
തേവരുടെ നടയിലെ എരിയുന്ന കല്‍വിളക്കിനു മുന്നില്‍ ഒരു നിമിഷം കണ്ണുകളടച്ചു നിന്നപ്പോള്‍ എന്‍റെ മനസ്സ് ഒരുപാടു വര്‍ഷം പുറകോട്ടു പോയി,
ആ ജീവനാളത്തെ സാക്ഷിയാക്കി ഞാനന്നവളോട് "ഇയാളെയെനിക്ക് വല്ല്യ ഇഷ്ടാണ് ട്ടോ..." ന്ന്‍ പറഞ്ഞത്...
ചെറിയൊരു നാണത്തോടെ മുഖം തരാതെ നിന്നപ്പോഴും അവളുടെ കവിളുകള്‍ ആ സാന്ധ്യശോഭയോടു മത്സരിക്കുംവിധം ചുവന്നു തുടുത്തിരുന്നു...... അവളുടെ മൗനത്തിനു സാന്ദ്രതയേറിയപ്പോള്‍, ശകലം കൂടി പതിഞ്ഞ സ്വരത്തില്‍ "മൗനം സമ്മതമായി ഞാനെടുത്തോട്ടെ ??" -ന്നു ചോദിച്ചതിന്.... കഴിഞ്ഞ കുറെ നാളുകളായി അമ്പലത്തിലെ സന്ധ്യാനേരങ്ങളില്‍ എന്നെ തേടിവരുമായിരുന്ന ആ വിശാലമായ മിഴികൾ, അവയുയര്‍ത്തി അവളെന്നെ ഒന്നു നോക്കി. മനോഹരമായ ഒരു തിരയിളക്കം ഞാനാ കണ്ണുകളില്‍ കണ്ടു. അവള്‍ അവിടെനിന്നും ഓടിയകന്നത് എന്നെ നിരാശനാക്കിയെങ്കിലും, ശകലം മാറി പ്രദക്ഷിണവഴിയില്‍ വച്ചെന്നെ പിന്തിരിഞ്ഞുനോക്കുകയും നറുനിലാവു പൊഴിയുംപോല്‍ പുഞ്ചിരിക്കുകയും ചെയ്തപ്പോള്‍ എന്‍റെ സന്തോഷത്തിന് അതിരില്ലാതാകുകയായിരുന്നു.
പിന്നെയുള്ള ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനത്തിനിടയില്‍, ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന അകലം പതിയെപ്പതിയെ കുറഞ്ഞുവരുന്നതും കണ്ണുകളുടെ കഥപറച്ചിലുകള്‍ ലഘുസംഭാഷണങ്ങള്‍ക്ക് വഴിമാറുന്നതും, ഞാനറിഞ്ഞു. പിന്നെപ്പിന്നെ വിഷയദാരിദ്ര്യമേതുമില്ലാതെ ഞങ്ങളുടെ സായാഹ്നങ്ങള്‍ വാചാലമാകുകയായിരുന്നു. പ്രദക്ഷിണവഴിയില്‍ ആളൊഴിഞ്ഞ ഭാഗത്തു വച്ചവള്‍ എന്‍റെ നെറ്റിയില്‍ ചന്ദനം തൊടുവിക്കുന്നതും ഞാനവള്‍ക്ക് ചെമ്പകപ്പൂക്കള്‍ സമ്മാനിക്കുന്നതുമെല്ലാം അക്കാലത്തൊരു പതിവായിരുന്നു. അവളെയൊന്നു കാണുവാനും മിണ്ടുവാനുമുള്ള ഏകസ്ഥലം അമ്പലമായതുകൊണ്ടുതന്നെ, വൈകുന്നേരത്തെ അമ്പലത്തില്‍പ്പോക്ക് ജീവിതത്തിലെ അനിവാര്യതയായി. കൂടിക്കാഴ്ചകള്‍ക്ക് ദൈര്‍ഘ്യമേറിയിരുന്നതാകട്ടെ അമ്പലത്തിലെ വിശേഷങ്ങള്‍ക്കും നാട്ടിലെ പൊതുവായ വിവാഹങ്ങള്‍ക്കും മാത്രം. അല്ലാതെയുള്ള ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ നേരം മാത്രമേ ഞങ്ങള്‍ കാണാറുളളുവെങ്കിലും വളരെ വേഗം തന്നെ ആ ആത്മബന്ധം വളരുകയായിരുന്നു....
മാസങ്ങള്‍ക്കുശേഷം ഒരുനാള്‍, അവളുടെ കോളേജ്-ഡേയ്ക്ക് മുന്‍കൂട്ടി പറയാതെ എത്തിയ എന്നെക്കണ്ട് ഒരു നിമിഷം ഒന്നമ്പരന്നെങ്കിലും, എന്‍റെ കൈ കോര്‍ത്തു പിടിച്ചുകൊണ്ട് അവളുടെ കൂട്ടുകാരെയൊക്കെ പരിചയപ്പെടുത്തിയും അവളുടെ ക്ലാസ്റൂം കാട്ടിത്തന്നും ആളൊഴിഞ്ഞ വരാന്തയിലൂടെ എന്‍റെ കയ്യില്‍ ഇരുകൈ കൊണ്ടും ഇറുക്കിപ്പിടിച്ച് എന്‍റെ തോളിലേയ്ക്ക് ചാഞ്ഞുകൊണ്ടു നടന്നും എന്നെയവള്‍ അത്ഭുതപ്പെടുത്തുകയായിരുന്നു ചെയ്തത്. ഞാനവളെത്തന്നെ നോക്കുകയായിരുന്നു, എനിക്കവളോട് ഉള്ളതിന്‍റെ എത്രയോ ഇരട്ടിയാണ് അവള്‍ക്കെന്നോടുള്ള കരുതലും സ്നേഹവും വിശ്വാസവുമെല്ലാം, എന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം.
പെന്‍ഡിംഗിലായിരുന്ന എന്‍റെ ഡെല്‍ഹി ഓഫര്‍ ശരിയായെന്നും മറ്റന്നാള്‍ പോകേണ്ടിവരുമെന്നും കേട്ടതോടെ ആ മുഖം മ്ലാനമായി, "അപ്പൊ ഇനി കഷ്ടി രണ്ടു നാള്‍ കൂടിയേ നമ്മള്‍ കാണുള്ളൂ-ല്ലേ ??" എന്നു ചോദിച്ചു കരഞ്ഞപ്പോള്‍, ഞാനാ കണ്ണുനീര്‍ തുടച്ചുകൊണ്ടു പറഞ്ഞു, "നീയിങ്ങനെ കരയല്ലേ, ഈ ജോലി നമുക്കെത്ര പ്രധാനമാണെന്നറിയാമല്ലോ, എന്നിട്ടു വേണ്ടേ അധികം വൈകാതെ നിന്‍റെ വീട്ടില്‍ വന്ന് ഈ കാന്താരീനെ എനിക്ക് കെട്ടിച്ചുതരണം-ന്ന് പറയാന്‍, തല ഉയര്‍ത്തിപ്പിടിച്ച്....."
കരയുന്ന മിഴികളോടെ ചിരിച്ചുകൊണ്ട് അവള്‍ ഒരു നിമിഷം എന്‍റെ നെഞ്ചോടു ചേര്‍ന്നു, പിന്നെ പെട്ടെന്ന്‍ പരിസരബോധം വീണ്ടെടുത്ത് പരസ്പരം അകന്നു നിന്നു.... എന്‍റെ കയ്യില്‍ ഇറുക്കിപ്പിടിച്ചോണ്ടവള്‍ ബൈക്ക് ഇരിക്കുന്നിടം വരെ വന്നു. ബൈക്ക് അവളില്‍ നിന്ന് അകന്നകന്ന് പോരുമ്പോള്‍ കണ്ണാടിയില്‍ ഞാന്‍ കണ്ടു, വിതുമ്പാനൊരുങ്ങി നില്‍ക്കുന്ന ആ മനസ്സ്....
പിറ്റേന്നമ്പലത്തില്‍ വച്ചു കണ്ടപ്പോള്‍ തമ്മില്‍ മിണ്ടാനൊന്നുമില്ലാതെ മൗനം കനക്കുന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍. വാക്കുകള്‍ തേടുംതോറും വിഷാദം നിറയുന്ന ആ മുഖം, കൈക്കുമ്പിളില്‍ കോരിയെടുത്ത് ആശ്വസിപ്പിക്കാന്‍ എനിക്കാവുമായിരുന്നില്ലല്ലോ..... ഞാന്‍ പറഞ്ഞു, "നാളെ ഉച്ചയ്ക്കാണ് ട്രെയിന്‍, അപ്പൊ നാളെ വൈകീട്ട് ഇവിടെവച്ച് കാണാന്‍ പറ്റില്ല....." മറുപടിയായി അവളൊന്നു മൂളി. എന്‍റെ കമ്പനി-വിലാസം അവളെ ഏല്‍പ്പിച്ച് കത്തുകള്‍ മുടങ്ങാതെ എഴുതണമെന്നു ഞാന്‍ പറഞ്ഞു. മറുപടിയെഴുതാന്‍ വിലാസം ചോദിച്ചപ്പോള്‍, വേണമെന്ന് തോന്നുമ്പോള്‍ അവള്‍ തന്‍റെ കത്തില്‍ കുറിക്കാമെന്നും അതുവരെ ഇങ്ങോട്ട് എഴുതണ്ടാന്നും പറഞ്ഞു. എനിക്ക്, ഓള്‍ ദി ബെസ്റ്റ് നേര്‍ന്നപ്പോഴേയ്ക്കും വിതുമ്പിപ്പോയ അവള്‍ കൂടുതലൊന്നും പറയാതെ ദീപാരാധന തൊഴാന്‍ പോലും നിക്കാതെ അന്നവിടെ നിന്നും പോകുകയായിരുന്നു.
ഡല്‍ഹിയിലെ മടുപ്പിക്കുന്ന ജീവിതത്തില്‍, പത്തോ-പതിനഞ്ചോ നാളുകളുടെ ഇടവേളയില്‍ വരുമായിരുന്ന അവള്‍ടെ കത്തുകള്‍ ആണ് ജീവിക്കാനുള്ള ഊര്‍ജ്ജം പകര്‍ന്നിരുന്നത് എന്ന്‍ പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തി ഉണ്ടാവില്ല. എല്ലാ കത്തുകളിലും ഞങ്ങള്‍ ഒന്നിച്ചുള്ള ആ നല്ല നിമിഷങ്ങള്‍ തന്നെയായിരുന്നു വിഷയം, ആ നിമിഷങ്ങള്‍ തന്നെയായിരുന്നല്ലോ ജീവിതത്തില്‍ ആകെയുള്ള സമ്പാദ്യവും. നല്ല സ്ഥിതിയില്‍ വളര്‍ന്നുവന്ന അവള്‍ക്ക് വിവാഹശേഷം ഒരു സൗകര്യക്കുറവും ഇല്ലാതിരിക്കാന്‍ വീടുമൊന്ന് മൊത്തത്തില്‍ പുതുക്കിപ്പണിയിപ്പിച്ചു. അവള്‍ ഒരു മോഹമായി മനസ്സില്‍ കേറുന്ന വരെ, ജീവിതത്തില്‍ ഒരടുക്കും ചിട്ടയും ഒന്നും ഇല്ലാതിരുന്ന എന്‍റെ ആ മാറ്റവും, ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലുള്ള ഉത്സാഹവും എന്‍റെ അമ്മയെ തെല്ലൊന്നുമല്ല സന്തോഷവതിയാക്കിയത്. അവളെപ്പറ്റി അമ്മയോട് പറഞ്ഞിട്ടുള്ളതിനാല്‍ എന്‍റെ മോള് കാരണമാണല്ലോ ഇങ്ങനെല്ലാം നടക്കുന്നത് എന്ന കാര്യത്തില്‍ അമ്മയ്ക്കവളോട് ഒരു പ്രത്യേക വാത്സല്യവും ഉണ്ടായിരുന്നു.
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഇടയ്ക്കെപ്പോഴോ അവള്‍ കൂട്ടുകാരിയുടെ വിലാസം തന്നതില്‍ ഞാനും അയച്ചിരുന്നു ചില കത്തുകള്‍. ആനുവല്‍ ലീവ് അപ്പ്രൂവലായതോടൊപ്പം തന്നെ മറ്റൊരു സന്തോഷവാര്‍ത്തയും അറിയാന്‍ കഴിഞ്ഞു, ലീവ് കഴിഞ്ഞാല്‍ കമ്പനിയുടെ എറണാകുളം ബ്രാഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ മതിയത്രേ, പോകുന്നതിനു മുന്നേ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കയ്യില്‍ കൊടുക്കുമെന്നും. ആ വിവരത്തിനാണ് അവള്‍ക്ക്, ഞാന്‍ അവസാനമായി കത്തെഴുതുന്നത്. എത്തിയാല്‍ ഉടനെ അവള്‍ടെ അച്ഛനെക്കാണാനുള്ള തീരുമാനമെല്ലാം വിശദമായിത്തന്നെ അതിലെഴുതിയിരുന്നു. ആ കത്തയച്ച് രണ്ടാമത്തെ ആഴ്ചയിലാണ് വീട്ടില്‍ ഫോണ്‍ കണക്ഷന്‍ കിട്ടുന്നത്. വീട്ടില്‍ വിളിച്ചപ്പോള്‍ അമ്മ കരയുകയായിരുന്നു, ഞാനുമായുള്ള ബന്ധം അവള്‍ടെ വീട്ടില്‍ അറിഞ്ഞതും ഒരു താഴ്ന്ന ജാതിക്കാരന് അവളെ കെട്ടിച്ചുകൊടുക്കാന്‍ അമ്മാമന്മാര്‍ കൂട്ടുനിക്കില്ലെന്നറിഞ്ഞപ്പോള്‍ അവസാന അത്താണിയായ അച്ഛനും കൈയൊഴിഞ്ഞതായി അവള്‍ അമ്മയോട് വന്നു പറഞ്ഞുവത്രേ. ആത്മഹത്യാഭീഷണി മുഴക്കി നില്‍ക്കുന്ന അവരെ കൊലയ്ക്ക് കൊടുത്തുകൊണ്ട് അവള്‍ക്ക് ഒരു ജീവിതം വേണ്ടാന്നും അങ്ങനെയൊക്കെ നടന്നാല്‍ ഈ ജന്മത്ത് ഗതി പിടിയ്ക്കില്ലാ-ന്നൊക്കെ പറഞ്ഞ് അവള്‍ ഏറെ കരഞ്ഞത്രേ...
വിവരങ്ങളറിഞ്ഞ്, മലയാളിയായ മാനേജര്‍ അങ്ങേരുടെ നല്ല മനസ്സിന് എമര്‍ജന്‍സി ലീവ് സാന്ക്ഷന്‍ ചെയ്തു തരികയായിരുന്നു. പറയാതെ എത്തിയതിനാല്‍ അമ്മയും ആകെ പരിഭ്രമിച്ചു. നാട്ടില്‍ വച്ച് ഒരു സീനുണ്ടാക്കി അവള്‍ടെ ഒള്ള സ്വസ്ഥത കൂടി നശിപ്പിക്കല്ലേ-ന്ന് അമ്മ പറഞ്ഞതിനാല്‍, പിറ്റേന്ന് കോളേജില്‍ പോയിത്തന്നെ അവളെ കണ്ടു. കണ്ടതും ഓടിയടുത്തു വന്നു, ചിരിച്ചെന്നു വരുത്തിക്കൊണ്ട് അവള്‍ ചോദിച്ചു, "എപ്പോ എത്തി, ഒരു മാസം കൂടി കഴിഞ്ഞല്ലേ ലീവ്-ന്നു പറഞ്ഞേ ??"
അതിനു മറുപടി പറയാതെ നേരെ കാര്യം ചോദിച്ചു, "എന്നെ ഒഴിവാക്ക്വാ-ല്ലേ ???" എന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു....
എന്‍റെ വായപൊത്തിക്കൊണ്ടവള്‍ പറഞ്ഞു, "അങ്ങനൊന്നും പറയല്ലേ......." അപ്പോഴേയ്ക്കും ആ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അതിനിടയില്‍ എന്‍റെ കൈ പിടിച്ച് തിടുക്കത്തില്‍ ആളൊഴിഞ്ഞ കോളേജ് ഓഡിറ്റോറിയത്തിന്‍റെ വശത്തേയ്ക്ക് നടന്ന അവള്‍, ഞങ്ങളുടെ ബന്ധം അംഗീകരിക്കുമെന്ന് അവളുറച്ചു വിശ്വസിച്ചിരുന്ന അവള്‍ടെ പ്രിയപ്പെട്ട അച്ഛന്‍ മറ്റു ബന്ധുക്കളുടെ പ്രേരണയാല്‍ നിസ്സഹായനായതും, അവരെയെല്ലാം ഉപേക്ഷിച്ച് എന്‍റെ കൂടെ ഇറങ്ങിവന്നാല്‍ ഉണ്ടാകാവുന്ന നാണക്കേടില്‍ സ്വയം തീര്‍ക്കുമെന്ന് പറഞ്ഞതുമായ കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറയുകയായിരുന്നു. അവരുടെ സമ്മതമില്ലാതെ ഒന്നായിട്ട്, ആ ശാപവും പേറിക്കൊണ്ട് ഒരു ജീവിതം നയിക്കാന്‍ തനിക്കാഗ്രഹമില്ലെന്ന് മുന്നേ പലതവണ പറഞ്ഞപോലെ, അന്നും അവള്‍ പറഞ്ഞു. തങ്ങളെ അംഗീകരിക്കാത്തവര്‍ക്ക് മുന്നില്‍ മറ്റൊരു ബന്ധത്തിന്, താന്‍ ഏതായാലും സമ്മതം മൂളില്ലെന്നും ഒരുപാട് തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടി മാത്രം ഈയൊരു മോഹം ഉപേക്ഷിച്ച്, നമുക്കെന്നെന്നും നല്ല സുഹൃത്തുക്കളായി തുടരാമെന്നും, അവളെ ശപിയ്ക്കരുതെന്നും, അവള്‍ പറഞ്ഞു നിര്‍ത്തി....
ഞാനവളെത്തന്നെ നോക്കിയിരുന്നു, അതെ അവള്‍ പറഞ്ഞതാണ് ശരി, എന്‍റെ ജീവിതലക്‌ഷ്യം തന്നെ അവളുടെ സന്തോഷമാണ്, അതിപ്പോ ഏതു വിധമാണേലും..... അവളുടെ കൈകളില്‍ മുറുകെ പിടിച്ചുകൊണ്ട്, അവളോടോത്തുള്ള ഒരു ജീവിതം എന്ന മോഹം എനിക്ക് എന്നെങ്കിലും മറക്കാന്‍ പറ്റുകയാണെങ്കില്‍ ഒരു നല്ല സുഹൃത്തായി എന്നും വിളിപ്പുറത്തുണ്ടാകുമെന്നും, അല്ലാതെ അവള്‍ക്കൊരു ശല്ല്യമായി ഞാന്‍ ഉണ്ടാവില്ലെന്നും, വാക്കു കൊടുത്തു കൊണ്ട് അവളുടെ കൈകളെ ഞാന്‍ സ്വതന്ത്രമാക്കി..... ഒരു യാത്ര പറച്ചിലിന് പ്രസക്തിയില്ലാത്തതിനാല്‍ അതിനു മുതിരാതെ, ഒന്നു പിന്തിരിഞ്ഞു പോലും നോക്കാതെ ഞാന്‍ അവളില്‍ നിന്നും നടന്നകലുകയായിരുന്നു....
ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ റദ്ദ് ചെയ്യിച്ച്, മനപ്പൂര്‍വം ഡല്‍ഹിയിലെ ജീവിതത്തിരക്കുകളിലേയ്ക്ക് ഊളിയിട്ടു കൊണ്ട് അവളെ മറക്കാനൊരു ശ്രമം ഞാന്‍ നടത്തി നോക്കി. പക്ഷെ അതത്ര എളുപ്പമല്ലാത്തിനാല്‍, അവള്‍ക്ക് വേണ്ടി ഞാന്‍ മാറ്റിയെടുത്ത ആ ചിട്ടയില്ലാത്ത ജീവിതത്തിലേയ്ക്കും അതിനൊരു കൂട്ടായി നിയന്ത്രണമില്ലാത്ത മദ്യപാനത്തിലേയ്ക്കും ചെന്നു പതിയ്ക്കുകയായിരുന്നു. പരസ്പരം ഒരു സമ്പര്‍ക്കവുമില്ലാതെ കടന്നുപോയ കുറെ വര്‍ഷങ്ങള്‍..... ഇടയിലെപ്പോഴോ അമ്മയില്‍ നിന്നും ഞാനറിഞ്ഞു, അമ്മാവന്‍റെ മകനുമായി അവള്‍ടെ വിവാഹം കഴിഞ്ഞെന്ന്. മറ്റൊരു വിവാഹത്തിന് സാദ്ധ്യമല്ലെന്നുള്ള അവള്‍ടെ നിരന്തരമായ ശാഠ്യത്തിനു മുന്നില്‍ തളര്‍ന്നുപോയ അവള്‍ടച്ഛനു, വന്ന കലശലായ ഒരു ഹൃദയാഘാതം അവളെക്കൊണ്ട് ആ വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നുവത്രേ.... അപ്പോഴും അവളെ ശപിയ്ക്കാനെനിക്കായില്ല..... കുത്തഴിഞ്ഞ ജീവിതത്തിലൂടെ പിന്നേയും പൂര്‍ണ്ണവിസ്മൃതിയ്ക്ക് ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു, ഒരു സ്വയം ശിക്ഷിയ്ക്കല്‍ പോലെ, എന്തിനെന്ന്‍ മാത്രം അറിയില്ലായിരുന്നു.... ആയിടയ്ക്കാണ് അമ്മയ്ക്ക് അസുഖം കൂടുതലാണെന്ന് പറഞ്ഞ് ഇളയമ്മ വിളിക്കണത്, എന്നെ കാണണമെന്ന് വാശി പിടിയ്ക്കുന്നുവത്രേ, അമ്മ കൊറേ നാളുകളായി ഇളയമ്മയുടെ വീട്ടിലാണ്, എന്‍റെ നാട്ടീന്ന് കൊറേയകലെ.... അങ്ങനെ നീണ്ട എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേയ്ക്ക്.....
അമ്മയ്ക്ക് എന്നെ കണ്ടപ്പോള്‍ത്തന്നെ പ്രാണന്‍ വീണ്ടുകിട്ടി, ഇനി എന്‍റെ കുട്ടിയെ എങ്ങോട്ടും ഞാന്‍ വിടില്ല, ഇവിടെ കിട്ടുന്ന എന്തേലും ജോലിയൊക്കെ നോക്ക്യാ മതി, ഈ കാണാക്കാട്ടില് കെടന്നുള്ള സമ്പാദ്യമൊന്നും വേണ്ട നമുക്ക്... ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല, ചുണ്ടില്‍ ഒരു ചിരി വരുത്തി.... "അമ്മ, വീട്ടില്‍ പോയിട്ട് കൊറേ നാളായില്ലേ, നമുക്കങ്ങോട്ടു പോയാലോ ??" ഇളയമ്മയാണ് മറുപടി പറഞ്ഞത്, "നീ ആദ്യം ഒന്ന് പോയി ആരേലും നിര്‍ത്തി അവിടൊക്കെ ഒന്ന്‍ അടിച്ചുതൊടച്ച് വൃത്തിയാക്കിയിട്, എന്നിട്ടുമതി പോണതൊക്കെ..." അതു ശരിയാണെന്ന് എനിക്കും തോന്നി. പിറ്റേന്നു തന്നെ ഞാന്‍ നാട്ടിലേക്ക് തിരിച്ചു.വീടൊക്കെ വൃത്തിയാക്കി വന്നപ്പോളേയ്ക്കും നേരം സന്ധ്യയായി. എന്നാപ്പിന്നെ ഒന്ന് കുളിച്ച് അമ്പലത്തില്‍ കൂടി പോയിട്ട്, തിരിച്ചുപോവാം-ന്നു കരുതി വന്നതാണ്. നടയിലെത്തിയപ്പോഴാണ് ഓര്‍മ്മകളുടെ ഈ തേരോട്ടം...
നടയ്ക്ക് നിന്നൊന്നു പ്രാര്‍ത്ഥിച്ച ശേഷം ഗോപുരത്തറയില്‍ ഇരിക്കുമ്പോള്‍ എന്നെ കടന്നുപോയ ആ രൂപം..... ദൈവമേ ഇതവളല്ലേ !!!! അതെ, ഞാന്‍ ഇപ്പൊ ആരെപ്പറ്റിയാണോ ഓര്‍ത്തുകൊണ്ടിരുന്നത് അവള്‍ തന്നെ.... അതാ അവളും എന്നെ കണ്ടിരിയ്ക്കുന്നു... അവളുടെ അടുത്തേയ്ക്ക് നടക്കുമ്പോള്‍ ഞാന്‍ അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു... ക്ഷീണിച്ചു കോലം കെട്ടിരിയ്ക്കുന്നു, മുഖത്ത് ഒരു നിര്‍വികാരത മുറ്റി നില്‍ക്കുന്നു... ഞാന്‍ ഒന്ന് ചിരിയ്ക്കാന്‍ ശ്രമിച്ചു, പക്ഷെ ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ അവള്‍ ചിരിച്ചു, ഒരു വേദന കലര്‍ന്ന ചിരി.... സുഖമാണോ-ന്നു ചോദിച്ചപ്പോള്‍ അവളൊന്ന് മൂളി..... ഇടയിലെ മൌനത്തിനെ മുറിച്ചുകൊണ്ട്, ഞാനെത്തിയ വിവരമെല്ലാമവള്‍ ആരാഞ്ഞപ്പോള്‍ മിണ്ടാനൊരു വഴി തുറന്നുകിട്ടിയ പോലായിരുന്നു എനിക്ക്. ഭര്‍ത്താവിന്‍റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ പുച്ഛമായിരുന്നു ആ മുഖത്ത്, മൂന്നുമാസത്തെ ദാമ്പത്യം വേര്‍പെടുത്തിയ കഥയും പറഞ്ഞു...... എന്ത് പറയണമെന്നറിയാതെ നിന്ന എന്നോട് അവള്‍ പറഞ്ഞു, "നടക്കട്ടെ, അച്ഛനു തീരെ വയ്യ, ഇരുട്ടണേനു മുന്നേ അങ്ങെത്തിയില്ലേല്‍ ആള് അന്വേഷിച്ചു വരും, കാണാം...."
പിറ്റേന്ന് അമ്മയുമായി വീട്ടിലേയ്ക്ക് പോരുന്ന വഴി എന്‍റെ നിര്‍ദ്ദേശപ്രകാരം, കാര്‍ ആ വീടിനു മുന്നില്‍ നിര്‍ത്തി, അമ്മയെയും കൊണ്ട് ഞാനിറങ്ങി. പൂമുഖത്തെ ചാരുകസേരയില്‍ ഇരുന്നിരുന്ന ആള്‍ ചെറുമയക്കത്തിലാണ്. ഞാന്‍ ഒന്ന് മുരടനക്കി.... അദ്ദേഹം ഉണര്‍ന്നു കണ്ണടയെടുത്തു വച്ച് നോക്കി, ആളെ മനസ്സിലായിട്ടെന്നോണം ആ ചുണ്ടുകള്‍ വിറയ്ക്കാന്‍ തുടങ്ങി.... അമ്മയേയും കൊണ്ട് പൂമുഖത്തേയ്ക്ക് കയറിയ ഞാന്‍ അമ്മയെ ഒരു കസേരയില്‍ ഇരുത്തിയശേഷം അദ്ദേഹത്തിന്‍റെ കൈ പിടിച്ചിട്ടു ചോദിച്ചു,
"അച്ഛാ..... ഞാന്‍ അങ്ങനെ വിളിച്ചോട്ടേ ??? എല്ലാം ഞാന്‍ അറിഞ്ഞു, അന്നത്തെ വാശി ഇപ്പോള്‍ ഇല്ലെങ്കില്‍, അവളെ എനിക്ക് തന്നൂടെ ???, പൊന്നു പോലെ ഞാന്‍ നോക്കിക്കൊള്ളാം....."
എങ്ങലടിച്ചുള്ള ഒരു കരച്ചിലായിരുന്നു അതിനുള്ള മറുപടി..... അതുകേട്ട് അവളും അമ്മയും ഓടി പൂമുഖത്തേയ്ക്ക് വന്നു....കരച്ചിലിനിടയില്‍ അദ്ദേഹം പറഞ്ഞു,
"എന്നോട് ക്ഷമിക്ക് മോനെ, നിങ്ങളെ അകറ്റിയതിന് ഒരുപാട് പരീക്ഷിച്ചു ദൈവം, എന്‍റെ മോള്‍ അനുഭവിച്ചുകൂട്ടിയതിന് കൈയും കണക്കുമില്ലാ, കൊണ്ടുപൊയ്ക്കോ അവളെ, എന്‍റെ മോളൊന്നു ചിരിച്ചു കണ്ടാ മതീ, ന്‍റെ തേവരേ........"
എല്ലാരും കരയുകയായിരുന്നു... ഞാന്‍ അവളോടു പറഞ്ഞു, "ഒരു നല്ല ദിവസം കുറിച്ച് തേവരുടെ നടയില്‍ വച്ച് പൂര്‍ണ്ണമനസ്സോടെ നിന്‍റെ കൈയെടുത്ത് എന്‍റെ കൈയില്‍ വച്ചു തരാന്‍ പറ, നിന്‍റെയച്ഛനോട്.... പിന്നൊരു കാര്യം, ഇനി ഈ കണ്ണുകള്‍ നിറയരുത്....."
അന്നേരം ആ മുഖങ്ങളില്‍ തെളിഞ്ഞ, ഈറനണിഞ്ഞ കണ്ണുകളുടെ ചിരി ഒരു വല്ലാത്ത അനുഭവമായിരുന്നു....
അവിടെ നിന്ന് അമ്മയേയും കൊണ്ട് അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍, ഞങ്ങളുടെയെല്ലാം മനസ്സ് ഒരു പൂക്കാലത്തെ വരവേല്‍ക്കാനൊരുങ്ങുകയായിരുന്നു....
(കൃഷ്ണകുമാര്‍ ചെറാട്ട്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക