Slider

ഓർമയിലെ ലളിത ഗാനം (അനുഭവക്കുറിപ്പുകൾ)

0

ഓർമയിലെ ലളിത ഗാനം (അനുഭവക്കുറിപ്പുകൾ)
`````````````````````````````````` ``````````````````````````````
ചെറുപ്പം മുതലേ പാട്ട് പാടാൻ എനിക്കു വലിയ ഇഷ്ടമായിരുന്നു.
വീട്ടിലെ പഴയ മോഡൽ Murphy റേഡിയോയാണ് എന്നെ പാട്ടുകളുടെ ലോകത്തേക്ക് ആകർഷിച്ചത്.
പാടത്തെ പണി കഴിഞ്ഞു വരുന്ന അച്ഛൻ എന്നും പാട്ട് കേൾക്കാൻ ഇരിക്കുമായിരുന്നു.
അന്ന് ഒന്നര മണിക്കൂറാണ് ആകാശവാണിയുടെ ചലച്ചിത്ര ഗാനങ്ങളുടെ ദൈർഘ്യം.
ആ സമയം കഴിഞ്ഞാൽ വയലും വീടും എന്ന പരിപാടിയാണ്. അപ്പോൾ റേഡിയോ off ചെയ്യും. പിന്നെ ഞാൻ പാടിത്തുടങ്ങും. അത് പലപ്പോഴും ഒന്നര മണിക്കൂറിനെക്കാൾ നീണ്ടു പോകാറുണ്ടായിരുന്നു.
വീട്ടിലെ എല്ലാവരെയും പാടി ഉറക്കിയാലും ഞാൻ ഉറങ്ങില്ല.
അന്ന് കേട്ട പാട്ടുകളും അവ ഏതു സിനിമയിലേതാണ് എന്നും എഴുതി വെച്ചിട്ടേ ഞാൻ ഉറങ്ങുമായിരുന്നുള്ളൂ...
അടുത്ത വീട്ടിലെ ചേട്ടന്മാരും ചേച്ചിമാരും ഇടയ്ക്കു വീട്ടിൽ വരാറുണ്ട് എന്റെ ഗാനമേള കേൾക്കാൻ...
കുട്ടിയായ എന്നെ നിരാശപ്പെടുത്താതിരിക്കാനാവണം അവർ പറയാറുണ്ടായിരുന്നു, ഞാൻ നന്നായി പാടുന്നുണ്ടെന്ന്‌.
അക്കൂട്ടത്തിൽ ഒരാളാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ എന്നെ ആദ്യമായി പ്രേരിപ്പിച്ചത്. സഹപാഠികളും നിർബന്ധിച്ചപ്പോൾ ഞാനും അതിനു തയ്യാറെടുത്തു.
സ്കൂളിലെ Youth festival വന്നെത്തി.
ലളിത ഗാന മത്സരത്തിന് പേര് രജിസ്റ്റർ ചെയ്തു
ആദ്യമായാണ് സ്റ്റേജ് ൽ കയറുന്നത്.ഭയങ്കരമായിത്തന്നെയുണ്ടായിരുന്നു സഭാ കമ്പം.പാടേണ്ട സമയമായി.
എന്റെ പേര് announce ചെയ്യുന്നതിന് രണ്ടോ മൂന്നോ മുൻപത്തെ പാട്ട് ഗായത്രിയുടെയായിരുന്നു.
പാട്ട്‌ ടീച്ചറുടെ ഏക മകൾ. സ്കൂളിലെ അറിയപ്പെടുന്ന ഗാന കോകിലം..
നിർഭാഗ്യവശാൽ ഞാൻ പഠിച്ചു വന്നിരുന്ന അതേ
പാട്ടായിരുന്നു ആ കുട്ടി പാടിയത്.
സഭാ കമ്പവും കാൽ വിറയലും സ്റ്റേജിൽ കയറും മുൻപേ തന്നെ തുടങ്ങിയിരുന്ന ഞാൻ അതും കൂടിയായായപ്പോൾ ആകെ ഭയന്നു... ഓർമകളിൽ വേറെ ഒരു പാട്ട്‌ പോലും തെളിയുന്നില്ല.
പാട്ട്‌ പാടാതെ അവിടെ നിന്നു മുങ്ങാനായി ഞാൻ ശ്രമിച്ചു.
സ്കൂൾ മുറ്റത്ത്‌ അല്പം അകലെ നിൽക്കുന്ന
മാവിന്റെ ചുവട്ടിൽ ഞാൻ ഒളിച്ചു നിന്നു.
അവിടെ നിന്നുകൊണ്ട് പരിസരം വീക്ഷിക്കുന്നതിനിടയിൽ
മാവിന്റെ മുകളിലേക്ക് വെറുതെ ഒന്നു നോക്കി.
രണ്ട് അണ്ണാറക്കണ്ണന്മാർ അടുത്തടുത്തു ഇരിക്കുന്നു.
അവർ തമ്മിൽ സംസാരിക്കുകയാണോ... എന്താണ് സംസാരിക്കുന്നത്...
ഒരു പക്ഷെ അവർ പ്രണയിക്കുകയാണെങ്കിലോ...
അതെ അവർ പ്രണയിക്കുകയാണ് എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു..
അതെ...അണ്ണാറക്കണ്ണൻ പാടുകയാണ്... പ്രിയതമക്ക് വേണ്ടി..
എന്തായിരിക്കും ആ പാട്ട്..
അതേകുറിച്ചു അഞ്ചാറ് വരികൾ ഞാൻ ഉണ്ടാക്കി. മനസ്സിലിട്ടു പാടി...
എനിക്കു തന്നെ ഇഷ്ടമായി ആ വരികൾ..
വീട്ടിലേക്കു മുങ്ങാൻ തയ്യാറെടുത്തു നിന്ന ഞാൻ തികഞ്ഞ ആത്മവിശ്വാസത്തോടെ നടന്നു,വേദിയിലേക്കു...
സ്റ്റേജിനു അടുത്ത് ഞാനെത്തിയ ഉടനെ എന്റെ പേര് announce ചെയ്യപ്പെട്ടു.
ഞാൻ പാടി.
പരമാവധി നല്ല സ്വരത്തിൽ പാടി.
എന്റെ കാൽ മുട്ടുകൾ വിറച്ചില്ല.
ഒട്ടും ഭയവും തോന്നിയില്ല. സദസ്സ് നിശ്ശബ്ദമായിരുന്നു...
ഗാനം തീർന്നയുടനെ ഞാനിറങ്ങിയോടി.
വേദിയിൽ കരഘോഷം കനത്തതായിരുന്നു. പക്ഷെ ഞാൻ ഒന്നും കേട്ടില്ല... അറിഞ്ഞില്ല... എനിക്കു അമ്മയെ കാണണം.. ഇപ്പോൾ തന്നെ..
അമ്മയെ കേൾപ്പിക്കണം ഈ പുതിയ പാട്ട്‌. അച്ഛൻ പാടത്തു നിന്നും വന്നിട്ടുണ്ടാകില്ല.
അച്ഛൻ വന്നാൽ വീണ്ടും പാടണം..
പിറ്റേന്ന് സ്കൂളിൽ എത്തിയപ്പോൾ അടുത്ത സുഹൃത്തായ നാസർ അടക്കം പറഞ്ഞു.
ഇന്നു നിനക്ക് ക്ലാസ്സ്‌ ടീച്ചറുടെ അടി കിട്ടും.
നീ പ്രേമത്തെ കുറിച്ച് പാടി... അന്ന് പ്രേമം എന്ന വാക്ക് ഉച്ചരിക്കുന്നത് തന്നെ കുറ്റമായിരുന്നു.
ക്ലാസ്സ്‌ കൂട്ടുന്നതിനുള്ള മണി മുഴങ്ങി.
മാലതി ടീച്ചർ വന്നു.. വന്ന പാടെ എന്നെ അരികിലേക്ക് വിളിച്ചു.
 ഭയന്ന് ഭയന്നു ചെന്ന എന്നെ ടീച്ചർ കെട്ടിപ്പിടിച്ചു.
-- ലളിത ഗാനത്തിൽ ഒന്നാം സമ്മാനം സായിക്കാണല്ലോ... അറിഞ്ഞില്ലേ...
ചീത്ത പറയൽ പ്രതീക്ഷിച്ചു നിന്നിരുന്ന എനിക്ക് ആ വാക്കുകൾ വ്യക്തമായില്ല...
ഗാന കോകിലത്തെ തോൽപ്പിക്കാൻ കഴിഞ്ഞല്ലോ... അതായിരുന്നു എന്റെ ചിന്ത.. ആരും കൂവിയില്ലത്രെ... അതു തന്നെ ഭാഗ്യം...
--സായി ആ പാട്ട് മുൻപ് കേട്ടിട്ടില്ലല്ലോ..ഏത് പാട്ട് ബുക്കിലെയാ....
അത് ഞാൻ ഉണ്ടാക്കിയതാണ് ടീച്ചറേ.
 ക്ലാസ്സ്‌ നിശ്ശബ്ദമായി..
 --ഓ... സായി പാട്ട് എഴുതുമോ...
--ആ പാട്ട് ഇതുവരെ കടലാസിൽ എഴുതിയിട്ടില്ല ടീച്ചറേ... മനസ്സിൽ പാടിയതാണ്...
അപ്പോഴാണ് ഞാനും തിരിച്ചറിയുന്നത്; എനിക്ക് പാട്ട് എഴുതാൻ അറിയാമെന്ന്‌...
***********************************
Sai Sankar
സായ് ശങ്കർ,തൃശൂർ.
***********************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo