Slider

കണ്ണേ കലൈമാനെ....

0

കണ്ണേ കലൈമാനെ....
**********************************************************
ഊട്ടിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ സമയം എട്ടു കഴിഞ്ഞു.അടുത്തടുത്ത്‌ നാല് ദിവസം അവധി ആയതു കൊണ്ട് ടൂറിസ്റ്റ് വാഹനങ്ങളുടെ നീണ്ട നിര ആ ചെറിയ പട്ടണത്തിനെ വിഴുങ്ങിയിരിക്കുന്നു.റോഡില്‍ കൈകള്‍ കോര്‍ത്ത്‌ ‌ നടക്കുന്ന മിഥുനങ്ങള്‍,അക്ഷമയോടെ ഹോണ്‍ മുഴക്കുന്ന വാഹനങ്ങള്‍.
ഇനി തനിക്ക് പോകേണ്ടത് നിലമ്പൂര്‍ക്കാണ്. നീണ്ട യാത്ര.തുടര്‍ച്ചയായി ഉള്ള ഡ്രൈവിംഗ് മൂലം ശരീരം അസ്വസ്ഥമാണ്.ഒരു മുറിയെടുത്തു രാത്രി ഉറങ്ങിയെ പറ്റൂ.ഉറക്കം ഒഴിച്ചുള്ള നീണ്ട യാത്ര ,വനവും,അപകടകരമായ വളവുകളും നിറഞ്ഞ ഈ റൂട്ടില്‍ അത്ര നന്നല്ല.ഇനി അടുത്ത പ്രധാന പട്ടണം ഗുഡല്ലൂരാണ്.ഗുഡല്ലൂരില്‍ ഒരു ഒന്‍പതരക് എത്തി അവിടെ ഒരു മുറിയെടുത്തു പുലര്‍ച്ചെ പുറപ്പെട്ടാല്‍ പത്തു മണി ആവുമ്പോള്‍ നിലമ്പൂര്‍ എത്താം.
കടുത്ത ബ്ലോക്കില്‍ നിന്ന് ഒരു വിധം ഓടിച്ചു വണ്ടി പട്ടണത്തിനു പുറത്തു വന്നു.കാറിന്റെ് ഹെഡ് ലൈറ്റില്‍ വലിയ യൂക്കാലിപ്ടസ്റ്റ് മരങ്ങള്‍ ഉറക്കം തൂങ്ങി നില്ക ന്ന ഭടന്മാരെ പോലെ പ്രത്യക്ഷപെടാന്‍ തുടങ്ങിയിരിക്കുന്നു.മലകളുടെ കരിമ്പടങ്ങളുടെ ഇടയില്‍ പറക്കുന്ന ,നിശബ്ദതയുടെ അഗാധകള്‍ വഹിക്കുന്ന മഞ്ഞിന്റെ വെളുത്ത ആത്മാവുകള്‍.
ഒന്ന് നിര്‍ത്തി ഒരു സിഗരറ്റ് വലിച്ചാലോ?വേണ്ട.
നീണ്ട യാത്രകള്‍ മനസ്സിന്റെ അലമാരകള്‍ വൃത്തിയാക്കുന്നു..പൊട്ടു പോലെ ദൂരെ മിന്നുന്ന മറ്റു വാഹനങ്ങളുടെ വെളിച്ചങ്ങളില്‍ കണ്ണ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍,പകല്‍ സദാ സമയം സംസാരിച്ചു കൊണ്ടിരുന്ന മനസ്സ് മിണ്ടാട്ടം അവസാനിപ്പിക്കാന്‍ തുടങ്ങുന്നു.പറയാന്‍ ഉള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതിനു ശേഷം ഉറക്കം തൂങ്ങിയിരിക്കുന്ന കിളി ചിറകു കുടഞ്ഞു സ്വയം വൃത്തിയാക്കുന്നത് പോലെ,മനസ്സ്,അതിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടുന്നു.
വഴിയില്‍ ഒരു തട്ടുകട കണ്ടു.ഒരു ചെറിയ മേശയും ഒന്ന് രണ്ടു കസേരകളും.വണ്ടിക്കു പുറത്തിറങ്ങിയപ്പോള്‍ തണുപ്പിന്റെ ശക്തിയറിഞ്ഞു.മഫ്ലര്‍ തലയില്‍ ചുറ്റിയ കടക്കാരന്‍ സമോവറില്‍ നിന്ന് ചൂട് ചായ പകര്‍ന്നു തന്നു.ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടിരിക്കെ അയാള്‍ റേഡിയോ ഓണ്‍ ചെയ്തു.
"കണ്ണേ കലൈമാനെ...കണി മയില്‍ എന്ന..."
മൂന്നാം പിറയിലെ ഗാനം.
ഓരോ ഗാനവും ഓരോ ഓര്‍മ്മകളാണ്.തിരിച്ചു വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നപ്പോള്‍ ആ ഗാനം വീണ്ടും മനസ്സില്‍ വന്നു.
----
സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ടൂറു പോയി.അന്ന് ദീപു എന്ന് പേരുള്ള ഒരു കൂട്ടുകാരന്‍ കൂടെ ഉണ്ടായിരുന്നു.അധികം സംസാരമൊന്നുമില്ലാത്ത ഒരു പാവം കുട്ടി.ക്ലാസില്‍ ആരുമായും അങ്ങനെ കൂട്ടില്ല.പിന്നെയും കൂട്ട് താനുമായി മാത്രം.അവന്‍ ടൂറിനു വരുന്നു എന്ന് പറഞ്ഞത് തന്നെ അത്ഭുതമായിരുന്നു.
വലിയ ഹെയര്‍പിന്‍ വളവുകള്‍ ഉള്ള ഏതോ ഹില്‍ സ്റെഷനിലെക്കുള്ള കയറ്റത്തില്‍ ഇത് പോലെ ഒരു രാത്രിയാത്ര.ബസ്സിനുള്ളില്‍ എല്ലാവരും ക്ഷീണിതരായി ഇരിക്കുകയാണ്.ആരുടെയോ നിര്‍ബന്ധത്തില്‍ മെലഡി പാട്ടുകള്‍ ബസിലെ സ്പീക്കറില്‍ ഒഴുകുന്നു.മിന്നാമിനുങ്ങുകള്‍ വാരി വിതറിയ പോലെ ,
ഏതോ ഒരു നഗരത്തിന്റെ വെളിച്ചങ്ങള്‍ ,വ്യൂ പോയിന്ടിനു താഴെ ഇരുട്ടില്‍ മയങ്ങി കിടന്നു. അത് കാണാന്‍ എല്ലാവരും ഇറങ്ങി.കാഴ്ച കണ്ടതിനു ശേഷം എല്ലാവരും തിരികെ കയറി.ബസ് കുറച്ചു മുന്നോട്ട് നീങ്ങിയപ്പോള്‍ അരികില്‍ ഇരുന്ന ദീപുവിനെ കണ്ടില്ല.പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അല്പം അകലെ മാറി നിന്ന് ആ മിന്നാമിന്നികളെ നോക്കി നില്ക്കു ന്ന അവന്റെ നിഴല്‍.ബസ് നിര്‍ത്തിച്ചു.അപ്പോള്‍ ഈ ഗാനമായിരുന്നു ബസില്‍ കേട്ട് കൊണ്ടിരുന്നത്.
"കണ്ണേ കലൈമാനെ...."
അവനെ വിളിക്കാനായി തിരികെ ഓടി.അവന്‍ വിളി കേള്ക്കുന്നില്ല എന്ന് തോന്നി.അവന്റെ മനസ്സ് ചിതറി കിടന്ന മിന്നാമിന്നികൂട്ടത്തില്‍ അലിഞ്ഞത് പോലെ.
അടുത്തെത്തിയപ്പോഴേക്കും അവന്റെ ചെറിയ നിഴല്‍ ഇരുള്‍ കടലിലെ വെളിച്ചങ്ങളുടെ പരപ്പ് നോക്കി മുങ്ങാംകുഴിയിട്ടു.
ഒരു ചുവന്ന ചെക്ക് ഷര്‍ട്ട് ധരിച്ചു കഴുത്തില്‍ മഫ്ലര്‍ ചുറ്റിയാണ് അവന്‍ ആ യാത്രയില്‍ കൂടെ ഉണ്ടായിരുന്നത്.എന്തിനായിരുന്നു അവന്‍ അന്ന് മറഞ്ഞത്?
-----
വലിയ ഒരു ശബ്ദമാണ് ഉണര്‍ത്തിയത്.ഒപ്പം കണ്ണിലേക്ക് വന്നു പതിച്ച കടുത്ത മഞ്ഞ വെളിച്ചവും.
വണ്ടി ഒരു വശത്തേക്ക് തെന്നി മാറി കൈവരി ഇടിച്ചു തെറിപ്പിച്ചു.ആഞ്ഞു ബ്രേക്ക് ചവിട്ടി.ബ്രേക്ക് ഉരയുന്ന കര കര ശബ്ദം ഒരു മിന്നല്‍ പോലെ ഒരു നിമിഷം നീണ്ടു നിന്നു.വീണ്ടും നിശബ്ധത തുടര്ന്നു .ഏതോ കിളിയുടെ അപരിചിത ശബ്ദം ദൂരങ്ങളില്‍ നിന്ന് ആവര്‍ത്തിക്കുന്നു.
എതിരെ വന്ന വാഹനം ഒഴിഞ്ഞു മാറിയത് കൊണ്ട് രക്ഷപെട്ടു..വണ്ടിയില്‍ തന്നെ അല്പം നേരം ഇരുന്നു.ഞെട്ടല്‍ മാറുന്നില്ല.എതിരെ വന്ന വാഹനത്തില്‍ നിന്ന് ആളുകള്‍ അടുത്ത് വന്നു.
“എന്ത് പറ്റി?ഉറങ്ങി പോയതാണോ?”
“അതെ.”
“ശ്രദ്ധിക്കണം.ഈ വഴി അല്പം അപകടം പിടിച്ചതാണ്.എവിടെയെങ്കിലും അല്പട നേരം റസ്റ്റ്‌ എടുത്തു യാത്ര തുടരൂ.” ആ യാത്രക്കാരന്‍ പറഞ്ഞു.
വണ്ടി വീണ്ടും സ്റാര്‍ട്ട് ചെയ്തു.അയാള്ക്ക് നന്ദി പറഞ്ഞതിന് ശേഷം വീണ്ടും മുന്നോട്ട്.
ഗുടലൂരില്‍ എത്രയും വേഗം എത്തണം.ആരുടെയോ ഭാഗ്യം കൊണ്ട് രക്ഷപെട്ടതാണ്.
എന്തോ തിരയുന്ന നീണ്ട യാത്രകള്‍.അപരിചിതരായ ആരുടെയൊക്കെയോ രക്ഷപെടുത്തലുകള്‍.
ദീപുവിന്റെ ചുവന്ന ഷര്‍ട്ടിന്റെ കളങ്ങള്‍ മനസ്സില്‍ നിന്ന് മഞ്ഞു പടലങ്ങള്‍ ഒഴിയുന്നത് പോലെ മാഞ്ഞു തുടങ്ങുകയാണ്.
ഒരു മണിക്കൂര്‍ യാത്ര.വണ്ടി ഗുടലൂരില്‍ എത്തി.റോഡരികിലെ തട്ടുകടയില്‍ നിന്നു ചായ കുടിച്ചതിനു ശേഷം ഒന്ന് രണ്ടു ലോഡ്ജുകളില്‍ കയറി റൂം അന്വേഷിച്ചു.ഒരിടത്തും റൂമില്ല.എല്ലായിടത്തും ടൂറിസ്റ്റുകള്‍.
“ഇവിടെ നിന്ന് ഒരു പത്തു കിലോമീറ്റര്‍ മൈസൂര്‍ റോഡില്‍ പോയാല്‍ ഒരു ഹോട്ടല് ഉണ്ട്.ഹോട്ടല്‍ ബ്ലൂ മൌണ്ടന്‍.അവിടെ ചിലപ്പോ കാണും.”ലോഡ്ജില്‍ ജോലി ചെയ്യുന്ന ഒരു മലയാളി പറഞ്ഞു തന്നു.
വണ്ടി മൈസൂര്‍ റോഡിലൂടെ വിട്ടു.പൈന്‍ മരങ്ങളുടെ ഇടയിലെ തണുപ്പില്‍ വഴിയരികില്‍,വിജനമായ കുന്നുകള്‍ ഉറങ്ങി കിടക്കുന്നു.ആരുടെയോ സ്വപ്നത്തിലൂടെ എന്ന പോലെ നീണ്ടു കിടക്കുന്ന പാതയിലൂടെ യാത്ര.
ബ്ലൂ മൌണ്ടനില്‍ എത്തി.അവിടെയും റൂമില്ല.ടൂറിസ്റ്റുകള്‍.മസനഗുടി എന്ന ഹില്‍ സ്റേഷന്‍ അവിടെ നിന്ന് പത്തു കിലോമീറ്റര്‍ കൂടെയുള്ളൂ. സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്നു.
വണ്ടിയുടെ അരികില്‍ നിന്ന് ഒരു പുകയെടുതപ്പോള്‍ ഹോട്ടലില്‍ നിന്ന് ഒരു വൃദ്ധന്‍ ഇറങ്ങി വന്നു.
വണ്ടിയുടെ തകര്‍ന്ന മുന്‍വശം കണ്ടു അയാള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
“ഈ രാത്രി സാറിന് ഇവിടെയെങ്ങും മുറി കിട്ടാനിടയില്ല.ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ എന്റെ വീടുണ്ട്.സൌകര്യങ്ങള്‍ കുറവാണ്.ഈ രാത്രി അവിടെ കഴിയാം.”
ഒന്ന് സന്ദേഹിച്ചുവെങ്കിലും ഒടുവില്‍ അയാള്‍ പറഞ്ഞത് നന്ദിപൂര്‍വ്വം അനുസരിച്ചു.മറ്റ് വഴികള്‍ ഒന്നും തെളിയുന്നില്ല.ഇനി യാത്ര ചെയ്യാന്‍ വയ്യ.ഉറക്കം കണ്ണില്‍ തലോടുന്നു.ചുവന്ന ചെക്ക് ഷര്ട്ടിതലെ കളങ്ങള്‍ ഉള്ളില്‍ എവിടെയോ ചലിച്ചു തുടങ്ങുന്നു.
വൃദ്ധന്റെ വീട്ടിലേക്കുള്ള യാത്രയില്‍ അയാളെ പരിചയപ്പെട്ടു.ആ ഹോട്ടലിലെ സെക്യൂരിറ്റിയാണ്.അയാളുടെ വീട്ടില്‍ ഇടക്ക് ടൂറിസ്റ്റുകളെ താമസിപ്പികും.ഒരു വരുമാനമാര്‍ഗ്ഗം.
അഞ്ചു മിനിറ്റ് കൊണ്ട് വണ്ടി അയാളുടെ വീടിനു മുന്നില്‍ എത്തി.ഒരു ചെറിയ ഇരുനില കെട്ടിടം.മുകളില്‍ ഒരു മുറി മാത്രം.ചെറിയ വൃത്തിയുള്ള മുറി.ഭംഗിയായ വിരിച്ച കിടക്ക.
അയാള്‍ ഹോട്ടലില്‍ നിന്ന് കൊണ്ട് വന്ന ഭക്ഷണം കഴിച്ചു.
“ക്ഷീണം കാണും .സര്‍ കിടക്കു.ഞാന്‍ രാവിലെ വിളിക്കാം.”
അയാള്‍ പോയതിനു ശേഷം ബാഗ്‌ തുറന്നു വസ്തം മാറി.ജനാലവിരി മാറ്റി നോക്കിയപോള്‍ പുറത്തു യൂക്കാലിപ്റ്റസ് മരങ്ങളുടെ നീണ്ട നിഴലുകള്‍.അതിനിടയില്‍ വീണു കിടക്കുന്ന നിലാവിന്റെ സ്ഫടികത്തുള്ളികള്‍.
കിടന്നു.ഉറക്കം കണ്ണില്‍ തഴുകുന്നു.പക്ഷെ ഉറങ്ങുന്നില്ല.അല്പം കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു.ബാഗില്‍ നിന്ന് ലാപ്ടോപ് എടുത്തു ഓണ്‍ ചെയ്തു.
കുറെ നാള്‍ മുന്പ് എവിടെ നിന്നോ കോപ്പി ചെയ്തു കുറെ സിനിമകള്‍ .ആരോ ചൂണ്ടിക്കാണിച്ചത് പോലെ ആ ഫയല്‍ നെയിം കണ്ണില്‍ ഉടക്കി.
moonnampirayi.mp4
പണ്ട് എപ്പോഴോ നെറ്റില്‍ നിന്നും എടുത്തതാണ്.അതോ ആരെങ്കിലും കോപ്പി ചെയ്തതോ?ഓര്‍മ്മയില്ല.ഈ രാത്രി യാദ്രിഛികതകളുടെതാണ്.
ഒരു അപകടത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ട് ബാല്യകാലതിലെക്ക് മടങ്ങുന്ന ശ്രീദേവിയെ രക്ഷപെടുത്തി ഒപ്പം താമസിപ്പിക്കുന കമലഹാസന്‍.ഒടുവില്‍ ഓര്‍മ്മ തിരിച്ചു ലഭിക്കുമ്പോള്‍ കമലഹാസനെ തിരിച്ചറിയാതെ ട്രെയിനില്‍ എന്നന്നെതെക്കുമായി അയാളുടെ ജീവിതത്തില്‍ നിന്നും തിരിച്ചു പോകുന്ന ശ്രീദേവി.
ആദ്യം കാണുന്ന പോലെ ആ സിനിമ മുഴുവന്‍ കണ്ടു.ഉറക്കം എവിടെ പോയി എന്ന് അറിഞ്ഞുകൂടാ.
കണ്ണേ കലൈയിമാനെ....എന്ന ഗാനം വീണ്ടും.
വീണും പ്ലേ ചെയ്തു.അതില്‍ ഒപ്പം താമസിക്കുന്നതിനിടയില്‍ കാണാതാവുന്ന ശ്രീദേവിയെ തിരഞ്ഞു കമലഹാസന്‍ അലയുന്ന സീന്‍ ഉണ്ട്.യൂക്കാലിപ്ടസ്റ്റ് മരങ്ങള്ക്കിടയിലൂടെ ഭ്രാന്തമായി ഓടുന്ന നായകന്‍.മനസ്സിന്റെ അഗാധങ്ങളില്‍ വരെ തൊടുന്ന പശ്തചാതല സംഗീതം.
വീണ്ടും ആ രംഗം പ്ലേ ചെയ്തു.
വീണ്ടും.വീണ്ടും.എത്ര കണ്ടിട്ടും മതിയാകാത്ത പോലെ
.
എന്തിനാണ് അത് വീണ്ടും കാണുന്നത് ?
അറിയില്ല.
എത്ര പ്രാവശ്യം അത് കണ്ടു എന്ന് അറിഞ്ഞു കൂടാ.പുലര്‍ച്ചെ വരെയോ?എപ്പോഴോ ഉറങ്ങി.
രാവിലെ ആ വൃദ്ധന്‍ വന്നു വാതിലില്‍ വന്നു തട്ടിയപ്പോള്‍ കണ്ണ് തുറന്നു.കുളിച്ചതിനു ശേഷം ബാഗ് പാക്ക് ചെയ്തു.വീടിന്റെ മുറ്റത്തിറങ്ങി അയാളോട് യാത്ര പറയാന്‍ കാത്തു നില്ക്കു ന്നത്തിനിടയില്‍ പുറത്തേക്ക കണ്ണോടിച്ചു.
യൂക്കാലിമരങ്ങള്‍.
എല്ലായിടത്തും വലിയ യൂക്കാലി മരങ്ങള്‍ മാത്രം.അതിന്റെ നിഴലുകളും
.
ഈ സ്ഥലം..ഇത്..ഇത്...?
ഉള്ളില്‍ ആ പശ്ചാത്തല സംഗീതം ഉണരുകയാണ്.
ഇതിലെ അല്ലെ ഭ്രാന്തമായ വേഗത്തില്‍ നിരാശയോടെ കമലഹാസന്‍ ഓടിയത്?
അതോ തോന്നലാണോ?
സിറ്റൌട്ടില്‍ ഒരു ബാലന്റെ ചിത്രം ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു.ചുവന്ന ചെക്ക് ഷര്‍ട്ട് ധരിച്ചു കഴുത്തില്‍ മഫ്ലര്‍ ധരിച്ച മിടുക്കനായ ഒരു ബാലന്റെ ചിത്രം.അവന്റെ കണ്ണുകള്‍ തന്നെ നോക്കി ചിരിക്കുന്നു.
“അത് മകനാണ്.ശക്തിവേല്‍.” നിറഞ്ഞ കണ്ണുകളോടെ വൃദ്ധന്‍ പറഞ്ഞു.
“എന്ത് പറ്റി?”
“അവനു പത്തു വയസ്സുള്ളപ്പോഴാണ് ഇവിടെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നത്.കമലഹാസന്റെ മൂന്നാം പിറ എന്ന സിനിമ.ഏതോ ചില രംഗങ്ങള്‍ ഇവിടെ വച്ച് ചിത്രീകരിച്ചു.”.വീടിനു പുറകിലെ യൂക്കാലി തോട്ടത്തിലേക്ക് കൈകള്‍ ചൂണ്ടി അയാള്‍ പറഞ്ഞു.
“എന്നിട്ട് ?
“അതിനു ശേഷം ആ സിനിമ കാണാന്‍ പോയതാണ് അവന്റെ അമ്മ വീടായ പൊള്ളാച്ചിയില്‍.പോകുന്ന വഴിക്ക് ബസ് ആക്സിഡന്റ്റ്.വണ്ടി കൊക്കയിലേക്ക് മറിഞ്ഞു.”
ഞാന്‍ ഒന്നും പറഞ്ഞില്ല.
ശക്തിവേലിനു ആ സിനിമ കാണാന്‍ അതിയായ കൊതി ഉണ്ടായിരുന്നിരിക്കണം..തന്റെ വീടിനു ചുറ്റും ചിത്രീകരിച്ച ആ രംഗം കാണാനും.
പക്ഷെ ദീപു ?ജനിമൃതികളുടെ ഒരു വേനല്‍ക്കാലത്ത് കാലം തെറ്റാതെ പൊഴിഞ്ഞ ഒരു ഇലയുടെ രണ്ടു വശങ്ങള്‍ ആയിരുന്നുവോ അവര്‍?അറിയില്ല.
ഞാന്‍ അയാളോട് യാത്ര പറഞ്ഞു.
യാത്ര തുടരുകയാണ്.
യൂക്കാലി മരങ്ങള്‍ പിന്നിലേക്ക് ഓടി മറയുന്നു.മനസ്സിലേക്ക് ആ പശ്ചാത്തലസംഗീതം ഉണരുകയാണ്.ആരെയോ തിരയുന്നത് പോലെ ഉള്ളില്‍ ചുവന്ന കളങ്ങള്‍ ചലിക്കുന്നു
.
(അവസാനിച്ചു)

By
Anish Francis

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo