ഓള്‍ഡ് അഡ്മിറല്‍
********************
ഒരു കോടി രൂപയും കാറും ലോട്ടറിയടിച്ചപ്പോള്‍ എസ്തപ്പാന്‍ മേസ്തിരിക്ക് എഴുപതു വയസ്സും ഏഴു മാസവും ഏഴു ദിവസവും പ്രായം ആയിരുന്നു.കഴിഞ്ഞ മുപ്പതു വർഷമായി മുടങ്ങാതെ ലോട്ടറി എടുത്തു കൊണ്ടിരുന്ന എസ്തപ്പാന് ,ക്രിസ്തുവിനെക്കാളും ആകെ വിശ്വാസം ഉണ്ടായിരുന്നത് ഏഴ് എന്ന സംഖ്യ ആയിരുന്നു.ഏഴില്‍ ഒരു മാന്ത്രികത ഉണ്ട് എന്നു വിശ്വസിച്ച മേസ്സ്തിരി അത് തനിക്ക് ഭാഗ്യം കൊണ്ട് വരും എന്നും വിശ്വസിച്ചിരുന്നു.അതിനാല്‍ തന്നെ അതുവരെ എടുത്ത എല്ലാ ലോട്ടറി ടിക്കറ്റുകളുടെയും നമ്പറില്‍ ഏഴ് എന്ന സംഖ്യ ഉണ്ടായിരുന്നു.
പത്രത്തില്‍ നമ്പര്‍ ഒത്തു നോക്കി സമ്മാനം ഉറപ്പിച്ചപ്പോള്‍ മെസ്തിരി ആഹ്ലാദം കൊണ്ട് തുള്ളി ചാടിയില്ല.എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചതില്‍ ഉള്ള നിശബ്ദതയായിരുന്നു അയാളുടെ മനസ്സില്‍ അപ്പോള്‍ തോന്നിയത്.മുറിക്കുള്ളില്‍ കയറി കയറ് കട്ടിലിന് കീഴില്‍ കരുതിയിരുന്ന ഓള്‍ഡ് അഡ്മിറല്‍ എന്ന വില കുറഞ്ഞ മദ്യം ,അവശേഷിച്ചത് കുടിക്കാന്‍ ആരംഭിച്ചു.വൃദ്ധനായ നാവികന്റെ ചിത്രമുള്ള മദ്യം ലോട്ടറി ടിക്കറ്റ് പോലെ അയാളുടെ മറ്റൊരു ബലഹീനതയായിരുന്നു.മുപ്പതു വർഷത്തെ കുടി,അയാളില്‍ അത് പോലെ ഒരു പരിവേഷം ഉണ്ടാക്കി എന്നു പറയുന്നതും ശരിയാണ്.നരച്ച താടിയും പാറി പറക്കുന്ന നരച്ച മുടിയും,ജ്വലിക്കുന്ന കണ്ണുകളും,കള്ളി മുണ്ടും,കയ്യില്‍ മുഴക്കോലുമായി,ഏതാനും നാളുകള്ക്ക് മുന്പ് വരെ അയാൾ കെട്ടിടം പണിയിൽ സജീവമായിരുന്നു.
മദ്യം കഴിച്ചതിന് ശേഷം,അയാള്‍ ലോട്ടറി അടിച്ച കാര്യം ആരോടെങ്കിലും ഉടനെ പറയണോ എന്നു ആലോചിച്ചു.അയാളുടെ ഭാര്യ മരിച്ചതിന് ശേഷം മകന്‍ ജോണി മേസ്തിരിയെ വീട്ടില്‍ നിന്നും ഇറക്കി വിട്ടിരുന്നു.പണ്ട് സ്ഥിരമായി ജോലി തന്നിരുന്ന ഒരു മുതലാളിയുടെ കരുണകൊണ്ട് അയാളുടെ ബംഗാളി പണിക്കാരെ താമസിപ്പിക്കുന്ന കെട്ടിടത്തിലെ ഒരു മുറിയിൽ മേസ്തിരി അതിനു ശേഷം അന്തിയുറങ്ങി പോന്നു.
മേസ്തിരി നഗരത്തിലേക്ക് ഇറങ്ങി നടന്നു.ചീറി പായുന്ന വില കൂടിയ വാഹനങ്ങള്‍,ഉയർന്ന കെട്ടിടങ്ങള്‍.ഇതെല്ലാം സ്വന്തമാക്കാനുള്ള പണം തനിക്കുണ്ടെന്ന തോന്നല്‍ , മേസ്തിരിയില്‍ ഒരു പുഞ്ചിരി ഉണർത്തി .ബസ്സില്‍,അയാളുടെ അരികില്‍ ഇരുന്ന ആള്‍,തനിയെ ചിരിക്കുന്ന വൃദ്ധനെ കണ്ടിട്ട് ,ഒരു ഭ്രാന്തനെ കണ്ടതു പോലെ തല വെട്ടിച്ചു.

ബസ്സിറങ്ങി മേസ്തിരി മകന്റെ വീട്ടിലേക്ക് നടന്നു.
മുറ്റത്തു നില്‍ക്കുകയായിരുന്ന മേസ്തിരിയുടെ മരുമകള്‍ അയാളെ കണ്ട പാടെ ചീറിയടുത്തു.
“ കെളവാ,നിങ്ങളിത് വരെ ചത്തില്ലേ?നിങ്ങളോട് ഇങ്ങോട്ട് വരരുതെന്ന് ജോണി ചേട്ടന്‍ എത്ര പ്രാവശ്യം പറഞ്ഞതാ?!”
മേസ്തിരി എന്തു ചെയ്യണം എന്നറിയാതെ മുറ്റത്തു നിന്നു.ജോണി പുറത്തു വന്നു അപ്പനെ രൂക്ഷമായി ഒന്നു നോക്കിയതിന് ശേഷം ദേഷ്യത്തോടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് അകത്തേക്ക് പോയി.അതോടെ മരുമകള്‍ മേസ്തിരിയെ കൈക്കു പിടിച്ച് മുറ്റത്തു നിന്നു ഇറക്കി വിട്ടു.
അവശേഷിച്ച പകല്‍, മേസ്തിരി നഗരത്തിലൂടെ അലഞ്ഞു നടന്നു.തന്റെേ പോക്കറ്റില്‍ കിടക്കുന്ന ലോട്ടറി കൊണ്ട് എന്തൊക്കെ വാങ്ങാമെന്ന് അന്വേഷിക്കാന്‍ എന്ന പോലെ ആയിരുന്നു ആ കറക്കം.ഒടുവില്‍ ബീവറെജില്‍ നിന്നു പഴയ ഏതോ ശിഷ്യനെ കൊണ്ട് അയാള്‍ ഒരു പൈന്റ് ഓള്‍ഡ് അഡ്മിറല്‍ വാങ്ങിപ്പിച്ചു.
“കോടീശ്വരനാ,കോടീശ്വരന്‍,” മേസ്തിരി ഫുട്പാത്തിലെ നായ്ക്കളോടു ലഹരിയില്‍ ആക്രോശിച്ചു.അവ ഓടി പോയി.അപ്പോള്‍ സന്ധ്യ ആയിരുന്നു.
മേസ്തിരി പതുക്കെ നഗരത്തിന് സമീപമുള്ള പാലത്തിലേക്ക് നടന്നു.പാലത്തില്‍ നിന്നു ആ കോടീശ്വരന്‍ നഗരത്തെ നോക്കി.തിളങ്ങുന്ന നക്ഷത്രദീപങ്ങള്‍,അംബരചുംബികള്‍ .നഗരം മയങ്ങി കിടന്നു.പിന്നെ അയാള്‍ താഴേക്കു നോക്കി.നിഗൂഡമായ ആഴങ്ങള്‍ ഒളിപ്പിച്ച ജലം. അതില്‍ നഗരത്തിലെ വെളിച്ചം പ്രതിഫലിച്ചപ്പോള്‍ ജലം തന്നെ നോക്കി ചിരിക്കുന്നത് പോലെ മേസ്തിരിക്കു തോന്നി.
അപ്പോള്‍ നഗര മധ്യത്തിലെ ഉയർന്ന ടവറില്‍ സ്ഥാപിച്ചിരുന്ന ഘടികാരത്തില്‍ സമയം കൃത്യം ഏഴായിരുന്നു.
(അവസാനിച്ചു)
By
Anish Francis

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക