Slider

രണ്ട് പെൺകുട്ടികൾ.

0

രണ്ട് പെൺകുട്ടികൾ.
......................................
രണ്ട് പെൺകുട്ടികളെ എനിക്കറിയാം ഒരാൾ കവിത എഴുതുന്നവളായിരുന്നു. മറ്റൊരാൾ......
ഒരു ഡയറി വായിച്ച് തുടങ്ങിയ ഇഷ്ടമായിരുന്നു അവളോട്.. കവിത എഴുതുന്ന പെൺകുട്ടി.. മനോഹരമായ കവിതകളും വ്യക്തമായ ആശയങ്ങളും. ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ പ്രണയവും കവിത പോൽ ഒഴുകി.പ്രായത്തിൽ കവിഞ്ഞ ആശയങ്ങളും വലിയ വലിയ ചിന്തകളുമായിരുന്നു ആ പെൺകുട്ടിക്ക്... അല്ലെങ്കിൽ അങ്ങനെ ഞാൻ കരുതിയിരുന്നു.. അത്തരം ചിന്തകളിലേക്ക് മാറാൻ ഞാനും മന:പൂർവ്വം ശ്രമിച്ചിരിക്കണം. മൃദുല വികാരങ്ങൾ ഒന്നുമില്ലാത്ത സംസാരങ്ങൾ.. അതാണ് പ്രണയമെന്ന് വിശ്വസിച്ച നാളുകൾ. പിന്നീടറിഞ്ഞു അങ്ങനെയല്ലെന്ന്. പ്രണയത്തിനപ്പുറം മറ്റ് ചില കാര്യങ്ങൾ ചെയ്യാനുള്ള മനസ്സാവാം എന്ന് കരുതി. എങ്കിലും മനസ്സിലെ വിഗ്രഹം ഉടയുന്ന ചില കാര്യങ്ങൾ മറ്റുള്ളവരിൽ നിന്നറിഞ്ഞു. തെളിവുകൾ സഹിതമാണെങ്കിലും അങ്ങനെയല്ലെന്ന് വെറുതെ കരുതാനാണ് ഇപ്പോഴും ഇഷ്ടം.
ഗൗരവപരമായ ഒരു പ്രൊഫഷനിൽ പഠിക്കുമ്പോഴും തികച്ചും സാധാരണമായ ഒരു മനസ്സ് സൂക്ഷിക്കുന്നവളായിരുന്നു രണ്ടാമത്തെ പെൺകുട്ടി. കഥകളേയും കവിതകളേയും ഇഷ്ടപ്പെടുന്ന സ്വപ്നങ്ങൾ മയങ്ങുന്ന മിഴികളുള്ള ഒരു പെൺകുട്ടി.. എല്ലാ പ്രയാസങ്ങളും അറിഞ്ഞ് വന്ന വ്യക്തമായ ജീവിത കാഴ്ചപ്പാടുകൾ ഉള്ളവൾ.വികാരങ്ങളോട് പച്ചയായി പ്രതികരിക്കുന്നവൾ. പ്രകടിപ്പിക്കാൻ ഉള്ളത് തന്നെയാണ് പ്രണയം എന്നെന്നെ പഠിപ്പിച്ചവൾ.. ഒരു ഘട്ടത്തിൽ പതറി നിന്ന് പോയ എന്നെ കൈപിടിച്ച് കൂട്ടി മനസ്സ് തുറന്ന് കാണിച്ചവൾ. അവൾ കവിത എഴുതില്ലായിരുന്നു.. പക്ഷേ അവളേക്കാൾ മനോഹരമായി മറ്റൊരു കവിത ഇല്ലായിരുന്നു!
ജീവിതം അങ്ങനെയാണല്ലോ... പ്രവചിക്കാൻ കഴിയാത്തത്... ചില സ്വപ്നങ്ങൾ തകരുമ്പോൾ അതിലും മനോഹരമായ ഒന്നാവും നമ്മെ കാത്തിരിക്കുന്നത്... രണ്ടാമത്തെ പെൺകുട്ടിയെ പോലെ.....
രണ്ട് പെൺകുട്ടികളെ എനിക്കറിയാം ...ഒരാൾ കവിത എഴുതുന്നവളായിരുന്നു. മറ്റൊരാൾ കവിത തന്നെയും !!
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo