ഒരു പായാരം പറച്ചിൽ :
~~~~~~~~~~~~~~~
"ഒരു പാലമിട്ടാല് അങ്ങോട്ടും വേണം ഇങ്ങോട്ടും വേണം.. " സന്ധ്യക്ക് ഉമ്മറത്തിരുന്നു വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുകയായിരുന്ന മുത്തശ്ശിയുടെ വാക്കുകൾ കേട്ടാണ് ഞാൻ അലസമായി മറിച്ചുനോക്കികൊണ്ടിരുന്ന മാസികയിൽ നിന്ന് തലയുയർത്തി നോക്കിയത്.. " അതേത് പാലം മുത്തശ്ശി.. ഒറ്റപ്പാലം ആണോ.. " മുത്തശ്ശിയെ ചൊടിപ്പിക്കാൻ വേണ്ടി ഞാൻ ചോദിച്ചു.
" നീ പോടാ കുരുത്തം കെട്ടവനെ.. അവന്റെ ഒരൊറ്റപ്പാലം.. " മുറ്റത്തേക്ക് മുറുക്കാൻ തുപ്പൽ നീട്ടിത്തുപ്പിക്കൊണ്ട് മുത്തശ്ശി കയർത്തു. "ഞാനതൊന്നുമല്ല പറഞ്ഞത്.. ഈ വന്ന കാലത്തെക്കുറിച്ചാ.. " മുത്തശ്ശി തുടർന്നു. " എല്ലാർക്കും അവരവരുടെ കാര്യങ്ങൾക്ക് എല്ലാരും വേണം.. നമ്മുക്കൊരാവശ്യം ഉണ്ടേച്ചാ ഒറ്റൊരെണ്ണത്തിനെ ഈ മുറ്റത്ത് കാണൂല.. അതിനെ ന്യായീകരിക്കാൻ പിന്നെ കുറേ കള്ളങ്ങളും പറയും... പണ്ടൊന്നും ഇങ്ങനെയല്ലാർന്നു... ഒരു കല്യാണമുണ്ടെങ്കിൽ ഒരാഴ്ച മുൻപേ സ്വന്തക്കാർ വീട്ടിലെത്തിത്തുടങ്ങും.. പിന്നെ അരി പൊടിക്കലായി, അലുവ ഉണ്ടാക്കലായി.. അരകല്ലിനും, ആട്ടുകല്ലിനും ഉരലിനും വിശ്രമമുണ്ടാരുന്നില്ല.. വന്ന് വന്ന് എല്ലാർക്കും അന്ധത വന്നുതുടങ്ങി.. കണ്ടിട്ടും കാണാതെ പോണവരാ എല്ലാം.. കലികാലം.. അല്ലാണ്ടെന്താ.."
മുത്തശ്ശിയുടെ സ്വരത്തിന് സ്വതവേയുള്ള വിറയൽ അൽപ്പം കൂടിയിട്ടുണ്ടെന്ന് എനിക്ക് തോന്നി. മുത്തശ്ശി എഴുന്നേറ്റ് പ്രാഞ്ചി പ്രാഞ്ചി അകത്തേക്ക് നടന്നു. പുറത്തെ ഇരുട്ടിന് കട്ടി കൂടിയിരുന്നു..
~~~~~~~~~~~~~~~~~~~~~~~~~~~~~
ബിനു കല്ലറക്കൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക