Slider

ആണുങ്ങൾ കരയാറുണ്ടോ

0
Image may contain: 1 person, closeup

ആണുങ്ങൾ കരയാറില്ല പക്ഷെ
ആണുങ്ങൾ കരയാറുണ്ട്
പഞ്ചാര കട്ട് തിന്നപ്പോ
കാലിനേറ്റ തിണർപ്പൂതി
അച്ഛനാണ് പറഞ്ഞത്
ആൺകുട്ടികൾ കരയാറില്ലടാ
പഞ്ചാര പാത്രം പിന്നെയും മോഷ്ടിക്കപ്പെട്ടു
പൂച്ചട്ടിയും അങ്ങേലെ മാവും
മൂട് കീറുന്ന നിക്കറും പൊട്ടുന്ന ബട്ടൻസും
കണക്ക് മാഷിന്റെ കൂട്ടിക്കുറയ്ക്കലും
തിണർപ്പുകൾ ഏറെ ആയിരുന്നു
അപ്പോഴും കരഞ്ഞില്ല
ആൺകുട്ടികൾ കരയാറില്ലത്രേ
പ്രിയമെന്ന് ചൊല്ലിയ പെണ്ണ്
നെഞ്ച് കലക്കി കടന്ന് പോയി
യൗവനം കലങ്ങിൻ ചോട്ടിലെ
ബദാംങ്കകളെണ്ണി ജോലി നേടി
 അപ്പോഴും പറഞ്ഞു
ആൺകുട്ടികൾ കരയാറില്ല
വിളക്കിചേർത്ത പൗരുഷം ഒഴുകി പോയാലോ
ദുർബലനെന്ന് പേരെടുത്താലോ
കണ്ണീർ കയങ്ങളെല്ലാം
ഹൃദയത്തിന്റെ പുലിമുട്ടുകളിൽ
തട്ടി തോറ്റ് മടങ്ങി
ഇന്ന് പെങ്ങളുടെ വിവാഹം
നിലക്കാത്ത കണ്ണുനീരാൽ
പെണ്ണ് നെഞ്ചോടൊട്ടിക്കരഞ്ഞു
അയ്യേ എന്റെുട്ടി എന്തിനാ കരയണെ
നിന്റെ കുട്ടിക്കുറുമ്പുകൾക്കീയേട്ടനെ
തല്ല് കൊള്ളിച്ചേനോ
എന്റെ മാമ്പഴപ്പൂളുകൾ കട്ടെടുത്തോടിയേനോ
ഈറൻ മുടിയിറ്റിച്ച് എന്റുറക്കം കളയുന്നെനോ
ഏട്ടന്റെ പനിയല്ലേ എനിക്ക് പകർന്നോട്ടെയെന്ന്
ചൊല്ലി കെട്ടിപ്പിടിച്ചെനിക്ക്
അമ്മച്ചൂട് പകർന്നെനോ
നീ കഴിക്കാതെ ഈ ഏട്ടൻ കഴിക്കില്ലാന്ന്
വാശികൾ ചൊന്നതിനോ
കൈകൾ കൊണ്ട് മുഖമുയർത്തി
കണ്ണിലേക്ക് നോക്കി
ഞാൻ ഇറങ്ങട്ടെ ഏട്ടാ....
അണപൊട്ടി ഒഴുകുന്നുണ്ട്
അവളുടെ കണ്ണും എന്റെയുളളും
എന്റെ പൊന്ന് മോളെ
നിനക്ക് വേണ്ടിയെങ്കിലുമീ-
യേട്ടനൊന്ന് കരഞ്ഞോട്ടേടീ
കൈത്തണ്ട ഞെക്കി കണ്മഷി പടർത്തി
അവളീ പടിയിറങ്ങുന്നു
തോളിൽ തട്ടി ചേർത്ത് വെച്ച്
ചങ്ങാതിയും പറഞ്ഞു
മച്ചാനെ നമ്മളാണുങ്ങൾ കരയാറില്ലടാ
ഒഴുകിവന്ന ലാവ അകത്തേക്കിറക്കി
നെഞ്ചുപൊട്ടുമാറ് ഏറ്റു ചൊല്ലി
അതേ ഞങ്ങൾ ആണുങ്ങൾ കരയാറില്ല
പക്ഷെ ഞങ്ങൾ ആണുങ്ങൾ കരയാറുണ്ട്....

By Vimal vava
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo