Slider

പിൻഗാമി (ഭാഗം നാല്)

0

പിൻഗാമി (ഭാഗം നാല്)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഉന്ത് വണ്ടി ബാവുട്ടി കാന്റീനി നോട് ചേർന്ന വിറക് ഗോഡൗണിലേക്ക് കയറ്റി.ശേഷം സെയ്തു കാക്കാന്റെ അടുത്ത് ചെന്ന് ചോദിച്ചു.
'ഇതിലൂടെ ഏതേലും സ്ത്രീകൾ കാട്ടിലേക്ക് പോയിരുന്നോ?
ചോദ്യം കേട്ട് സെയ്ദു കാക്ക അവനെ ആശ്ചര്യത്തോടെ നോക്കി. സെയ്തു കാക്കാന്റെ ഇരുപതു കൊല്ലത്തെ ചരിത്രത്തിൽ ഇത് വരെ സ്ത്രീകളാരും കശുമാവിൻ കാട്ടിലേക്ക് വന്നിട്ടേ ഇല്ല.പിന്നെ എങ്ങിനെ വരാനാ??.
" നിനക്കറിഞ്ഞൂടെ ഇങ്ങോട്ട് സ്ത്രീകൾ വരാറില്ലാന്ന്. പിന്നെന്തേ ചോദിച്ചെ?.
"എന്റെ പിറകിൽ നിന്ന് ഒരു സ്ത്രീ സംസാരിച്ചു- അവരുടെ ആടിന് കൊടുക്കാൻ പറങ്കിമാങ്ങവേണംന്ന്.തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കാണാനുമില്ല".
" അത് നിനക്ക് തോന്നിയതായിരിക്കും".
സെയ്തു കാക്കാന്റെ മറുപടി അൽപം ആശ്വാസം ബാവുട്ടിക്ക് ഉണ്ടാക്കിയെങ്കിലും അവിടെ കേട്ട സ്ത്രീ ശബ്ദം വെറും തോന്നലാണെന്ന് അംഗീകരിക്കാൻ ബാവുട്ടിയുടെ മനസ്സ് സമ്മതിച്ചില്ല.
"പേടി കുടുങ്ങിയോ ബാവുട്ടി?. ഏതായാലും വൈകുന്നേരം നമുക്ക് രണ്ടു പേർക്കു കൂടി പെറുക്കാ... എനിക്ക് വലിയ താൽപര്യമുണ്ടായിട്ടല്ല.ഇതിൽ നിന്ന് വല്ലതും കിട്ടിയാൽ നിനക്ക് മഹർ വാങ്ങാൻ എടുക്കാം എന്നു കരുതിയാണ് ഞാൻ ഇതിന് മെനക്കെട്ടിറങ്ങിയത്".
അതു കേട്ടപ്പോൾ ബാവുട്ടിയുടെ കണ്ണുകൾ വിവർണ്ണമായി.. ഏതൊരു ചെറുപ്പക്കാരന്റെയും ആഗ്രഹമാണല്ലൊ വിവാഹം കഴിക്കുക എന്നത്. അതിന് മറ്റുള്ളവരെ ആശ്രയിക്കാതെ സ്ത്രീധനം വാങ്ങാതെ സ്വന്തം ചിലവിൽ നടത്തുക എന്നത് ബാവുട്ടിയുടെ ഒരു വലിയ അഭിലാഷവുമാണ്.
എന്നാൽ സെയ്ദു കാക്കാക്ക് ചില സംശയങ്ങൾ ഉടലെടുക്കാൻ തുടങ്ങിയിരുന്നു.ഇരുപതു കൊല്ലമായി പള്ളിയിലെ ഉസ്താദായി സേവനം ചെയ്യുന്ന ഉസ്മാൻ മുസ്ലിയാർ കാര്യങ്ങളൊക്കെ മുതിർന്ന കുട്ടികളെ ഏൽപിച്ച് ഓരോ കാര്യത്തിനായി പരക്കം പായുന്നു. പള്ളിയിലെ അനാഥനായ ഒരു അന്തേവാസി ഒരു പതിമൂന്ന് വയസുകാരൻ പളളിക്കാട്ടിൽ മയിലിനെ കണ്ട് ബോധം കെടുന്നു. ഇപ്പൊ ബാവുട്ടിയോട് ഒരു സ്ത്രീ സംസാരിച്ചത്രെ?
ഇരുപതു വർഷം മുമ്പ് ഇങ്ങനെ ചില സംഭവങ്ങൾ ഉണ്ടായതായി കേട്ടിട്ടുണ്ട്. അകത്തെ പള്ളിയിൽ കിടന്നുറങ്ങിയ ഒരാൾ നേരം വെളുത്തപ്പോൾ കുളക്കടവിൽ ബോധംകെട്ടുകിടക്കുന്നു. അകത്തേ പള്ളിയിൽ തന്നെ മോഷ്ടിക്കാൻ കയറിയ നാട്ടുകാരനായ ഒരു കൗമാരക്കാരനെ ക്രൂരമായി മർദ്ദിച്ചവശനാക്കുന്നു എന്നാൽ പള്ളിക്കുള്ളിൽ ആരും ഇല്ലാത്ത സമയമാണ് താനും. അതുപോലെ തന്നെ കാട്ടിലേക്ക് പിക്കാസിന് പിടി ഇടാൻ പറ്റിയ മരക്കൊമ്പ് നോക്കിപ്പോയ ഖബർ വെട്ടി രായിൻ കാക്ക എന്തോ കണ്ട് ഭയന്ന് ജീവച്ഛവമായി കിടക്കുകയാണിപ്പോഴും.
എന്നാൽ ഉസ്മാൻ മുസ്ല്യാരുടെ വരവോട് കൂടി അമർന്ന പിശാചിന്റെയും ജിന്നിയും ആക്രമണം വീണ്ടും തുടങ്ങിയോ?
അപ്പോൾ ഉസ്താദിന്റെ മന്ത്രശക്തിക്ക് ക്ഷതം സംഭവിച്ചോ..?
ഇവിടെ എന്തൊക്കെയോ സംഭവിക്കാൻ പോവുകയാണെന്ന ഒരു ഉൾവിളി സെയ്ദു കാക്കാനെ അസ്വസ്ഥനാക്കി..
അസർ നമസ്കാരം കഴിഞ്ഞ് അഞ്ചു മണിക്ക് കുടിക്കാനുള്ള ചായയും മറ്റും റെഡിയാക്കി വച്ച് സെയ്ദു കാക്കയും ബാവുട്ടിയും അണ്ടി പെറുക്കാനായി ഉന്തുവണ്ടിയുമായി കാട്ടിലേക്ക് പുറപ്പെട്ടു. കാടിന്റെ ഉൾഭാഗത്തേക്ക് കയറും മുമ്പ് ഒറ്റപ്പെട്ട കശുമാവിൻ മരങ്ങളുണ്ട്. ഒരറ്റം മുതൽ മറ്റെ അറ്റം വരെ പെറുക്കി എത്തുമ്പോഴേക്കും രാത്രിയാകും.
സമയം ഒരു പാടായി. ഉന്തുവണ്ടി നിറഞ്ഞു.രണ്ടു പേരും അൽപം വിട്ടു നിന്നാണ് പെറുക്കുന്നത്. മുഖാമുഖമായിട്ടാണ് രണ്ടു പേരും നിൽക്കുന്നത്. ബാവുട്ടിയുടെ പിറകിലുള്ളത് സെയ്തു കാക്കാക്കും സെയ്തു കാക്കാന്റെ പുറകിലുള്ളത് ബാവുട്ടിക്കും കാണാം.
രാവിലെ ഭക്ഷണം തേടിപ്പോയ പക്ഷികൾ കാട്ടിലെ വലിയ മരങ്ങളിൽ ചേക്കേറാൻ തുടങ്ങി. പക്ഷികളുടെ കലപില ശബ്ദം.. പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ ചുവന്ന മേലാപ്പ് മൂടിത്തുടങ്ങി. സെയ്തു കാക്ക നിറഞ്ഞ ബക്കറ്റ് ഉന്തുവണ്ടിയിലേക്ക് ചെരിഞ്ഞു. എന്നിട്ട് ഒന്ന് നടുനിവർന്നു.
പെട്ടെന്ന്.. ഒരു പാദസരത്തിന്റെ കിലുക്കം. മെല്ലെ അടുത്തേക്ക് വരുന്നു. സെയ്തു കാക്ക കാതോർത്തു.. അതെ യാഥാർത്ഥ്യമാണ്.ബാവുട്ടി ഒരു ചെറിയ മരത്തിന്റെ കൊമ്പിൽ നിന്ന് ഏന്തി വലിഞ്ഞ് പൊട്ടിക്കുകയാണ്. അപ്പോൾ ബാവുട്ടി ഒന്നും കാണുന്നില്ല, കേൾക്കുന്നുമില്ല.
പാദസരത്തിന്റെ ശബ്ദം അടുത്ത് വന്ന് നിശ്ചലമായി.. സെയ്തു കാക്കാന്റെ ദൃഷ്ടി ബാവുട്ടിയിലും കാത് പിറകിലേക്കുമായിരുന്നു.
ഇപ്പോൾ വീണ്ടും ശബ്ദം കേൾക്കാം.. കരിവള കിലുങ്ങുന്ന ശബ്ദം.. പ്രത്യേകമായ താളമുള്ള ആശബ്ദം പരിചയമുള്ളത് പോലെ.
അതെ ! അത് എന്റെ ആയിശുവിന്റെ അതേ കരിവിളകിലുക്കം. തീവ്രമായ ഒരു പ്രണയത്തിന്റെ നഷ്ടസ്വപ്നങ്ങൾ കബറടക്കിയ സെയ്തു കാക്കാന്റെ ഹൃദയത്തിൽ നിന്ന് ചില നെടുവീർപ്പുകൾ ഉയർന്നു കൊണ്ടിരുന്നു.
സെയ്തു കാക്കാന്റെ നിർത്തം കണ്ടിട്ടാവണം ബാവുട്ടി ചോദിച്ചു." പോവാല്ലേ, '.
എന്നാൽ മരക്കൊമ്പിൽ നിന്ന് താഴെയിറങ്ങിയ ബാവുട്ടി ആ രംഗം കണ്ട് അലറി....
" സെയ്ദു കാക്കാ".......
തുടരും... ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo