Slider

*-പറയാൻ ബാക്കിവെച്ചത്-*

1

*-പറയാൻ ബാക്കിവെച്ചത്-*
.
പറയാൻ ബാക്കി വെച്ചതൊന്നും കേൾക്കാൻ നിക്കാത്തവരെ പറ്റി ഞാൻ എന്തെഴുതാൻ- ഓർമ്മകളുടെ പൂട്ട് പൊളിച്ചു വർഷങ്ങൾക്കപ്പുറത്തേക്ക് ഞാൻ നടന്നു നോക്കി . എത്തി നിന്നതു പലതും പ്രണയവും വിരഹവും നിറഞ്ഞ ആവർത്തനത്തിന്റെ ഇടനാഴിയിൽ .. 
നിരാശ കൊണ്ട് തിരിച്ചു നടക്കാൻ തുടങ്ങിയപ്പോ എവിടെ നിന്നോ ഒരു വിളി കേട്ടു 
അമ്പൂ ...
അതെ ഉപ്പയാണ് ,എന്റെ ഉപ്പയാണ് വിളിച്ചത് . വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ശബ്ദത്തിലെ ഗാംഭീര്യത്തിനു ഒട്ടും കുറവില്ല .പുറത്തു കാണിക്കാത്ത വാത്സല്യം ഇപ്പോ ഈ ഗാംഭീര്യത്തിലും തെളിഞ്ഞു കേൾക്കാനുണ്ടെനിക്ക്.
.
ഒരുമിച്ച് ജീവിച്ച പതിനേഴു വയസ്സിൽ ബോധം വന്ന പ്രായം തൊട്ടു ഒട്ടുമിക്ക ദിവസങ്ങളിലും അത്താഴത്തിനു ഒരു മേശക്ക് രണ്ടു അറ്റത്തായി ഉപ്പയും മോനും എന്ന വേർതിരിവില്ലാതെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു . ആ ഒരു ദിവസം കുടുംബത്തിൽ നടന്നതും എന്റെ ജീവിതത്തിൽ നടന്നതുമായ എല്ലാ കാര്യങ്ങളും ചർച്ചക്ക് വരുന്ന ഒരു സമയമാണത്.. സ്കൂളിൽ ഒരു പെൺകുട്ടിയെ കമന്റ് അടിച്ചിട്ടുണ്ടേൽ അതുപോലും അവിടെ പറയും. ചെയ്തത് തെറ്റാണെങ്കിൽ തിരുത്താനുള്ള മാർഗവും കിട്ടിയിരുന്നത് അവിടെ നിന്നാണ് .തുറന്നു പറിച്ചിലുകളുടെയും വിശകലനങ്ങളുടേയും ഒടുവിൽ കൗമാരക്കാരന്റെയും ജീവിതം പഠിച്ചവന്റെയും ആശയങ്ങൾ തമ്മിൽ പലപ്പോഴും തർക്കങ്ങൾ വരെ ഉണ്ടാവും.
.
എല്ലാ വീട്ടിലെയും പോലെ മധ്യസ്ഥത വഹിക്കുന്ന ഉമ്മയുടെ ഇടപെടൽ വഴി ഉപ്പയും മോനുമാണെന്ന തിരിച്ചറിവിലൂടെ ഞാൻ കൈ കഴുകാൻ പോവും അപ്പോ ഉപ്പ പറയുന്നത് കേൾക്കാം ഡി അവന് തെറ്റും ശെരിയും തിരിച്ചയൻ കഴിയുന്നുണ്ട് അതുമതിയെനിക്ക് ഒരുനാൾ ഞാൻ ഇല്ലെങ്കിലും ജീവിക്കാൻ അവൻ ഇപ്പോൾ തന്നെ പഠിച്ചു കഴിഞ്ഞു . അതിനു തെളിവാണ് മനപ്പൂർവം ഞാൻ പറയുന്ന തെറ്റായ ആശയങ്ങൾക്കെതിരെ ബഹുമാനം നില നിർത്തി തന്നെയുള്ള അവന്റെ പ്രതികരണങ്ങൾ .
ഓർമ്മയിൽ ,-ജീവിതം കൈവിട്ടു പോയവന്റെ നിസ്സഹായതയിൽ ഒരു സുബഹിക്ക് പാതി ജീവനിൽ എന്നെ നോക്കി എന്തോ പറയാൻ ശ്രമിച്ച ഉപ്പയുടെ മുഖമുണ്ട് .. ആശുപത്രിയിൽ എത്തിച്ചപ്പോ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളിൽ വായിലും മൂക്കിലും ദൈവത്തിന്റെ മാലാഖമാർ തടസ്സം സൃഷ്ടിച്ചപ്പോ മാത്രമാണ് എന്തും തുറന്നു പറയാറുള്ള ഞങ്ങൾക്കിടയിൽ മൗനമെന്ന വില്ലൻ വരേണ്ടി വന്നത് ..
.
സ്വകാര്യ ആശുപത്രിയിലെ അനുവദിച്ചു കിട്ടിയ നിമിഷങ്ങളിൽ കൈ കൊണ്ട് വരച്ചു കാണിച്ചിരുന്ന പലതും- ഉപ്പ പറയണ്ട അമ്പൂന് എല്ലാം അറിയാമെന്നു പറഞ്ഞു ധൈര്യം കൊടുത്തു നോക്കിയിരുന്നു ഞാൻ ദിവസങ്ങളോളം ...
.
മനുഷ്യത്വത്തിനും നിസ്സഹായതക്കും മേലെ ആശുപത്രിക്കാർ സാമ്പത്തികം നോക്കി ചികിൽസിച്ചപ്പോ പാതിജീവനും കയ്യിലെടുത്തു പൊക്കോളാൻ പറഞ്ഞു എങ്ങോട്ടെങ്കിലും . തൃശൂർ മെഡിക്കൽ കോളേജിന്റെ വരാന്തയിൽ എത്തിനിന്ന ഓട്ടത്തിനിടക്ക് വെന്റിലേറ്ററിലേക്ക് കയറ്റുന്നതിന് മുൻപുള്ള കുറച്ചു സമയം മൗനം മാറി നിന്നപ്പോ അടുത്ത വിളിച്ചെന്നൊട് വെള്ളം വേണമെന്ന് പറഞ്ഞു . സ്പൂണിൽ കൊടുക്കുന്നതിനിടക്ക് തലയിൽ കൈ വെച്ച് എന്നോട് പറഞ്ഞു" ജീവിക്കണം തല ഉയർത്തിപ്പിടിച്ചു ആരേം ദ്രോഹിക്കാതെ ,വാക്കുകൾ സൂക്ഷിച്ചു മാത്രെ ഉപയോഗിക്കാവു " പിന്നെന്തോ പറയാൻ തുടങ്ങിയ- ഞാൻ പഠിച്ച ഏറ്റവും വലിയ പുസ്തകമായ എന്റെ ഉപ്പയുടെ നാവുകൾക്ക് അത് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല., ആ പറഞ്ഞ വാക്കുകൾ, അത് തന്നയെയാണ് പിന്നീടുള്ള എന്റെ ജീവിതത്തിൽ കൂടെ ചേർത്ത് പിടിച്ചിട്ടുള്ളത് .ഇന്ന് എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെൽ ആ വാക്കുകളിലെ നന്മ മാത്രം കൊണ്ടാണ് .
.
പറയാൻ ബാക്കി വെച്ച ആ വാക്കുകൾക്ക് എതിരായി അമ്പു എന്തെങ്കിലും ചെയ്യുന്ന ദിവസം സ്വപ്നത്തിലെങ്കിലും വന്നു ഉപ്പ അത് മുഴുമിപ്പിക്കും എനിക്കുറപ്പുണ്ട് .
അതുവരേക്കും പറയാൻ ബാക്കി വെച്ചതെല്ലാം അങ്ങനെ തന്നെ നിലനിൽക്കട്ടെ .............
.
അൻവർ മൂക്കുതല
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo