Slider

ഇന്നലെ അസ്തമിച്ച സൂര്യന്‍

0

ഇന്നലെ അസ്തമിച്ച സൂര്യന്‍
************************************************************************
അനസ്തേഷ്യയുടെ മരുന്ന് കുത്തി വച്ചതിന് ശേഷം ഡോക്ടര്‍ പറയുന്നത് റോബിന്‍ കൃത്യമായി കേട്ടു.
“പേടിക്കണ്ട.നല്ല ഒരു ഉറക്കം.ആത്രേയുള്ളൂ.”
അവര്‍ അവന്റെ കൈകള്‍ ടേബിളിന്റെ രണ്ടു വശത്തും സ്ട്രാപ് ചെയ്തിരുന്നു.അതിനു ശേഷം പൊക്കിളിന് മുകടുളില്‍ ഒരു തുണി കൊണ്ടുള്ള സ്ക്രീന്‍ വച്ച് മറച്ചു.ഡോക്ടര്‍ വയറിലെ ചതഞ്ഞ ഭാഗത്തില്‍ വിരല്‍ തൊട്ടപ്പോള്‍ റോബിന്‍ ഇരുട്ടിന്റെ ഒരു കൊക്കയിലേക്ക് നിപതിച്ചു.
ഇരുട്ട്.അപാര താഴ്ചയുള്ള ഒരു കിണറിന്റെ അടിയിലേക്ക് ഇറങ്ങി ചെല്ലുന്നത് പോലെ..ഏറ്റവും അടിയില്‍ ഇരുട്ടും ഏകാന്തയും കൊണ്ട് മൂടപ്പെടുന്നത് പോലെ .
ഇപ്പോള്‍ അവന്‍ ഒരു കുട്ടിയാണ്.എല്ലാ ദിവസവും പുലര്‍ച്ചെ വല്ല്യമ്മച്ചിയുടെ കൈ പിടിച്ച് ,അമ്മച്ചിയുടെ കവിണി പുതപ്പില്‍ തണുപ്പടിക്കാതെ പള്ളിയിലേക്ക് നടന്നു പോകുന്ന കൊച്ചു റോബിന്‍.ഒരു മൂടല്‍ മഞ്ഞില്‍ വല്ല്യമ്മച്ചിയും ആ കുട്ടിയും നടന്നു മറയുന്നത് റോബിന്‍ സിനിമയിലെന്ന പോലെ കണ്ടു...
പിന്നെ ഇത്തിരി മുതിര്‍ന്ന റോബിന്‍.പത്താം ക്ലാസ്സുകാരന്‍.പൊടിമീശയും ചെക്ക് ഷര്‍ട്ടും ധരിച്ചു ഉണങ്ങി നില്ക്കുന്ന റബ്ബര്‍ മരകൂട്ടങ്ങള്ക്കിടയിലൂടെ നടന്നു പോവുകയാണ്.അവന്റെ കയ്യില്‍ ഒരു കൂടുണ്ട്.അതില്‍ നിറയെ പാല്‍ കുപ്പികള്‍ ഉണ്ട്..അമ്മച്ചി കറന്നു കുപ്പികളില്‍ നിറച്ചു തന്നു വിട്ടത്..ഓരോ വീടുകളില്‍ കൊണ്ട് ചെന്നു കൊടുക്കണം.
കിണറിനുള്ളിലെന്ന പോലെത്തെ ഏകാന്തയും ഇരുട്ടും അവന്റെ അബോധ മനസ്സിനെ ആ പത്താം ക്ലാസ് കാരന്‍ റോബിന്റെ അരികിലെത്തിച്ചു.ആ പയ്യന്‍ ഇപ്പോള്‍ ആലോചിക്കുന്നത് റോബിന് കാണാം.
“നല്ല ഒരു കോളേജില്‍ അഡ്മിഷന്‍ മേടിക്കണം..നല്ല ഒരു ജോലി മേടിക്കണം..പിന്നെ അപ്പനെയോ ചേട്ടനെയോ പോലെ ഷാപ്പില്‍ കൊണ്ട് പോയി കാഷ് കളയില്ല...അമ്മച്ചിയുടെ കയ്യില്‍ പൈസ കൊണ്ട് പോയി കൊടുക്കും.മുഷിഞ്ഞ സാരികള്‍ ദൂരെ കളഞ്ഞു അമ്മക്ക് കുറെ നല്ല സാരികള്‍ വാങ്ങണം.വല്ല്യമ്മച്ചിയുടെ കല്ലറയുടെ മുകളില്‍ ഒരു ഗ്രാനൈറ്റ് സ്ലാബ് കെട്ടിക്കണം...”
അവന്റെ ഒപ്പം നടന്ന്‍ മുതിര്‍ന്ന റോബിന്‍ ആ ചിന്തകള്‍ കേട്ടു കൊണ്ടിരുന്നു.
ഇപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു...ഇടകഴി തീരുന്നിടത്ത് ശതാവരിയിലകള്‍പടര്‍ന്ന് കയറിയ ആഞ്ഞിലിമരത്തിന്റെ ചുവട്ടിലേക്ക് കൊച്ചു റോബിന്‍ കയറി നിന്നു.കയ്യിലെ പാല്ക്കുപ്പി നിറച്ച സഞ്ചി താഴെ വച്ച് അവന്‍ ഒരു ചേമ്പില പറിച്ചു തലയില്‍ മൂടി.കാറ്റില്‍ മറിഞ്ഞ് വീണ റബ്ബറിന്റെ ശിഖരത്തില്‍ പച്ച നിറമുള്ള പൂപ്പല്‍ പടര്‍ന്ന് അവയില്‍ നിന്നു വെളുത്ത നിറമുള്ള ചെറിയ കൂണുകള്‍ നിര നിരയായി വളർന്ന് നില്ക്കുന്നത് അവന്‍ കാണുകയാണ്.എല്ലാം മഴയില്‍ നനഞ്ഞു കുതിരുകയാണ്.പൊടുന്നനെ അവന്‍ തിരിഞു മുതിര്‍ന്ന റോബിനെ നോക്കി.
അവന്‍ തന്നെ തിരിച്ചറിയുമെന്ന് ഏകാന്തയുടെ കനത്ത ഇരുട്ടിലെ മിന്നല്‍ പോലെ റോബിന് തോന്നി.
ഇല്ല.അവന്‍ തന്നെ അറിയുന്നില്ല.ശൂന്യമായ അവന്റെ നോട്ടം തന്‍റെ മുഖത്ത് കൂടി തുളഞിറങ്ങി പുറത്തു മരകൂട്ടങ്ങള്ക്കിടയില്‍ പെയ്യുന്ന കനത്ത മഴയില്‍ അലിയുന്നു.
വേദനയുടെ ഒരു ഇടിമിന്നല്‍ റോബിന്റെ ആത്മാവിലൂടെ കടന്നു പോയി.അവന്‍ എന്തായിരിക്കും തന്നെ തിരിച്ചറിയാഞ്ഞത്..?
ഇനി അവന്‍ പ്രതീക്ഷിച്ച റോബിന്‍ താന്‍ അല്ലായിരിക്കുമോ...അങ്ങനെ ഒരു റോബിന്‍ വേറെ എവിടെയെങ്കിലും ഉണ്ടായിരിക്കുമോ..?
രണ്ടായി പിരിയുന്ന പാതകള്‍.
അതില്‍ ഒന്നില്‍ കൂടി തന്റെ കൌമാരപ്രായം ഓടി മറയുന്നത് അവന്‍ കണ്ടു.
മഴ പെയ്യുകയാണ്.
എങ്ങനെ അവന്‍ തന്നെ തിരിച്ചറിയും?ഒരു പക്ഷേ ആ ദിവസം ,ആ മഴയില്‍ താന്‍ തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നിരിക്കാം.ഒരു പക്ഷേ അവന്റെ മനസ്സില്‍ ഉണ്ടാവേണ്ടിയിരുന്ന രൂപം വേറെ എവിടെയെങ്കിലും ഉണ്ടാവാം.
മരങ്ങളുടെ കറുത്ത തൊലിപ്പുറത്തു കൂടെ മഴ കണ്ണുനീരായി ഒഴുകുന്നുത് തന്‍റെ ആത്മാവിലേക്കാണ്.
കണ്ണിലൂടെ ഒഴുകുന്ന ചൂട് കണ്ണുനീര്‍ ആരോ തുടക്കുന്നു.റോബിന്‍ കണ്ണു തുറന്നു.
അമ്മ.
മദ്യപിച്ചു ബൈക്കില്‍ നിന്നു വീണു ഗുരുതരാവസ്ഥയിലായിരുന്നു അവന്‍.
ഒരാഴ്ചത്തെ ആശുപത്രി വാസത്തിനും പിന്നീട് ഒരു മാസത്തെ വിശ്രമത്തിനും ശേഷം അവന്‍ പുറത്തിറങ്ങി.മനസ്സില്‍ അപ്പോഴും ആ അന്സ്തേഷ്യയുടെ സമയത്തെ മൌനം കൂട് കെട്ടി നിന്നിരുന്നു.
അന്ന് വൈകുന്നേരം ഓഫീസില്‍ നിന്നു പുറത്തിറങ്ങുമ്പോ ഒരു കൂട്ടുകാരന്‍ വിളിച്ച് പറഞ്ഞു.
“ആക്സിഡന്റിന് ശേഷം നീ നന്നായി അല്ലേ..നല്ല കാര്യം”
"എന്താ?"
“രാവിലെ നീ പള്ളിയിലേക്ക് കയറുന്നത് കണ്ടു.”
“ഹെയ്,അത് ഞാനല്ല..”
“വേണ്ട,വേണ്ട,നുണ പറയണ്ട...എന്തായാലും ഈ സ്വഭാവം അങ്ങിനെ തുടര്‍ന്നാല്‍ മതി..”
ആരാണതു?തന്നെ പോലെ ഉള്ള മറ്റാരെങ്കിലും?
രണ്ടു ദിവസം കഴിഞ്ഞു ഓഫീസില്‍ നിന്നു മടങ്ങവേ കൂടെ നേരത്തെ ജോലി ചെയ്ത ആന്സി്യെ കണ്ടു.അവള്‍ ഇപ്പോള്‍ ട്രാന്സ്ഫറായി മറ്റൊരു സ്ഥലത്താണ്..
“കഴിഞ്ഞ ദിവസം മഹാറാണി ടെക്സ്റ്റയില്സില്‍ നിന്നു വാങ്ങിയ സാരികള്‍ അമ്മ ഉടുത്തു നോക്കിയോ.."??
റോബിന്‍ ഞെട്ടി..
"ആഹാ ഇത്ര പെട്ടെന്നു മറന്നു പോയോ...ഞാനും ഹസ്ബണ്ടും കൂടിയല്ലേ റോബിന് സാരികള്‍ സെലെക്റ്റ് ചെയ്തു തന്നത്...?.ആന്‍സി ചോദിച്ചു.
അവന്‍ എന്തൊക്കെയോ പറഞ്ഞു വേഗം ഒഴിഞ്ഞുമാറി.
ആരാണിത്?ആരാണീ അപരന്‍?
പിറ്റെന്നു ഞായറായിരുന്നു.വളരെ നാള്‍ കൂടി അവന്‍ പള്ളിയില്‍ പോയി അമ്മയോടൊപ്പം.കുര്‍ബാന കഴിഞ്ഞ് സെമിത്തേരിയില്‍ കയറിപ്പോള്‍ അമ്മ പറഞ്ഞു.
“സ്ലാബ് എന്നത്തേക്ക് ശരിയാകും മോനേ..?”
“അല്ല,അത്.."
“അല്ല,മിനിഞ്ഞാന്നു ഉച്ചക്ക് കഴിക്കാന്‍ വന്നപ്പോള്‍ നീയല്ലേ പറഞ്ഞത് കല്ലറയുടെ മുകളിലെ സ്ലാബ് വര്‍ക്ക് ചെയ്യാന്‍ ഏല്പിച്ചതെന്ന്.?.”
റോബിന്റെ ഞെട്ടല്‍ അവസാനിച്ചിരുന്നു.
“ഉടനെ ശരിയാകും അമ്മേ..” അവന്‍ പറഞ്ഞു.
“നിനക്കു വന്ന മാറ്റത്തില്‍ എനിക്കു എന്തോരം സന്തോഷം ഉണ്ടെന്നോ മോനേ...ആ ആശുപത്രി വാസത്തിന് ശേഷം ഒരു പുതിയ റോബിനാണ് നീയിപ്പോ..”
അവന്റെ കൈകള്‍ കവര്‍ന്നു കൊണ്ട് അമമ പറഞ്ഞു.
അപ്പോള്‍ അവന്റെ ഫോണ്‍ ബെല്ലടിച്ചു.
അവന്റെ അതേ നമ്പറില്‍ നിന്നുള്ള കോള്‍!!!
അവന്‍ ഫോണെടുത്തു.
“നിങ്ങള്‍ ആരാണ്?”
“ഞാന്‍ റോബിനാണ്.നിന്റെന ബാല്യത്തില്‍ നീ ആഗ്രഹിച്ചത് പോലെ നിനക്കു ആകാന്‍ കഴിയാഞ്ഞ റോബിന്‍.”അവന്റെ ശബ്ദം.
“ഓരോ ദിവസവും ഉണരുന്ന മനുഷ്യന്‍ പുതിയതാകുകയാണ്.അവന്റെ കോശങ്ങളില്‍ ചിലത് മരിക്കും.ചിലത് ജനിക്കും.ഇന്നലെ അസ്തമിച്ച സൂര്യനല്ല ഇന്ന്.ബാല്യത്തിലെ നിന്നെ ഇന്ന് വഴിയില്‍ വച്ച് കണ്ടാല്‍ നിനക്കു തിരിച്ചറിയാന്‍ പറ്റുമോ?”
അവന്‍ മൌനിയായി.കുറച്ചു മുന്പ് പള്ളിയില്‍ വച്ച് കേട്ട വചനം അവന്‍ ഓര്‍ത്തു.
പഴയ മനുഷ്യനെ ഉരിഞ്ഞു കളയുക.
തന്നില്‍ നിന്നു എന്തോ അടര്‍ന്ന് പോവുന്നതായും തന്നിലേക്ക് കുളിര്‍മ്മയുള്ള എന്തോ വന്നു ചേരുന്നതായും അവന്‍ അറിഞ്ഞു.
“ആരായിരുന്നൂ ഫോണില്‍?”അമ്മ ചോദിച്ചു.
“അതൊരു കൂട്ടുകാരനായിരുന്നു അമ്മേ..”.ഫോണ്‍ പോക്കറ്റില്‍ ഇട്ടു പുഞ്ചിരിച്ചു കൊണ്ട് റോബിന്‍ അമ്മക്ക് അരികിലേക്ക് നടന്നു.
(അവസാനിച്ചു)

By
Anish Francis

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo