Slider

ഇച്ചായൻ

0

ഇച്ചായാ, എന്നാ ഇത്ര വൈകിയെ വിളിക്കാൻ
ഇന്നല്പം അധിക ജോലി ഉണ്ടാരുന്നു കൊച്ചെ, അതാ.
ഈ ഇച്ചായന്റെ ഒരു കാര്യം, എന്തോരും നേരമായെന്നോ ഇച്ചായന്റെ കൊച്ചിവിടെ ഇരിക്കാൻ തുടങ്ങീട്ട്. എന്നാ വിശേഷം ഇച്ചായാ, അറബി ലീവിന്റെ കാര്യം വല്ലോം പറഞ്ഞാരുന്നോ?
ഇല്ലെടി കൊച്ചെ, ആ മനുഷ്യനടുത്തെങ്ങും അത് അപ്പ്രൂവ് ആക്കത്തില്ല. രണ്ടു വർഷം കൂടി പോയാൽ 6 മാസം ലീവ് താരാന്നാ അയ്യാള് പറയുന്നത്.
എന്റിച്ച്ചായാ, ഇപ്പൊ ഒന്നര വർഷായില്ലേ. ഇച്ചായന്റെ കൊച്ചിന് ഇനി വയ്യാ കാത്തിരിക്കാൻ.
എന്റെ കൊച്ച് എന്തിനാ സങ്കടപെടുന്നേ, ഇച്ചായൻ വേഗം അങ്ങ് വരില്ലിയോ. ഇനി 6 മാസം കൂടി അല്ലെ ഉള്ളു.
ഇച്ചായനിത് പറഞ്ഞു തുടങ്ങീട്ട് കുറച്ച് നാളായല്ലോ . എന്നാലും എനിക്കറിയാം എന്റിച്ചായാൻ മനപ്പൂർവ്വം വരാത്തതല്ലാന്ന്. അവധി കിട്ടിയാൽ ഇച്ചായന്റെ കൊച്ചിനെ കാണാൻ ഓടി വരത്തിലിയോ.
എന്റെ കൊച്ചെ നിന്റെ ഈ സമാധാനമുള്ള വാക്ക് കേൾക്കുമ്പോൾ നിന്റെ ഇച്ചായന്‌ വല്ലാത്ത സമാധാനമാ. മനസ്സിലൊരു കുളിർ മഴ പെയ്യുന്ന പോലെ.
അല്ലെടി കൊച്ചെ അപ്പനും അമ്മയുമൊക്കെ എന്തിയെ കിടന്നോ?
ഉം. പിന്നിലിയോ, സമയമെത്രയായെന്ന് അച്ചായനോന്ന് നോക്കിക്കേ.
ശരിയാണല്ലോ കൊച്ചെ 11 25 PM.
ആട്ടെ, ഇച്ചായ ചോറ് വിളമ്പട്ടെയോ, ഇച്ചായൻ വരാത്തത്കൊണ്ട് കൊച്ചും ഒന്നും കഴിച്ചില്ല.
ഇന്നെന്നാ കൂട്ടാൻ ത്രേസ്യ കൊച്ചെ?
ചേമ്പിന്റെ താള് കൂട്ടാൻ വച്ചതുണ്ട്, പിന്നെ മുള്ളൻ വറുത്തതും
ഉം..
ചോറ് വിളമ്പി ഇച്ചായ, വാ കഴിക്കാം
അവർ ഒരുമിച്ചിരുന്നാഹാരം കഴിച്ചു. ഒരാൾ അങ്ങ് തിരുവല്ലായിലും. മറ്റൊരാൾ അങ്ങ് സൗദിയിലും എങ്ങനുണ്ട് കെട്ട്യോളുടെയും കെട്ട്യോന്റെയും സ്നേഹം.
ജോമിച്ചന്റെ ഭാര്യയാണ് ട്രീസ്സ. ജോമിച്ചൻ ത്രേസ്സ്യാകൊച്ചെന്നെ വിളിക്കൂ. കൂടുതലും കൊച്ചു മാത്രമേ വിളിയിൽ ഉണ്ടാവു.
ജോലി കഴിഞ്ഞു വന്നാൽ ജോമിച്ചായൻ വിളിച്ചിട്ടേ ത്രേസ്യ കൊച്ചു കഴിക്കൂ. എല്ലാവരിൽ നിന്നും വിപരീതമായി, ത്രേസ്യ കൊച്ച് രണ്ടു പാത്രത്തിൽ ഭക്ഷണം വിളമ്പും, ഒന്ന് കൊച്ചിന്റെ ഇച്ചായനും ഒന്ന് കൊച്ചിനും.
വൈകുന്നേരം മാത്രമല്ല എന്ത് ഉണ്ടാക്കി കഴിച്ചാലും ട്രീസ്സ അവളുടെ ഇച്ചായന്‌ വേണ്ടിയും ഒരു പാത്രത്തിൽ മാറ്റി വെക്കും. ആ പാത്രം അങ്ങിനെ ഇരിക്കുമെങ്കിലും, അത് നോക്കി കഴിക്കാൻ ഒരു സുഖം പോലെ.
ജോമിച്ചൻ സൗദിയിൽ പോയപ്പോൾ മുതൽ ത്രേസ്യാകൊച്ചിനു ഒറ്റക്ക് ഭക്ഷണം കഴിക്കാനൊരു മടി...കൂടെയെപ്പോഴും ജോമിച്ചയാൻ ഉണ്ടെന്നുള്ള ചിന്ത.
ജോമിച്ചായൻ ഒറ്റക്ക് വെച്ചുണ്ടാക്കി കഴിക്കുന്ന കാര്യം അവളോർക്കുമ്പോൾ തന്നെ അവൾക്ക് സങ്കടം വരും.
നല്ല നാടൻ ആഹാരം നാട്ടിൽ കഴിക്കുമ്പോൾ അവളുടെ ഇച്ചായനതൊന്നുമില്ലല്ലോയെന്ന ട്രീസ്സയുടെ ആധിയും വിഷമവും കൊണ്ടാണ് അവൾക്കൊപ്പം ജോമിച്ചനും കഴിക്കുന്നുണ്ടെന്നുള്ള ഒരു ചിന്ത വളർത്തിയെടുക്കാൻ ഇങ്ങനൊക്കെ സ്നേഹത്താൽ ചെയ്തവൾ സന്തോഷിക്കുന്നത്.
അത് മാത്രവുമല്ല ...ത്രേസ്യ കൊച്ചിന് ജോമിച്ചായനേയും , ജോമിച്ചായന് ത്രേസ്യ കോച്ചും എന്ന് വച്ചാൽ ജീവനാ.
രണ്ടു പേരും ഫോൺ ഓൺ ചെയ്തിട്ടേ ഭക്ഷണം കഴിക്കാനിരിക്കു. അവർ അവിടെയും ഇവിടെയുമിരുന്നു കഴിക്കുമ്പോൾ എന്തേലുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കും.
ആഹാരം കഴിച്ച് കഴിഞ്ഞ്, പാത്രമൊക്കെ കഴുകി കഴിഞ്ഞ് ട്രീസ്സ കിടപ്പുമുറിയിൽ വരുമ്പോൾ ജോമിച്ചൻ ഒന്നോടെ വിളിക്കും, അന്നേരമാണ് അവരുടെ പ്രേമവും കൊച്ചു വർത്തമാനങ്ങളൊക്കെ നടക്കുക.
അവൾ മുറിലിലെത്തിയപ്പോൾ ജോമിച്ചനൊരു മിസ്ഡ് കാൾ കൊടുത്തു. ജോമിച്ചൻ തിരിച്ചു വിളിച്ചു
ഇച്ചായാ.....
എന്നതാടി കൊച്ചെ? പാത്രമൊക്കെ കഴുകി വെച്ചോ എന്റെ കോച്ച് ?
അതൊക്കെ കഴിഞ്ഞു ഇച്ചായാ, അതെ എന്റ്റിച്ചായാനോട് ഇച്ചായന്റെ ത്രേസ്യാക്കൊച്ചോരു കാര്യം പറഞ്ഞോട്ടെ.
അതിനെന്താടി പതിവില്ലാത്ത ഒരു മുഖവുരയും കൂടെ അൽപ്പം നാണവും? എനിക്ക് മനസ്സിലായി കൊച്ചു കള്ളി ത്രേസ്യാമ്മേ.
പോ ഇച്ചായാ..ഇത് അതൊന്നുമല്ല. എന്നാലും അതില്ലാതെ ഇത് പറ്റില്ല. എനിക്കിച്ചിരി നാണം വരുന്നുണ്ട് അതോർക്കുമ്പോൾ.
എന്റെ കോച്ച് പറ ഇച്ചായനോടാല്ലിയോ.
അതെ ഇച്ചായാ, എല്ലാവരും ചോദിക്കുവാ , കുഞ്ഞിക്കാലൊന്നും കാണണ്ടയോ എന്ന്.
അമ്പാടി കൊച്ചു ത്രേസ്യേ. നീ ആള് കോള്ളാലോടി, അല്ല നാട്ടുകാര് പറഞ്ഞോണ്ടാണോടി കൊച്ചെ നിനക്കൊരു തിടുക്കം.
പോ ഇച്ചായാ കളിയാക്കാതെ.
എടി കൊച്ചെ, എന്തായാലും ഇച്ചായൻ കുറച്ചു ദിവസം കഴിഞ്ഞാലങ്ങ് വരും. ഇനി തിരിച്ച് പോണില്ല. എന്തായാലും കടമൊക്കെ വീടിയല്ലോ. പറമ്പില് കുറച്ച് കൃഷിയൊക്കെ ചെയ്യാനുള്ള പൈസയും ഉണ്ടാക്കി അവിടങ്ങ് ജീവിക്കാം അല്ലിയോ കൊച്ചെ. കൂടി വന്നാൽ അറബി പറഞ്ഞ പോലെ ഒരു 6 മാസം.
പിന്നെ ദൈവാധീനം കൊണ്ട് അപ്പനുണ്ടാക്കിയ കുറച്ച് റബ്ബറും കുരുമുളകുമില്ലെടി, അതൊക്കെ നോക്കി നടത്തണം അപ്പന് വയസായില്ലിയോ.
പിന്നെ എന്റെ ത്രേസ്യാകൊച്ചിന്റെ ഒപ്പം അങ്ങോട്ട് ജീവിക്കും.
പിന്നെ നിനക്കൊരു പത്തു കുഞ്ഞിക്കാല് കാണിച്ച് തന്നിട്ടേ ഈ ജോമിച്ചനൊരു വിശ്രമമുള്ളൂ . നീ പ്രസവിച്ച് മടുക്കും എന്റെ ത്രേസ്യാകൊച്ചെ.
ഉവ്വ ഉവ്വേ, ഈ കള്ളനിച്ചായന്റെ ഒരു ആഗ്രഹം കണ്ടില്ലേ. പത്തും പതിനഞ്ചൊന്നും പെറാൻ എനിക്ക് പറ്റത്തില്ല കേട്ടോ. വേണേൽ ഒന്നോ രണ്ടോ പെറാം. നമുക്ക് രണ്ടാള് മതി ഇച്ചായാ. എനിക്ക് കൂടുതലൊന്നും പ്രസവിക്കാൻ പറ്റൂല്ല.
ഇച്ചായനൊരു തമാശ പറഞ്ഞതല്ലേ കൊച്ചെ
ഇച്ചായൻ വന്നിട്ട് വേണം, ശരിക്കൊന്നു ജീവിക്കാൻ..
ജോമിച്ചന്റെ ഫോണിലെ പൈസ തീരുന്ന വരെ അന്ന് സംസാരിച്ചു . രാത്രിയിലെപ്പോഴോ രണ്ടു പേരും ഉറങ്ങി പോയി.
ആറ് മാസം കഴിഞ്ഞ് ജോമിച്ചൻ സൗദിയിൽ നിന്നും തീർത്ത് പൊന്നു. അൽപ്പം കടം വീട്ടാൻ മാത്രം പോയ ജോമിച്ചൻ അത് വീടിയപ്പോൾ, നാട്ടിൽ വന്നു കുടുംബത്തോടെയൊപ്പം ജീവിക്കാമെന്നുള്ള ചിന്തയും അദ്ധ്വാനിക്കാനുള്ള മനസ്സും കൊണ്ട് തിരികെ വന്നു. ഇന്ന് ജോമിച്ചായനും ത്രേസ്യ കോച്ചും സുഖായി ജീവിക്കുന്നു.
.............................
ജിജോ പുത്തൻപുരയിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo