Slider

പക

0

പക
====
അയാൾ പതിയെ കണ്ണ് തുറന്നു. കാഴ്ചകൾ മുഴുവൻ അവ്യക്തമായിരുന്നു. ചുറ്റിലും വെളിച്ചമുണ്ട്. നിശബ്ദത നിറഞ്ഞയിടം. തലക്ക് ഭാരമുള്ള വേദന കാരണമെന്തോ അയാളുടെ ഇമകൾ വീണ്ടും താഴ്ന്നു പോകുന്നേരമാണ് ആ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് അകലെ നിന്ന് പതിയെ അടുത്തു വരുന്ന ബൂട്ടിന്റെ ശബ്ദം 'ടക്..ടാക്.. ' . ആ ശബ്ദം അടുത്തടുത്ത് വരുന്നു കൂടെ ആ ശബ്ദം പരിസരങ്ങളിൽ എല്ലാം മുഴങ്ങുന്നു. ബൂട്ടിന്റെ ശബ്ദം ചുവരുകളിൽ തട്ടി പ്രതിധ്വനിക്കുന്നു. തീർത്തും ശബ്ദ മുഖരിതമായ ഒരു കൂട്ടം കുതിരകളെ തേരിൽ ഒന്നിച്ചു പൂട്ടി ഓടിച്ചുവരുന്നത് പോലെ. അയാൾ ശബ്ദം സഹിക്കാനാവാതെ വന്നപ്പോൾ ഇരു ചെവികളും പൊത്തിപിടിക്കാനായി കൈകൾ ഉയർത്തിയപ്പോൾ കൈകൾ എവിടെയോ കുരുങ്ങി കിടക്കുന്നു. ഉയർത്തനാവുന്നില്ല. താൻ ബന്ധിതനായിരിക്കുന്നു എന്ന തിരിച്ചറിവ് അയാൾക്ക്‌ തോന്നി.
വെള്ളം മുഖത്തേക്ക് വന്നു വീണപ്പോഴാണ് അയാൾ അബോധാവസ്ഥയിൽ നിന്നും ബോധത്തിലേക്ക് ഞെട്ടിയുണർന്നു. കണ്ണ് തുറന്ന്‌ നോക്കുമ്പോൾ മുന്നിൽ മെലിഞ്ഞ രൂപവും, ചുരുണ്ട തോളപ്പം ഉള്ള മുടി, കറുത്ത ഫ്രെയിമുള്ള കണ്ണട വെച്ച, വെള്ള ഷർട്ടും തുണിയും വേഷം.
അയാൾ ആഗതനെ നോക്കി. പിന്നെ കരഞ്ഞു കൊണ്ട് ചോദിച്ചു.
"നിങ്ങൾ എന്തിനാണ് എന്നെ കെട്ടിയിട്ടിരിക്കുന്നത്. ഞാൻ എന്ത് തെറ്റ് ചെയ്‌തു. ദയവായി എന്നെ അഴിച്ചു വിടൂ.... "
ആഗതൻ ചിരിച്ചു... തന്റെ മുഖത്തെ കണ്ണട എടുത്ത് മുണ്ടിന്റെ കോന്തല എടുത്ത് പതിയെ കണ്ണടയുടെ ക്ലാസുകൾ തുടച്ചു വൃത്തിയാക്കി തിരികെ മുഖത്തേക്ക് വെച്ചു.
"കരച്ചിൽ രണ്ടു തരമുണ്ട്. ഒന്ന് വേദനിച്ചാൽ, രണ്ട് പേടി കൊണ്ട്. ഇതിൽ നീ രണ്ടാം തരക്കാരൻ ആകാൻ ഒരിക്കലും വഴിയില്ല. കാരണം പേടി അത് നിന്റെ ജീവിതത്തിൽ നീ ഇത് വരെ അറിഞ്ഞിട്ടില്ല...."
അയാൾ കരച്ചിൽ നിർത്തി. മുഖം താഴ്ത്തി ശാന്തനായി. മുഖം ഉയർത്തി ക്രോധത്തിന്റെ എല്ലാ ഭാവങ്ങളും മുഖത്ത് വരുത്തി ആക്രോശിച്ചു.
"നീ എന്റെ കെട്ടിയിട്ട കൈകൾ ഒരു പ്രാവശ്യം അഴിച്ചു വിട്ടു നോക്കു... നിന്നെ തല്ലി തരിപ്പണമാകും... നിന്റെ എല്ലുകൾ ഉടച്ചു ഒരിക്കലും നടക്കാൻ പറ്റാത്ത അവസ്ഥയിൽ ഒരു മൂലക്കിടും... നിനക്കറിയില്ല എന്റെ ശക്തിയെ പറ്റി.... "
" ശെരിയാണ്... എനിക്ക് നിന്നോടത്ത് അടികൂടുവാൻ ആകില്ല... എന്റെ ശരീരം നിന്റെ അത്ര മസിൽ പവർ ഒന്നും ഇല്ല... ഞാൻ ശോഷിച്ചവനാണ്... എന്നാൽ ഗീതയിൽ ഭഗവാൻ ശ്രീ കൃഷ്‌ണൻ പറയുന്നുണ്ട്.
'ധ്യായതേ വിഷയാൻ പുംസഃ
സംഗസോതേഷുപജയതോ
സംഗാൽ സംജയതോ കാമ
കാമാത് ക്രോധോ /ഭിജാതേ
ക്രോധാദ് ഭഗവതി സംമോഹഃ
സംമോഹാത് സ്‌മൃതിവിഭ്രമ
സ്‌മൃതിഭ്രംശാദ് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി. '
അയാൾ ആഗതനെ ഒരു നിമിഷം തറപ്പിച്ചു നോക്കി.
ആഗതൻ തുടർന്നു. "ഇതിന്റെ അർത്ഥം തെല്ലു പോലും നിനനക്ക് മനസ്സിലായില്ല അല്ലയോ മൃഗമേ... ഞാൻ നിനക്ക് പറഞ്ഞു തരാം സാരാംശം. കേട്ടുകൊള്ളൂ... വിഷയത്തെ ധ്യാനിക്കുന്ന പുരുഷനു അതിൽ ആസക്തിയുണ്ടാകുന്നു. ആസക്തിയിൽ നിന്നു ആഗ്രഹം (കാമം) ഉണ്ടാകുന്നു. ആഗ്രഹത്തിൽ നിന്ന് കോപം ഉണ്ടാകുന്നു. കോപത്തിൽ നിന്ന് വിവേകശൂന്യത ഉടലെടുക്കുന്നു. വിവേകശൂന്യതയിൽ നിന്ന് ഓർമ്മക്കേടും, ഓർമ്മക്കേടിൽ നിന്ന് ബുദ്ധിനാശവും ഉണ്ടാകുന്നു. ബുദ്ധിനാശം മൂലം മനുഷ്യൻ നശിക്കുന്നു. "
"നോക്കൂ... നീ ആരാണ്... ഞാൻ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്... പറയൂ... നീ എന്തിനാണ് ഇങ്ങോട്ട് കൊണ്ട് വന്നത്... എന്തിനാണ് എന്നെ ഇങ്ങനെ കെട്ടിയിട്ടിരിക്കുന്നത്... ദയവായി പറയൂ സുഹൃത്തെ... " അയാൾ ഗദ്ഗദത്തോടെ കരഞ്ഞു..
ആഗതൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു... തന്റെ ഷർട്ടിന്റെ പോകറ്റിൽ നിന്നും ഒരു ഫോട്ടേ എടുത്ത് അതിലിലേക്ക് കുറച്ചു നിമിഷം നിർവികാരമായി നോക്കി നിന്നു. ആ ഫോട്ടോ അയാളുടെ മുഖത്തേക്ക് നീട്ടി പിടിച്ചു പറഞ്ഞു..
"ഇവൾ എന്റെ എല്ലാം ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്നു. ജീവിതത്തിൽ ഒരുപാട് നേടാനുണ്ടായിരുന്നു ഒരുമിച്ച്... നോക്കു... അവളുടെ കണ്ണുകൾ, എത്ര സൗമ്യമാണ്. അവൾ ഒരു പാവമായിരുന്നു... നീ... നീ അവളെയും എന്റെ സ്വപനങ്ങളെയും ഞങ്ങളുടെ ജീവിതത്തെയും തകർത്തു.. അവളെ കൊന്നു.. "
"നോക്കു... ഞാൻ അവളെ കൊന്നിട്ടില്ല... ഞാൻ കൊലപാതകം നടത്തിയിട്ടുണ്ട്. ഇവളെ അല്ല... കോടതിയും പോലീസും എന്നെ നിരപരാധിയായി വെറുതെ വിട്ടു. അവളെ കൊന്നത് വേറെ ആരോ ആയിരിക്കും.. നിങ്ങൾക്ക് ആളെ മാറിപ്പോയിരിക്കുന്നു.. " അയാൾ ദയാവായ്പോടെ ആഗതനെ നോക്കി പറഞ്ഞു.
"ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ്. എന്റെ വാഹനത്തിൽ അതിഥികൾ വരും പോകും എന്നാൽ ഞാൻ ആദിത്യമര്യാദക്കാരനായിരുന്നു. ഓരോ യാത്രയിലും ഞാൻ എന്റെ അതിഥികളെ എല്ലാവരെയും സന്തോഷിപ്പിക്കും. ചില അതിഥികൾ വിശേഷിച്ചും സ്ത്രീകൾ.. ചെറുത്‌ മുതൽ കിളവികൾ വരെ എന്റെ രാത്രിയിലെ വിരുന്നുകാരായിരുന്നു... പൂമ്പാറ്റ പല പുഷ്പങ്ങളിൽ നിന്നും മധു നുകരുന്നത് പോലെ.. ഞാൻ നുകർന്നു.. അതിൽ നിന്റെ ഭാര്യയും എന്റെ രാത്രി വിരുന്നുക്കാരി ആയിരുന്നു.. എന്താ ആ സൗന്ദര്യം... എന്താ മേനിയഴക്... നീ അവളുടെ കാവൽക്കാരൻ ആയിരുന്നോ... രുചിച്ചിട്ടില്ലേ... അവൾ കരഞ്ഞിരുന്നു.. വേദനയിലും, സുഖത്തിലും... മധുപാനം കഴിഞ്ഞാൽ എനിക്ക് അറപ്പാണ്. ഞാൻ പൂക്കളെ നശിപ്പിക്കും. അതിൽ ഒന്നാകും നിന്റെ ഭാര്യ...കോടതികൾക്കും പോലീസിനും തെളിവുകൾ ആണ് ഒരാളെ കുറ്റവാളി ആക്കുന്നത്. പക്ഷെ നിന്റെ ഭാര്യയുടെ കാര്യത്തിൽ മാത്രം എനിക്ക് എവിടെയോ ഒരു പിഴവ് വന്നു. ഇല്ലങ്കിൽ ഈ ലോകം എന്നെ അറിയില്ല. സാഹചര്യ തെളിവുകളോ, സാക്ഷികളോ കേസിൽ ഇല്ല. ഒരു സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നടന്ന അറസ്റ്റ്.. നിന്നെ ഞാൻ ശ്രദ്ധിച്ചിട്ടില്ല അല്ലെങ്കിൽ നിന്നെയും കൊന്നേനെ.... എന്നാൽ സമർത്ഥനായ ആ വക്കീൽ കേസിനെ ഒന്നുമല്ലാതാക്കി." അയാൾ കിതച്ചു കൊണ്ട് നിർത്തി തുടർന്നു.
"നീ എന്നെ കൊല്ലുമായിരിക്കും.. എനിക്ക് പേടിയില്ല... കൊല്ലുന്നവൻ മൃഗമായിരിക്കണം. അവന്റെ ഉള്ളിൽ കത്തി നിൽക്കുന്ന പകകൾ, വിദ്വോഷങ്ങൾ, വെറുപ്പുകൾ എല്ലാം കൂടി ചേർന്ന മൃഗമാക്കും... നീ എന്റെ കൈകൾ അഴിച്ചു വീടു.. ഞാൻ നിന്നെ കൊന്നു കഷ്ണമാക്കും... " അയാൾ ദേഷ്യത്തോടെ അലറി വിറച്ചു പറഞ്ഞു നിർത്തി.
"നീ എത്ര അലറികരഞ്ഞാലും ആരും കേൾക്കാൻ പോകുന്നില്ല.. നിന്നെ ആരും രക്ഷിക്കാൻ പോകുന്നില്ല.. ഇത് കുറെ കാലങ്ങളായി പൂട്ടി കിടക്കുന്ന ഫാക്ടറിയാണ്.. ഈ സ്ഥലത്തിന് ഒരു പ്രത്യേകതയുണ്ട്.. എന്താണെന്ന് അറിയാമോ ഉള്ളിലുള്ള ശബ്ദങ്ങൾ പുറമേ ഉള്ളവർക്കോ, പുറമേ ഉള്ള ശബ്ദം അകത്തേക്കോ കേൾക്കില്ല... കൃഷ്ണ കുമാർ... നിങ്ങളുടെ പേരിൽ ഭഗവാൻ കൃഷ്ണനുണ്ട്... പുരാണങ്ങളിൽ ഭഗവാൻ കൃഷ്‌ണൻ സ്ത്രീകളെ രമിച്ചിട്ടുണ്ട്.. എന്നാൽ കൊന്ന ചരിത്രമില്ല, പ്രേമിച്ചിട്ടേ ഉള്ളു.. നിങ്ങളുടെ പേര് എനിക്ക് എങ്ങനെ അറിയുമെന്ന് അത്ഭുതപെടുന്നല്ലേ... കോടതിയിലെ കേസിന്റെ അവസാന തീർപ്പ് കേട്ടിറങ്ങുമ്പോൾ എന്റെ ഉള്ളിൽ ഒരു പ്ലാനിന്റെ ഉദയമെടുത്തിരുന്നു... എനിക്ക് ഉറപ്പായിരുന്നു ഞാൻ നിങ്ങളുടെ കാലൻ ആകും.. പല മാസങ്ങളുടെ പ്ലാൻ അനുസരിച്ചാണ് നിങ്ങൾ ഇവിടെ വന്നത്. ഇന്ന്‌ അവളുടെ മരണ നാൾ... ഞാൻ നിങ്ങളുടെ പോലെ മൃഗമല്ല. ഞാൻ മനുഷ്യനാണ്.. മനുഷ്യനെ മനുഷ്യനാക്കുന്ന ഒരു വികാരമുണ്ട്. എന്താണെന്നറിയാമോ നിങ്ങൾക്ക്... ദയ.. ഞാൻ നിന്നെ ഒരിക്കലും കൊല്ലാൻ പോകുന്നില്ല എന്നാൽ നീ മരിക്കുക തന്നെ ചെയ്യും.. നീ... നിന്റെ ജീവന് വേണ്ടി എന്നോട്.. യാചിക്കും... "
ആഗതൻ തല കുലുക്കി ചിരിച്ചു. ആഗതൻ പതുക്കെ നടന്നു. ഒരു കോണിൽ ഇരുന്ന ബാഗിൽ നിന്ന് ഭക്ഷണത്തിന്റെ പാർസൽ പുറത്തെടുത്തു. അയാൾക്ക്‌ മുന്നിലായി കൊണ്ട് വന്നു വെച്ചു...ഭക്ഷണപൊതി തുറന്ന്‌ ഓരോന്നായി അടുക്കി പരത്തി വെച്ചു. ഒരു പ്ലേറ്റിലേക്ക്‌ ചോറും കറിയും ഇട്ടു.
"ലാസ്റ്റ് സപ്പർ... നീ കേട്ടിട്ടുണ്ടോ.. അവസാനത്തെ അത്താഴം..യേശു ക്രിസ്തു അവസാനമായി അപോസ്തലന്മാരോത്ത് കഴിച്ച ഭക്ഷണം... മരിക്കാൻ പോകുന്നവന്റെ അവസാനത്തെ അത്താഴം.. ബലിമൃഗത്തെ അറുക്കുന്നതിന് മുൻപ് അതിനു വയറു നിറച്ചും ഭക്ഷണവും വെള്ളവും കൊടുക്കണം... എന്നൊരു ചൊല്ലുണ്ട്... ഒരു മനുഷ്യൻ ഭക്ഷണം ഇല്ലാതെ അഞ്ചോ, ആറോ ആഴ്ചകൾ ജീവിക്കും... പിന്നീടു പതുക്കെ മരിക്കാൻ തുടങ്ങും. ആദ്യം ശരീരത്തിന്റെ ഭാരം കുറയും..മസിലുകളുടെ ബലം കുറയും.. തൊലി ചുളിയും, പിന്നെ ബുദ്ധി നിൽക്കുന്നത് പോലെ ആകും, ചിന്തിക്കാനുള്ള ആരോഗ്യം പോലും ഉണ്ടാകില്ല, ലെൻസിൽ ബ്ലീഡിങ് വരാം, ശരീരത്തിന്റെ ഭാരം കുറയും പിന്നെ പതുക്കെ പതുക്കെ നിന്റെ ശരീരത്തിന്റെ ഓരോ ഓർഗാസവും മരിക്കും... അവസാനം നീ തീ അണഞ്ഞത് പോലെ കെട്ടുപോകും... "
ആഗതൻ ചോറ് പ്ലെയിറ്റു എടുത്ത് അയാളുടെ അടുത്തേക്ക് ചെന്നു. കൈ കൊണ്ട് ചോറും കറിയും കൂട്ടി കുഴച്ചു പറഞ്ഞു...
"നീ നിന്റെ ബാല്യത്തെ ഓർത്തിട്ടുണ്ടോ.. നിന്റെ അമ്മ ഒരു സ്ത്രീ ആയിരുന്നു.. അവർ നിനക്ക് ഭക്ഷണം വാരിത്തന്നിട്ടില്ലേ.. ഇന്നത്തെ നിന്റെ അവസാനത്തെ അത്താഴം ഞാൻ നിനക്ക് വാരി തരും.. ഇപ്പോഴെങ്കിലും സ്ത്രീയായ നിന്റെ അമ്മയെ ഓർത്ത് കഴിച്ചോളു... "
ഓരോ ഉരുള ചോറും അയാളുടെ വായിലേക്ക് തിരുകി കൊടുത്തു. അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി. അവസാന ഉരുള ചോറും കൊടുത്തു കൂടെ കുടിക്കാൻ വെള്ളവും കൊടുത്തു. ബാക്കി വന്ന വെള്ളം കൊണ്ട് ആഗതൻ കൈ കഴുകി.
അയാൾ ഭയപ്പാടോടുകൂടി പറഞ്ഞു. "എന്നെ കൊന്നോളൂ.. ഞാൻ മരിക്കേണ്ടവനാണ്. ഞാൻ പാപിയാണ്. നിങ്ങൾ എന്റെ രണ്ട് കാലും കയ്യും വെട്ടിയിട്ടോളൂ.. എന്നെ പിച്ചക്കാരനാക്കിക്കോളു... എന്നെ തനിച്ചാക്കി പോകരുത്... "
ആഗതൻ പതിയെ തന്റെ സാധങ്ങൾ എല്ലാം എടുത്തു. പതിയെ നടക്കാൻ തുടങ്ങി.
അയാൾ അലറി കരഞ്ഞു പറഞ്ഞു.. "നോക്കു... ഞാൻ നന്നായി കൊള്ളാം.. എന്റെ തെറ്റുകൾ എനിക്ക് മനസ്സിലായി. നന്നായി ജീവിക്കാൻ എനിക്ക് ഒരു അവസരം തന്നു കൂടെ... എന്നോട് ക്ഷമിച്ചു കൂടെ... ഏയ് നിങ്ങൾ കേൾക്കുന്നില്ല... "
ആഗതൻ വാതിൽ തുറന്ന് തിരിഞ്ഞ് അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഞാൻ ക്രിസ്തുവോ, നബിയോ, ബുദ്ധനോ അല്ല ക്ഷമിക്കാൻ. ഞാൻ ഹിറ്റ്ലറോ, സ്വേച്ഛാധിപതിയായ രാജാക്കന്മാരോ അല്ല കൊന്നു കളയുവാൻ. അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് അവനവൻ തന്നെ അനുഭവിച്ചീടും.. ഞാൻ ഒരു നിമിത്തം... മാത്രം.. പേരറിയാവുന്ന നിന്റെ ദൈവങ്ങളെ നിനക്ക് വിശ്വാസമുണ്ടങ്കിൽ വിളിച്ചോളൂ രക്ഷിക്കാൻ... "
ആഗതൻ വാതിൽ വലിച്ചടച്ചു.. അയാളുടെ ആർത്തനാദം ആ കൊച്ചു മുറിയെന്ന ലോകത്തിൽ കിടന്നു മുഴങ്ങി.
NB:-(ഇതൊരു ഭാവന മാത്രം.. യാഥാർഥ്യവുമായി ഒരു ബന്ധം ഉണ്ടാവില്ല.. ബലഹീനരായവരുടെ ആത്മസംതൃപ്തിയുടെ ഒരു ഭാവനാ
പ്രതികാരം മാത്രം)
============================
നിഷാദ് മുഹമ്മദ്.... "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo