Slider

കനിവിന്റെ ഓർമ്മ

0

കനിവിന്റെ ഓർമ്മ
==============
അന്നും പതിവ് പോലെ നഗരത്തിലെ തിരക്കൊഴിഞ്ഞൊരു ഹോട്ടലിനു മുന്നില്‍ അവന്‍ കാത്ത് നിന്നു ...
അകത്തു നിന്നും ണിം ണോം എന്ന്‌ 10 വട്ടം അടിച്ചു നിന്നു ..... .
കടയടക്കാനുള്ള നേരമായി....
അവന്റെ കഥ അവനില്‍ നിന്ന് തന്നെ കേൾക്കാം.... .
ചേട്ടൻമാരേ ചേച്ചിമാരേ എന്റെ പേര് വേണു എനിക്ക് ഏകദേശം 9 വയസ്സ് പ്രായമുണ്ട് വേണു എന്നാണ് പേരെങ്കിലും അതാകെ വിളിക്കുന്നത് ആ പേരിട്ട അപ്പാപ്പൻ മാത്രമാണ് ...
ബാക്കിയുള്ളവരൊക്കെ ടാ തെണ്ടിചെക്കാ എന്നാണ് വിളിക്കാറ്....
ആദ്യമൊക്കെ കേൾക്കുമ്പോ വിഷമം തോന്നിയിരുന്നെങ്കിലും ഇപ്പോ ആരെങ്കിലും വിളിച്ചാല്‍ തെണ്ടി നിന്റപ്പനാടാ എന്ന് മനസ്സില്‍ പറഞ്ഞാണ് ഞാന്‍ ആശ്വസിക്കാറ്....
ഇപ്പോഴും അപ്പനും അമ്മയും ആരാണെന്ന് ചോദിച്ചാല്‍ " ആ " എന്ന് ഈണത്തില്‍ പാടാനേ എനിക്കറിയൂ....
കടത്തിണ്ണയാണെന്റെ വീട്....
അവിടെ കൂട്ടുകുടുംബത്തിനേക്കാളും വമ്പന്‍ ഫ്ളാറ്റുകളേക്കാളും വലിയ തിരക്കാണ് ....
ഒാരോരുത്തരും അവരവർക്കു പറ്റിയവരെ തിരഞ്ഞെടുത്ത് സ്ഥലവും പങ്കിട്ടെടുത്തിട്ടുണ്ട്.... എനിക്കു കിട്ടിയ സ്ഥലത്ത് കൂട്ടിനുള്ളത് ഒരപ്പാപ്പനും ഒരനിയനും മാത്രമാണ് ....
ശരിക്കും അപ്പാപ്പനും അനിയനുമാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല എങ്കിലും അവര്‍ എന്റെ അപ്പാപ്പനും അനിയനും ആണ്....
അപ്പാപ്പനും അനിയനും എണീറ്റു നടക്കാന്‍ വയ്യ ....
പ്രായവും പോളിയോയും അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വിലങ്ങിട്ടിരിക്കുകയാണ്... .
രാവിലെ മുതല്‍ ഞാന്‍ തെണ്ടാൻ പോകും ചിലദിവസം വല്ലതും കിട്ടും ചിലദിവസം ഒരു നേരത്തിനുള്ളത് കിട്ടും....
വല്ല പണിക്കോ മറ്റോ പോകാമെന്നു വെച്ചാല്‍ ഇവിടെ ബാലവേല നിരോധിച്ചിരിക്കുകയാണത്രേ....
പിള്ളേരൊക്കെ സ്കൂളില്‍ പോകണമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.....
ഇടാനൊരു ഡ്രസ്സ് പോലുമില്ലാതെ എങ്ങിനെയാ സ്കൂളില്‍ പോകുക....
അനാഥാലയങ്ങളിലൊക്കെ no admission ബോര്‍ഡ് തൂങ്ങി കിടക്കുന്നു ....
ഉറകൾക്കൊന്നും ഉറപ്പ് പോരാന്ന് അപ്പാപ്പൻ പറയുന്ന കേട്ടു .....
മാത്രമല്ല വല്ല പണിയും എടുക്കാമെന്ന് വിചാരിച്ചാല്‍ മുതലാളി മുതല്‍ അടിയാൻ വരെ എല്ലാവരും പറയും കള്ളക്കൂട്ടങ്ങളാ വിശ്വസിക്കരുത് കണ്ണു തെറ്റിയാ കട്ടോണ്ടു പോകും....
നേരിന് മുകളില്‍ വിശപ്പു നൃത്തമാടുമ്പോൾ ആരും കള്ളനാകും.....
അല്ലേലും കോടികള്‍ കക്കുന്നവർ കൊടിവെച്ച കാറില്‍ പോകുമ്പോള്‍ അവരെ സല്യൂട്ട് ചെയ്യുന്നവരാണ് വല്ല അരമുറി തേങ്ങയോ ഒരു പഴത്തിന്റെ പകുതിയോ എടുക്കുന്ന എന്നെ കള്ളനെന്നു വിളിക്കുന്നത്.....
കോടികള്‍ മോഷണത്തിന്റെ പരിധിക്കു പുറത്തായിരിക്കും....
എനിക്ക് കിട്ടിയ തല്ലിന്റെ പാതിയേലും അവര്‍ക്ക് കിട്ടിയിരുന്നേൽ അവരൊക്കെ എന്നേ പുണ്യാളൻമാരായേനെ....
എന്റെ മുഖത്ത് കള്ള ലക്ഷണം ആണത്രേ.....
അതെങ്ങെനെയാ വന്നതെന്നോ എന്താണെന്നോ എനിക്കറിയില്ല ......
എന്റെ മുന്നില്‍ കാണുന്ന ആളുകളുടെ മുഖത്ത് കാണുന്നതല്ലേ എന്റെ മുഖത്തും ഉണ്ടാകൂ.....
എന്റെ സംസാരം മുതിർന്ന ഒരാളെ പോലെ തോന്നുന്നുണ്ടല്ലേ....
ഉണ്ടാവും അതീ തെരുവിൽ വളരുന്നതിന്റെയാ....
ചിലപ്പോ നിങ്ങൾക്കുള്ളതിനേക്കാളും അനുഭവത്തിന്റെ അറിവ് എനിക്കുണ്ടാകും....
എന്നും വൈകീട്ട് ഞാൻ ഈ ഹോട്ടലിന്റെ മുന്നില്‍ വരും ഒരുപാട് തപ്പിയിട്ടാ ഇത് കണ്ട് പിടിച്ചത്.....
വല്യ കച്ചവടമൊന്നുമില്ല അത് കാരണം 10 മണിയാകുമ്പോ പൂട്ടും മിക്കവാറും സാധനങ്ങള്‍ ബാക്കിയുണ്ടാകും എന്നാലും ഇന്നാടാ കൊണ്ട് പോയി തിന്നോ എന്ന് പറഞ്ഞ് തരില്ല .......
കൊണ്ട് പോയി വേസ്റ്റ് കൊട്ടയിൽ ഇടും...... അവരെല്ലാം പോയി എന്ന് ഉറപ്പാകുമ്പോൾ പോയി എടുക്കും അപ്പാപ്പനും അനിയനും എനിക്കും ഉള്ളത് .....
അങ്ങിനെ ഒരു ദിവസം എടുക്കുമ്പോളാണ് ഒരു കൈ വന്ന് പിടിച്ചത്....
കിടുങ്ങിപ്പോയി തല്ല് ഉറപ്പാണെന്ന് ഉറപ്പിച്ചു കണ്ണടച്ചു തയ്യാറായി നിന്നു ....
" എന്താടാ ഈ കാണിക്കുന്നത് " ഗൌരവത്തിലാണ് ചോദ്യം അത്യാവശ്യം നല്ല രീതിയില്‍ വെള്ളമടിച്ചിട്ടും ഉണ്ട് ....
പെട്ടു എന്നുറപ്പിച്ചു വിക്കി വിക്കി പറഞ്ഞു " വിശന്നിട്ടാ..... "
"വിശന്നാൽ വേസ്റ്റ് കുട്ടയിൽ നിന്നാണോ തിന്നുന്നത് "അടുത്ത ചോദ്യം ......
ആദ്യം തോന്നി കളിയാക്കുകയാണെന്ന് ഇത് തന്നെ കണ്ട് പിടിച്ചത് ഭാഗ്യം എന്ന് ആശ്വസിച്ചിരിക്കുമ്പോളാ ഒാരോ കുടിയന്‍മാർ മണ്ടൻ ചോദ്യവുമായി വരുന്നത് .....
"നിന്നോടാ ചോദിച്ചത് .... "
" ഞാനിവിടുന്നാ കഴിക്കാറ് " ഉത്തരം പറഞ്ഞു .....
" കടയില്‍ പോയി കഴിക്കണം ...." ദേ പിന്നേം .....
" കാശില്ല........ "
"കാശ് കുട്ടപ്പന്‍ തരും കുട്ടപ്പനു കാശ് പുല്ലാ...."
ആദ്യം ഒന്നും പിടിത്തം കിട്ടിയില്ല ....
ഇനി ദൈവം കള്ള് കുടിയന്റെ രൂപത്തില്‍ വന്നതാണോ....
എന്തായാലും കുടിച്ചാൽ ആളുകള്‍ക്ക് ഭ്രാന്താണെന്ന അറിവിനേറ്റ ആദ്യത്തെ ശക്തമായ തിരിച്ചടിയായിരുന്നു അത് .... .
പോയി അക്കൂടെ.....
തട്ടുകടയിൽ നിന്നും ഭക്ഷണം വയറു നിറച്ചു കഴിച്ചു അന്തസ്സോടെ .......
മടിച്ചു മടിച്ചു ചോദിച്ചു "അപ്പാപ്പനും അനിയനും ...... "
"മേടിച്ചോണ്ടു പോടാ....." അലർച്ച ..... വാങ്ങി .....
പോകാന്‍ നേരം അടുത്ത കൽപ്പന " നാളെ മുതല്‍ നിനക്ക് എന്തു വേണമെങ്കിലും കഴിക്കണമെങ്കിൽ ഇവിടെ വന്ന് കഴിച്ചോ.... ഇനി ആ വേസ്റ്റ് കുട്ടയുടെ അടുത്തെങ്ങാനും നിന്നെ കണ്ടാല്‍ കൊന്നു കളയും മനസ്സിലായോടാ......"
തലയാട്ടി ലോകാവസാനം ആകാറായോ എന്നായിരുന്നു തിരിച്ചു നടക്കുമ്പോള്‍ ചിന്ത ....
അന്ന് മുതല്‍ കഴിഞ്ഞാഴ്ച വരെ കുശാലായിരുന്നു ....
കുട്ടപ്പന്‍ ചേട്ടന്‍ ടൌണിലെ യൂണിയന്‍കാരനായിരുന്നു മക്കളെ പഠിപ്പിച്ചു വലുതാക്കി നല്ല ജോലിക്കാരുമായി......
അപ്പോ ഈ മക്കൾക്കൊക്കെ തോന്നുന്ന ഈഗോ മക്കള്‍ക്കും തോന്നി .......
മക്കള്‍ കൽപ്പന തുടങ്ങി അച്ഛനിനി പണിക്കു പോകണ്ട..... .
ആ പണിക്ക് സ്റ്റാറ്റസ് കുറവാണത്രേ.....
കുട്ടപ്പൻ ചേട്ടന്റെ വായില്‍ വന്നത് മുഴുത്ത തെറിയാണ് അത് വിഴുങ്ങി ഒരു കഷണം പുറത്തേക്ക് വന്നു മലരുകളേ ഇതേ പണി കൊണ്ടാ നീയൊക്കെ മൂത്തത് കുട്ടപ്പനു ആവതുള്ളിടത്തോളം കാലം കുട്ടപ്പന്‍ പണിക്കു പോകും അഭിമാനകുറവുള്ളവർക്ക് ഇറങ്ങി പോകാം .......
അത് തന്നെ ......
കെട്ടിയവൾ ചാകുന്ന വരെ വീട്ടിലായിരുന്നു അത് കഴിഞ്ഞപ്പോള്‍ മുതല്‍ വീട്ടില്‍ പോകാറില്ല ചെന്നെത്തുന്നിടത്തു കിടക്കും രാവിലെ പണിക്കു കയറും......
കഴിഞ്ഞാഴ്ച ആണ് അതുണ്ടായത് ചാക്കും തോളത്തേറ്റി പോകുമ്പോള്‍ ഒരു വണ്ടി തട്ടി നട്ടെല്ലിനു പരിക്കു പറ്റി ഇനി എഴുന്നേറ്റു നടക്കുന്നത് ബുദ്ധിമുട്ടാണത്രേ.....
സ്റ്റാറ്റസ്കാരായ മക്കള്‍ പാഞ്ഞു വന്നു ചൂടാറും മുമ്പേ വൃദ്ധസദനത്തിൽ കൊണ്ടാക്കി....
അച്ഛന്‍ വൃദ്ധസദനത്തിൽ ആണ് എന്ന് പറയുന്നത് ആണത്രേ ഇപ്പോ സ്റ്റാറ്റസ് ...
ദൈവം റിട്ടയർ ആയെന്ന് തോന്നുന്നു .....
ഇപ്പോഴത്തെ ദൈവം നന്മ ചെയ്യുന്നവരെ ആണ് ശിക്ഷിക്കുന്നത്......
എന്റെ ഒക്കെ ജീവിതം ദൈവത്തിനു നേരം പോക്കിനു വേണ്ടി ഉണ്ടാക്കുന്നതാണെന്ന് തോന്നുന്നു ....
അന്ന് മുതല്‍ വീണ്ടും വേസ്റ്റ് കുട്ടയുടെ മുന്നില്‍ തന്നെ കാത്തിരിപ്പ്......
എന്നെ പരിചയപ്പെടുത്തി സമയം പോയതറിഞ്ഞില്ല.....
അതാ ഞങ്ങളുടെ അത്താഴം വരുന്നു ഇന്ന് അനിയൻ പറഞ്ഞത് ചിക്കന്‍ ബിരിയാണി വേണംന്നാ...
ചിക്കന്‍റെ ചാറും കുറച്ച് ചോറും കിട്ടിയാല്‍ ഞങ്ങളുടെ ചിക്കന്‍ ബിരിയാണി ആയി.....
അപ്പോ ശരി ചേട്ടൻമാരേ ചേച്ചിമാരേ ഞാന്‍ പോയി അത്താഴം കഴിക്കട്ടെ.....
നിങ്ങള്‍ എല്ലാവരും ഇത് വായിച്ചല്ലോ അല്ലേ ......
നാളെ നിങ്ങള്‍ പുറത്തിറങ്ങുമ്പോൾ എന്നെയും എന്റെ ബന്ധുക്കാരെയും പുറത്ത് കാണാം ......
ഒന്നും വാങ്ങിച്ചു തന്നില്ലേലും ചുമ്മാ ഒന്നു പുഞ്ചിരിചേക്കണേ .....
കനിവുള്ള മനസ്സ് ഈശ്വരന്‍റെ കയ്യില്‍ സ്റ്റോക്ക് കുറവാണത്രേ ......
നിങ്ങളുടെ മനസ്സില്‍ നിങ്ങള്‍ വിചാരിച്ചാല്‍ കനിവ് നിറയ്ക്കാനായി പറ്റും ട്ടോ.....
അല്ല ഞാന്‍ ചുമ്മാ പറഞ്ഞെന്നു മാത്രം ....
എന്റെ ഗതി ആർക്കും വരാം....
ആർക്കും വരാതിരിക്കട്ടെ........
സ്നേഹത്തോടെ ജയ്സൻ ജോർജ്ജ്
02/02/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo