Slider

ലോ ലവൾ പിന്നേം ചിരിക്കുന്നു

0

പണ്ട് കോളേജിൽ പഠിക്കാൻ പോണ സമയത്ത് , സോറിട്ടോ , പഠിക്കണ സമയം , പിന്നേം തെറ്റി ,പോണ സമയം ( അതു മതി , അതാ കറക്റ്റ് ) . എന്നും അതിരാവിലെ കൃത്യം ഏഴരയ്ക്ക് തന്നെ ഞാൻ എഴുന്നേൽക്കും . പിന്നെ കുളിച്ചൊരുങ്ങി ഒരോട്ടമാ , എട്ടരയുടെ അയ്യപ്പൻ പിടിക്കാൻ . അതാകുമ്പോ ഒരു ബസ് കയറിയാൽ മതി . അല്ലെങ്കിൽ രണ്ടു ബസ് കയറണം . അയ്യപ്പൻ കിട്ടിയാൽ അമ്പതു പൈസ ലാഭിക്കാം . പൈസയ്ക്ക് ശ്ശി ബുദ്ധിമുട്ടാണെ..
അന്നേ ദിവസവും രാവിലെ റെഡിയായി അയ്യപ്പനിൽ കയറി . പുള്ളിക്കാരൻ ഒരു അയ്യോപാവിയാ . പയ്യനെയെ പോകൂ . ഒരു സുഖാ അതിലെ യാത്ര . ബസിലെ ജീവനക്കാർ എല്ലാം പരിചയക്കാരാ. അത് കൊണ്ട് കാണുമ്പോഴേ ടിക്കറ്റ് കീറി തരും . ചിലപ്പോഴൊക്കെ കടം പറയാറുമുണ്ട് . അന്നും പതിവില്ലാത്ത തിരക്കായിരുന്നിട്ടു കൂടി എനിക്ക് സീറ്റ് കിട്ടി . അതും സൈഡ് സീറ്റ്. എന്തായാലും കുശാലായി. കാറ്റും കൊള്ളാം പറ്റുമെങ്കിൽ ഒന്നുറങ്ങുകയും ചെയ്യാം .
അപ്പോഴാണ് അത് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് . മുന്നിൽ നിന്നും രണ്ടു വെള്ളാരങ്കണ്ണുകൾ എന്നെ നോക്കുന്നു . എന്നെത്തന്നെയാണോ ? അതേ, എന്നെ തന്നെ . ഇത് വരെ കണ്ടിട്ടില്ലാത്ത രണ്ടു കണ്ണുകൾ . എന്റെ നെഞ്ചിൽ തീ പടരാൻ തുടങ്ങി . എന്തോ ഒരു കാന്തശക്തിയുണ്ട് ആ കണ്ണുകൾക്ക് . ദേണ്ടെ പിന്നേം നോക്കുന്നു . ഞാനും നോക്കി, ബസിൽ എല്ലാരും ചേർന്നങ്ങു നോക്കി . എന്തൊരഴക്? എന്തൊരു ഭംഗി ? ശെടാ വിഷയം കയ്യീന്ന് പോയി .
ങ്ഹാ, അത് പോട്ടെ , വിഷയത്തിലേയ്ക്ക് വരാം . പുള്ളിക്കാരിയെ ഞാൻ ആദ്യം കാണുവാ . ഏതോ നല്ല തറവാട്ടിലെ കുട്ടിയാ . നെറ്റിയിലെ ചന്ദനത്തിന്റെ ഐശ്വര്യം മുഖത്തു തെളിഞ്ഞു കാണാം . നീണ്ടു വിരിച്ചിട്ടിരിക്കുന്ന മുടിയിൽ രണ്ടു തുളസിയില തിരുകി വെച്ചിരിക്കുന്നു . വിരിഞ്ഞ താമര പോലെയുള്ള കണ്ണുകൾ , മുല്ലപ്പൂ പോലുള്ള പല്ലുകൾ ,ഭംഗിയുള്ള കൂട്ടുപുരികങ്ങൾ , പിന്നെ ഉയരം ഭാഗ്യം കൊണ്ട് എന്റെ അത്രേയുള്ളൂ . ഹാവൂ ഭാഗ്യായി . നീളത്തിനു പറ്റിയത് കിട്ടിയല്ലോ .
അപ്പൊ ഇതാണ് കഴിഞ്ഞയാഴ്ച കൈ നോക്കി കാക്കാത്തി പറഞ്ഞത് . രാജകുമാരിയെപ്പോലെ ഒരു കുട്ടി വരുമെന്ന് . അപ്പൊ തന്നെ ഞാൻ നൂറു രൂപ കാക്കാത്തിയ്ക്കു കൊടുക്കുകയും ചെയ്താരുന്നു . പക്ഷെ ഇത്ര വേഗം വരുമെന്ന് കരുതീല്ല .
ബസിലെ പാട്ടുപെട്ടി വഴി ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിതറിയോളെ എന്ന പാട്ടു കേൾക്കുന്നു . . സന്ദർഭത്തിനു പറ്റിയ പാട്ടു തന്നെ . അല്ലാ ഈ ബസിനു ഇന്നെന്താ ഇത്ര സ്പീഡ് . ഒന്ന് പയ്യെ പോയാൽ പോരെ . അത്രേം നേരം എന്റെ രാജകുമാരിയെ കണ്ടു കൊണ്ടിരിക്കാല്ലോ .
എന്തായിരിക്കും പേര്. പാർവ്വതി എന്നാവും . എന്തായാലും ഞാൻ പാറൂന്നെ വിളിക്കൂ . എന്റെ പാറൂട്ടി . ഉടനെ പുതിയ ബൈക്ക് വാങ്ങണം . എന്നിട്ട് അവളേം പിറകിൽ ഇരുത്തി എങ്ങാണ്ടു എങ്ങാണ്ടൊക്കെ പോകണം . ദൈവമേ രാജകുമാരിയുടെ ഉടപ്പിറന്നോന്മാർ വന്നു പഞ്ഞിയ്ക്കിടുമോ ആവ്വോ??? എന്തായാലും ഞാൻ കട്ടയ്ക്ക് നിൽക്കും . മരണം വരെ പോരാടും .
ദാ കിടക്കുന്നു , എന്തൊക്കെയാ ഈ ആലോചിച്ചു കൂട്ടുന്നെ . പേര് പോലുമറിയില്ല . അപ്പോഴാ ...
എങ്ങനാ ഒന്ന് മിണ്ടുക . അപ്പോഴതാ പുള്ളിക്കാരത്തി എന്നെ നോക്കി കൈ വീശുന്നു . ഞാനും കൈ വീശി .
പിന്നല്ല , ഇനി നോക്കിക്കോ ഞാൻ നമ്പറും വാങ്ങും പറ്റുമെങ്കിൽ കെട്ടും ഉറപ്പിക്കും . എന്നോടാ കളി...
ഉടനെ ആംഗ്യഭാഷയിൽ പറയുവാ, വിളിക്കണേ, എന്റെ കയ്യിൽ ബാലൻസ് ഇല്ലാന്നു . യ്യ്യോ കഷ്ട്ടം . അതിനെന്താ ഞാൻ ചാർജ് ചെയ്തു തരാല്ലോ., നൂറു വേണോ അതോ അമ്പതു മതിയോ .
അപ്പൊ കുറച്ചു നാളായി എന്നെ ശ്രദ്ധിക്കുന്നു അല്ലേ,?? കള്ളീ....
പക്ഷെ ഒരു സംശയം ആ നോട്ടത്തിൽ ഒരു ദിശാവ്യതിയാനം ഇല്ലേ ? എന്നെത്തന്നെയാണോ . ഞാൻ പതിയെ ഒന്ന് തിരിഞ്ഞു നോക്കി . ശെരിക്കും ഞെട്ടി . ഒരു സോഡാക്കുപ്പി കണ്ണടയും കൂർപ്പിച്ചു മോളിലോട്ടു നോക്കിയിരിക്കണ മുടിയുമായി ഒരുത്തൻ എന്റെ പിറകിൽ ഇരിക്കുന്നു . ഓഹോ ?? അപ്പൊ ദിവൻ ആണല്ലേ ഞാൻ ട്യൂൺ ചെയ്യണ ചാനലിന്റെ ശരിക്കും മൊയലാളി .
പെട്ടന്നവൻ എന്നെയൊന്നു തോണ്ടിയിട്ട് പറയുവാ , ചേട്ടാ ഒന്ന് നീങ്ങിയിരിക്കുവോ കൊച്ചിനെ കാണാൻ വയ്യാന്ന്.
ങ്ഹാ, എന്റെ നെഞ്ചത്തോട്ട് കയറിയിരിയെടാ മുള്ളൻപന്നീ ....
അവന്റെയൊരു കണ്ണാടീം മുള്ളൻ മുടിയും . വല്യ ഷാരൂഖ് ഖാൻ ആണെന്നാ വിചാരം .
ലോ ലവൾ പിന്നേം ചിരിക്കുന്നു .
നിനക്കൊന്നും വേറെ പണിയില്ലേ പെണ്ണേ? അവളുടെയൊരു ഉണ്ടക്കണ്ണും, വട്ടമൂക്കും, ചാണാപ്പുളി മുടിയും . ശെരിക്കും ഒരു കൊരങ്ങു മുഖം .
ഇതാണോ ദേവത ? ഇത് ശൂർപ്പണഖയാണ് , ശൂർപ്പണഖ...
അല്ലേലും ആർക്കു വേണം ഈ പൂതത്തിനെ???!!!!!
പണ്ടാരം ഈ ബസിന് സ്പീഡും ഇല്ലേ ? ആ കാക്കാത്തിയെ ഒന്ന് കാണണം . രാജകുമാരി വരുമത്രെ രാജകുമാരി ....കൊടുത്ത കാശും പോയല്ലോ ഭഗവാനേ?????!!!!!!

By
Nithin Cleetus
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo