പുതുമഴ പെയ്യുന്ന രാത്രിയിൽ അന്നാമ്മയെ കെട്ടിപിടിച്ച് കിടക്കാൻ എന്തൊരു ആത്മസുഖമാണ്.
ആദ്യ മഴത്തുള്ളികൾ പെയ്യുമ്പോൾ, അന്നാമ്മ എഴുന്നേറ്റ് പറയും.
"ഇച്ചായോ എഴുന്നേറ്റെ, ദാണ്ടെ മഴ പെയ്യുന്നു. വന്നേ വിറകൊക്കെ മൂടി ഇടണം. ഇല്ലേൽ നാളെ കത്തിക്കാൻ ഒന്നും ഉണ്ടാവില്ല"
പാതിരാത്രിയിൽ പുതുമഴ പെയ്യുന്ന വർഷം, ഇത് പതിവാ. റാന്തലും കത്തിച്ച് പുറത്ത് പോയി ഉണക്കാനിട്ടിരിക്കുന്ന തുണിയൊക്കെ എടുത്ത് ഓല കൊണ്ട് വിറക് മൂടി, അകത്തേക്ക് വന്ന്. അന്നാമ്മയെ കെട്ടിപിടിച്ചു കിടക്കുന്ന ആ സുഖം ലോകത്തെ ഏതു പഞ്ച നക്ഷത്ര ഹോട്ടലിലും കിട്ടില്ല.
വൈകുന്നേരം നാല് മണിക്ക് അന്നമ്മയുണ്ടാക്കിയ ഓണക്കക്കപ്പ പുഴുക്കും കട്ടൻ കാപ്പിയും കുടിച്ചിരിക്കുന്ന നേരം വർക്കിച്ചൻ ഓരോ വർഷത്തെയും പുതുമഴയെ കുറിച്ചോർത്തു.
എടി അന്നാമ്മേ, നീയിങ്ങോട്ടൊന്നു വന്നേടി പെണ്ണേ.
എന്നാത്തിനാ അച്ചായാ, ഞാനേ കപ്പക്ക് കൂട്ടാൻ ഉണക്ക ചാള കനലിലിട്ടു ചുടുവാ. ഇപ്പൊ വന്നാലേ കരിഞ്ഞു പോകും. ഞാൻ വന്നിട്ട് കപ്പ തിന്നാ മതി കേട്ടോ
ഉം, നീ എപ്പളെങ്കിലും വാ.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അന്നാമ്മ ചാള ചുട്ടതും കൊണ്ട് വന്ന് ചോദിച്ചു
എന്നാത്തിനാ അച്ചായാ വിളിച്ചെ
എടീ, ഈ വർഷം പുതുമഴ പെയ്യാൻ വൈകുന്നല്ലോ
ഓ അത് പറയാനാണോ. അച്ചായൻ ആള് കൊള്ളാലോ , പുതപ്പിനടിയിൽ കെട്ടി പിടിച്ച് കിടക്കാനായിരിക്കും അല്ലിയോ അച്ചായോ.
ദേ.. എന്റെ കയ്യിന്ന് നീ മേടിക്കും കേട്ടോ. അതല്ലടി പെണ്ണേ.
മഴ പെയ്തില്ലെങ്കിൽ ഈ വർഷം കപ്പ നടാൻ പറ്റില്ലല്ലോ അന്നാമ്മേ, എന്തോ ചെയ്യും, കപ്പ തണ്ടാണേൽ മുളച്ച് തുടങ്ങി.
ഇച്ചായന് കപ്പ കപ്പ എന്ന ജ്വരം മാത്രമേയുള്ളോ. ചേമ്പും, കാച്ചിലും, ചെറുകിഴങ്ങും, പയറും തന്നെയങ്ങു മണ്ണിൽ പോയി മുളച്ച് പൊന്തുമോ.
ഈ പെണ്ണിന്റെ ഒരു കാര്യം, നിനക്കറിയില്ലല്ലോ കപ്പയുടെ മാഹാത്മ്യം. അതാ നിനക്കിത്ര പുച്ഛം. നിന്റപ്പന് വേണ്ടത്ര കാശുണ്ടായൊണ്ട് നല്ല കുത്തരി തിന്നല്ലേ നീ വളർന്നത്.
ഒന്ന് പോ മനുഷ്യാ. ദേ നോക്കിക്കേ, ഇങ്ങനെ കളിയാക്കിയാലുണ്ടല്ലോ, പറഞ്ഞേക്കാം.
ഓ പിന്നെ, എന്നെ കെട്ടിയില്ലായിരുന്നെങ്കിൽ നീയിന്നേതെങ്കിലുമൊരു റബ്ബർ മൊതലാളീടെ കൊട്ടാരത്തിൽ സുഖിച്ച് കിടക്കേണ്ടവളല്ലയോ.
ഓ പിന്നെ വല്യ കാര്യായി പോയി, ഏതെങ്കിലും റബ്ബർ മുതലാളിയെ കെട്ടിയാ എന്റെയിച്ചായനെപ്പോലെ സ്നേഹമുള്ളൊരുത്തനെ കിട്ടുമായിരുന്നോ.
ഒന്നു പൊടി അന്നാമ്മേ , ഈ പുകഴ്ത്താലൊക്കെ നീ എപ്പോഴും പറയുന്നതല്ലേ.
എന്റെയിച്ചായൻ നല്ലതല്ലേ, അതോണ്ടല്ലേ ഇച്ചായന്റെ ഈ അന്നാമ്മക്കൊച്ചിങ്ങനെ പറയുന്നത്.
രണ്ടു മക്കളെ പ്രസവിച്ച കിളവിയായി നീ...എന്നിട്ടാണോ, ഒരു അന്നാമ്മക്കൊച്ച് പ്രയോഗം..ഒരു കൊച്ച് വന്നേക്കുന്നു..
എനിക്കെത്ര വയസ്സായാലും ഇച്ചായന് ഞാൻ കൊച്ചല്ലിയോ.
അതോടെ കേട്ടതും വർക്കിച്ചൻ അന്നാമ്മയെ ചേർത്ത് പിടിച്ച് നെറ്റിയിലൊരു ഉമ്മ കൊടുത്തു.
അനങ്ങാതിരി മനുഷ്യ വല്ലോരും കാണും.
ഓ കണ്ടോട്ടെ , നീ എന്റെ പെണ്ണല്ലിയോ. അന്തസായി താലി കെട്ടി കൊണ്ട് വന്ന എന്റെ പെണ്ണ്.
എടി പെണ്ണെ, ഞാൻ നിന്നെ ആദ്യമായി കണ്ട കാര്യങ്ങളിങ്ങനെ ഓർക്കുവായിരുന്നു.
അന്ന് നിന്റെ അപ്പന്റെ കപ്പത്തോട്ടത്തിൽ പുല്ല് ചെത്താൻ വന്നപ്പോളല്ലിയോ, പാവാടക്കാരി അന്നാമ്മയെ കാണുന്നത്. അതായത് എന്റെ കണ്മുന്നിൽ നിക്കണ ഈ അന്നാമക്കൊച്ചിനെ. കണ്ടപ്പോൾ തന്നെ ഈ വർക്കിച്ചന് ഇഷ്ട്ടപെട്ടില്ലിയോ.
അന്നേരം പറഞ്ഞതാ കൃഷിപ്പണിക്കാരാ ഞങ്ങൾ, കൂടെ ഇറങ്ങി വന്നാൽ, പട്ടു മെത്തയൊന്നും കിട്ടത്തില്ല. അരിവാളും തൂമ്പയുമെടുത്ത് പറമ്പിലേക്കിറങ്ങേണ്ടി വരും, അന്നേരം അതുമിതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നൊക്കെ.
അന്നേരം ഈ പെണ്ണിനെന്ത് തന്നെ വന്നാലും വർക്കിച്ചനെ മതി, വർക്കിച്ചനില്ലെങ്കിൽ ജീവിതമുണ്ടാവില്ല, വർക്കിച്ചായനുമായി ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഉത്തരത്തിൽ കെട്ടിതൂങ്ങുമെന്നൊക്കെ.
വർക്കിച്ചന്റെയും അന്നാമ്മയുടെയും മനസ്സ് കുറച്ച് പുറകിലോട്ട് സഞ്ചരിച്ചു.
പാപ്പച്ചൻ ചേട്ടോ, ഞാനാ വർക്കിച്ചൻ, ഇന്ന് ഏതു തൊടിയിലാ പുല്ലു ചെത്തേണ്ടത്.
ആ വർക്കിച്ചാ, നീ തെക്കേപ്പുറത്തുള്ള തൊടിയിൽ നിന്ന് തുടങ്ങിക്കോ. ഞാനങ്ങോട്ടു വന്നേക്കാം. കൂട്ടിനു ശശിയുമുണ്ട്. ശശി തേങ്ങാ പൊതിച്ചിട്ടേ പറമ്പിലേക്കിറങ്ങു.
ശരി ചേട്ടാ
ചേച്ചിയെ കഞ്ഞി വെള്ളമുണ്ടെങ്കിൽ കുറച്ച് കൊണ്ടോന്ന് തരണേ. വർക്കിച്ചൻ അടുക്കളയിലേക്ക് നോക്കി വിളിച്ച് പറഞ്ഞ് തൂമ്പയുമെടുത്ത് പറമ്പിലേക്ക് പോയി.
കായലരികത്ത് വലയെറിഞ്ഞപ്പോ വളകിലുക്കിയ സുന്ദരി...പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ. ഒരു നറുക്കിനു ചേർക്കണേ.
എന്നിങ്ങനെ വർക്കിച്ചൻ പാടി പുല്ലു ചെത്തികൊണ്ടിരിക്കുമ്പോൾ.
പിന്നിൽ നിന്നൊരു ചിരി, തിരിഞ്ഞു നോക്കിയപ്പോൾ മുഖത്തും ഉടുപ്പിലും അവിടവിടെ കരിയും ചെളിയും പറ്റിയ ഒരു പാവാടക്കാരി.
ഇതാ ചേട്ടാ കഞ്ഞിവെള്ളം, ഉപ്പിട്ടിട്ടുണ്ട്. പത്ത് മണിയാവുമ്പോൾ കപ്പപുഴുക്കും ചായയും കുടിക്കാൻ വരാൻ അമ്മ പറഞ്ഞു.
ഓ, വന്നേക്കാം.
വർക്കിച്ചൻ അന്നാണ് ആദ്യമായി അന്നാമ്മയെ കാണുന്നത്. ആദ്യ ദർശനത്തിൽ തന്നെ വർക്കിച്ചന് അന്നാമ്മയെ ഇഷ്ടായി.
അന്നാമ്മ കൊടുത്ത കഞ്ഞിവെള്ളം കുടിച്ച്
..പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ ഒരു നറുക്കിനു ചേർക്കണേ.... എന്ന് പാടി വർക്കിച്ചൻ ജോലി തുടർന്നു.
പത്ത് മണിയായപ്പോൾ കൈയ്യും മുഖവും കഴുകി അടുക്കള വരാന്തയിൽ വർക്കിച്ചനിരുന്നു. വാഴയിലയിട്ട് കപ്പ പുഴുങ്ങിയതും ചാള മുളകിട്ട് വെച്ചതും അന്നാമ്മയാണ് വിളമ്പിക്കൊടുത്തത്.
അന്നാമ്മ എന്ന ചെയ്യുവാ?
ഞാൻ കോട്ടയത്ത് ഡിഗ്രിക്ക് പഠിക്കുവാ.
ഇപ്പൊ എന്നാ അവധിയാണോ?
അതെ, അവസാന പരീക്ഷക്ക് പഠിക്കുവാ
എന്നാത്തിനാ പഠിക്കുന്നെ?
BA മലയാളം
അച്ചാച്ചൻ ഏതു വരെ പഠിച്ചു, അവൾ ചോദിച്ചു?
അന്നാമ്മേ അതൊന്നും പറായാതിരിക്കുവാ ഭേദം . ആവശ്യത്തിനറിവായപ്പോൾ 8 ക്ലാസ്സിൽ വച്ചങ്ങു പഠിപ്പ് നിർത്തി. അപ്പന് വയ്യാതായി, പിന്നെ തൂമ്പയുമെടുത്ത് പറമ്പിലേക്കിറങ്ങി.
അത് കേട്ടതും അന്നാമ്മക്കൊരു ബഹുമാനം തോന്നി വർക്കിച്ചനോട്...ഒരിഷ്ടം പോലെ.
വർക്കിച്ചന് എന്നതാ വേണ്ടതെന്ന് വെച്ച വിളമ്പിക്കൊടുക്കടി, അകത്ത് നിന്ന് 'അമ്മ വിളിച്ച് പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളിൽ, അന്നാമ്മയാണ് വർക്കിച്ചന് ഭക്ഷണം കൊടുത്തതും, പറമ്പിൽ കഞ്ഞി വെള്ളവും നാല് മണിക്ക് ചായയും കൊണ്ട് കൊടുത്തത്.
പണി തീരുന്ന ദിവസം വർക്കിച്ചൻ അന്നാമ്മയോട് പറഞ്ഞു.
അന്നാമ്മേ നിന്റെ അത്രേ പഠിപ്പും പത്രാസും ഈ വർക്കിച്ചനില്ല. എന്നാൽ കെട്ടുന്ന പെണ്ണിന് മനസ്സ് നിറയെ സ്നേഹവും, വയർ നിറച്ച് ആഹാരവും കൊടുക്കും, കൂടുന്നോ ഈ വർക്കിച്ചന്റെ ഒപ്പം.
വർക്കിച്ചന്റെ ആ തന്റേടമുള്ള വാക്കിൽ അന്നാമ്മ വീണു.
എനിക്കിഷ്ടാ എന്റെ വർക്കിച്ചായനെ.
അത്രയും പറഞ്ഞ് അവൾ ഓടിപ്പോയി
അങ്ങനെ അവർ തമ്മിൽ സ്നേഹിച്ചു . അതിനിടക്ക് അന്നാമ്മ BA പാസ്സായി.
ഇടയ്ക്കിടയ്ക്ക് അവൾ വർക്കിച്ചന് കത്തെഴുതുമായിരുന്നു.
ഒരിക്കൽ ഇവരുടെ സ്നേഹം അന്നാമ്മയുടെ വീട്ടിലറിഞ്ഞു.
അന്നമ്മയുടെ വീട്ടുകാർക്ക് ഈ ബന്ധം അത്രക്കങ്ങ് ഇഷ്ടായില്ല. BA പഠിപ്പുള്ള മോളെ എട്ടാം ക്ലാസുകാരനെ കൊണ്ട് കെട്ടിക്കുന്നതിൽ അന്നാമ്മയുടെ അപ്പൻ പാച്ചനൊരു അഭിമാനക്കുറവ്.
അന്നത്തെ BA എന്ന് പറഞ്ഞാൽ എന്താ ഒരു പത്രാസ്. കോളേജിലൊക്കെ അധ്യാപികയായി കേറാൻ എളുപ്പം.
ഇതൊക്കെയോർത്ത് കുറെയൊക്കെ ഉപദേശിച്ചെങ്കിലും അന്നാമ്മ കേട്ടില്ല.
പാപ്പച്ചൻ കുറേ വഴക്ക് പറയുകയും തല്ലുകയുമൊക്കെ ചെയ്‌തെങ്കിലും വർക്കിച്ചനുമായുള്ള സ്നേഹം ഉപേക്ഷിക്കാൻ അന്നാമ്മ തയ്യാറായില്ല.
അപ്പൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ വർക്കിച്ചായന്റെ ഒപ്പം ഇറങ്ങി പോവും . അന്നാമ്മ ധൈര്യത്തോടെ പറഞ്ഞു.
അതും പറ്റിയില്ലെങ്കിൽ ഞാൻ ഉത്തരത്തിൽ കെട്ടിതൂങ്ങും.
ഇറങ്ങി പോയാലുള്ള നാണക്കേടോ, അതോ അവളെങ്ങാനും തൂങ്ങുമോ എന്നുള്ള പേടിയോ ഓർത്തിട്ടാവണം അവസാനം പാപ്പച്ചൻ കല്ല്യാണത്തിന് സമ്മതിച്ചത്.
എന്നിരുന്നാലും അന്നാമ്മയുടെ അമ്മക്ക് വർക്കിച്ചനെ ഇഷ്ടമായിരുന്നു . അദ്ധ്വാനിക്കുന്ന ചെറുക്കനും കുടുംബം പോറ്റുന്നവനും സ്നേഹമുള്ളവനും എന്ന സത്യം അമ്മക്കറിയാമായിരുന്നു.
അങ്ങനെയാണ് അന്നാമ്മ വർക്കിച്ചന്റെ സഹധർമ്മിണിയായത്.
പത്രാസോ, പഠിപ്പോ, മറ്റൊന്നുമല്ല , അദ്ധ്വാനിക്കാനുള്ള മനസ്സും സ്നേഹിക്കാനുള്ള ഹൃദയവും ഉണ്ടെങ്കിൽ ജീവിതം സമൃദ്ധിയാവും.
ഇന്ന് അന്നാമ്മയുടെയും വർക്കിച്ചന്റെയും ജീവിതവും സ്നേഹവും കണ്ട് പാപ്പച്ചൻ സംതൃപ്‌തനാണ്. ഉശിരുള്ള ആണൊരുത്തനാ എന്റെ മരുമകനെന്ന് അഭിമാനത്തോടെ ഇടക്കിടക്ക് തന്റെ പെണ്ണുംപിള്ളയോട് പറയും.
അത് കേട്ട് അന്നാമ്മയുടെ അമ്മ ചിരിക്കും, മകളുടെ നന്മയോർത്തുള്ള മനോഹരമായ ചിരി. (ഇച്ചിരി ബുദ്ധിമുട്ടാ ഇങ്ങനൊരു ചിരി അവരിലുണ്ടാക്കാൻ)
അന്നാമ്മ വർക്കിച്ചനൊപ്പം പയറു നടാനും, കപ്പ കുത്താനും, വീട്ടിൽ കഞ്ഞിയുണ്ടാകാനും , മക്കളെ പോറ്റാനുമൊക്കെ മിടുക്കിയാണ്. അതെ അവരുടെ പത്രാസുള്ള സ്നേഹമാണ് സാരം
സ്നേഹമാണ് സാരം
അന്ന് രാത്രി പുതുമഴ പെയ്തു.
ഇച്ചായോ , ഒന്നെഴുന്നേറ്റ , ദാണ്ടെ മഴ പെയ്യുന്നു ....
വിറകിനു മുകളിൽ ഓല ഇട്ടതിന് ശേഷം വർക്കിച്ചൻ അന്നാമ്മയെ കെട്ടിപിടിച്ച് കിടന്നു.
........................
രചന: ജിജോ പുത്തൻപുരയിൽ
വിറകിനു മുകളിൽ ഓല ഇട്ടതിന് ശേഷം വർക്കിച്ചൻ അന്നാമ്മയെ കെട്ടിപിടിച്ച് കിടന്നു.
........................
രചന: ജിജോ പുത്തൻപുരയിൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക