Slider

പിൻഗാമി ( ഭാഗം എട്ട് )

0

Image may contain: 1 person

ആ സമയത്താണ് പച്ചക്കറി വാങ്ങാൻ പോയ ബാവുട്ടി കാന്റീനിലേക്ക് കയറി വന്നത്. എന്റെയും ഉറങ്ങുന്ന സെയ്തു കാക്കാന്റെയും മുഖത്തേക്ക് നോക്കി ബാവുട്ടി ചോദിച്ചു.
ഉറങ്ങിയോ..?
ഉം..
ഞാൻ മറുപടി ഒരു മൂളലിലൊതുക്കി.
ചായ കുടിച്ചോ.?
ഇല്ല..
ചായ പാത്രത്തിൽ നിന്ന് ചായയും പഴം കുലയിൽ നിന്ന് പഴവും എടുത്ത് ഞാൻ കഴിച്ചു. എന്നിട്ട് അവിടെ നിന്നും ഇറങ്ങിപ്പോന്നു. വല്ലാത്ത ക്ഷീണം.. റൂമിലേക്ക് കയറിപ്പോയപ്പോൾ പലരും അലക്കാനും കുളിക്കാനുമായിട്ട് പോയിട്ടുണ്ട്.
കുറച്ചാളുകൾ മാത്രമെ റൂമുകളിൽ ഉള്ളു. അവർ ഓരോ കാര്യങ്ങളിലായി ഏർപ്പെട്ടിരിക്കുന്നു.
ഞാൻ പള്ളിക്കകത്തേക്ക് കയറി.. ഹോസ്റ്റലിന്റെയും പള്ളിയുടെയും ചുമർ ഒന്നാണ്.
രണ്ടാം നിലയിലാണ് താമസിക്കാനുള്ള റൂമുകൾ.രണ്ടും മൂന്നും നിലകളിലാണ് ക്ലാസുകൾ നടക്കാറ്. കാരണവരുടെ മരണം കാരണം ഇന്ന് ക്ലാസ് ഇല്ല. അതിനാൽ പള്ളിക്കകം കാലിയായി കിടക്കുന്നു.
ഞാൻ പള്ളിയുടെ ഒരു മൂലയിൽ ചുരുണ്ടുകൂടി ഇരുന്നു.ഇങ്ങനെ ഒറ്റയ്ക്കാവാനാണ് താൽപര്യം.ഒറ്റയ്ക്കാവുമ്പോൾ നേരിയ മയക്കം വരും.അപ്പോൾ ഉമ്മ എന്റടുത്ത് വരും. എന്നിട്ട് മുടിയിഴകളിലൂടെ തലോടും. ഞാനൊരു പാട് പരിഭവം പറയും. പക്ഷേ അത് മുഴുവൻ കേൾക്കാൻ ഉമ്മനിൽക്കില്ല അപ്പോഴേക്കും ഉമ്മ എങ്ങോ പോയിട്ടുണ്ടാകും.
ഉമ്മാന്റെ ഖബറിടത്തിൽ പോകണമെന്ന് ഒരു പാട് ആഗ്രഹമുണ്ട് .ആഗ്രഹങ്ങളൊക്കെ ആരോട് പറയാൻ. ഒറ്റക്ക് പോകാനും അറിയില്ല.
ക്ഷീണമുണ്ടെങ്കിലും കിടന്നിട്ട് ഉറക്കം വരുന്നില്ല..
അകത്തെ പള്ളിയിൽ നല്ല തണുപ്പായിരിക്കും. പക്ഷെ അകത്തേ പളളിയിലേക്ക് ഒറ്റക്ക് പ്രവേശിക്കാൻ പാടില്ല. നൂറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച പള്ളിയാണ് അകത്തേ പള്ളി. പള്ളി വലിപ്പം കൂട്ടിയപ്പോൾ അകത്തെ പള്ളി അതുപോലെ നിലനിർത്തി ചില അറ്റകുറ്റപ്പണികൾ നടത്തി പിറകിലായി വേറെ കോൺക്രീറ്റുബിൽഡിംഗ് നിർമ്മിക്കുകയാരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ പല മഹാന്മാരും ക്ലാസ് നടത്തിയിരുന്ന സ്ഥലമാണ്. അവരുടെ ക്ലാസുകളിൽ ജിന്നുകളും വന്നിരിക്കാറുണ്ടായിരുന്നത്രെ. ആ ജിന്നുകൾ ഇപ്പോഴും ചില പ്രത്യേക സമയങ്ങളിൽ ഒരുമിച്ച് കൂടാറുണ്ടെന്നാണ് കേൾവി. അതു കൊണ്ടാണ് അകത്തേ പള്ളിയിലേക്ക് ഒറ്റക്ക് പ്രവേശനം നിഷേധിച്ചത്.
ഒറ്റക്ക് അതിനകത്ത് പ്രവേശിച്ചാൽ എന്തെങ്കിലും കണ്ട് ഭയപ്പെട്ടാലോ എന്നതായിരുന്നു ഒരു പ്രശ്നം.
അങ്ങിനെ വല്ലതും സംഭവിക്കുമോ? ഏതായാലും ഒന്നു പോയി നോക്കാം.
ഞാൻ മെല്ലെ എണീറ്റു അകത്തേ പള്ളിയിലേക്ക് നടന്നു. അതിനകത്ത് ജനവാതിലുകളെല്ലാം അടച്ചിരിക്കുന്നു. അതിനാൽ നേരിയ ഇരുട്ടുണ്ട്. അതിനകത്തെ മരംകൊണ്ടുണ്ടാക്കിയ വലിയ തൂണുകൾ.അതിലെ ചിത്രപ്പണികൾ.അതിൽ നിന്ന് മൂന്നാം നിലയിലേക്ക് ഒരു കോണിപ്പടിയുണ്ട്. കയറി നോക്കണൊ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് വാതിലിനടുത്ത് ഒരാളനക്കം കണ്ടത്.
നോക്കിയപ്പോൾ ഭയപ്പെട്ടു പോയി!...
ഉസ്താദ്..!
പിന്നിലേക്ക് കയ്യും പിടിച്ച് ഉസ്താദ് നിൽക്കുന്നു. പിന്നിൽ കെട്ടിയ കയ്യിൽ വടിയായിരിക്കുമെന്ന് ഉറപ്പാണ്.
തലയും താഴ്ത്തി ഉസ്താദിന്റെ അടുത്തേക്ക് നടന്നു. ചോദ്യമൊന്നും ഉണ്ടായില്ല. അതു കൊണ്ട് ഉത്തരവും. അകത്തേ പള്ളിയിൽ നിന്നും പുറത്ത് കടന്നതും ഉസ്താദിന്റെ ചൂരൽ കൊണ്ടുള്ള ആദ്യ പ്രഹരം.. അതും നടുപ്പുറത്ത്.അടികൊണ്ട ഞാൻ തിരിഞ്ഞു. ദയനീയമായൊന്നു ഉസ്താദിനെ നോക്കി.
പക്ഷെ ഉസ്താദിന്റെ ചൂരൽ ചലിച്ചുകൊണ്ടിരുന്നു. അടി കൊണ്ട് ഞാൻ ഇരുന്നു പോയി.. വേദന കൊണ്ട് പുളയുന്ന എന്നെ വീണ്ടും ദയയില്ലാതെ അടിക്കുക തന്നെയാണ്.ഉസ്താദിന്റെ അടിയിൽ നിന്നും ആരെങ്കിലും രക്ഷപ്പെടുത്തിയാലല്ലാതെ സ്വയം രക്ഷപ്പെടാൻ കഴിയില്ല.
ആരൊക്കെയോ വാതിലിന്നടുത്ത് നിൽക്കുന്നത് കണ്ടിട്ടാവണം ഉസ്താദ് അടി നിർത്തി.. എന്നിട്ട് ദേഷ്യത്തിൽ റൂമിലേക്ക് പോയി.
ഒന്നുരണ്ട് പേർ താങ്ങിപ്പിടിച്ച് എന്നെ റൂമിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മൂലയിൽ പോയി ഞാൻ ഇരുന്നു.
ശരീരത്തിനേറ്റ വേദനയേക്കാൾ അധികം മനസിനേൽക്കുന്ന വേദന തന്നെയാണല്ലൊവലിയ പ്രശ്നം ആശ്വസിപ്പിക്കാൻ സ്വന്തമെന്നും ബന്ധമെന്നും പറയാൻ ആരുമില്ല. സഹപാഠികൾക്കും സ്ഥിരമായി അടി കിട്ടുന്നതിനാൽ അവരും കാര്യമായി എടുക്കാറില്ല. ആരൊക്കെയോ അടുത്ത് നിൽക്കുന്നുണ്ട് എങ്കിലും ആരും ഒന്നും മിണ്ടുന്നില്ല.
.............................
സെയ്തു കാക്ക ഉറക്കിൽ നിന്ന് ഉണർന്ന് ശ്രദ്ധയില്ലാതെ കട്ടിലിൽ നിന്ന് താഴെ ഇറങ്ങി. വീഴാൻ പോയപ്പോഴാണ് തന്റെ കാലിൽ പ്ളാസ്റ്ററുണ്ടെന്ന കാര്യം സെയ്തു കാക്ക ഓർത്തത്. പക്ഷെ വേദന ഇല്ലാത്തത് സെയ്തു കാക്കാനെ അത്ഭുതപ്പെടുത്തി. കുട്ടിക്ക് ചികിത്സ നടത്താനുള്ള കഴിവ് ഇപ്പോൾ തന്നെ കൈവന്നതിൽ അദ്ദേഹം സന്തോഷിച്ചു.. ഏതായാലും ഈ വിവരം ആരോടും പറയണ്ട. അറിഞ്ഞാൽ പിന്നെ ആ കുട്ടിക്ക് ഒരു സമാധാനം കിട്ടില്ല. അത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
സെയ്തു കാക്ക ബാവുട്ടിയുടെ സഹായത്തോടെ പ്ളാസ്റ്റർ വെട്ടി ഒഴിവാക്കി.. എന്നിട്ട് നടന്നു നോക്കി. പഴയത് പോലെ തന്നെ സുഖമായിരിക്കുന്നു.
മരണപ്പെട്ട അബൂബക്കർ ഹാജിയുടെ ഖബറിന് മുകളിൽ ടെന്റ് കെട്ടാൻ തുടങ്ങിയിട്ടുണ്ട്. ഇന്ന് രാത്രി മുതൽ നാൽപത് ദിവസത്തെ ഇടമുറിയാതെയുള്ള ഖുർആൻ പാരായണം.
അതിന് ദർസ് വിദ്യാർത്ഥികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നല്ലൊരു സംഖ്യ പണമായി തടയുമെന്നതിനാൽ എല്ലാവർക്കും വലിയ താൽപര്യമാണ്. എന്നാൽ ഭയങ്കര പേടിയുമുണ്ട്. അതു കൊണ്ട് ഇന്നത്തെ രാത്രി ഉസ്താദ് കൂടെ ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്.
..........................
മോനേ ,,,,,,എന്ന വിളി കേട്ടുകൊണ്ടാണ് ഞാൻ ഉറക്കി ൽ നിന്ന് ഉണർന്നത്. കേട്ടത് സ്വപ്നമായിരിക്കാം.
അല്ലെങ്കിലും ഈയിടെയായി ഉമ്മ പിന്നാലെത്തന്നെയുണ്ട്.ഞാൻ ക്ളോക്കിലേക്ക് നോക്കി. സമയം പുലർച്ചെ മൂന്ന് മണി. ഞാൻ മെല്ലെ കട്ടിലിൽ നിന്നും എണീറ്റിരുന്നു. സഹ വിദ്യാർത്ഥികളിൽ ചിലരുടെ കൂർക്കം വലി കേൾക്കാം. ശരീരം ഭയങ്കര വേദന..ഉസ്താദിന്റെ അടികൊണ്ടിടത്ത് മാത്രമല്ല എല്ലായിടത്തും വേദന തന്നെ..
പെട്ടെന്ന് ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. ശ്വാസതടസ്സം നേരിടുന്നു.തല കറങ്ങുന്നുണ്ടോ?
എന്തോ ഭയങ്കരമായ അസ്വസ്ഥത. ഞാൻ എന്റെ അപസ്മാര നെയ്യിന്റെ കുപ്പി തിരഞ്ഞു.പക്ഷെ സാധാരണ വയ്ക്കുന്നിടത്ത് കാണാനില്ലല്ലോ.
ഉച്ചയ്ക്ക് പള്ളിക്കുള്ളിലേക്ക് കയറിയപ്പോ കൊണ്ടുപോയിരുന്നോ താൻ. ഒരു പക്ഷെ അവിടെ ഉണ്ടാകും. പോയി നോക്കാം. അല്ലെങ്കിൽ അപകടമാകും.
ഞാൻ മെല്ലെ എണീറ്റു. എവിടേയും വീണു പോവാതിരുന്നാൽ മതിയായിരുന്നു.പക്ഷെ പളളിക്കകത്തേക്ക് കയറുമ്പോൾ വുളു (അംഗ സ്നാനം) ചെയ്യണം, അല്ലാതെ കടക്കാൻ പാടില്ല. ഉസ്താദ് അംഗ സ്നാനം ചെയ്യുന്നിടത്ത് നിന്ന് അംഗ സ്നാനം ചെയ്ത് മെല്ലെ പള്ളിയുടെ വാതിൽ തുറന്ന് അകത്തേക്ക് കടന്നു.
പടിഞ്ഞാറ് ഭാഗത്തേക്ക് നോക്കാതെ കുപ്പി വച്ചിരുന്ന മൂലയിലേക്ക് ഞാൻ നടന്നു.
പക്ഷെ.. അറിയാതെ അകത്തെ പളളിയിലേക്ക് നോക്കിയതും ആ രംഗം കണ്ട് ഞാൻ ഞെട്ടിവിറച്ചു.....
തുടരും ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo