
കൈനീട്ടം കിട്ടിയ ചില്ലറത്തുട്ടുകൾ കയ്യിൽ പൊത്തിവെച്ചു കുലുക്കിയും വേർതിരിച്ചടുക്കിയുമൊക്കെ രസംകണ്ടെത്തിയിരിക്കുമ്പോളാണ് തെക്കൂന്നു മുരളിയുടെ വരവ്, ദൂരേന്നു വരുമ്പോളേ മുറ്റത്തേക്കു ചാടിയിറങ്ങി ഞാൻ ചോദിച്ചു " നെനക്കെത്രകിട്ടിയെടാ"...?
അപ്പോളൊന്നും പറയാതെ നേരെ മുറ്റത്തുവന്നിട്ട് അകത്തേക്കു കണ്ണൊന്നു പായിച്ചുകൊണ്ടു പറഞ്ഞു
"ഞാൻ നോക്കിയൊന്നുവില്ല.... കിട്ടിയതു ഞങ്ങടച്ഛന്റെ കയ്യിൽ കൊണ്ടുക്കൊടുത്തു"
ചക്കക്കലത്തിൽ തുടുപ്പിട്ടു മസ്സിലു പിടിച്ചു.കൊണ്ടിരുന്ന അമ്മ ആ പണിനിർത്തി മുറ്റത്തേക്കൊന്നു നോക്കി, സൽഗുണസമ്പന്നൻ മുരളിയുടെ തീരുമാനത്തിൽ മനസ്സുനിറഞ്ഞുള്ള നോട്ടം..... പിന്നെന്റെ നേരേ തിരിഞ്ഞു.
" കണ്ടു പഠിക്കടാ പോത്തെ.....അങ്ങനെവേണം പിള്ളാരായാൽ "
ദയനീയമായി ഞാൻ മുരളിയെ നോക്കുമ്പോൾ പുരികമൊക്കെയുയർത്തിക്കൊണ്ട് വലിയ ജ്ഞാനിയെപ്പോലെ എനിക്കൊരു മൈന്റും തരാതെ കസറുകയാണ്
"എല്ലാ കാര്യത്തിനും അച്ഛനോടല്ലിയോ ചോദിക്കുന്നേ....അതുകൊണ്ടെന്റെ കയ്യിൽ പൈസകിട്ടിയപ്പം അച്ഛനുകൊണ്ടുക്കൊടുത്തു "
ചെറിയ മനസ്സിലെ വലിയ ചിന്തകൾ...
ഇതുകേട്ടുകൊണ്ട് മുരളിയുടെ ഫാനായ വല്ല്യപ്പച്ചി അകത്തിരുന്നുകൊണ്ട് അടുത്ത ഡയലോഗ്
"എന്റെ കുഞ്ഞേ പടീറ്റേലവൻ രാവിലെ എനിക്ക് കൈനീട്ടം കൊണ്ടുത്തന്നു, അതുംവാങ്ങിച്ച് കണ്ണുമടച്ച് പ്രാർത്ഥിച്ചോണ്ടു നിക്കുവേം എതിലേക്കൂടെ വന്നെന്നറിയത്തില്ല.... അവൻ തട്ടിപ്പറിച്ചോണ്ടൊരോട്ടം ...."
അതപ്പോളാണ് അമ്മയറിയുന്നത്, ഇതങ്ങോട്ട് കേട്ടതും "ഡാ...അപ്പച്ചീടെ കയ്യിൽ കൊണ്ട് കൊർറാറാ"ന്നും പറഞ്ഞു ചാടിയൊരു വരവ്... വിത്ത് തുടുപ്പ്....
മുരളിക്കു ചുറ്റും രണ്ടു റൗണ്ടടിച്ചെങ്കിലും മൂന്നാമത്തെ റൗണ്ട് തുടങ്ങുംമുൻപേ അടിക്കാനുള്ള അവസരം അവൻതന്നെയുണ്ടാക്കിക്കൊടുത്തു. പുറംകൊണ്ടും ചന്തികൊണ്ടും അതെല്ലാം ക്രമത്തിൽ വാങ്ങിച്ചിട്ട് അപ്പച്ചിക്കു കാശുകൊണ്ടുക്കൊടുത്തു മാതൃകയാകാൻ ചെല്ലുമ്പോൾ പറയുവാ "ഇനീം നീ വെച്ചോളാൻ"
കിട്ടാനുള്ളത് കിട്ടിയെങ്കിലും എടുത്തപണി ലാഭംന്നു കരുതി മുറ്റത്തേക്ക് ചാടുമ്പോൾ അമ്മയൊന്നുകൂടി ഓർമ്മിപ്പിച്ചു,
"അച്ഛനിങ്ങോട്ടു വരട്ടെ കേട്ടോ....... അടുത്ത വിഷുക്കൈനീട്ടം ഞാൻ തരീക്കാം....."
കിണിച്ചോണ്ടുനിന്ന മുരളിയേ സ്നേഹത്തോടെ തോളേൽ കയ്യിട്ട് കഴുത്തിനുപിടിച്ചു ഞെക്കിക്കൊണ്ട് റോഡിലേക്കു വന്നപ്പോളാണ് ദൂരെനിന്നും ഐസുകാരന്റെ മണിയൊച്ച കേൾക്കുന്നത്, സൽഗുണനിട്ട് പണികൊടുക്കാനുള്ള അവസരമൊത്തു കിട്ടിയതിൽ ഞാൻ തുള്ളിച്ചാടി .... ഐസും തിന്നോണ്ട് എവന്റെ പിറകേ നടക്കണമെന്നു കരുതി ഒരു സേമിയഐസു വാങ്ങിച്ചു കാശു കൊടുക്കുമ്പോൾ അവനും കാശുനീട്ടിക്കൊണ്ടു പറയുന്നു ''ഒന്നെനിക്കൂടെന്ന്.... ".
കിട്ടിയ കാശച്ഛനു കൊടുത്തെന്നല്ല്യോ നീ പറഞ്ഞേന്നു ചോദിക്കുംമ്പോൾ അറ്റത്തുള്ള സേമിയായും മുന്തിരിങ്ങായൂടെ കടിച്ചെടുത്തു ചവച്ചോണ്ടു നാക്കും തിരിയാതെ പറയുവാ
" കിട്ടിയതീന്നച്ഛനും കൊടുത്തു അമ്പതുപൈസാ .... വിഷുവല്ല്യോ "..?
വാക്കി പോക്കറ്റിലൊൺട്രാവ്വേ........ പറഞ്ഞപ്പം ഇച്ചിരി ഓവറാക്കിയതല്ല്യോന്ന്....... "
ഒടുവിൽ അച്ഛന്റെ കയ്യീന്ന് പിന്നത്തേക്കു പറഞ്ഞുവെച്ച കൈനീട്ടോം കിട്ടി , വിഷുക്കണിയൊരുക്കിയതിന്റെ ശേഷിപ്പായി ഒരു കൊന്നക്കമ്പ് മുറ്റത്തുകിടന്നു.......അതുകൊണ്ടാരുന്നു.. :-p
--------------------------------------------------------------
ഓർമ്മകളിൽ:-
ഒരു പണക്കാരന്റെ ഗമയിൽ ആ നാണയത്തുട്ടുകളുടെ ക്ലാവുമണമാസ്വദിക്കാൻ......
--------------------------------------------------------------
ഓർമ്മകളിൽ:-
ഒരു പണക്കാരന്റെ ഗമയിൽ ആ നാണയത്തുട്ടുകളുടെ ക്ലാവുമണമാസ്വദിക്കാൻ......
നിരങ്ങിപ്പിഞ്ചിയ നിക്കറിട്ട് ചെന്ന് കളിക്കൂട്ടുകാരുടെ മുഖത്തെ ചിരികണ്ട് കണ്ണിൽ ഈറനണിയാൻ....... ഒരു വട്ടംകൂടി ..........
---------------------------------------------------------------
വിഷുദിനാശംസകൾ .........
---------------------------------------------------------------
വിഷുദിനാശംസകൾ .........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക