Slider

ഓസോൺ പാളി

0

ഓസോൺ പാളി
* * * * * * * * * * * 
ഉച്ചഭക്ഷണം കഴിഞ്ഞ് ടിവിക്ക് മുന്നിലിരുന്ന് ഹർത്താൽ വാർത്തകൾ കാണുകയായിരുന്നു നമ്മുടെ കുഞ്ഞാപ്പു. ഹർത്താലിൽ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കിയിട്ടുണ്ടത്രെ.. അതെന്താ മലപ്പുറത്ത് ഹർത്താല് നടത്തിയാല്..? തിരഞ്ഞെടുപ്പ് അടുത്തതോണ്ട് മൂട്ടിൽ തീപിടിച്ച പോലെ കുറെയെണ്ണം ഓടി നടക്കുന്നുണ്ടവിടെ.. അവർക്കൊരു ബുദ്ധിമുട്ടാവരുതെന്ന് കരുതിയാവും.. അതിനർത്ഥം, ബാക്കിയുള്ള ജില്ലക്കാര് കിടന്ന് നരകിച്ചോട്ടേന്ന്.... അപ്പൊ ഇതിന് ആഹ്വാനം ചെയ്യുന്ന തലയില്ലാത്തവർക്കറിയാം ഇത് ആളുകളെ ബുദ്ധിമുട്ടിക്കാർ വേണ്ടി മാത്രമുള്ളതാണെന്ന്... 
ഒരു ദീർഘശ്വാസം വിട്ട് ചാനൽ മാറ്റി മാറ്റിക്കളിച്ച് കാലും ആട്ടിയിരിക്കുമ്പോഴാണ് ഭാര്യ സൈനബ അരികിലെത്തിയത്..
" പിന്നേ ടീവീലേക്ക് നോക്കി നിന്നിട്ട് കാര്യല്ല... കുറച്ച് പൈസയുണ്ടാക്കാൻ നോക്കി വേഗം.. രണ്ടാഴ്ച കഴിഞ്ഞാ എന്റെ ഏടത്തീന്റെ മോളെ കല്യാണമാന്നോർമയുണ്ടല്ലോ..?"
"രണ്ടാഴ്ച കഴിഞ്ഞുള്ള കല്യാണത്തിന് ഇപ്പൊ തന്നെ പോകണോ.. ഹല്ല പിന്നെ.. "
"കല്യാണത്തിന് തലേന്ന് പോയാ മതി... പക്ഷേ പോകുമ്പോൾ എന്റെ കൈയിൽ ഒരു പവന്റെ ഒരു വള വേണം അവൾക്ക് സമ്മാനമായി കൊടുക്കാൻ..."
കുഞ്ഞാപ്പു ഞെട്ടിയതിന് അവനെ കുറ്റം പറയാൻ പറ്റില്ല.. ഞാനായാലും ഞെട്ടിപ്പോകും...
"ഒരു പവനൊക്കെ ഇപ്പൊ എന്താ വെല..."
"ഒരു പവന് പണ്ടത്തെപ്പോലെ ഒരു പവന്റെ വെല തന്നെയുള്ളൂ. അല്ലാതെ രണ്ട് പവന്റെ പൈസയൊന്നും കൊടുക്കണ്ട.. പവനവിടെ നിക്കട്ടെ... കൂട്ടത്തില് ഇൻക്കും മക്കൾക്കുമുള്ള ഡ്രസുകളെടുക്കാനും മറക്കണ്ട.."
ഇതിന് കൂനിൻമേൽ കുരുവെന്നോ, ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്നോ ഇതിലേതാ പറയുകയെന്ന ചെറിയൊരു സംശയം കുഞ്ഞാപ്പുവിനുണ്ടായിരുന്നു.
കുഞ്ഞാപ്പുവിന്റെ ഭാഗത്തു നിന്നും സംസാരമൊന്നും കേൾക്കാത്തതു കൊണ്ട് സൈനബ അടുത്ത വരിയിലേക്ക് കടന്നു..
" പിന്നേ... നിങ്ങക്ക് തുണിം കുപ്പായവും വേണമെങ്കി അതും എടുത്തോളീ... പക്ഷേ മുട്ടായിത്തെരൂന്ന് വാങ്ങുന്ന ഇരുനൂറിന്റെ കുപ്പായവുമിട്ടോണ്ട് അങ്ങോട്ട് വരണ്ട... എനിക്കാ അതിന്റെ കുറവ്..."
ഉത്തരത്തിൽ നിന്നു വീണ പല്ലിയുടെ അവസ്ഥയിൽ ഒരുത്തരവും പറയാനാവാതെ തരിച്ചിരിക്കുകയാണ് കുഞ്ഞാപ്പു.. ഡയലോഗ് പ്രസന്റേഷൻ കഴിഞ്ഞപ്പോൾ സൈനബ ഉച്ചയുറക്കത്തിന് പോയി.. അവൾക്കുറ ങ്ങാമല്ലോ... തന്റെ ഉറക്കവും കൊണ്ടല്ലേ അവൾ പോയത്... കുഞ്ഞാപ്പു മനസിൽ പറഞ്ഞു.
സൈനബ പറഞ്ഞാൽ പറഞ്ഞതാ.. ഇനി നോക്കി നിന്നാ പറ്റില്ല.. പൈസയുണ്ടാക്കണം.. ആകെ ഒരു പണിയേ അറിയുകയുള്ളൂ. അതു തന്നെ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ സാധാരണ ഉണ്ടാവാറുള്ളൂ.ഇനിയിപ്പോ അങ്ങോട്ട് പണി ചോദിച്ച് പോണം. വേറെ നിവൃത്തിയില്ലല്ലോ... 
ഫോണെടുത്ത് ഞെക്കി...
"ഹലോ ... ഞാൻ കുഞ്ഞാപ്പുവാ..."
" മനസിലായി.. എന്താ ഇങ്ങോട്ടൊരു വിളി.."
"വേണൂ...എന്തെങ്കിലും ചാൻസുണ്ടോന്നറിയാൻ വിളിച്ചതാ.. "
"ഇപ്പൊ പീഢനങ്ങളുടെ സീസണല്ലേ കുഞ്ഞാപ്പൂ...അതിൽ നിങ്ങക്കെന്ത് ചാൻസ് തരാനാ.. "
"അയ്യോ അങ്ങനെ പറയരുത്... ഞാൻ പീഢനത്തിലും എക്സ്പേർട്ടാ..."
" ഇനി പറഞ്ഞിട്ട് കാര്യമില്ല.. പീഢനത്തിനുള്ള വർ ഒരു മാസത്തേക്കുള്ളത് ഇവിടെ റെഡിയായിക്കഴിഞ്ഞു. "
"ദയവു ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ ചെയ്യുന്ന ഏതെങ്കിലുമൊന്നിൽ എനിക്ക് ചാൻസ് ഉണ്ടാക്കിത്തരണം.. നിനക്കൂടെ കാര്യമുണ്ടാകുന്ന കേസല്ലേ.."
"ഞാൻ എം.ഡിയുമായൊന്ന് സംസാരിക്കട്ടെ. കുറച്ച് നേരം ഹോൾഡ് ചെയ്യൂ.. "
പ്രതീക്ഷക്ക് വകയുണ്ട്.. കുഞ്ഞാപ്പു മനസിൽ കരുതി. ഹോൾഡ് ചെയ്യാൻ തുടങ്ങിയിട്ട് അഞ്ചെട്ട് മിനിട്ടായി... എം. ഡി വല്ല മീറ്റിംഗിലുമാണേൽ പെട്ടത് തന്നെ.. വീണ്ടും വിളിക്കേണ്ടി വരും.. ഫോണിൽ ബാലൻസുണ്ടാവാൻ വഴിയില്ല. അതാണ് പ്രശ്നം.
അൽപ നേരം കഴിഞ്ഞപ്പോൾ മറുതലക്കൽ വേണുവിന്റെ ശബ്ദം...
"ഹലോ.. മിസ്റ്റർ കുഞ്ഞാപ്പു.. വരുന്ന തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഓരോ ചാൻസുണ്ട്. ഞാനൊപ്പിച്ചെടുത്തതാട്ടോ...ഓസോൺ പാളിക്ക് തുള വീഴുന്നത് അപകടകരമോ, സംസ്ഥാന പാതകൾ ഇനി പഞ്ചായത്ത് റോഡുകളാകുമോ എന്നീ രണ്ട് വിഷയങ്ങളിലാണ് ചർച്ചകൾ "
" വിഷയം ഏതുമായിക്കോട്ടെ.. അതെനിക്കൊരു പ്രശ്നമല്ല.. "
" പത്താം ക്ലാസ് തോറ്റതോണ്ട് പിന്നെ കുഴപ്പമില്ല. എന്തും വിളിച്ചു പറയാമല്ലോ...കുഞ്ഞാപ്പുവിന് ഓസോൺ പാളിയെക്കുറിച്ചൊക്കെ വല്ല പിടിപാടുമുണ്ടോ..?"
"ഓ.. പിന്നെ.. നിങ്ങടെ ചാനലിൽ എട്ട് മണിച്ചർച്ചക്ക് വരുന്നവരൊക്കെ എല്ലാം തികഞ്ഞവരല്ലേ... ഒരു തഞ്ചത്തിലങ്ങ് നിക്കും.. ഞാനെന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോഴേക്ക് നീ കേറി ഇടപെട്ടാ പ്രശ്നം തീർന്നു... കഴിഞ്ഞയാഴ്ച ഒരു ബംഗാളിയെ വെച്ചല്ലേ നിങ്ങൾ മാറുന്ന മലയാള സാഹിത്യമെന്ന ചർച്ച നടത്തിയത് ..."
" അത് പിന്നെ...കൊച്ചി സ്റ്റുഡിയോവിലെന്ന് പറഞ്ഞിരുത്താൻ അന്നൊരാളെയും കിട്ടിയില്ല. കിട്ടിയത് താഴെ കാന്റീനിൽ പൊറോട്ടയടിക്കുന്ന ബംഗാളിയെയായിരുന്നു..വേറൊരു പ്രത്യേക കാര്യം പറയാനുള്ളത്, അരക്ക് താഴെ കാണിക്കില്ലെന്ന് കരുതി കഴിഞ്ഞ തവണത്തെപ്പോലെ ലുങ്കിയുമുടുത്ത് വരരുത്.. പ്ലീസ്.. പിന്നെ ഇരുപതിനായിരത്തിൽ കൂടുതൽ ഒരു ചർച്ചക്ക് പ്രതീക്ഷിക്കുകയും വേണ്ട.. അതിൽ നിന്നും എനിക്കുള്ള അയ്യായിരം സ്പോട്ടിൽ തന്നെ തരാനും മറക്കണ്ട.... "
"ഓകെ... അപ്പൊ തിങ്കളാഴ്ച കാണാം.. ഓസോണെങ്കിൽ ഓസോൺ.. "
ഫോൺ വെച്ച ശേഷം കുഞ്ഞാപ്പുവിന്റെ തലയിൽ നൂറായിരം ചോദ്യങ്ങളായിരുന്നു. എന്തായീ ഓസോൺ പാളി..? അതിന് തുള വീണോ..? എപ്പൊ...?ആരാ അതിന് തുളയിട്ടത്...?ഇനി തുളയുണ്ടെങ്കിൽ തന്നെ അത് കൊണ്ട് ആർക്കാ കുഴപ്പം...? അത് അടക്കാൻ പറ്റില്ലേ...?
ആ.... ഒക്കെ ചർച്ചക്കിടയിൽ കേട്ടു മനസിലാക്കാം.. കിട്ടുന്ന പൊട്ടും പൊടിയുമെടുത്ത് വലിയ വായിൽ വിളിച്ചു പറയാം... തൽക്കാലം സൈനബക്ക് വളയും ഡ്രസുമൊക്കെ വാങ്ങാനുള്ള വകയായി എന്ന ആശ്വാസത്തോടെ കുഞ്ഞാപ്പുവും ഉച്ചമയക്കത്തിനായി പോയി. ബീവി സൈനബ വലിയൊരു കൂർക്കംവലിയോടെ കുഞ്ഞാപ്പുവിന് ബെഡ് റൂമിലേക്ക് സ്വാഗതമോതി.
__________________________
എം.പി.സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo