എസ്ര
-----------
മലയാള ചലച്ചിത്ര രംഗത് ചുരുക്കം മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഹൊറർ ചിത്രങ്ങൾ. ലോക സിനിമയിൽ പരീക്ഷണാത്മകവും പുതുമ നിറഞ്ഞതുമായ ഹൊറർ ചിത്രങ്ങൾ ഓരോ വർഷവും സംഭവിക്കുകയും കേരളമടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് നല്ല സ്വീകരണം നേടിയെടുക്കുകയും ചെയ്യുമ്പോൾ മലയാള സിനിമ പലപ്പോഴും ആ മേഖലയിലേക്ക് മുഖം തിരിക്കാറാണ് പതിവ്. മലയാള സിനിമ ജന്മം കൊണ്ടിട്ട് ഇത്രയും വർഷങ്ങൾ ആയെങ്കിലും ഒരു ലക്ഷണമൊത്ത ഹൊറർ ചിത്രം എന്നത് അകന്നു തന്നെ നിന്നു. ഉണ്ടായവയിൽ മിക്കതും ഭയം എന്ന വികാരത്തെ വേണ്ടവിധം പ്രയോജനപ്പെടുത്താത്തതും ഹാസ്യത്തിൽ മുക്കിയെടുത്തവയും ആയിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കലാപരമായും വാണിജ്യപരമായും സാങ്കേതിക തികവിലും മുന്നോട്ട് കുതിക്കുന്ന മലയാള സിനിമ മേഖലക്ക് ലക്ഷണമൊത്ത ഒരു ഹൊറർ ചിത്രം എന്ന പ്രതീക്ഷയുമായാണ് ജെയ് കെ എന്ന ജയകൃഷ്ണൻ സംവിധാനം ചെയ്ത 'എസ്ര' നമുക്ക് മുൻപിലേക്ക് എത്തുന്നത്.
-----------
മലയാള ചലച്ചിത്ര രംഗത് ചുരുക്കം മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഹൊറർ ചിത്രങ്ങൾ. ലോക സിനിമയിൽ പരീക്ഷണാത്മകവും പുതുമ നിറഞ്ഞതുമായ ഹൊറർ ചിത്രങ്ങൾ ഓരോ വർഷവും സംഭവിക്കുകയും കേരളമടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് നല്ല സ്വീകരണം നേടിയെടുക്കുകയും ചെയ്യുമ്പോൾ മലയാള സിനിമ പലപ്പോഴും ആ മേഖലയിലേക്ക് മുഖം തിരിക്കാറാണ് പതിവ്. മലയാള സിനിമ ജന്മം കൊണ്ടിട്ട് ഇത്രയും വർഷങ്ങൾ ആയെങ്കിലും ഒരു ലക്ഷണമൊത്ത ഹൊറർ ചിത്രം എന്നത് അകന്നു തന്നെ നിന്നു. ഉണ്ടായവയിൽ മിക്കതും ഭയം എന്ന വികാരത്തെ വേണ്ടവിധം പ്രയോജനപ്പെടുത്താത്തതും ഹാസ്യത്തിൽ മുക്കിയെടുത്തവയും ആയിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കലാപരമായും വാണിജ്യപരമായും സാങ്കേതിക തികവിലും മുന്നോട്ട് കുതിക്കുന്ന മലയാള സിനിമ മേഖലക്ക് ലക്ഷണമൊത്ത ഒരു ഹൊറർ ചിത്രം എന്ന പ്രതീക്ഷയുമായാണ് ജെയ് കെ എന്ന ജയകൃഷ്ണൻ സംവിധാനം ചെയ്ത 'എസ്ര' നമുക്ക് മുൻപിലേക്ക് എത്തുന്നത്.
മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടുള്ള ഹൊറർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ആഖ്യാന ശൈലിയിലാണ് സംവിധായകനും എഴുത്തുകാരനുമായ ജെയ് ചിത്രം ഒരുക്കിയിട്ടുള്ളത്. മുംബയിൽ ആയിരുന്ന രഞ്ജൻ മാത്യു, പ്രിയ എന്നിവർ പ്രണയ വിവാഹ ശേഷം കൊച്ചിയിലെ ഒരു പഴയ ജൂത ഭവനത്തിലേക്ക് താമസം മാറുന്നു. ഇന്ഡീരിയാർ ഡിസൈനറായ പ്രിയ വീട്ടിലേക്ക് വാങ്ങുന്ന ഒരു പഴയ പെട്ടി തുറക്കുകയും ദിബുക്ക് ആയിരുന്ന ആ പെട്ടിയിൽ നിന്നു ആത്മാവ് പുറത്തു വരികയും ചെയ്യുന്നു. ശേഷം അവർക്ക് അനുഭവപ്പെടുന്ന സംഭവ വികാസങ്ങളുടെ ആകെ തുകയാണ് ചിത്രം .
ന്യൂക്ലിയർ വേസ്റ്റ് മാനേജ്‌മന്റ് മേഖല, ജൂത പശ്ചാത്തലം എന്നിവ കഥയിൽ ഉപയോഗിച്ചു എന്നതും അത് നല്ല രീതിയിൽ തന്നെ അവ്സതരിപ്പിച്ചു എന്നതും ചിത്രത്തിന് തുടക്കം മുതൽ ഒരു പുതുമ നൽകിയിരുന്നു. കണ്ടു മടുത്ത കഥാസന്ദർഭങ്ങൾ മാറ്റി ഇത്തരം പുതുമകൾ കൊണ്ട് വരാൻ സംവിധായകൻ തുനിഞ്ഞു എന്നത് അഭിനന്ദനീയം തന്നെ. പതിഞ്ഞ താളത്തിൽ മുന്നോട് പോകുന്ന ചിത്രം പലപ്പോഴും പേടിപ്പിക്കും എന്ന ഭീതി നമ്മളിൽ ഉണർത്തി പേടിപ്പിക്കാതെ പോകുന്നു. ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഒരേ മൂഡ് നില നിർത്താൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ഹോളിവുഡ് ഹൊറർ ചിത്രങ്ങളിലേതിന് സമാനമായി നിശബ്ദതയും ഇരുട്ടും നിറച് മുന്നോട് പോയി പെട്ടെന്ന് ഞെട്ടിപ്പിച്ചു കൊണ്ട് പേടി ജനിപ്പിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്.
രഞ്ജൻ മാത്യു ആയി പ്രിത്വിയും പ്രിയ ആയി പ്രിയ ആനന്ദും മികച്ച പ്രകടനം കാഴ്ച വെച്ചു. പ്രിത്വിക്ക് ഏറ്റവും ഇണങ്ങുന്ന ഒരു കഥാപാത്രമായിരുന്നു രഞ്ജൻ മാത്യു. മലയാളത്തിൽ നടനിൽ നിന്നും ഒരു താരമായി ടോവിനോ വളരുന്നുണ്ട് എന്നതിന് തെളിവായിരുന്നു ടോവിനോയെ കാണിച്ചപ്പോഴുള്ള തിയ്യേറ്ററിലെ നിറഞ്ഞ കയ്യടി. എസിപി ആയി ടോവിനോയും തന്റെ കഥാപാത്രത്തോട് കൂറ് പുലർത്തി. വിജയ രാഘവൻ ബാബു ആന്റണി തുടങ്ങിയ മറ്റു അഭിനേതാക്കളും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. അപവാദമായത് സുജിത് ശങ്കറായിരുന്നു. ഞാൻ സ്റ്റീവ് ലോപസ്, മഹേഷിന്റെ പ്രതികാരം എന്നിവയിൽ മികച്ച അഭിനയം കാഴ്ച വെച്ച സുജിത്തിന് റാബ്ബി മർകസ് എന്ന കഥാപാത്രമായി തിളങ്ങാനാകാതെ പോയി. സുജിത്തിന്റെ ചുണ്ടനക്കങ്ങൾക്ക് ഒട്ടും യോജിക്കാത്ത സണ്ണി വെയ്‌നിന്റെ ശബ്ദം കൂടെ ചേർന്നപ്പോൾ ആ കഥാപത്രം സമ്പൂർണ പരാജയമായി. പ്രേക്ഷക ശ്രദ്ധക്കായി നടിയുടെ ശരീരത്തെ ഉപയോഗപ്പെടുത്തുക എന്ന അനാവശ്യതയും ചിത്രത്തിൽ ചിലയിടങ്ങളിൽ കാണാം
സാങ്കേതികപരമായാണ് ചിത്രം ഏറ്റവും മികച് നിൽക്കുന്നതെന്ന് പറയാം. ജെയിൻസ് ആൻഡ് ആലീസ് എന്ന ചിത്രത്തിന്റെ സംവിധായകനും അനാർക്കലി, അമർ അക്ബർ, 7th ഡേ, ദൃശ്യം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനുമായ സുജിത് വാസുദേവാണ് എസ്രായുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മെമ്മറീസ് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ അദ്ദേഹം എസ്രയെ മികവുറ്റതാക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ഓരോ ഷോട്ടും പ്രേക്ഷകന് ഒരു അനുഭവമാക്കി തീർത്തിട്ടുണ്ട്. ക്യാമറ ആംഗിൾ തിരഞ്ഞെടുപ്പും അഭിനന്ദനാർഹനീയം തന്നെ. ഫോർട്ട് കൊച്ചിയുടെ ക്യാമറ ദൃശ്യങ്ങൾ കണ്ണിനു വിരുന്നാകുന്നുണ്ട്. രാത്രിയിൽ പ്രിയയെ രഞ്ജൻ പിന്തുടരുന്ന രംഗങ്ങൾ ചിത്രത്തിലെ ഏറ്റവും മനോഹരമായ ഭാഗമാക്കി തീർത്തിട്ടുണ്ട്. വെളിച്ച വിന്യാസത്തിന്റെ കാര്യവും പരാമർശിക്കേണ്ടിയിരിക്കുന്നു. ഭീതി ജനിപ്പിക്കും വിധവും എന്നാൽ പ്രേക്ഷകന്റെ കാഴ്ചയെ മറയ്ക്കാത്ത വണ്ണവും വെളിച്ചം കൈകാര്യം ചെയ്തിരിക്കുന്നു. രാഹുൽ രാജ്, സുഷിന് ശ്യാം എന്നിവരുടെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരാകർഷണം. ഹരി നാരായണൻ രചിച്ചു രാഹുൽ രാജ് ഈണം പകർന്ന ലൈലകമേ എന്ന ഗാനം ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. അൻവർ അലി രചിച്ചു സുഷിന് ഈണം നൽകിയ 'തമ്പിരാൻ ..' എന്ന ഗാനം പഴയ കാലം അവതരിപ്പിക്കുമ്പോൾ ചിത്രത്തിന് നൽകുന്ന പിന്തുണ ചെറുതല്ല. ആ രംഗങ്ങളുടെ എല്ലാ ഭാവവും ഉൾക്കൊണ്ട ഈ ഗാനം മനസ്സിലേക്ക് ഒഴുകി ഇറങ്ങുന്ന അനുഭൂതി ഉളവാക്കി. സുഷിന്റെ പശ്ചാത്തല സംഗീതവും സന്ദർഭത്തോട് ഇഴ ചേർന്ന് കിടന്നു. വിവേക് ഹർഷൻ എന്ന ദേശീയ അവാർഡ് ജേതാവിന്റെ എഡിറ്റിങ്ങും എസ്രായുടെ ദൃശ്യ ഭാഷ മനോഹരമാക്കുന്നതിൽ പങ്കു വഹിച്ചു . ഒരു ഹൊറർ ചിത്രത്തിൽ ഏറ്റവും മികവ് പുലർത്തേണ്ട ദൃശ്യ ശ്രവ്യ മേഖലകൾ അതി മനോഹരമായി എന്നത് തന്നെയാണ് എസ്രാ എന്ന ചിത്രത്തിന്റെ അനുകൂലമായ ഘടകം.
രണ്ടു പ്രണയ കഥകൾ പറയുന്നുണ്ട് ചിത്രം രഞ്ജന്റെയും പ്രിയയുടെയും പിന്നെ എസ്രായുടെയും റോസിയുടെയും.കുറച്ചു രംഗങ്ങൾ കൊണ്ട് തന്നെ പ്രണയം നന്നായി അടയാളപ്പെടുത്തിയിട്ടുണ്ട്. രഞ്ജന്റെ ജീവിതത്തിൽ നിന്നും ഭൂതകാലത്തിലെ എസ്രായുടെ ജീവിതത്തിലേക്ക് കഥ വഴി മാറുമ്പോൾ ആദ്യ ഭാഗങ്ങൾ അവതരണ മികവ് കൊണ്ടും നടീ നടന്മാരുടെ പ്രകടനം കൊണ്ടും ആസ്വാദ്യകരമായിരുന്നെങ്കിലും അവസാന ഘട്ടം അതി നാടകീയത കൊണ്ടും സഹ നടന്മാരുടെ അഭിനയത്തിലെ കൃത്രിമത്വം കൊണ്ടും പ്രതീക്ഷിച്ച മികവിലേക്കുയരാതെ പോയി. ഇന്നത്തെ കാലഘട്ടത്തിൽ അന്ധ വിശ്വാസങ്ങളുടെ കൂട്ടത്തിലാണ് പ്രേതങ്ങൾക്കും സ്ഥാനം അതിനാൽ തന്നെ പ്രേത ബാധ എന്നത് വിശ്വസിക്കുക പ്രയാസമുള്ള കാര്യമാണ്. എന്നാൽ ചിത്രത്തിലെ പ്രധാന കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥൻ കേട്ട മാത്രയിൽ തന്നെ ഇത് വിശ്വസിക്കുന്നു എന്നതും രാത്രിക്ക് രാത്രി ശവക്കല്ലറ കുത്തിപ്പൊളിക്കാൻ ഇറങ്ങിത്തിരിക്കുന്നു എന്നതും പ്രേക്ഷകന് വിശ്വാസകരമാക്കാൻ എഴുത്തുകാരനും സംവിധായകനും കഴിഞ്ഞിട്ടില്ല എന്ന് പറയേണ്ടി വരും. തുടക്കം മുതലുള്ള ചിത്രത്തിന്റെ പതിഞ്ഞ താളം ചില ഘട്ടങ്ങളിലെങ്കിലും പ്രേക്ഷകന് മുഷിച്ചിൽ ഉണ്ടാക്കുന്നുണ്ട് പതിഞ്ഞ താളത്തിലെ കഥയുടെ ഒഴുക്ക് ഒരു സസ്പെൻസ് കഴിയുന്നതോടെ ചടുലമാകുകയാണ്. അവിടം മുതൽ കഥക്ക് മുൻപ് മലയാളത്തിൽ തന്നെ ഇറങ്ങിയ മറ്റൊരു ചിത്രവുമായി സാമ്യം പ്രകടമാകുന്നുണ്ട്. ഇനിയും ചിത്രം കാണാത്ത പ്രേക്ഷകരുടെ രസച്ചരട് പൊട്ടിക്കലാകും എന്നതിനാൽ അതിലേക്ക് കൂടുതൽ കടക്കുന്നില്ല. ക്ളൈമാക്സിലെ രംഗങ്ങൾ എന്നിലെ പ്രേക്ഷകന് ഒട്ടും തൃപ്തി നൽകിയില്ല. ശബ്ദ കോലാഹലങ്ങൾ നിറഞ്ഞതും അത്രയും നേരം പ്രേക്ഷകൻ അനുഭവിച്ച പെർഫെക്ഷൻ ഇല്ലാത്തതുമായിരുന്നു ക്ളൈമാക്സ് രംഗങ്ങൾ. കൂടാതെ ഏറ്റവും വിശ്വാസ്യയോഗ്യമായി ക്ളൈമാക്സ് രംഗങ്ങൾ അവതരിപ്പിക്കുന്നതിലും പരാജയം സംഭവിച്ചിട്ടുണ്ട്.
ഏറ്റവും നീച ചിന്തകളെപ്പോലും പ്രണയം കൊണ്ട് അല്ലെങ്കിൽ സ്നേഹം കൊണ്ട് പരാജയപ്പെടുത്തുക എന്ന വലിയൊരു സന്ദേശം പ്രേക്ഷകനിലേക്ക് എത്തിക്കാൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും അത് ഏറ്റവും മനോഹരമായി പ്രേക്ഷകനിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.
ഏറ്റവും നീച ചിന്തകളെപ്പോലും പ്രണയം കൊണ്ട് അല്ലെങ്കിൽ സ്നേഹം കൊണ്ട് പരാജയപ്പെടുത്തുക എന്ന വലിയൊരു സന്ദേശം പ്രേക്ഷകനിലേക്ക് എത്തിക്കാൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും അത് ഏറ്റവും മനോഹരമായി പ്രേക്ഷകനിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.
ആഖ്യാന ശൈലികൊണ്ടും സാങ്കേതിക തികവ് കൊണ്ടും എസ്ര മലയാള പ്രേക്ഷകന് നവ്യാനുഭവമാണ് എന്ന കാര്യത്തിൽ തർക്കമില്ല. വേറിട്ട വഴിയിൽ സഞ്ചരിക്കാനുള്ള അണിയറ പ്രവർത്തകരുടെ ശ്രമവും പ്രശംസനീയം തന്നെ. പക്ഷെ പുതിയൊരു രുചിക്കൂട്ട് ഒരുക്കുമ്പോൾ അത് ഏറ്റവും രുചികരമാക്കാൻ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എല്ലാ വിധ നല്ല ഘടകങ്ങൾ ഉണ്ടായിട്ടും അതിന്റെ ബുദ്ധിപരമായ വിന്യാസത്തിൽ ഇടക്ക് സംഭവിച്ച പരാജയവും, ചെറുതും എന്നാൽ കഥക്ക് ബലം നൽകിയേക്കാവുന്നതുമായ കാര്യങ്ങൾ തിരക്കഥയിലേക്ക് ചേർക്കാൻ കഴിയാതെ പോയതുമാണ് എസ്രയെ ഏറ്റവും മികച്ചൊരു ചിത്രമാക്കാതിരുന്നത്. ഒരു ഹൊറർ ചിത്രം എങ്ങനെ ആസ്വദിക്കണമെന്നു അറിയാത്ത ചില പ്രേക്ഷകരുടെ പരാജയവും പരാമർശിക്കേണ്ടിയിരിക്കുന്നു. ഭയപ്പെടുത്തും എന്ന് തോന്നുന്ന രംഗങ്ങളിൽ ആക്രോശിച്ചും കമന്റുകൾ അടിച്ചും മറ്റുള്ളവരുടെ ആസ്വാദനം കൂടെ തകർക്കുന്ന സമീപനം തീർച്ചയായും മാറ്റപ്പെടേണ്ടതുണ്ട്. ഒരു ഹൊറർ ചിത്രം എന്ന രീതിയിൽ പൂർണ സംതൃപ്തി നല്കുന്നില്ലെങ്കിലും സ്നങ്കേതിക മികവും സംഗീത മികവും അനുഭവിക്കാനും വ്യത്യസ്തമായ ആഖ്യാന ശൈലി ആസ്വദിക്കാനും ഒരു തവണ കണ്ട് നോക്കാവുന്ന ചിത്രം മാത്രമാണ് എസ്ര.
By
Rahul Raj

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക