Slider

അവൻ എൻ മകന്‍ വേല്‍മുരുകന്‍

0

അവൻ എൻ മകന്‍ വേല്‍മുരുകന്‍
 ************************************************
" ശ്രീ മുരുകാ, വളളീ നാഥാ,നിക്ക് നീ മാത്രേയുള്ളു. "
മുരുകന്റെ ശ്രീകോവിലിനു മുന്നിൽ കുഞ്ഞു ലക്ഷ്മിയമ്മ തൊഴുതു നിന്നു.കൂടെ ഞാനും.
അമ്പല മതിലിനു പുറത്തു,പാലക്കാടന്‍ വെയിലില്‍ ഉണരുന്ന പാട ശേഖരങ്ങളുടെ പച്ചപ്പ്‌.
“എന്താ മുരുകാ ഒരു ക്ഷീണം നിന്റെ മുഖത്ത്...?”
കുഞ്ഞു ലക്ഷ്മിയമ്മ ഭക്തി പാരവശ്യത്തില്‍ മുരുകനോട് ചോദിക്കുന്നത് ഞാന്‍ കേട്ടു.
രണ്ടു ദിവസമായി ഞാന്‍ കുഞ്ഞു ലക്ഷ്മിയമ്മയുടെ വീടിന്റെ മുകളില്‍ താമസം തുടങ്ങിയിട്ട്..ഈ വേനല്‍ അവധിയില്‍ അധ്യാപകര്‍ക്ക് വേണ്ടിയുള്ള പരിശീലന കളരി ഈ ഗ്രാമത്തിനു അടുത്തുള്ള സ്കൂളിലാണ്.അതില്‍ പങ്കെടുക്കുവാന്‍ എത്തിയതാണ്.
കുഞ്ഞുലക്ഷ്മിയമ്മക്ക് എഴുപത് വയസ്സ് കഴിഞ്ഞിരിക്കുന്നു.നല്ല വണ്ണം.ചെറിയ കൂനുമുണ്ട്.ഈ സ്കൂളിലെ ഒരു അധ്യാപകന്‍ വഴിയാണ് കുഞ്ഞുലക്ഷ്മിയമ്മയുടെ വീട്ടില്‍ താമസം തരപെട്ടത്‌.അവരുടെ ഒരു മകനും മകളും ഉള്ളത് മദ്രാസിലും ബാംഗ്ലൂരിലുമാണ്. എട്ടു എക്കറിന് മുകളില്‍ വരുന്ന പറമ്പില്‍ തെക്കേ മൂലയില്‍ തഹസ്സില്ദാരായിരുന്ന ഭര്‍ത്താവു മാധവമേനോന്‍ ഉറങ്ങുന്നു.കുറച്ചു കോഴികളും,ഒരു പശുവും ഉണ്ട് കൂട്ടിനു.പിന്നെ മുരുകനും.
ഒരു ദേവനെ ഇത്രയധികം സ്നേഹിക്കുന്ന ഒരാളെ ഞാന്‍ ആദ്യം കാണുകയായിരുന്നു.കുഞ്ഞു ലക്ഷ്മിയമ്മയുടെ എല്ലാം മുരുകന്‍ തന്നെ.ആ വലിയ വീടിന്റെ താഴത്തെ നിലയില്‍ ഒരു ചായ്പ് മുറിയില്‍ ആണ് കുഞ്ഞുലക്ഷ്മിയമ്മ കിടക്കുന്നത്.പൂജാമുറിയില്‍ പ്രമുഖ സ്ഥാനം മുരുകന്. പഴയ വീടിന്റെ ഭിത്തികളില്‍ തലമുറകളുടെ ബ്ലാക്ക് ആന്ഡ്ന‌ വൈറ്റ് ചിത്രങ്ങള്‍.ഒപ്പം എല്ലായിടത്തും വേല്‍ മുരുകന്റെ ചിത്രങ്ങള്‍.
എന്റെ വീട് പാലക്കാടു നിന്നും വളരെ ദൂരത്തായതിനാല്‍ ആ വേനലവധി കുഞ്ഞു ലക്ഷ്മിയമ്മയുടെ ഒപ്പം ആയിക്കോട്ടേ എന്ന് ഞാന്‍ കരുതി.ഒഴിവു നേരങ്ങളില്‍ ഞാന് ഏറെ നേരം ആ മുരുകഭക്തയുടെ ഒപ്പം ചെലവഴിച്ചു.
എല്ലാവരെയും അവര്‍ മുരുകന്‍ എന്ന് വിളിച്ചു.കവലയിലെ പലചരക്ക് കട നടത്തുന്ന സോമന്‍ നായരും ,രാവിലെ പത്രം ഇടാന്‍ വരുന്ന ഗോപിയും, ഒക്കെ കുഞ്ഞു ലക്ഷ്മിയമ്മക്ക് മുരുകന്‍ തന്നെ.കറന്റ് പോയാല്‍ ഫ്യൂസ് കെട്ടാന്‍ വരുന്ന ഷറഫിനോടും ചോദിക്കും....
“മുരുകാ....വൈകുന്നേരം കറന്റ് കളയരുത് കേട്ടോ...ഇക്ക് ചന്ദന മഴ കാണാനുള്ളതാ....”
ഇടയ്ക്കു നേരം വെളുപ്പിനെ എഴുന്നേല്ക്കും.ഒരുങ്ങി ടോര്‍ച്ചും തെളിച്ചു പോകും.പാലക്കാടു പോവുകയാണ്.കൊടുമ്പിലെ മുരുകന്‍ ക്ഷേത്രത്തില്‍...ഇടയ്ക്ക് പട്ടാമ്പിയില്‍ പോകും അമ്മന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൊഴാന്‍...അവിടെ എല്ലാം ബന്ധുക്കള്‍ ഉണ്ട്..പക്ഷെ ഏറ്റവും വലിയ ബന്ധു മുരുകന്‍ തന്നെ..
തൊടിയിലെ ചതുര മുല്ല പന്തലില്‍ മിന്നാ മിന്നികള്‍ നിറഞ്ഞു പ്രകാശിക്കുന്ന അത്ഭുത കാഴ്ച്ച ഒരു രാത്രി കുഞ്ഞി ലക്ഷ്മികുട്ടിയമ്മ എന്നെ വിളിച്ചു കാട്ടി.
"ന്നെ സന്തോഷിപ്പിക്കാൻ മുരുകൻ കൊണ്ടു വരണതാ കുട്ടീ ഈ മിന്നാമിനുങ്ങുകളെ.ഇതൊക്കയല്ലേ നിക്ക് ഒരു സന്തോഷംന്ന് മുരുകനറിയാം."
അത് കണ്ടു കൊണ്ടിരിക്കെ ഞാന്‍ ചോദിച്ചു.
“എന്താ അമ്മക്ക് മുരുകനോടിത്ര പ്രിയം..”
“ന്റെ മൂത്ത മകനാ മുരുകന്‍...”അവര്‍ പറഞ്ഞു.
ആദ്യ കുട്ടി ജനിച്ചപ്പോള്‍ അവരുടെ ഭർത്താവിന്‍റെ അമ്മക്ക് മുരുകന്‍ എന്ന പേരിടാന്‍ ആയിരുന്ന താത്പര്യം.കാരണം തൊട്ടു അടുത്ത മുരുകന്‍ കോവില്‍.ഒരു രാത്രി ഭര്‍ത്താവും അമ്മയും തമ്മില്‍ തർക്കമായി.പഴഞ്ചന്‍ പേരായതിനാല്‍ ഭര്‍ത്താവു സമ്മതിച്ചില്ല.
രണ്ടു ദിവസം കഴിഞ്ഞു ആ കുഞ്ഞിന് കടുത്ത പനി വന്നു. മരിച്ചു പോവുകയും ചെയ്തു.
അന്ന് മുതല്‍ കുഞ്ഞു ലക്ഷ്മിയമ്മ മൂത്ത മകനായി മുരുകനെ കാണുന്നു..ഉപാസിക്കുന്നു. എന്നല്ല സ്നേഹിക്കുന്നു.
മുരുകന്‍ കുഞ്ഞു ലക്ഷ്മിയമ്മയെ അമ്മയായി സ്നേഹിക്കുന്നുണ്ടോ..?
തെങ്ങ് കയറാന്‍ ആരും വന്നില്ലെങ്കിലും കുഞ്ഞു ലക്ഷ്മിയമ്മക്ക് ആവശ്യം ഉള്ളപ്പോള്‍ തൊടിയിലെ തെങ്ങുകള്‍ തേങ്ങ പൊഴിച്ചു.വിശാലമായ തൊടിയില്‍ ആരും തെളിച്ചില്ലെങ്കിലും കാടും പടര്‍പ്പും ഒന്നും വളര്‍ന്നില്ല..സന്ധ്യ മയങ്ങുമ്പോള്‍ അമ്പലങ്ങളില്‍ നിന്ന് തൊഴുതു മടങ്ങുന്ന കുഞ്ഞുലക്ഷ്മിയമ്മയെ ശല്യപെടുത്താതിരിക്കാന്‍ സര്‍പ്പങ്ങള്‍ ശ്രദ്ധിച്ചു.കണ്ണുകളില്‍ തിമിരം കയറിയ കുഞ്ഞു ലക്ഷ്മിയമ്മക്ക് വേണ്ടി പാടത്തിനു നടുവിലെ ചെറിയ വരമ്പില്‍ കൃത്യമായി നിലാവിന്റെ അലരുകള്‍ വീണു.
“കാർത്തികേയൻ..ആറു ശിരസ്സുള്ള ഷണ്മുഖന്‍ ..ദേവന്മാരില്‍ ശക്തന്‍ ആരാണെന്നാ നെന്റെ വിചാരം...പക്ഷെ ഞാന്‍ സുബ്രഹമണ്യനെ ശല്യപെടുത്താന്‍ പോവില്ല...”കുഞ്ഞുലക്ഷ്മിയമ്മ പറയും.
ശരിയാണ്.കുഞ്ഞുലക്ഷ്മിയമ്മക്ക് അങ്ങിനെ ആവശ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
അവിടുത്തെ അവസാന അവധി ദിവസം ഞാന്‍ കുഞ്ഞു ലക്ഷ്മിയമ്മക്ക് വേണ്ടി പ്ലാവില്‍ കയറി.അങ്ങേ ശിഖരത്തില്‍ ഒരു ചക്ക വിളഞ്ഞു കിടക്കുന്നു.ചക്കയുടെ ചകിണി കുഞ്ഞുലക്ഷ്മിയമ്മ ഉണങ്ങി സൂക്ഷിക്കും.അത് കൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കും.
ചുളകളില്‍ നിന്ന് ചകിണി വേര്‍പെടുത്തി കീന്തവെ അവര്‍ മുരുകനെ കുറിച്ചുള്ള മറ്റൊരു രഹസ്യം പറഞ്ഞു.
“ദു:ഖിതനാണ് മുരുകന്‍.അത് കൊണ്ടാണ് കൈലാസം വിട്ടു പിണങ്ങി ഇങ്ങു പോന്നത്.ഒരിക്കല്‍ പ്രപഞ്ചം ചുറ്റാന്‍ ഉള്ള പന്തയത്തില്‍ മുരുകന്‍ തോറ്റു.ശിവ പാർവതിമാരില്‍ മൂത്ത മകനായ മുരുകന്‍ മയിലിന്റെ പുറത്തു പ്രപഞ്ചം ചുറ്റി വന്നപ്പോള്‍ ,മാതാപിതാക്കളെ മൂന്നു വലം വെച്ച് ഇളയ പുത്രന്‍ ഗണപതി പന്തയം ജയിച്ചു.”
ഇളയ സഹോദരന്‍ പന്തയം ജയിച്ചത്‌ അറിയാതെ മയിലിന്റെ പുറത്തു പ്രപഞ്ചം ചുറ്റുന്ന മുരുകന്റെ ചിത്രം ഉള്ളില്‍ തെളിയുന്നു..എന്നും ഒറ്റയക്കായവന്‍..
അതിന്റെ പിറ്റേന്ന് ഞാന്‍ സ്കൂളില്‍ പോയി മടങ്ങി വന്നപ്പോള്‍ കണ്ടത് മറ്റൊരു കാഴ്ച ആയിരുന്നു.പൊട്ടി കരഞ്ഞു നിലവിളിക്കുന്ന കുഞ്ഞു ലക്ഷ്മിയമ്മ.അവരുടെ മൂത്ത മകന്‍ വന്നിരിക്കുന്നു.കണ്ടതെല്ലെം വലിച്ചെറിയുകയാണ്‌...
“നിങ്ങള്ക്ക് ലോണ്‍ എടുക്കാന്‍ സ്ഥലത്തിന്റെ ആധാരം മൂത്ത മകള്ക്ക് കൊടുക്കണം അല്ലെ...ചാകാറായി കിടക്കുമ്പോ ബാംഗ്ലൂര്‍ ഉള്ള നിങ്ങളുടെ മകള്‍ നോക്കുമോ തള്ളെ നിങ്ങളെ...”അയാള് ചീറി.
“എന്നെ മുരുകന്‍ നോക്കുമടാ...!"
“ ഹും മുരുകന്‍..”അയാള്‍ കടുത്ത ദേഷ്യത്തില്‍ ഭിത്തിയിലെ വേല്‍ മുരുകന്റെ ചിത്രം വലിച്ചെടുത്തു കുഞ്ഞുലക്ഷ്മിയമ്മയുടെ നേരെ വലിച്ചെറിഞ്ഞു.തടയാന്‍ കഴിയുന്നതിനു മുന്പ് അത് അവരുടെ നെറ്റിയില്‍ തട്ടി വീണു.ചോര ചിതറി. നിലത്തു വീണു.അയാള്‍ ചവിട്ടി തുള്ളി അവിടെ നിന്ന് ഇറങ്ങി പോയി.
ഞാന്‍ മുറിവ് കെട്ടി വച്ചു.അവരെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു.പതുക്കെ താങ്ങി കൊണ്ട് പോയി കട്ടിലില്‍ കിടത്തി.
“മക്കള്‍...ഇതാണ് എന്റെ മക്കള്‍...എന്റെ മുരുകന്‍ മരിക്കാതിരുന്നെകില്‍....”വിതുമ്പലില്‍ അവര്‍ പറഞ്ഞു.
അല്പം കഴിഞു അവര്‍ ഉറങ്ങി.
സന്ധ്യ ആയിരുന്നു.
അവര് ഉണര്‍ന്നപ്പോള്‍ ഞാന്‍ ഞരക്കം കേട്ടു.ചെന്ന് നോക്കിയപ്പോള്‍ പൊള്ളുന്ന ചൂട്.കണ്ണില്‍ നിന്ന് വെള്ളം ധാര ധാര ആയി ഒഴുകുന്നു.ശബ്ദമില്ലാതെ കരയുകയായിരുന്നു അവര്‍.
ഞാന്‍ ആ ശിരസ്സ് എന്റെ മടിയിലേക്ക് എടുത്തു വച്ചു.ജനാലയഴികളുടെ ഇടയിലൂടെ ആകാശത്തേക്ക് നോക്കി.നക്ഷത്ര കൂട്ടങ്ങള്ക്കിടയില്‍ നിന്നും ദൂരെ മാറി ആ നക്ഷത്രം ഉദിച്ചിരിക്കുന്നു.ചൊവ്വ.മുരുകന്റെ ഒറ്റ നക്ഷത്രം.
സമയമായിരിക്കുന്നു.
കുഞ്ഞുലക്ഷ്മിയമ്മ കണ്ണുകള്‍ തുറന്നു.
ഒരു അദ്വൈത ചങ്ങലയുടെ സ്നേഹ ബന്ധനത്തില്‍ അവരുടെ ആത്മാവ് എന്നെ തിരിച്ചറിഞ്ഞു.
"ശരവണാ....”
ഒരു ജന്മത്തെ ഭക്തിയും സ്നേഹവും ഒറ്റ വിളിയില്‍ ഒതുക്കി ആദ്യമായി അവര്‍ എന്റെ പേര് വിളിച്ചു..അവസാനമായും..
താരാപഥങ്ങള്ക്ക് അപ്പുറത്തേക്ക് വിഷ്ണുപദം തേടി ആ ആത്മാവ് യാത്രയാകുകയാണ്.പുറത്തു ഒരു മയില്‍ താഴ്ന്നു പറന്നു വരുന്ന ചിറകടിയൊച്ച കേട്ടു തുടങ്ങിയിരിക്കുന്നു.എനിക്കും പോകാൻ നേരമായി.
ഈ അവധിക്കാലം കഴിഞ്ഞിരിക്കുന്നു.ശരറാന്തലുകള്‍ തെളിഞ്ഞ ഈ രാത്രിയില്‍ ..പ്രപഞ്ചത്തിന്റെ രഹസ്യ വഴികളിലൂടെ ഒറ്റക്ക് ഞാനും യാത്ര തുടരട്ടെ.
(അവസാനിച്ചു)

By
Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo