Slider

അഷ്ടപദി

0
Image may contain: 1 person

പുറത്തു നേർത്ത ചാറ്റൽമഴയുടെ കുളിർമ്മയുള്ളൊരു സംഗീതം. ശ്രുതി ഇടുന്നത് ആരെന്ന് ഞാൻ ശ്രദ്ധിച്ചു... അതേ... അത് കാറ്റാണ്.. അങ്ങകലെ ഏതോ സമുദ്രത്തിൽ നിന്നും തംബുരു കടം വാങ്ങി വന്ന കാറ്റ്.. ഇടയ്ക്ക കൊട്ടുന്നത് മേഘങ്ങൾ ആണെന്ന് തോന്നുന്നു..മുളം തണ്ടുകൾ പുല്ലാങ്കുഴൽ ഊതുന്നു...അഷ്ടപദിയോടുപമിക്കാവുന്ന ഈ സംഗീതത്തിന് പ്രകൃതി വേദി ഒരുക്കിയിരിക്കുന്നു...
ഞാൻ എന്റെ മുറിയുടെ ജനാല തുറന്നു... അവിടെ എനിക്ക് കാണാൻ കഴിഞ്ഞത് ഈ സംഗീതത്തിനൊപ്പം നൃത്തം വയ്ക്കുന്ന ഒരു പെൺകുട്ടിയെ ആണ്...നീളത്തിൽ മണ്ണിലൂടിഴയുന്ന വെള്ളമേഘങ്ങൾ പോലുള്ള വസ്ത്രം ധരിച്ച പെൺകുട്ടി....അവൾ ലാസ്യവും താണ്ഡവവും കോർത്തിണക്കി നൃത്തം വയ്ക്കുന്നു...
അവളുടെ മുഖം എനിക്ക് വ്യക്തമല്ല... പക്ഷേ... എവിടെയോ കണ്ടുമറന്ന രൂപം... " ഹേയ് പെണ്ണേ... ഒന്ന് തിരിഞ്ഞു നോക്കൂ... നീ ആരെന്ന് ഞാൻ ഒന്ന് കാണട്ടെ..." ഞാൻ വിളിച്ചു പറഞ്ഞു...പക്ഷേ അവളത് കേട്ടതായ്‌ തോന്നിയില്ല... അവൾ സ്വയം മറന്ന് നൃത്തം വയ്ക്കുകയായിരുന്നു....
നൃത്തത്തിന്റെ ഒരു ചുവടിനൊപ്പം ശിരസിളക്കിയപ്പോൾ അവളുടെ മുഖം എനിക്ക് മുൻപിൽ വ്യക്തമായി...അതേ എനിക്കവളെ അറിയാം... ദൈവമേ... അത് ഞാൻ തന്നെ അല്ലേ??? ഹോ!!! അതിനെനിക്ക്‌ നൃത്തം വശമില്ലല്ലോ...പിന്നെങ്ങനെ??? ഞാൻ ചിന്തിച്ചു...
അതേ... അത് ഞാൻ തന്നെയാണ്...ഓരോ ചുവടുകളും എത്ര താളത്തോടെയാണ്‌ ഞാൻ വെയ്ക്കുന്നത്...മുഖത്ത് സംഗീതത്തിനർത്ഥം മനസിലാക്കി ഉള്ള ഭാവങ്ങൾ മിന്നി മറയുന്നു...ഞാൻ അറിയാതെ എന്റെ നൃത്തത്തിൽ ലയിച്ചു നിന്നു...
പൊടുന്നനെ ശ്രുതി മാറി... ഇടക്കയ്ക്കു പകരം അസുരവാദ്യം ആക്കി മേഘങ്ങൾ...മഴയുടെ സംഗീതത്തിന് പോലും ശരവേഗം ഉള്ളതായി തോന്നി...ചുവടുകളുടെ വേഗത അവൾ കൂട്ടി നോക്കി... ഭാവം മറന്നവൾ താളം ചവിട്ടി...പക്ഷേ.. എനിക്ക് മനസ്സിലായി മാറുന്ന സംഗീതത്തിനൊപ്പം താളം ചവിട്ടാൻ അവൾക്കാവുന്നില്ല....
ഒരു കാറ്റ് പൊടിപറത്തിക്കൊണ്ട് എവിടെനിന്നോ കടന്നുവന്നു.... എന്റെ മുൻപിലെ ദൃശ്യങ്ങൾ ആ ധൂളിപടലത്തിൽ മറഞ്ഞു...പൊടി അകന്നപ്പോൾ എന്റെ മുറ്റം ശൂന്യമായിരുന്നു...മഴയുടെ നേർത്ത സംഗീതമില്ല... നൃത്തം വച്ച ഞാനില്ലവിടെ...കാറ്റിന്റെ ശ്രുതിയില്ല... ഇടയ്ക്കയുടെ സ്വരം ഇല്ല... ഒന്നും ഇല്ല....അപ്പുറത്തെ മവിൻകൊമ്പിലിരുന്ന് രണ്ട്‌ അണ്ണാറകണ്ണന്മാർ എന്തൊക്കെയോ കലപില പറയുന്നുണ്ടായിരുന്നു....
കണ്ണ് തിരുമ്മി ഞാൻ എന്റെ മുൻപിൽ ഇരുന്ന സൈക്കോളജി പുസ്തകത്തിലേക്ക് നോക്കി... വീണ്ടും എന്തെങ്കിലും സ്വപ്നത്തിനുള്ള സ്കോപ്പ് ഉണ്ടോ എന്നറിയാൻ....
നിഷ ബിബിൻ
( B.Ed പരീക്ഷാ സമയത്തു എഴുതിയതാണ്...2007 )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo