സാവൂള്‍ വേഷം മാറി രണ്ടു പേരെ കൂട്ടി രാത്രിയില്‍ അവളുടെ അടുത്ത് എത്തി പറഞ്ഞു.നിന്റെ മന്ത്ര ശക്തി കൊണ്ട് ഞാന്‍ ആവശ്യപെടുന്നവനെ എന്‍റെ അടുക്കല്‍ കൊണ്ട് വരിക.(1 സാമുവല്‍,28 :8 )
*************************************************************************
ശാലോം ലോഡ്ജ്-ഡോക്ടര്‍ മൈക്കിളിന്റെ കഥ
***************************************************************************
തന്റെ മകന്‍ മരിച്ചു ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണ് ഡോക്ടര്‍ മൈക്കിള്‍ എന്ന മധ്യവയസ്ക്കന് അവനുമായി സംസാരിക്കാന്‍ ആഗ്രഹം തോന്നിയത്.ജനുവരിയിലെ ആ രാത്രിയില്‍ ,പുറത്തു തണുത്ത കാറ്റ് മരക്കൂട്ടങ്ങളില്‍ വീശി കടന്നു പോകുന്നതിന്റെ ശബ്ദം കേട്ട്,ഉറങ്ങാതെ തന്‍റെ ലോഡ്ജ് മുറിയില്‍ ,വെളുപ്പിന് രണ്ടു മണിക്ക് നിശ്ചലം ഇരിക്കവേ ആ ചിന്ത ഒരു വെളിപാട് പോലെ അയാളിലുണ്ടായി.
***************************************************************************
തന്റെ മകന്‍ മരിച്ചു ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണ് ഡോക്ടര്‍ മൈക്കിള്‍ എന്ന മധ്യവയസ്ക്കന് അവനുമായി സംസാരിക്കാന്‍ ആഗ്രഹം തോന്നിയത്.ജനുവരിയിലെ ആ രാത്രിയില്‍ ,പുറത്തു തണുത്ത കാറ്റ് മരക്കൂട്ടങ്ങളില്‍ വീശി കടന്നു പോകുന്നതിന്റെ ശബ്ദം കേട്ട്,ഉറങ്ങാതെ തന്‍റെ ലോഡ്ജ് മുറിയില്‍ ,വെളുപ്പിന് രണ്ടു മണിക്ക് നിശ്ചലം ഇരിക്കവേ ആ ചിന്ത ഒരു വെളിപാട് പോലെ അയാളിലുണ്ടായി.
മൈക്കിള്‍ എന്ന വൃദ്ധന്‍ താമസിച്ചു കൊണ്ടിരുന്നത് ശാലോം ലോഡ്ജിലായിരുന്നു.നഗരത്തില്‍ നിന്ന് കുറച്ചു അകന്നുമാറിയായിരുന്നു അത് സ്ഥിതി ചെയ്തിരുന്നത്.ലോഡ്ജിനു അരികില്‍ തന്നെ പ്രശസ്തമായ ആശുപത്രിയും,ഒരു പള്ളിയും ഉണ്ട്.
അയാള്‍ അവിടെ താമസം തുടങ്ങിയിട്ട് ഏകദേശം ആറുമാസം കഴിഞ്ഞിരുന്നു.അന്യൂറിസം എന്ന ഹൃദയ രോഗം ഉള്ളതിനാലാണ് ഡോക്ടര്‍ തന്റെ സ്വത്തുക്കള്‍ വിറ്റ് തുക ബാങ്കില്‍ ഇട്ടു ആ ലോഡ്ജില്‍ മാസ വാടകക്ക് താമസം തുടങ്ങിയത്. തന്റെ രോഗത്തെ കുറിച്ച് നല്ല നിശ്ചയം ഉള്ളത് കൊണ്ടാണ് അയാള്‍ അങ്ങനെ ചെയ്തത്.അധികം നാള്‍ ജീവിതം ബാക്കി ഇല്ലാത്തതിനാല്‍ ,ശിഷ്ട നാളുകള്‍ സ്വസ്ഥമായി ജീവിക്കാന്‍ അതാണ് നല്ലത് എന്ന് ഡോക്ടര്‍ക്ക് തോന്നി.അയാള്ക്ക് മറ്റു ബന്ധുക്കള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.
ഫ്ലാറ്റില്‍ താമസിക്കുന്നതിനെക്കാള്‍,കൂടുതല്‍ നല്ലത് ആ ലോഡ്ജ് ആണെന്ന് ഡോക്ടര്‍ക്ക് തോന്നാന്‍ പല കാരണങ്ങള്‍ ഉണ്ട്.നഗരത്തിലെ തന്നെ മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് പഠിച്ച കാലത്തും ആ ലോഡ്ജ് ഉണ്ടായിരുന്നു.ചില ദിവസങ്ങളില്‍ ഡോക്ടര്‍ അവിടെ താമസിച്ചിട്ടുണ്ട്.ഫ്ലാറ്റില്‍ ഒറ്റക്ക് ജീവിക്കുന്നതിനേക്കാള്‍ ,മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കുന്നത് ലോഡ്ജിലാണ്.എന്നാല്‍ നമ്മുടെ സ്വകാര്യത കാക്കുകയും ചെയ്യാം.
വൃദ്ധന്‍ ആയതു കൊണ്ടാണോ എന്തോ അവിടെ ഡോക്ടര്ക്ക് വലിയ ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല.ജോലിക്കാരായ യുവാക്കളും ,എഞ്ചിനീയറിംഗ് പോലെ പ്രഫഷണല്‍ കോഴ്‌സ്‌കളില്‍ ,പഠനം കഴിഞ്ഞതിനു ശേഷവും പരീക്ഷകള്‍ മുഴുവന്‍ പാസാകാത്തതിനാല്‍ ,പരീക്ഷാ സമയം ,മുറിയെടുത്തു താമസിക്കുന്നവരും ഒക്കെ ആയിരുന്നു കൂടുതലും.മക്കളുമായി ഒത്തു പോകാത്തതിനാല്‍ വന്നു ഒറ്റക്ക് താമസിക്കുന്ന ഒന്ന് രണ്ടു വൃദ്ധന്മായരും അവിടെയുണ്ടായിരുന്നു.എങ്കിലും എല്ലാവരും ഡോക്ടര്‍ മൈക്കിളിന് ശല്യം ഒന്നും ഉണ്ടാക്കാതെ ഒരു ആദരപൂര്‍വ്വമായ അകലം അയാളുമായി പാലിച്ചു പോന്നു.
ലോഡ്ജില്‍ രണ്ടു മാനേജര്‍മാര്‍ ഉണ്ടായിരുന്നു.രാത്രി അനില്‍ എന്ന ചെറുപ്പക്കാരനും. പകല്‍ ദിവാകരന്‍ എന്ന മധ്യവയസ്ക്കനും.ദിവാകരന്‍ കൂടുതല്‍ നേരം മദ്യത്തില്‍ ആയതിനാല്‍ ഡോക്ടര്‍ക്ക് കമ്പനി അനിലുമായിട്ടാണ്.അനില്‍ രാവിലെ പോകും.അല്പം കഴിഞ്ഞു ദിവാകരന്‍ വരും.ദിവാകരന്‍ ഉച്ച തിരിഞ്ഞു നാല്മണി ആവുമ്പോള്‍ തിരിച്ചു പോകുമ്പോ അനില്‍ എത്തും.
ഡോക്ടര്‍ ആറുമണി ആവുമ്പോള്‍ ഉണരും.മറ്റ് ഹൈ സൊസൈറ്റി വൃദ്ധര്‍ ചെയ്യുന്നത് പോലെ ടീ ഷര്‍ട്ടും ഇട്ടു കൊണ്ടുള്ള രാവിലെയും വൈകുന്നേരവും ഉള്ള നടപ്പ് ഡോക്ടര്‍ക്ക് ഇല്ലായിരുന്നു.റോഡില്‍ ഉള്ള മുറുക്കാന്‍ കടയില്‍ പോയി ഒരു കാലിച്ചായ കുടിച്ച ശേഷം ഡോക്ടര്‍ തിരിച്ചു വരും.അപ്പോഴേക്കും മാനേജരുടെ മുറിയില്‍ പത്രങ്ങള്‍ എത്തും.തിരികെ വന്നു കുളിച്ചതിനു ശേഷം ഡോക്ടര്‍ മാനേജരുടെ മുറിയില്‍ ചെല്ലും.അനിലുമായി പത്രങ്ങള്‍ വായിച്ചു കുറച്ചു നേരം സംസാരിച്ചു കഴിയുമ്പോള്‍ അനിലിനു പോകാന്‍ നേരമാകും.രണ്ടു പേരും ഒന്നിച്ചു ബസ് സ്റൊപ്പിലെക്ക് നടക്കും.സ്റ്റോപ്പില്‍ തന്നെയുള്ള സ്വാഗത് ഹോട്ടലില്‍ നിന്ന് പുട്ടും കടലക്കറിയും മുട്ട പുഴുങ്ങിയതും കഴിക്കും.തിരികെ ലോഡ്ജില്‍ എത്തും.
അപ്പോഴേക്കും മിക്കവാറും നിവാസികള്‍ ജോലിക്ക് പുരപ്പെട്ടിട്ടുണ്ടാകും.ഒരു നിശബ്തയില്‍ ലോഡ്ജ് മുങ്ങിക്കിടക്കും.ഡോക്ടര്‍ മാനേജരുടെ മുറിയില്‍ എത്തി അന്നത്തെ 'ദി ഹിന്ദു' എന്ന ഇംഗ്ലിഷു പത്രവുമായി മുറിയിലേക്ക് പോകും.അതിലെ ക്രോസ് വേര്‍ഡ്എന്ന പദപ്രശ്നം പൂരിപ്പിക്കും.ഉച്ച വരെ വീണ്ടും സമയം ഉണ്ടെങ്കില്‍ പുസ്തകം വായിക്കും..കാഫ്ക്കയുടെ മുഴുവന്‍ കഥകളും എന്ന പുസ്തകവും ബൈബിളും മാത്രമാണ് ഡോക്ടരുടെ മുറിയില്‍ ഉണ്ടായിരുന്നത്.ചില ദിവസം പദപ്രശ്നം പൂരിപ്പിച്ചു കഴിയുമ്പോള്‍ കിടന്നുറങ്ങും.
ഒരു മണി ആവുമ്പോള്‍ ഡോക്ടര്‍ വീണ്ടും മുറി തുറന്നു പുറത്തിറങ്ങും.പൂരിപ്പിച്ച പദപ്രശ്നം അടങ്ങിയ പത്രം മാനേജരുടെ ടേബിളില്‍ വയ്ക്കും.ഈ സമയത്രയും മറ്റു കസ്റ്റമേഴ്സ് വന്നില്ലെങ്കില്‍ ദിവാകരന്‍ ഉറക്കമായിരിക്കും.വീണ്ടും സ്വാഗത് ഹോട്ടലിലേക്ക് പോകും.കഞ്ഞി കുടിക്കും.തിരികെ വന്നു നാല് മണി വരെ ഉറങ്ങും.വീണ്ടും ബസ് സ്റ്റോപ്പില്‍.സ്വാഗത് ഹോട്ടലില്‍ അനിലിനെ കാത്തിരിക്കും.
.എം.സി റോഡിലൂടെ തിരക്കിട്ട് പോകുന്ന വാഹനങ്ങള്‍,മനുഷ്യര്‍ ,ബസ്സ്റൊപ്പിനു പുറകിലെ വലിയ പാടശേഖരത്തില്‍ മേയുന്ന പശുക്കള്ക്ക് അരികില്‍ ധ്യാനത്തില്‍ നില്ക്കുന്ന വെളുത്ത കൊക്കുകള്‍..ഇവയൊക്കെ നോക്കി നിശബ്ദനായി ഡോക്ടര്‍ ചിന്തകള്‍ ഒന്നുമില്ലാതെ ഏറെ നേരം വെറുതെ ഇരിക്കും.അനില്‍ വന്നു കഴിയുമ്പോള്‍ രണ്ടു പേരും ഒരുമിച്ചു ചായ കുടിച്ചു തിരികെ വരും.അപ്പോഴേക്കും ലോഡ്ജില്‍ നിവാസികള്‍ തിരികെ എത്തി തുടങ്ങും.കൂടണയുന്ന പക്ഷികള്‍ പോലെ.
മാനേജരുടെ മുറിയില്‍ ആരെങ്കിലും ഒക്കെ ഉണ്ടാവും.ചെറിയ വെടിവട്ടങ്ങള്‍.രാത്രിയില്‍ മുറിയില്‍ കരുതിയ ഏതെങ്കിലും പഴവര്‍ഗങ്ങള്‍ കഴിച്ചു ഡോക്ടര്‍ നേരത്തെ കിടന്നുറങ്ങും.
ആഴ്ചയില്‍ ഒരിക്കല്‍ ഹോസ്പിറ്റലില്‍ പോകും.ചെക്കപ്പിനു.ഡോക്ടര്‍ ആയതു കൊണ്ട് അയാള്ക്ക് സ്വന്തം അസുഖത്തെ ക്കുറിച്ചും ആരോഗ്യത്തെ കുറിച്ചും നല്ല നിശ്ചയം ഉണ്ടായിരുന്നു.
ദിവസങ്ങള്‍ പെണ്ടുലത്തിന്റെ കൃത്യതയോടെ ആവര്‍ത്തിച്ചു..അന്ന് രാത്രി വരെ.
ആ രാത്രിയില്‍ പതിവ് പോലെ ഡോക്ടര്‍ ഉറങ്ങാന്‍ കിടന്നു.അതിനു മുന്പ് ബൈബിള്‍ വായിച്ചിട്ടാണ് കിടന്നത്.
പഴയ നിയമത്തിലെ ആ ഭാഗം ഡോക്ടര്‍ക്ക് അറിയാവുന്ന ഒന്നായിരുന്നു.യുദ്ധത്തില്‍ പരാജിതനാകുന്ന സാവൂള്‍ രാജാവ് ഒരു മന്ത്രവാദിനിയുടെ അടുത്ത് പോകുന്നു.യുദ്ധത്തിന്റെ ഫലം പ്രവചിക്കുന്നതിനു വേണ്ടി മരിച്ചു പോയ സാമൂവല്‍ എന്ന പ്രവാചകന്റെ ആതമാവിനെ ആ മന്ത്രവാദിനി വിളിച്ചു വരുത്തുന്നതുമായിരുന്നു ആ ഭാഗം.
ഉറക്കത്തില്‍ ഡോക്ടര്‍ മൈക്കില്‍ ഒരു മുഖം കണ്ടു.മരിച്ചു പോയ തന്റെ ഏക മകന്‍ പോളിന്റെ മുഖം.പോള്‍ ഒരു കാര്‍ അപകടത്തില്പെട്ടായിരുനു മരിച്ചത്.
നിശബ്ദമായ ലോഡ്ജ് കെട്ടിടത്തില്‍ ,ആ അര്‍ദ്ധ രാത്രിയില്‍ വച്ച് ഒരു വെളിപാട് പോലെയാണ് ആ ചിന്ത ഡോക്ടര്‍ മൈക്കിളില്‍ ഉണ്ടായത്.
പിറ്റേന്ന് രാവിലെ ,ഡോക്ടര്‍ ഒരു പഴയ സുഹൃത്തിനെ വിളിച്ചു.
"അങ്ങിനെ ഒരാള്‍ ഉണ്ട്.ദൂരെ ഒന്നും പോകണ്ട.നിങ്ങളുടെ നഗരത്തില്‍ തന്നെ.നിങ്ങളെ പോലെ വിരമിച്ച ഒരു എഞ്ചിനീയര്‍.അയാള്ക്ക് ഇതിലും ജ്യോതിഷത്തിലും ഒക്കെ കഴിവുണ്ട്.കാണാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്..അയാള്ക്ക് സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്.ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കട്ടെ."
അതിനു പിറ്റേന്നു സുഹൃത്ത് വിളിച്ചു.
"ഇന്ന് ഉച്ച കഴിഞ്ഞു ചെല്ലണം.കൃത്യം നാല് മണിക്ക്."
ഡോക്ടര്‍ അയാള്‍ പറഞ്ഞ അഡ്രസില്‍ ഒരു ടാക്സി പിടിച്ചു ചെന്നു.
ഒരു ഹൗസിംഗ് കോളനിയിലെ വില്ലയായിരുന്നു അത്.വീടിന്റെ വരാന്തയില്‍ ഒന്ന് രണ്ടു പേര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു അവര്‍ കയറി .മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അകത്തു നിന്ന് ഡോക്ടറെ വിളിച്ചു.
ഒരു മേശയും രണ്ടു കസേരയും മാത്രമേ ആ മുറിയില്‍ ഉണ്ടായിരുന്നുള്ളു.മറ്റ് ഫര്‍ണിച്ചറുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.മേശയില്‍ രണ്ടു ബാലരമ ചിത്രകഥ പുസ്തകങ്ങള്‍ കിടന്നു.ഒരു കസേരയില്‍ പാന്റ്സും ബനിയനും ധരിച്ച ഒരു കുടവയറന്‍ മധ്യവയസ്ക്കന്‍ കാലിന്മേഒല്‍ കാലു വച്ച് മൊബൈല്‍ ഫോണില്‍ എന്തോ തിരഞ്ഞു കൊണ്ടിരുന്നു.മൂന്ന് ദിവസമായി വടിക്കാത്ത താടിയും അലസമായി കിടന്നിരുന്ന മുടിയിഴകളും.
"എനിക്ക് ബാലരമ ഇഷ്ടമാണ്.ഇത് പേരക്കുട്ടിയുടെയാണ്." ഡോക്ടര്‍ നോക്കുന്നത് കണ്ടു അയാള്‍ പറഞ്ഞു.
"ഡോക്ടര്‍ മൈക്കില്‍ അല്ലെ...ഞാന്‍ ബാലചന്ദ്രന്‍ നായര്‍.വാട്ടര്‍ അതോറിറ്റിയില്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ആയിരൂനൂ.പിരിഞ്ഞിട്ട് കുറച്ചു വര്‍ഷങ്ങളായി .." അയാള്‍ സ്വയം പരിചയപെടുത്തി.
അല്പ്പ നേരം കൂടി മൊബൈല്‍ നോക്കിയതിനു ശേഷം അയാള്‍ നിവര്ന്നിരുനു.
"മകനും ഫാമിലിയും അമേരിക്കയിലാണ്.അവര്‍ ഈയിടെ ഒരു ടൂര്‍ പോയി.വാട്സാപില്‍ പേരക്കുട്ടി അയച്ച അതിന്റെ ചിത്രങ്ങള്‍ നോക്കുകയായിരുന്നു.സോറി."
രണ്ടു പേരും ചിരിച്ചു.
"പോള്‍ എന്നാണു മകന്റെ പേര്‍ അല്ലെ..."മുറിയുടെ മൂലയിലേക്ക് നോക്കി പെട്ടെന്ന് ബാലചന്ദ്രന്‍ നായര്‍ ചോദിച്ചു.
ഡോക്ടര്‍ ഞെട്ടി.
"അതെ."
"മരണ സമയത്ത് അവന്‍ ധരിച്ചത് വരയുള്ള ഒരു ക്രീം കളര്‍ ഷര്‍ട്ടും പാന്റ്സുമാണ് അല്ലെ..."?മുറിയുടെ മൂലയിലേക്ക് നോക്കി വീണ്ടും അയാള്‍ ചോദിച്ചു.
ഡോക്ടര്‍ക്ക് മിണ്ടാനായില്ല.
മുറിയുടെ അന്തരീക്ഷത്തിനു മാറ്റം വരുന്നത് പോലെ ഡോക്ടര്‍ക്ക് തോന്നി.മുറിയില്‍ വല്ലാത്ത ഒരു ഗന്ധം ഉയരാന്‍ തുടങ്ങി.അതി പരിചിതമായ ,ഒരു ഗന്ധം.ആക്സ് പെര്‍ഫ്യൂമിന്റെ്യും സിഗരറ്റിന്റെയും ഗന്ധം.ഇടുക്കിയിലെ തന്‍റെ പഴയ ബംഗ്ലാവിലെ പോളിന്റെ മുറിയിലെ ഗന്ധം.
ബാലചന്ദ്രന്‍ നായര്‍ ഒരു നിമിഷം കസേര ഇത്തിരി പുറകോട്ടു വലിച്ചിട്ടു.പിന്നെ മേശയില്‍ കിടന്ന ഒരു ബാലരമ എടുത്തു തുറന്നു കാലുകള്‍ മേശയിലേക്ക് നീട്ടി വച്ച് മടക്കി വച്ച ഏതോ കഥ വായിക്കുവാന്‍ തുടങ്ങി.
ഡോക്ടര്‍ അസ്ത്രപ്രജ്ഞനായി ഇരിക്കുകയാണ്.പുറത്തു നിശബ്തയില്‍ ,മരങ്ങളില്‍ നിന്ന് ചുള്ളി വിറകുകള്‍ ഒടിഞ്ഞു വീഴുന്ന സ്വരം.
ഒന്ന് രണ്ടു പേജ് വായിച്ചതിനു ശേഷം ബാലചന്ദ്രന്‍ നായര്‍ കഥ പുസ്തകം മേശയിലേക്ക് തിരികെ ഇട്ടു കസേരയില്‍ ചാരി ഇരുന്നു ഡോക്ടറെ നോക്കി.
"പോള്‍ ഇപ്പോള്‍ ഈ മുറിയിലുണ്ട് ഡോക്ടര്‍ മൈക്കില്‍.."
ഡോക്ടര്‍ ബാലചന്ദ്രന്റെ മുഖത്തേക്ക് നോക്കിയിരുന്നു.നിശബ്ദനായി.ബാലചന്ദ്രന്‍ മുറിയുടെ മൂലയിലേക്ക് ഉറ്റു നോക്കിയിരുന്നു.
മുറിയിലെ ഗന്ധം കുറഞ്ഞു വന്നു.പിന്നെ അതില്ലാതായി..
"നിങ്ങള്‍ തമ്മില്‍ അവന്‍ മരിക്കുന്നതിനു ഒരു വര്‍ഷം മുന്പേ സംസാരിക്കില്ലായിരുന്നു അല്ലെ..?"
"അതെ."
"ഡോക്ടര്‍ മൈക്കില്‍, പോളിനോട് സംസാരിക്കാന്‍ മറ്റൊരാള്‍ കൂടി ഇവിടെ വരാറുണ്ട്.ഒരു പെണ്കുട്ടി"
ഡോക്ടര്‍ ഒന്നും പറഞ്ഞില്ല.
"നിങ്ങള്ക്ക്റ അവനോടു സംസാരിക്കാന്‍ ഇപ്പോള്‍ കഴിയില്ല ഡോക്ടര്‍.കാരണം നിങ്ങള്‍ ഇപ്പോഴും അവനോടു ക്ഷമിച്ചിട്ടില്ല.നിങ്ങള്‍ തമ്മില്‍ ഉണ്ടായ പ്രശ്നം എന്താണ് എന്ന് എനിക്കറിയില്ല.എങ്കിലും നിങ്ങള്ക്ക്മനസ്സിനു ശാന്തത കൈവരിക്കാന്‍ കഴിഞ്ഞാല്‍ അവനോടു നിങ്ങളുടെ മനസ്സ് കൊണ്ട് തന്നെ സംസാരിക്കാം.പൂര്‍ണ്ണമായി ക്ഷമിക്കുക.മനസ്സ് പൂര്‍ണ്ണമായി നിശബ്ധമാക്കിയാല്‍ ദൂരെ മരങ്ങളില്‍ നിന്ന് ചുള്ളി വിറകുകള്‍ ഒടിഞ്ഞു വീഴുന്നതു പോലെ ശബ്ദം കേള്ക്കാം .അല്ലെങ്കില്‍ ഒരു രാപ്പാടി ഒറ്റക്ക് പാടുന്ന സ്വരം.അത് നിങ്ങള്‍ തിരിച്ചറിയും.അപ്പോള്‍ നിങ്ങളുടെ അരികില്‍ അവന്റെ സാന്നിധ്യം ഉണ്ടാകുംസമാധാനമായി പോകു."
ഡോക്ടര്‍ തിരികെ ലോഡ്ജിലേക്ക് പോന്നു.വരുന്ന വഴിക്ക് ഡോക്ടറുടെ മനസ്സ് പഴയ നാളുകളിലേക്ക് വീണ്ടും തിരികെ പറന്നു.
ഡോക്ടറുടെ ഏക മകനായിരുന്നു പോള്‍.അയാളുടെ ഭാര്യ നേരത്തെ മരിച്ചു പോയിരുന്നു.അതിനു ശേഷം പോളിനെ ഡോക്ടര്‍ തന്നെയാണ് വളര്‍ത്തിയത് .പ്ലസ് ടൂവില്‍ വച്ച് അവന്‍ ഗായത്രി എന്ന പെണ്കു ട്ടിയുമായി ഇഷ്ടത്തിലായി.ആ ബന്ധം ഡോക്ടര്ക്ക് താല്പര്യം ഇല്ലായിരുന്നു.പിണക്കത്തിന്റെ തുടക്കം അവിടെയാണ്.പിന്നെ ഡോക്ടറുടെ ഇഷ്ടത്തിനു എതിര് നിന്ന് കൊണ്ട് അവന്‍ എഞ്ചിനീയറിങ്ങിനു ചേര്‍ന്നു.ഡോക്ടര്‍ക്ക് മകന്‍ മെഡിസിന് പോകുന്നതായിരുന്നു താല്പര്യം..കോഴ്‌സ് കഴിഞ്ഞു ആ പെണ്കു്ട്ടിയും പോളും രഹസ്യമായി വിവാഹിതരായി.അവര്‍ മെട്രോ നഗരത്തില്‍ ഒരുമിച്ചു താമസം തുടങ്ങി.അതോടെ പിതാവും മകനും തമ്മില്‍ ഉള്ള ബന്ധം പൂര്‍ണ്ണമായി നിലച്ചു.ഒരു വര്‍ഷത്തിനു ശേഷം ,ഗായത്രിയുടെ നിര്‍ബന്ധത്തില്‍ പോള്‍ പിതാവിനെ കാണാന്‍ വരുന്നതിനിടെയാണ് അപകടം സംഭവിച്ചു മരിച്ചു പോയത്.
ബാലചന്ദ്രനെ കണ്ടതിന്റെ പിറ്റേന്ന് സന്ധ്യക്ക് ഡോക്ടര്‍ പള്ളിയില്‍ പോയി.മെഴുകു തിരികള്‍ ജ്വലിക്കുന്ന ക്രൂശിതനായ ക്രിസ്തുവിന്റെ അള്‍ത്താരയുടെ മുന്നില്‍ ഇരുന്നപ്പോള്‍ ഏറെ നാള് കൂടി ഒരു ശാന്തത അയാള്‍ക്ക് തോന്നി.
പോള്‍,മകനെ നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു.പകരം നീയും എന്നോട് ക്ഷമിക്കുക.
ലോഡ്ജില്‍ തിരികെ വന്നപ്പോള്‍ മൊബൈലില്‍ ഒരു മെസേജ് വന്നു.
"ഇത് ഗായത്രിയാണ്.ഞാന്‍ ഇന്ന് ബാലചന്ദ്രന്‍ നായരേ കാണാന്‍ പോയിരുന്നു.പോളിന്റെ അച്ഛനെ എനിക്ക് നേരിട്ട് കാണണമേന്നുണ്ട്.ഫോണില്‍ സംസാരിക്കാന്‍ എന്തോ...എനിക്ക് കഴിയില്ല.നാളെ പബ്ലിക്ക് ലൈബ്രറിയുടെ അടുത്തുള്ള കഫെയില്‍ വരാന്‍ കഴിയുമോ..ആ ലോഡ്ജില്‍ നിന്ന് അധികം ദൂരമില്ല."
"നാളെ വൈകുന്നേരം നാല് മണിക്ക് " എന്ന് ഡോക്ടര്‍ മറുപടി മെസേജ് കൊടുത്തു.
താന്‍ പോളിനോട് ക്ഷമിച്ചിരിക്കുന്നു.ആ പെണ്കുട്ടിയോടും.
രാത്രിയായി.ലോഡ്ജിനു പുറകിലെ വലിയ പാടവും അതിനരികിലെ മരക്കൂട്ടങ്ങളും നിലാവില്‍ മുങ്ങി ക്കിടക്കുന്നത് ഡോക്ടര്‍ കണ്ടു.അത് ഒരു സ്വപ്നം പോലെ ആയിരുന്നു.
ഡോക്ടര്‍ മുറിയില്‍ കയറി കതകടച്ചു.ഹൃദയത്തില്‍ ഒരു തണുപ്പ് അനുഭവപെടുന്നു.അയാള്‍ കണ്ണുകള്‍ അടച്ചു.മനസ്സ് ശാന്തമാണ്.ദൂരെ എവിടെയോ ഞാങ്ങണകള്‍ ഒടിയുന്ന സ്വരം.ഏതോ രാപ്പാടിയുടെ സാന്ദ്രമായ സംഗീതം.ഹൃദയത്തിലെ തണുപ്പ് ആത്മാവിലാകെ പടരുന്നത് ഡോക്ടര്‍ അറിഞ്ഞു.
പിറ്റേന്ന് പകലും ദിവാകരന്‍ ആയിരുന്നു ഡ്യൂട്ടി.
അന്ന് വൈകുന്നേരം അനില്‍ നാലു മണിക്ക് ബസ് സ്റ്റോപ്പില്‍ ഇറങ്ങി സ്വാഗത് ഹോട്ടലിലേക്ക് നടന്നു.ഡോക്ടറെ അവിടെ കണ്ടില്ല.അനില്‍ ശാലോം ലോഡ്ജില്‍ എത്തിയപ്പോള്‍ അന്നത്തെ ഹിന്ദു പേപ്പര്‍ ചുളിവുകള്‍ വീഴാതെ പുത്തന്‍ പോലെ മാനേജരുടെ ടേബിളില്‍ ഇരിക്കുന്നുണ്ടായിരുന്നു.അന്ന് ആ പദപ്രശ്നത്തിന്റെ കള്ളികള്‍ പൂരിപ്പിക്കാതെ ശൂന്യമായി കിടക്കുകയായിരുന്നു
ദൂരെ പബ്ലിക്ക് ലൈബ്രറിക്ക് അടുത്തുള്ള കഫെയില്‍ ഗായത്രി ഡോക്ടര്‍ മൈക്കിളിനെ കാത്തിരുന്നു.
(അവസാനിച്ചു)
By
Anish Francis

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക