Slider

ആനന്ദക്കണ്ണീർ

0


ഐശ്വര്യ... ബിസ്നസ് അഡ്മിനിസ്ട്രേഷന് പഠിക്കുന്ന വിദ്യാർത്ഥിനി... അതിനേക്കാളുപരി കോളേജിലെ അധ്യാപകർക്കിടയിലും കൂട്ടുകാർക്കിടയിലും സ്റ്റാർ.ആർക്കും ഇഷ്ടം തോന്നുന്ന പെരുമാറ്റം.കോളേജ് ജീവിതത്തിനിടയിൽ ഒരിക്കൽ പോലും ആരേയും വെറുപ്പ് സമ്പാദിക്കാത്തവൾ. അതു കൊണ്ടു തന്നെ അധ്യാപകർക്കും കൂട്ടുകാർക്കും അവൾ പ്രിയങ്കരിയായി.ആടിക്കളിക്കുന്ന തലമുടി, നിഷ്കളങ്കമായ പുഞ്ചിരി ,ആരും ഒന്നു നോക്കിപ്പോകുന്ന സൗന്ദര്യം , എല്ലാവരോടും സൗഹൃദം കാണിക്കുന്നവർ, ആൺക്കുട്ടികളിൽ ഒട്ടുമിക്ക പേരുടേയും ആരാധികയായിരുന്നു അവൾ. പക്ഷേ.. ക്യാമ്പസ് പ്രണയങ്ങളിൽ ആർത്തുല്ലസിക്കുന്ന കോളേജ് സംഘത്തിന് അവളെന്നും അത്ഭുതമായിരുന്നു. ഒരാളുടെ വാക്കിലും വീഴാത്തവൾ. അവളുടെ തെന്ന് പറയാൻ ആരുമില്ലായിരുന്നുവെങ്കിലും എല്ലാവരുടെയും പ്രീതി അവൾ പിടിച്ചു പറ്റി. ഇനി വീട്ടിലാകട്ടേ.. ഡോക്ടറായ അച്ഛന്റേയും അമ്മയുടെയും മൂത്ത മകൾ, താഴെ ഒരു അനിയത്തി ക്കുട്ടി . ഐശ്വര്യ വീട്ടിലേയും എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു .ഹോസ്റ്റലിൽ നിന്ന് അവൾ വീട്ടിലെത്തുന്ന ദിവസം അവിടെ ഒരു ഉത്സവത്തിന്റെ ആരവമായിരിക്കും. തിരിച്ചു അവൾ ഹോസ്റ്റലിലേക്ക് മടങ്ങിയാൽ ഒരാഴ്ചത്തേക്ക് ആ വീട് ഒരു മരണ വീട് പോലെയാണ്. അങ്ങനെ ഒരു ഓണാവധിക്ക് വീട്ടിലേക്ക് പോകാൻ കൂട്ടുകാരുമൊത്ത് അവൾ തിരുവനന്തപുരം സെൻട്രൽ റെയിൽ വേ സ്റ്റേഷനിലെത്തി. ഒരു മനോഹരമായ ഗാനം കാതോർത്തു കൊണ്ട് അവളുടെ കാലടികൾ അങ്ങോട്ടു ചലിച്ചു. കൂടെ കൂട്ടുകാരികളും. ആ മധുര സ്വരത്തിന്റെ ഉടമയെ കണ്ട അവർ ഞെട്ടിപ്പോയി. ഏകദേശം മുപ്പത് വയസ് പ്രായം. ചുക്കിച്ചുളിഞ്ഞതാണെങ്കിലും വൃത്തിയുള്ള ലുങ്കി. ഒരു നീളൻ കുപ്പായം.. അയാൾ പാടുകയാണ്. ആ ശബ്ദം കേൾക്കാൻ അവിടെ തടിച്ചു കൂടിയ ജനക്കൂട്ടത്തെ കണ്ട് അതിശയിക്കാൻ അയാളുടെ ലോകം ഇരുട്ടായിരുന്നു.. അതെ, അന്ധനായിരുന്നു അദ്ദേഹം. ആ മനോഹര ഗാനം അവസാനിച്ചപ്പോൾ പലയിടത്തു നിന്ന് പറന്നു വരുന്ന പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ അദ്ദേഹത്തിന്റെ പണപ്പെട്ടിയെ ലക്ഷ്യമാക്കി നീങ്ങി.ആ വലിയ കലാകാരന് ഐശ്വര്യയും ഒരു നൂറു രൂപ നോട്ട് കൊടുത്തു. പിന്നെ നാട്ടിലേക്ക് train കയറി. അവിടെ അവളെ സ്വീകരിക്കാൻ ബന്ധുക്കളെല്ലാം കൂടി ചെറിയ ഒരു കല്യാണത്തിന്റെ ആളുകളുണ്ടായിരുന്നു. എല്ലാവരും അവളെ സ്നേഹം കൊണ്ടു വീർപ്പു മുട്ടിച്ചു. പക്ഷേ അവളുടെ പുഞ്ചിരിക്ക് മങ്ങലേറ്റു തുടങ്ങിയിരുന്നു. വിരുന്നും വിരുന്നുകാരുമായി ആ വീടിന്റെ ആഘോഷങ്ങളിൽ അത് ആരുടേയും കണ്ണിൽപ്പെട്ടില്ല. ഒരിക്കൽ പോലും ലോകം കാണാത്ത , സന്തോഷം കൊണ്ട് കണ്ണ് നിറയാത്ത ആ ഗായകനായിരുന്നു അവളുടെ മനസിൽ. അടിച്ചു പൊളിച്ച് തീർക്കുന്ന ജീവിതങ്ങളോട് അവൾക്ക് പുച്ഛം തോന്നി. പത്ത് ദിവസത്തെ അവധിയും ഓണാഘോഷവും കഴിഞ്ഞ് അവൾ ഹോസ്റ്റലിലേക്ക് തിരിച്ചു പോകുന്നു. അതേ റെയിൽ വേ സ്റ്റേഷനിൽ എത്തിയ അവളും ഒരു നിമിഷം അന്ധയായിരുന്നു. ചുറ്റുമുള്ളതൊന്നും അവൾ കണ്ടില്ല. ആ ഗയകനെ തിരയുകയായിരുന്നു ആ കണ്ണുകൾ. മറ്റൊരു ഗാനം ആലപിച്ചു കൊണ്ട് അദ്ദേഹം അവിടെത്തന്നെ ഇടം പിടിച്ചിരുന്നു. ആ വരികൾ ആസ്വദിച്ച് ആളുകൾ പിരിയും വരെ അവൾ അവിടെ ഇരുന്നു. ആളുകൾ ഒഴിഞ്ഞെന്നായപ്പോൾ അവൾ അയാൾക്കരികിലേക്ക് നീങ്ങി സ്വയം പരിചയപ്പെടുത്തി. അയാളുടെ ശബ്ദ മാധുര്യത്തിന് ആശംസകളറിയിച്ചപ്പോൾ ആ മുഖത്തെ കൗതുകം അവൾക്ക് കാണാമായിരുന്നു. അയാളുടെ പണപ്പെട്ടിയിൽ നിറയുന്ന പണത്തേക്കാൾ എത്രയോ മഹത്വമുള്ളതായിരുന്നു അദ്ദേഹത്തിന് ആ അംഗീകാരം.തിരിച്ചു വരുമ്പോൾ പേര് ചോദിക്കാനും അവൾ മറന്നില്ല. രാജീവ്.
കോളേജിലെത്തി അവൾ പതിവു കാര്യങ്ങളിൽ മുഴുകി. പിന്നീടങ്ങോട്ട് വീട്ടിലേക്കുള്ള ഓരോ യാത്രകളും അവൾക്ക് സമ്മാനിച്ചത് പുത്തൻ അനുഭവങ്ങളായിരുന്നു. ആ ഈരടികൾ അവളുടെ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു. അതിലുപരി രാജീവ് എന്ന ആ കലാകാരനെ അവൾ ബഹുമാനിച്ചു തുടങ്ങി.ഒരു വൈകുന്നേരം അവൾ അയാളോട് ഒരുപാട് സംസാരിച്ചു.വീട്ടിൽ അമ്മയും രണ്ട് സഹോദരൻമാരും ഒരു സഹോദരിയുമുണ്ട്. നാട്ടിൽ നിന്നു മാറി റയിൽ വേ സ്റ്റേഷനിടുത്ത് ഒരു പീടിക മുറിയിൽ രണ്ടായിരം രൂപ മാസ വാടക കൊടുത്ത് താമസം. വീട്ടിൽ താമസിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയിലൊതുക്കി അയാൾ. അങ്ങനെ അവൾ അയാളെ താമസ സ്ഥലത്തേക്ക് എത്തിച്ച ശേഷം എന്നും യാത്ര പറയും. ക്യാമ്പസിൽ എല്ലാവരും കൊതിച്ച അവളുടെ പ്രണയം അയാളിൽ ചെന്നുടക്കുകയായിരുന്നു. അയാളുടെ ജീവിതത്തിലും അവളൊരു വെളിച്ചമായി മാറി .പക്ഷേ വീട്ടുകാരുടെ കണ്ണിലുണ്ണിയായ അവളുടെ കല്ല്യാണം അവരുടെ വലിയ സ്വപ്നമായിരുന്നു.അവർക്കുമുണ്ടായിരുന്നു സങ്കൽപ്പങ്ങൾ. ആലോചനകൾ ഓരോന്നു വരുമ്പോഴും അച്ഛൻ പല വഴിക്ക് ആലോചിച്ചു. എല്ലാം കൊണ്ടും നല്ല ഒരു വരനെ തന്നെ കണ്ടെത്തി ആ മാതാപിതാക്കൾ അഭിപ്രായം അവളെ അറിയിച്ചു. പക്ഷേ അന്ധനായ ആ തെരിവു ഗായകനെ അവൾ പ്രണയിക്കുന്നെന്നറിഞ്ഞപ്പോൾ ആദ്യം വീട്ടുകാർ വിശ്വസിച്ചില്ല. അവളുടെ തീരുമാനം ഉറച്ചതാണെന്നറിഞ്ഞപ്പോൾ അമ്മ അവളെ പല വഴിക്ക് ഉപദേശിച്ചു. പക്ഷേ ജീവിതത്തിൽ ഒരു സ്വപ്നവും പ്രതീക്ഷയുമില്ലാതെ പാടിപ്പാടിയെല്ലാം മറന്ന രാജീവിനെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച് വഞ്ചിക്കാൻ അവൾക്ക് കഴിഞ്ഞില്ല. ശാപവാക്കുകളും വെറുപ്പും ഏറ്റുവാങ്ങി അവൾ ആ സ്വർഗ വീട്ടിൽ നിന്ന് എന്നെന്നേക്കുമായി പടിയിറങ്ങി. മാസ്റ്റർ ഓഫ് ബിസ്നസ് അഡ്മിനിസ്ട്രേഷനിൽ ഉയർന്ന മാർക്കോടെ അവൾ പാസായി. പoനത്തിൽ മികവു തെളിയിച്ച അവൾക്ക് ഒരു ജോലി കിട്ടാനും ബുദ്ധിമുട്ടേണ്ടി വന്നില്ല. തിരുവനന്തപുരത്ത് ഒരു ലീഡിംഗ് കമ്പനിയിൽ അവൾ മനേജറായി ചാർജെടുത്തു. കുറച്ചു കോളേജ് കൂട്ടുകാരുടെ സഹായത്തോടെ ലളിതമായി അവരുടെ വിവാഹം കഴിഞ്ഞു. വിവാഹം ലളിതമായെങ്കിലും രാജീവിന് തന്റെ ജീവിതം ആർഭാടമായിരുന്നു. ഐശ്വര്യയുടെ സഹായത്തോടെ അയാൾ നല്ലൊരു സംഗീത സംഘം രൂപീകരിച്ചു.വിവിധ പരിപാടികളിലേക്ക് അയാളെ തേടി ആളുകൾ ആ സ്നേഹ വീട്ടിലേക്ക് ഒഴുകി കൊണ്ടിരുന്നു. അങ്ങനെ അയാൾ പ്രശസ്തനായ ഗായകനായി മാറി. തന്റെ ഗാനം ആദ്യം കേട്ട അന്ന് ഐശ്വര്യ മനസ്സിലാക്കിയിരുന്നു.. ആ ശബ്ദം റെയിൽ വേ സ്റ്റേഷനിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ലെന്ന്. ഇന്ന് അദ്ദേഹം ഒരു ചാനൽ ഇന്റർവ്യൂവിൽ സംസാരിക്കുകയാണ്..
'എനിക്കിന്ന് രണ്ട് കണ്ണുകളുണ്ട്. പക്ഷേ അത് എന്റെ പ്രിയതമയുടെ മുഖത്താണുള്ളത്. അതിലൂടെ ഞാൻ കാണുന്നുണ്ട് ഈ ലോകം എത്ര സുന്ദരമാണെന്ന്.' ഒടുവിലെപ്പോഴോ അയാളുടെ വാക്കുകൾ ഇടറി....
' ജൻമം തന്ന അമ്മ കൂടി എന്നോടൊരു നല്ല വാക്ക് പറഞ്ഞിട്ടില്ല.പക്ഷേ കഴിഞ്ഞ പതിനെട്ട് വർഷം ഒന്നിച്ച് ജീവിച്ചിട്ടും ഓരോ ദിവസം കൂടുന്തോറും തന്റെ ഐശ്വര്യ പതിന്മടങ്ങ് സന്തോഷത്തിലാണ്.ഒരു വാക്കു കൊണ്ട് പോലും ഞങ്ങൾക്ക് പിണങ്ങേണ്ടി വന്നില്ല..ഞാൻ കണ്ട ദൈവം.... അത് അവൾ തന്നെ'
വേദനകളെ മറന്ന് സങ്കടങ്ങളെ അടച്ചു പൂട്ടി പാട്ടിന്റെ ഈരടികളിൽ ജീവിച്ച അയാളുടെ കണ്ണുകൾ ജീവിതത്തിലാദ്യമായി നിറഞ്ഞൊഴുകി.
വീട്ടിൽ ടി വി ക്ക് മുന്നിലിരിക്കുന്ന ഐശ്വര്യ മൂന്ന് മക്കളേയും ചേർത്തിരുത്തി അത് കാണുന്നുണ്ടായിരുന്നു. ആ കുഞ്ഞുങ്ങളുടെ കയ്യിലൂടെ അവളുടെ കണ്ണുനീർ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. പക്ഷേ വേദനയോടെ അല്ല.. അഭിമാനത്തോടെ... ആത്മസംതൃപ്തിയോടെ... ആനന്ദക്കണ്ണീർ.....
നാം കണ്ടിട്ടും കാണാതെ പോകുന്ന പല ജീവിതങ്ങളുണ്ട്. ഒന്ന് വെള്ളമൊഴിക്കാൻ സന്മനസ് കാണിച്ചാൽ പൂത്തു തളിർക്കുന്ന ഒരു പാട് നന്മ മരങ്ങളുണ്ട്. മറ്റുള്ളവരുടെ ജീവിത വളർച്ചയിൽ സന്തോഷം കണ്ടെത്തി ജീവിതം സ്വർഗ്ഗമാക്കുന്ന സ്ത്രീകളും അനവധിയാണ്....
-ഉനൈസ സി കെ
മോങ്ങം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo