ഗദ്ദാമ : The Maid:
~~~~~~~~~~~~
ക്യാഷ് ബോക്സ് എടുത്തു വണ്ടിയിൽ വച്ച്, ദുഖാനിലെ സൈറ്റ് ഓഫീസിൽ നിന്നും വണ്ടിയെടുക്കുമ്പോൾ ആറര കഴിഞ്ഞിരുന്നു. ഒന്നാം തീയതിയാണ്. എടിഎം കാർഡില്ലാത്ത ജോലിക്കാർക്കുള്ള ശമ്പളവുമായി ദോഹയിലെ ഓഫീസിൽ നിന്നും ഉച്ചക്കിറങ്ങിയതാണ്.എല്ലാവർക്കും ശമ്പളം കൊടുത്തു കഴിഞ്ഞപ്പോൾ ആറുമണിയായി. ക്യാഷ് ബോക്സിൽ ബാക്കി പണം ഇരിപ്പുണ്ട്. എട്ടുമണിക്ക് മുൻപ് അത് ഓഫീസിലെ ലോക്കറിൽ തിരിച്ചു വയ്ക്കണം. വണ്ടിയിലെ ജി പി എസ് സെക്യൂരിറ്റി സിസ്റ്റം ഓൺ ചെയ്ത് ദോഹ ഓഫീസിലെ കൺട്രോൾ റൂമിൽ കണക്ട് ചെയ്തു. ആക്‌സിലേറ്റർ ഞെരിച്ച് 110 കിലോമീറ്റർ സ്പീഡിലാക്കി ക്രൂയ്സർ ലിവർ സെറ്റ് ചെയ്തു. വണ്ടി പറന്നു തുടങ്ങി. തിരിഞ്ഞു നോക്കി പണപ്പെട്ടി സീറ്റിൽ തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തി. നല്ല ക്ഷീണം തോന്നി. കണ്ണുകൾ അടയുന്നത് പോലെ. സ്റ്റീരിയോ ഓൺ ചെയ്ത് തേസാബിലെ ഏക് ദോ തീൻ ഗാനം ഫുൾ വോള്യത്തിൽ വച്ചു. എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണത്. ക്ഷീണം മാറാൻ ബെസ്ററ്.
ദുഖാനിൽ നിന്നും ദോഹയിലെത്താൻ ഏകദേശം 140 കിലോമീറ്റർ ഉണ്ട്. ഉം ബാബ് കഴിഞ്ഞാൽ സാൽവ റോഡിൽ എത്തുന്നത് വരെ വിജനമായ റോഡാണ്. ഇരുവശവും അനന്തമായ മണൽക്കാടുകൾ. നിരനിരയായി ചീറിപ്പാഞ്ഞു വരുന്ന ഭാരം കയറ്റിയ ട്രക്കുകൾ. റോഡിനിരുവശവും ഇരുട്ട് കൊണ്ട് മൂടപ്പെട്ടിരുന്നു. ഇരുവശത്തുകൂടിയും പോകുന്ന, പെരുമ്പാമ്പിനെപ്പോലെ തോന്നിപ്പിക്കുന്ന, എണ്ണക്കമ്പനികളുടെ വാതക പൈപ്പ് ലൈനുകൾ.
ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് എന്റെ വണ്ടി മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു.
ഉം ബാബ് കഴിഞ്ഞ് ഏകദേശം 40 കിലോമിറ്റർ പിന്നിട്ട് കാണും. കുറച്ചു ദൂരെയായി വലത് വശത്തെ മണൽക്കാട്ടിൽ നിന്നും ഒരു 4×4 പിക് അപ്പ് വാൻ പെട്ടെന്ന് റോഡിലേക്കിറങ്ങി വെട്ടിത്തിരിഞ്ഞ്, അതിവേഗം പോകുന്നത് കണ്ടു. അതിന്റെ പിന്നിലെ ചുവപ്പ് വെളിച്ചം അതിവേഗം ദൂരെ മറഞ്ഞു.ഏകദേശം ഇരുന്നൂറ് വാര മുന്നോട്ട് ചെന്നപ്പോൾ വലത് വശത്തെ മണൽക്കാട്ടിൽ നിന്നും ഒരു കറുത്ത രൂപം വണ്ടിയുടെ മുന്നിലേക്ക് എടുത്ത് ചാടി. ഞാൻ ഒരലർച്ചയോടെ വണ്ടിയുടെ ബ്രേക്കിൽ ആഞ്ഞു ചവിട്ടി. ക്രൂയ്സർ സിസ്റ്റം ഓഫ് ആയി. വണ്ടി അലറിക്കൊണ്ട് നിരങ്ങി നീങ്ങി ഒരു കുലുക്കത്തോടെ നിന്നു. അപ്പോഴേക്കും ആ രൂപം വണ്ടിയുടെ ബോണറ്റിലേക്ക് വന്നടിച്ച് താഴെ വീണു. ഞാൻ ഞെട്ടലോടെ ഡോർ തുറന്നു പുറത്തിറങ്ങി. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ വണ്ടിയുടെ മുന്നിലായി ആ കറുത്ത രൂപം വീണുകിടക്കുന്നു. ഞാൻ വണ്ടിയുടെ മുന്നിലേക്ക് ചെന്നു. കാഴ്ച്ച കുറേക്കൂടി വ്യക്തമായി. പർദ്ദ ധരിച്ച ഒരു സ്ത്രീ വേദനകൊണ്ട് പുളയുന്നു. നെറ്റി പൊട്ടി ചോരയൊഴുകുന്നത് നീങ്ങിയ മുഖാവരണത്തിലൂടെ കാണാം. ഞാൻ ഓടി അടുത്ത് ചെന്നു. അവരെ താങ്ങി എഴുന്നേൽപ്പിച്ചു. ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ അപ്പോൾ ആ മുഖം ഞാൻ വ്യക്തമായി കണ്ടു. ഒരു നിമിഷം ഞാൻ വിറങ്ങലിച്ചു നിന്നു. നാട്ടിലെ എന്റെ വീടിനടുത്തുള്ള ജമീല താത്ത.അവരുടെ വസ്ത്രങ്ങൾ പലയിടത്തും കീറിപ്പറിഞ്ഞിരുന്നു. 40 വയസ്സ് പ്രായം വരും. എന്നെ തോളത്തെടുത്ത് നടന്നിട്ടുള്ള, എന്റെ അമ്മയെപ്പോലെ ഞാൻ കരുതുന്ന സ്ത്രീ. രണ്ട് വർഷം മുൻപ് അവർ ഹൗസ് മെയ്ഡ് വിസയിൽ ഇവിടെ എത്തിയതായി കേട്ടിരുന്നെങ്കിലും ഇതുവരെ കാണാൻ കഴിഞ്ഞിരുന്നില്ല. മീൻ കച്ചവടം നടത്തിയിരുന്ന ഭർത്താവ് ഇസ്മായിൽ ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടതിനു ശേഷമാണ്, പറക്കമുറ്റാത്ത രണ്ട് പെൺമക്കളെയും വീട്ടിലാക്കി അവർ വിമാനം കയറിയത്.
അവർ വിങ്ങിക്കരയുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞു " ഇത്താ.. പേടിക്കണ്ട.. ഇത് ഞാനാണ് മോഹൻ.. എന്ത് പറ്റി.. ഇത്തയെന്താണ് ഇവിടെ.. "
മറുപടി പറയാതെ എന്റെ മുഖത്തേക്ക് നോക്കി അവർ വിങ്ങിപ്പൊട്ടി. കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു. " വരൂ. " ഞാനവരെ താങ്ങിപ്പിടിച്ച് വണ്ടിയിൽ കയറ്റിയിട്ട് വണ്ടി റോഡിന്റെ വലതുവശത്തേക്ക് ഒതുക്കിയിട്ടു. കുപ്പി തുറന്ന് വെള്ളം കുടിക്കാൻ കൊടുത്തു. ഞാൻ വണ്ടിയിലെ ഫസ്റ്റ് എയ്ഡ് ബോക്സ് തുറന്ന് നെറ്റിയിലെ മുറിവ് കെട്ടാൻ ശ്രമിച്ചെങ്കിലും ചോര നിൽക്കുന്നുണ്ടായിരുന്നില്ല. റോഡിലേക്ക് ചാടിയപ്പോൾ തല തറയിലിടിച്ചതാണ്. ഞാൻ ഫോൺ എടുത്ത് ആംബുലൻസ് നമ്പർ ഡയൽ ചെയ്യാൻ തുടങ്ങിയപ്പോൾ അവർ എന്റെ കയ്യിൽ പിടിച്ചിട്ട് തലയാട്ടി. " വേണ്ട മോനെ പ്രശ്നമാകും.. നിക്ക് എങ്ങനേലും നാട്ടിൽ പോയാൽ മതി.. " അവരുടെ കണ്ണിൽ നിന്നും ചുടുകണങ്ങൾ അടർന്നു വീണുകൊണ്ടിരുന്നു. " എന്താ പറ്റിയത് പറയൂ.. " ഞാൻ നിർബന്ധിച്ചപ്പോൾ അവർ പറയാൻ തുടങ്ങി. ഷമീർ.. അതായിരുന്നു അവന്റെ പേര്. ഇത്ത ജോലി ചെയ്യുന്ന വീട്ടിലെ തന്നെ ഹൌസ് ഡ്രൈവർ. എല്ലാമാസവും അവന്റെ കയ്യിൽ കൊടുത്തുവിട്ടാണ് ഇത്താ പൈസാ നാട്ടിലേക്ക് അയച്ചിരുന്നത്. എന്നാൽ ഇത്തവണ പൈസാ അയക്കാൻ ഇത്ത കൂടി അവന്റെ കൂടെ ചെല്ലണമെന്ന് അവൻ പറഞ്ഞു. അവന്റെ "പത്തക്ക " പുതുക്കാൻ കൊടുത്തിരിക്കുകയാണത്രെ. അങ്ങനെയാണ് വൈകിട്ട് അവന്റെ കൂടെ അവന്റെ വണ്ടിയിൽ പൈസാ അയക്കാനായി പോയത്. എന്നാൽ നഗരത്തിന്റെ റോഡുകളിൽ നിന്ന് മാറി അവന്റെ വണ്ടി ഉൾവഴികളിലേക്ക് തിരിയുന്നത് തിരിയുന്നത് കണ്ടപ്പോൾ അവർ സംശയം പ്രകടിപ്പിച്ചപ്പോൾ എളുപ്പവഴി ആണെന്നായിരുന്നു അവന്റെ മറുപടി. എന്നാൽ അവൻ വണ്ടി കൊണ്ടുപോയി നിർത്തിയത് നഗരത്തിൽ നിന്നും വളരെയകലെ മരുഭൂമിയുടെ നടുക്കായിരുന്നു. വിജനമായ മണൽക്കാട്. നിലവിളിച്ചാൽ പോലും കേൾക്കാൻ ആരുമില്ലാത്തയിടം. അവിടെയെത്തിയപ്പോൾ അവന്റെ ഭാവം മാറി. അവന്റെ ഇംഗിതത്തിന് വഴങ്ങാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ അവൻ കടന്നുപിടിച്ചു. വഴങ്ങിയില്ലെങ്കിൽ കൊന്നു കുഴിച്ചു മൂടുമെന്ന് പറഞ്ഞു. അവിടെനിന്ന് രക്ഷപെട്ട് ഓടാൻ ശ്രമിക്കുന്നതിനിടയിലാണ് എന്റെ വണ്ടിയുടെ മുൻപിൽ അബദ്ധത്തിൽ ചാടിയത്. " എത്ര പ്രാവശ്യം എന്റെ കൈ കൊണ്ട് വച്ചുവിളമ്പി കൊടുത്തതാണ് അവന്... എന്റെ ഇളയ ആങ്ങളയുടെ പ്രായം പോലുമില്ല അവന്.. കൊയിലാണ്ടിക്കാരനാ അവൻ.. നായ്.. "അവർ പറഞ്ഞു നിർത്തി. അപ്പോഴും അവരുടെ നെറ്റിയിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു.
"എനിക്ക് എങ്ങനേലും നാട്ടിപ്പോയാ മതി മോനെ.. മടുത്തു.. ഇനി വയ്യാ.. സ്പോൺസർ അറിഞ്ഞാൽ വിടില്ല... " അവർ തേങ്ങി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഫോണെടുത്ത് ഇന്ത്യൻ എംബസ്സിയുടെ ഹോട്ട് ലൈനിൽ വിളിച്ച് കാര്യം പറഞ്ഞ് സഹായം ആവശ്യപ്പെട്ടു. മിനിറ്റുകൾക്കുള്ളിൽ, അവരുടെ നിർദ്ദേശപ്രകാരം ഞങ്ങളുടെ അടുത്തേക്ക് പോലീസും ആംബുലൻസും എത്തിച്ചേർന്നു. ഇത്തക്ക് ഫസ്റ്റ് എയ്ഡ് കൊടുത്തതിന് ശേഷം ഹോസ്പിറ്റലിലേക്ക് മാറ്റി, തുടർന്ന് എംബസ്സിയുടെ ഷെൽട്ടർ ഹോമിലേക്കും. ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു.
പിറ്റേന്ന് ഞാനും പോയിരുന്നു എയർപോർട്ടിൽ , ജമീലാത്തയെ യാത്രയാക്കാൻ. കുറച്ചു രൂപയടങ്ങിയ കവർ ഇത്തയുടെ കയ്യിലേൽപ്പിച്ചപ്പോൾ ആദ്യം മടിച്ചെങ്കിലും പിന്നെ വിറയ്ക്കുന്ന കരങ്ങളോടെ അവരത് വാങ്ങി. തുളുമ്പിയ മിഴികൾ തുടക്കാതെ, എന്നെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ അവർ എയർ പോർട്ടിനുള്ളിലേക്ക് നടക്കുന്നത് നോക്കി നിൽക്കെ എന്റെ കണ്ണുകളും തുളുമ്പിയിരുന്നു..
~~~~~~~~~~~~~~~~~~~~~~~~~~~~~~~
ബിനു കല്ലറക്കൽ ©
All the rights protected.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക