പെയിന്റര്‍
***********************************
ആരോ മറിച്ചിട്ട പെയിന്റ് ബക്കറ്റില്‍ നിന്ന്‍ ഒഴുകി പടര്‍ന്ന കറുത്ത ചായം പോലെ,ഇരുള്‍ പരക്കുന്നത് അയാള്‍ കട്ടിലില്‍ കണ്ടു കിടന്നു.കട്ടിലില്‍ ചാരി വച്ച തലയിണകളില്‍ തല വച്ച് അയാള്‍ പുറത്തേക്ക് നോക്കി.ആകാശത്തിന്റെ ഏതോ കോണില്‍ നിന്നും മറിഞ്ഞ് വീണത് പോലെ,ഇരുട്ട് പതിയെ കയറി വന്നു.പുറത്തെ കാപ്പി തോട്ടത്തില്‍,അവ്യക്തമായ മണ്‍പാതയുടെ അരികിലെ വേലിത്തലപ്പുകളില്‍,ഇരുള്‍ ഊറീകൂടി.ഇരുട്ട് ഒരു ചായം ആണെന്ന്‍ അയാള്‍ വെറുതെ ഓര്‍ത്ത് അതിന്റെ ഗന്ധം അറിയാന്‍ മൂക്ക് കൂര്‍പ്പിച്ചു..അപ്പോള്‍ കാപ്പി പൂക്കളുടെ ഗന്ധം ജനാലയിലൂടെ അയാളെ തൊട്ടു.
***********************************
ആരോ മറിച്ചിട്ട പെയിന്റ് ബക്കറ്റില്‍ നിന്ന്‍ ഒഴുകി പടര്‍ന്ന കറുത്ത ചായം പോലെ,ഇരുള്‍ പരക്കുന്നത് അയാള്‍ കട്ടിലില്‍ കണ്ടു കിടന്നു.കട്ടിലില്‍ ചാരി വച്ച തലയിണകളില്‍ തല വച്ച് അയാള്‍ പുറത്തേക്ക് നോക്കി.ആകാശത്തിന്റെ ഏതോ കോണില്‍ നിന്നും മറിഞ്ഞ് വീണത് പോലെ,ഇരുട്ട് പതിയെ കയറി വന്നു.പുറത്തെ കാപ്പി തോട്ടത്തില്‍,അവ്യക്തമായ മണ്‍പാതയുടെ അരികിലെ വേലിത്തലപ്പുകളില്‍,ഇരുള്‍ ഊറീകൂടി.ഇരുട്ട് ഒരു ചായം ആണെന്ന്‍ അയാള്‍ വെറുതെ ഓര്‍ത്ത് അതിന്റെ ഗന്ധം അറിയാന്‍ മൂക്ക് കൂര്‍പ്പിച്ചു..അപ്പോള്‍ കാപ്പി പൂക്കളുടെ ഗന്ധം ജനാലയിലൂടെ അയാളെ തൊട്ടു.
അവള്‍ മുറിയിലേക്ക് കയറി വന്നു.രാത്രിയിലേക്കുള്ള മരുന്ന് അവള്‍ മേശയില്‍ വയ്ക്കുകയാണ്.
‘ഇന്ന് രാത്രി.ഒരു പക്ഷേ വെളുപ്പിന്.”അയാള്‍ പറഞ്ഞു.
“വിഡ്ഡിത്തം പറയാതിരിക്ക് റോബര്ട്ട് ” അവള്‍ പറഞ്ഞു.
അയാള്‍ മരിക്കുന്നതിനെ കുറിച്ചു പറയുന്നതു അവള്ക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.
‘എന്നെ കുറച്ചു കഴിയുമ്പോള്‍ വിളിക്കണം.ആ മാലാഖയുടെ ചിത്രം.. അത് വരക്കാന്‍ നീ എന്നെ സഹായിക്കണം.”
“വിശ്രമിച്ചു ശക്തി ആയിട്ട് പോരേ മാലാഖ?.” അവള്‍ ചോദിച്ചു.
അയാള്‍ പുറത്തേക്ക് നോക്കി.മങ്ങിയ ഇരുട്ടില്‍,പാതയുടെ അറ്റം ചെല്ലുന്ന മലയുടെ അരികില്‍,പുതുക്കി പണിയുന്ന പള്ളിയുടെ,എടുപ്പുകള്‍ അയാള്‍ അവ്യക്തമായി കണ്ടു.ആറ് മാസം മുന്പ്,അതിന്റെ ബാല്ക്കണിയിലെ ചുവരില്‍,ഗദ്സമേനിലെ തോട്ടത്തില്‍,പരിക്ഷീണനായ ക്രിസ്തുവിന്റെയും,സഹായിക്കാന്‍ എത്തുന്ന മാലാഖയുടെയും,ചിത്രം വരക്കുന്നതിനിടയില്‍ ആണ് അയാള്‍,അതിനെ കണ്ടത് ..
മരണത്തെ.
അത് ചുവന്ന പെയിന്റ്‍ ,സൂക്ഷിച്ചിരുന്ന പാട്ടയില്‍ ആയിരുന്നിരിക്കണം ഒളിച്ചിരുന്നത്..അയാള്‍ വിചാരിച്ചു..ക്രിസ്തുവിന്റെ ചുവന്ന മേലങ്കി വരക്കുന്ന പെയിന്റ് തീര്‍ന്നു പോയിരുന്നു..അയാള്‍ പുതിയ പെയിന്റ് പാട്ട തുറന്നു.പുതിയ പെയിന്റിന്റെ ഗന്ധം രൂക്ഷമായി മൂക്കിലേക്ക് കുത്തി കയറി.അയാള്‍ ഓക്കാനിച്ചു.തൊണ്ടയില്‍ നിന്നു പുറത്തു വന്നത് രക്തമായിരുന്നു.ബോധരഹിതനായി അയാള്‍ നിലത്തു വീണു.
പരിശോധനയില്‍ ഡോക്ടര്‍ കാന്‍സര്‍ കണ്ടെത്തി.കരളിലെ കോശങ്ങളില്‍ അത് ചിത്രപണി തുടങ്ങിയിരുന്നു.ഏറെ മുന്‍പേ...
ഇനി ആ മാലാഖയുടെ ചിത്രം.ആ മാലാഖയുടെ മുഖം അയാളുടെ മനസ്സില്‍ നന്നായി പതിഞ്ഞിട്ടുണ്ട്.അന്ന് രക്തം തുപ്പി ബോധം മറഞ്ഞു വീണ നിമിഷം ഒരു മിന്നല്‍ പോലെ മാലാഖയുടെ ചിത്രം അയാളുടെ മനസ്സില്‍ പതിഞ്ഞിരുന്നു.ഒരു പെന്സില്‍ കൊണ്ട്,അതിന്റെ സ്കെച്ച് എങ്കിലും വരക്കണം മരിക്കുന്നതിന് മുന്പ്.അത് അയാളുടെ ആഗ്രഹം ആയിരുന്നു.
അയാള്‍ ഉറങ്ങി.അല്പം കഴിഞ്ഞു ആരോ വിളിച്ചത് പോലെ അയാള്‍ ഉണര്ന്നു .അവള്‍ അപ്പുറത്തെ മേശയില്‍,തല കുനിച്ചു കിടന്നു ഉറങ്ങുകയാണ്.അയാള്‍ പതുക്കെ എഴുന്നേറ്റ് അപ്പുറത്തെ മുറിയിലേക്ക് നടന്നു.നല്ല ഉന്മേഷം തോന്നുന്നു.ഡ്രോയിങ് ബോര്ഡി്ല്‍ കടലാസ് ഫിറ്റ് ചെയ്തു അയാള്‍ വേഗം മാലാഖയെ വരച്ചു.വരച്ചു തീര്ന്നേപ്പോള്‍ ഉള്ളില്‍ നിന്നു ഭാരം ഇറങ്ങിയത് പോലെ അയാള്ക്ക് തോന്നി.
പതിവിലും നല്ല ഉന്മേഷം.പുറത്തെ കാപ്പി തോട്ടത്തില്‍,നിലാവിന്റെ അലരുകള്‍ വീണു കിടന്നു.അയാള്‍ കടലാസ് ചുരുട്ടി കയ്യില്‍ എടുത്തു പുറത്തേക്ക് നടന്നു.മണ്പാതയുടെ,അരികിലൂടെ നടന്നു പുതുക്കി പണിയുന്ന പള്ളിയുടെ സമീപം അയാള്‍ എത്തി.
.നിലാവില്‍,എല്ലാം വ്യക്തമായിരുന്നു.പതിയെ അയാള്‍ പള്ളിക്കുള്ളില്‍ പ്രവേശിച്ചു.,ബാല്ക്കണിയിലേക്ക് സ്റ്റെപ്പുകള്‍ ചവിട്ടി കയറി.ബാല്ക്കണിയിലെ ചുവര്‍ കണ്ട അയാള്‍ ഞെട്ടി.ആരോ ആ ചിത്രം അയാള്‍ക്ക് മുന്‍പേ വരച്ചിരിക്കുന്നു.തന്റെ കയ്യില്‍ ഉള്ള കടലാസില്‍ താന്‍ വരച്ച അതേ മുഖം ആയിരുന്നു ചുവരിലെ ആ മാലാഖക്കും.അയാള്‍ അദ്ഭുതപ്പെട്ടു.എങ്കിലും അയാള്ക്ക് സമാധാനമായി,തന്റെ മനസ്സില്‍ ഉള്ള അതേ ചിത്രം തന്നെയാണല്ലോ ചുവരില്‍.അയാള്‍ സ്വസ്ഥമായി കസേരയില്‍ ഇരുന്നു..അപ്പോള്‍ സ്റ്റെപ്പുകള്‍ കയറി ആരോ നടന്നു വരുന്ന സ്വരം അയാള്‍ കേട്ടു.അയാള്‍ തിരിഞു നോക്കി.അയാളുടെ മുഖം അത്ഭുതം കൊണ്ട് വിടര്‍ന്നു.
പിറ്റെന്നു അയാളുടെ ശരീരം കട്ടിലില്‍ നിന്നും മഞ്ചത്തില്‍ കയറ്റവെ വികാരിയച്ചന്‍ അവളോടു പറഞ്ഞു.
“എത്ര ശാന്തമായാണ് അവന്‍ ഉറങ്ങുന്നത്.ഒരു പക്ഷേ ഏതോ മാലാഖയെ അരികില്‍ കണ്ടത് പോലെ.”..
(അവസാനിച്ചു)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക