Slider

ഒരു വിഷുക്കാലത്തിന്റെ ഓർമ്മയ്ക്ക്‌

0

ഒരു വിഷുക്കാലത്തിന്റെ ഓർമ്മയ്ക്ക്‌
*********************************
കുറെ വർഷങ്ങൾക്കു മുൻപ് കണ്ണൂരിലെ ഒരു ഗ്രാമത്തിലെ ഒരു കൊച്ചു വീട്ടിൽ മൂന്നു കുട്ടികൾ ഉണ്ടായിരുന്നു..ഒരാണും രണ്ടു പെണ്ണും.
നല്ല അച്ചടക്കവും അനുസരണയും ഉള്ള കുട്ടികൾ ആയിരുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ?
എല്ലാ പിള്ളേരും സ്‌കൂൾ പൂട്ടിയാൽ
'അമ്മ വീട്ടിലൊക്കെ വിരുന്നു
പോകുന്ന സമയത്തു ഈ പിള്ളേരുടെ പണി
കശുവണ്ടി പെറുക്കലാണ്..അവരുടെ
സ്വന്തം പറമ്പൊന്നുമല്ല കേട്ടോ..
പിള്ളേരുടെ അമ്മയ്ക്ക് ഒരു
ചങ്ങാതി ഉണ്ടായിരുന്നു..
ഒരു ഡോക്ടറാന്റി..
അവരുടെ കശുമാവിൻ തോട്ടം
നോക്കിനടത്താൻ പിള്ളേരുടെ
അമ്മയെയാണ് ഏല്പിച്ചത്..അത്
കൃത്യമായി പെറുക്കി ചാക്കിൽ
കെട്ടി പണിക്കാർ വശം
കൊടുത്തയക്കും സീസൺ ആയാൽ..
സ്‌കൂൾ പൂട്ടും വരെയേ അമ്മ
പണിക്കാരെ വക്കുകയുള്ളു..
പിന്നെ പിള്ളേരുടെ തൊഴിൽ ആണ്
കശുവണ്ടി പെറുക്കൽ
രാവിലെ വല്ലതും
വാരിക്കഴിച്ചു വള്ളിക്കൊട്ടയുമായി
പിള്ളേര് കശുമാവിൻ
തോട്ടത്തിലെക്കു പോകും.
ചുരുക്കിപ്പറഞ്ഞാൽ ബാലവേല
തന്നെ
കൊല്ലാൻ കൊണ്ടുപോകും
പോലെയാണ് പോകുക...
" സ്‌കൂൾ പൂട്ടി എല്ലാരും
ആഘോഷിക്കുമ്പോ
മ്മടെ വിധി ഇതായിപ്പോയല്ലോ"
എന്ന് പതംപറഞ്ഞു കൊണ്ട്
മൂന്നാളും ദിവസവും കശുവണ്ടി
പെറുക്കികൂട്ടും..
ഇതിനിടെ ചെറിയ
ലാഭങ്ങളൊക്കെയുണ്ട്
പിള്ളേർക്ക്
"വിശക്കുന്നു ഏട്ടാ "
എന്ന് പരാതി പറഞ്ഞാൽ
പിള്ളേരെ കാവൽ നിർത്തി
ഏട്ടൻ ഇളനീർ പറിച്ചിടും..
ആക്രാന്തം
പിടിച്ചു മീന്തലയ്ക്കു കാത്തിരിക്കുന്ന
പൂച്ചകളെ പോലിരിക്കുന്ന പിള്ളേർക്കു
കല്ലിന്റെ മേലെ വച്ച് ഇളനീർ വേറൊരു
കല്ലുവച്ചു ഇടിച്ചുപൊട്ടിച്ചു പങ്കുവച്ചുതരും
മൂന്നാളും മൊത്തം കാർന്നുതിന്നു
'അമ്മ വരും മുൻപേ അതിന്റെതായ
എല്ലാ തെളിവുകളും ചവറിനുള്ളിൽ
വിദഗ്ദമായി കുഴിച്ചുമൂടും
കാരണം" അന്യന്റെ സാധനം അതൊരു
മിട്ടായി ആയാലും ചോദിക്കാതെ എടുക്കരുത്"
അതാണ് അമ്മയുടെ പോളിസി
ഉച്ചയാവുമ്പോൾ അമ്മ ചോറും കൊണ്ടുവരും..അളിഞ്ഞ കശുമാങ്ങ
ഉരിഞ്ഞു അതിനേക്കാൾ അളിഞ്ഞ
കൈകൾ കഴുകി പിള്ളേര് ചോറുണ്ണും
വിശന്നു തളർന്നിരിക്കുന്നത് കൊണ്ട് ആ ചോറിനും കറിക്കും ഒടുക്കത്തെ രുചിയും
ആണപ്പോൾ..
പിന്നെ അമ്മയും കൂടും പെറുക്കാൻ.
അങ്ങനെ അമ്മയും മക്കളും ഒന്നിച്ചു
ചെയ്തു വൈകുന്നേരമാവുമ്പോളേക്കും കശുവണ്ടി നിറച്ച ചാക്കുകൾ പമ്പ് റൂമിൽ വച്ച് പൂട്ടി വീട്ടിൽ പോയി പിള്ളേരെ തോട്ടിൽ മുക്കി വച്ച് ..തേച്ചൊരച്ചു കുളിപ്പിച്ചു കയറ്റിവിടും
അങ്ങനെയിരിക്കെ ആ വർഷവും സ്‌കൂൾ പൂട്ടി രണ്ടാഴ്ചയ്ക്കുള്ളിൽ വിഷു ആണ്
ഏട്ടന്റെ പ്രശ്നം പതിവുപോലെ പടക്കം ആണ്..ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്ന പാവം അച്ഛൻ തന്നെക്കൊണ്ടാവുന്നത് പോലെ വാങ്ങികൊടുക്കാറുണ്ടെങ്കിലും എല്ലാ ആൺപിള്ളേരെയും പോലെ ഇത്തിരികൂടെ കിട്ടിയാൽ കൊള്ളായിരുന്നു എന്ന ചിന്തയിൽ ആയിരുന്നു ഏട്ടൻ
അനിയത്തിമാർ പതിവ് വിഷയമായ വള, പൊട്ട് ഇത്യാദി ആഗോളപ്രശ്നങ്ങൾക്കയി തല പുകയ്ക്കുന്നു..എല്ലാ പ്രശ്നങ്ങളും തീരാൻ
ഏട്ടൻ ഒരു പരിഹാരം കണ്ടെത്തി..
വേറൊന്നുമല്ല
"കശുവണ്ടി മോഷണം"
"അമ്മ ചോറും കൊണ്ട് വരും മുൻപ്
രണ്ടുപിടി കശുവണ്ടി വാരിവയ്ക്കാം"
"ഒന്നെനിക്കും ഒന്ന് നിങ്ങൾ രണ്ടാൾക്കും"
"അതെന്താ ഞങ്ങൾക്കും ഓരോപിടി
വാരിയാല്?"
ഒറ്റനിമിഷം കൊണ്ട് അനിയത്തിമാർ നാഗവല്ലിമാരായതു കണ്ടു ഏട്ടൻ അന്തംവിട്ടുപോയി ..
"വാരുന്നെങ്കിൽ ഞങ്ങൾക്കും
ഓരോപിടി വേണം"
"കൊച്ചി പഴയ കൊച്ചിയല്ലാ...
പെമ്പിള്ളേര് പഴയ കഞ്ഞിപ്പിള്ളേരുമല്ല"
എന്നു മനസിലാക്കിയ ഏട്ടൻ സമ്മതം
മൂളി.അങ്ങനെ മൂന്നു പിടി തീരുമാനമായി
അന്ന് മുതൽ മൂന്ന് പിടി വാരി മൂന്ന്
സ്ഥലത്തായി പാത്തുവയ്ക്കും പിള്ളേര്
ഒന്നരാടൻ ദിവസങ്ങളിൽ ഏട്ടൻ അത്
കടയിൽ കൊണ്ടുപോയി വിറ്റു കാശും കൊണ്ടുവന്നു വീതിക്കും.
അങ്ങനെ വിഷു എത്താറായി
ഏട്ടൻ അവന്റെ കാശിനു ആശ
തീരെ പടക്കം വാങ്ങിച്ചു..
ഇളയ അനിയത്തി അമ്മമ്മയുടെ
വീട്ടിൽ പോയി വരും വഴി കുറച്ചു
ലോട്ടുലൊടുക്കു സാധനങ്ങൾ
വാങ്ങി വീട്ടിൽ ഒളിപ്പിച്ചുവച്ചു..
അതിന്റെ മൂത്തവൾ നാളത്തെ
അംബാനി ആവാൻ വേണ്ടി പത്തു പൈസ ചെലവാക്കാതെ പഴയ നോട്ടുബുക്കിന്റെ
ഉള്ളിൽ പാത്തുവച്ചു
ബുദ്ധി കൂടുതൽ ആയതുകൊണ്ടാണ് പഴയതിന്റെ ഉള്ളിൽ തന്നെ വച്ചതു
അതാവുമ്പോ ആരും ശ്രദ്ധിക്കില്ലലോ
രണ്ടീസം കഴിഞ്ഞുള്ള ഒരു ദിവസം
അമ്മ ചോറും കൊണ്ട് വരുന്നതും
കാത്തു മടുത്ത പിള്ളേര് അമ്മയെ
അന്വേഷിച്ചു വീട്ടിലേക്കു വന്നു..
വരുമ്പോൾ തന്നെ ഹൃദയം പിളരുന്ന കാഴ്ചയാണവിടെ കണ്ടത്..
പഴയ സാധനങ്ങൾ എടുക്കുന്ന അണ്ണാച്ചി പതിവുപോലെ ഒരു കെട്ടു പഴയ ബുക്കും പ്ലാസ്റ്റിക്കുമൊക്കെയായി അതാ കുന്നിറങ്ങിപോകുന്നു..
ആറ്റുനോറ്റുണ്ടാക്കിയ കാശാണ്
അണ്ണാച്ചിയുടെ ചാക്കിലായിപ്പോകുന്നത്
ഇതും കണ്ടുകൊണ്ടു വന്ന
നാളത്തെ അംബാനിയുടെ ദുഃഖം
വാക്കുകളിൽ വിവരിക്കാനാവില്ല
സൂർത്തുക്കളെ..
അണ്ണാച്ചിയെ വിളിച്ചു ചാക്ക് പരിശോധിച്ചാൽ 'അമ്മ ശ്രദ്ധിയ്ക്കും അതിലും ഭേദം കാശ് പോകുന്നത് തന്നെയാണ്..
കാരണം ഒന്നാം ക്‌ളാസിൽ ഇരിക്കാഞ്ഞിട്ടു
അന്ന് 'അമ്മ ചന്തിയ്ക്കു തന്ന അടിയുടെ
ചൂട് ഇന്നും മനസിലുണ്ട്..
അതുകൊണ്ട് തന്നെ
ലോട്ടറി അടിച്ച ടിക്കറ്റ് കത്തിപ്പോയ സങ്കടത്തോടെ പിള്ളേര് അണ്ണാച്ചിയെ
നോക്കി ഹൃദയം തകർന്നു നിന്നു
"മൂന്നാളും ഇവിടെ വാ"
അമ്മയുടെ വിളിയിൽ പതിവിൽ
കൂടുതലായി ഒരു ഗൗരവം
"എന്താമ്മേ" പാവം പെൺപിള്ളേർ, ഒന്നും മനസിലാകാതെ ചെന്നു കേറിക്കൊടുത്തു
"ഇതാരുടേയാ കാശ്?"
ഒറ്റ നിമിഷം
പിള്ളേര് തിരിഞ്ഞു ഏട്ടനെ നോക്കി..
ഏട്ടൻ പോയിട്ട് അവിടൊരു "ഏ"പോലുമില്ലായെന്നു കണ്ട
പിള്ളേര് അന്തംവിട്ടു നോക്കുമ്പോൾ
ഏട്ടൻ മൺതിട്ടയും ചാടി
താഴത്തെ തോടും ചാടിക്കടന്നു
വാഴത്തോപ്പിൽ എവിടെയോ അപ്രത്യക്ഷനായികഴിഞ്ഞിരുന്നു..
കാരണം ഏട്ടനാണ് ഏറ്റവും
നന്നായി അറിയുക
"തെറ്റിയാൽ 'അമ്മ വെറും
ചെറ്റ ആണെന്ന്"
പിന്നെ ഡയലോഗില്ല
ആക്ഷൻ മാത്രം..നല്ലൊരു
വടിയും ചെത്തിവച്ചിരുന്നു
ഇടയ്ക്കു "അയ്യോ"
"അമ്മെ" "തല്ലല്ലേ"എന്നിങ്ങനെയുള്ള
ചെറിയ ശബ്ദങ്ങളും കേൾക്കാം
"ചേച്ചിയുടെ കാശാണമ്മേ"
ഗതികെട്ട അനിയത്തിക്കൊച്ചു സത്യം വിളിച്ചു പറഞ്ഞു(തടി വേദനിക്കുമ്പോ എന്ത് ചേച്ചി)
ഭദ്രകാളിയെ പോലെ തനിക്കു നേരെ തിരിയുന്ന അമ്മയെ നോക്കി കണ്ണുമടച്ചു ചേച്ചിയും വിളിച്ചുപറഞ്ഞു
"അമ്മയ്ക്ക് തരാൻ വേണ്ടി ചിലവാക്കാതെ വച്ചതായിരുന്നമ്മേ..ഓൾടെ കാശു
വളയൊക്കെ വാങ്ങിത്തീർത്തതാ"
(തടി വേദന ചേച്ചിക്കും ബാധകമാണല്ലോ)
ഒറ്റനിമിഷം കൊണ്ട് അനിയത്തിക്കൊച്ചു പുറകിലെ പറമ്പിലെ മാവിൽ ഓടിക്കയറി
പുറകെ അമ്മയുമോടി
"ഇറങ്ങിവന്നാൽ ഒന്നിൽ തീരും അല്ലെങ്കിൽ
നിന്റെ കാലിന്നു ഞാൻ തല്ലിയൊടിക്കും"
അമ്മയുടെ പതിവ് ഡയലോഗ് കേട്ട അനിയത്തി അത് ശ്രദ്ധിക്കാതെ ഇത്തിരി കൂടെ മേലേക്ക് കയറാൻ ശ്രമിക്കുമ്പോളാണ് ഞെട്ടിക്കുന്ന ആ സംഭവം ഉണ്ടായതു.
പുല്ലു പോലെ 'അമ്മ ഒരൊറ്റക്കയറ്റമാണ്
മാവിന്റെ കൊമ്പിലേക്കു..
ചെരിഞ്ഞു കിടക്കുന്ന കൊമ്പായതിനാൽ
അമ്മ എളുപ്പത്തിൽ കയറിചെന്നു
കണ്ണുകളെ വിശ്വസിക്കാനാവാതെ താഴെ ചേച്ചിയും "ഇടി വെട്ടിയവനെ പാമ്പു കടിച്ച" അവസ്ഥയിൽ മരക്കൊമ്പിൽ അനിയത്തിയും അന്തംവിട്ടു നിന്നുപോയി
ഇനിയൊന്നും നോക്കാനില്ല
അമ്മയുടെ കൈകളിൽ ഇനി
കിട്ടിയാൽ അനിക്സ്പ്രേയുടെ
പരസ്യമാവും തന്റെ ഗതി എന്ന്
മനസിലാക്കിയ അനിയത്തിക്കൊച്ചു
മുകളിലെ വലിയ കൊമ്പു ലക്‌ഷ്യം
വച്ച് ഒറ്റചാട്ടമായിരുന്നു
ഉന്നം തെറ്റിയില്ല..
കൃത്യം നിലത്തു തന്നെ വീണു.
പിടിവിട്ട സാധനം നിലത്തുവീണ
ചരിത്രമല്ലേ ഇതുവരെയുണ്ടായിട്ടുള്ളു
ന്യൂട്ടനെ തിരുത്താൻ മാത്രമൊന്നും
അവളായിട്ടുമില്ലാലോ
കൈ കുത്തി വീണപാടെ എണീറ്റോടാൻ
ഒരു ശ്രമം നടത്തിയെങ്കിലും ആകപ്പാടെ തലയ്ക്കടി കിട്ടിയ അവസ്ഥയിൽ കൊച്ചവിടെത്തന്നെ ഇരുന്നു പോയി.
അപ്പോളേക്കും
"അയ്യോ എന്റെ മോളെ"
വിളിച്ചു അമ്മയും ചാടിയിറങ്ങിയിരുന്നു
അതോടെ ഓൾടെ വലത്തേ
കൈയുടെ കാര്യം തീരുമാനമായി
രാത്രി
പ്ലാസ്റ്ററിട്ട കൈ അനക്കാതെ വച്ച്
കിടക്കുന്ന കൊച്ചിന്റെ അരികിൽ ഇരുന്നു
അച്ഛൻ വഴക്കു പറയുകയാണ്
"ഇത്രേം വലുതായിട്ടും മരം കേറേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ?ഒന്നുമില്ലേലും നീയൊരു പെണ്ണല്ലേ?കണ്ടവരൊക്കെ എന്താ കരുതീട്ടുണ്ടാവുക?"
അതുകേട്ടുവന്ന 'അമ്മ..
"ചോദിക്കു..പെണ്ണ് വലുതായെന്ന വിചാരം ഇപ്പോളെങ്കിലും ഉണ്ടായല്ലോ പുന്നാരയച്ഛന്"
"മോളെയല്ല..ഞാൻ നിന്നെയാ പറഞ്ഞത്
 മൂന്ന് മക്കളുടെ തള്ള ആയെന്ന ബോധം
ആദ്യം നിനക്കാ വേണ്ടത്,
അവള് പോയേക്കുന്നു..കൊച്ചിന്റെ
പുറകെ മരം കേറാൻ"
ഇപ്പോ അമ്മയുടെ മുഖം കണ്ടപ്പോൾ
പിള്ളേർക്ക് മൂന്നിനും വല്ലാതെ ചിരി വന്നു
ഏതായാലും പിന്നീടങ്ങോട്ട് അനിയത്തിക്കൊച്ചിന്‌ കുറച്ചീസം കിട്ടിയ പരിഗണന കണ്ട ചേട്ടനും ചേച്ചിയും അന്തംവിട്ടുപോയി
ആ വിഷുവിന് വയ്യാത്ത കൊച്ചിനെ സന്തോഷിപ്പിക്കാൻ വേണ്ടി അച്ഛൻ കുറെ
പടക്കം വാങ്ങിച്ചു..പിള്ളേർക്ക് പുതിയ
ഉടുപ്പിന്റെ കൂടെ അവർക്കു വേണ്ട ലൊട്ടുലൊടുക്ക് സാധനങ്ങളും കിട്ടി..
വയ്യാത്ത കൊച്ചിനെ മടിയിലിരുത്തി
അച്ചനും മുറ്റത്തു അമ്മയും കമ്പിത്തിരി കത്തിക്കുന്നതും നോക്കി മൂത്ത
പിള്ളേര് രണ്ടും പരസ്പരം ചോദിച്ചു
"എന്താടാ ദാസാ ഈ ബുദ്ധി നമുക്കു
നേരത്തേ തോന്നാതിരുന്നത്?"
വിനീത അനിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo