റെ അടിത്തറയിളക്കുന്നതു ന്യായമാണോ ?
ഇക്കാലമത്രയും, സുഖത്തിലും ദുഃഖത്തിലും പങ്കാളിയായി, തോളോടു തോൾ ചേർന്നു നിന്നവളെ ഇത്തരമൊരു വൈകല്ല്യത്തിന്റെ പേരിൽ പാതിവഴിയിൽ ഉപേക്ഷിയ്ക്കുന്നതു ന്യായമാണോ..
അഖിൽ എന്നോടു ചെയ്യുന്നതു ന്യായമാണോ ?
ഞാൻ അഖിലിനോടു ചെയ്യുന്നതു ന്യായമാണോ ?
ചോദ്യങ്ങൾക്കൊന്നും ഉത്തരം കണ്ടെത്താനായില്ല നീലിമയ്ക്ക്.
ചോറിൽ വൃത്തം വരച്ചു വെറുതേയിരുന്ന അവളെ, ഗായത്രിയുടെ കണ്ണുനീർ മാത്രം വല്ലാതെ പൊള്ളിച്ചു.
• അവൾ മാത്രമാണല്ലോ ശരി........

by
Sajna Shajahan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo