Slider

കഥ: പെണ്ണടവ്

0

ഒരു പഴേ കഥയാ...
കഥ: പെണ്ണടവ് [അമൃത അരുൺ സാകേതം]
=========
അത് അമ്മാവന്മാരുടെ തിരുമാനമായിരുന്നു- 'സനോജിന് ഗൗരിയെ വിവാഹം ചെയ്തുകൊടുക്കാം..'
'മാനം രക്ഷിക്കാൻ വേറെ എന്താ ഒരുവഴി... നീ എതിരൊന്നും പറയേണ്ടാ...'
-കൂടപ്പിറപ്പിനും മറിച്ച് ഒരഭിപ്രായമുണ്ടായിരുന്നില്ല...അല്ലെങ്കിൽ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം സുഖമായി കഴിയുന്ന ചേച്ചിക്ക് ഭർത്താവിൻ്റെ ശരികൾക്കൊപ്പം നിൽക്കാൻ മാത്രമേ കഴിഞ്ഞുകാണുള്ളു.
അമ്മ കാലുരണ്ടും തളർന്ന് കിടക്കാൻ തടങ്ങിയിട്ട് നാല് വർഷം കഴിഞ്ഞു.
സനോജിൻ്റെ വീട്ടുകാർ ഈ പുതിയ തിരുമാനവുമായി വലിയമ്മാവനെ വന്നു കണ്ടു പോകും വഴി അവളുടെ വീട്ടിലും കയറി. ആട്ടിപ്പുറത്തിറക്കണം എന്ന് മനസ്സു പറഞ്ഞപ്പോഴും അവളൊന്നും മിണ്ടിയില്ല.
കഴിഞ്ഞ മാസത്തെ രണ്ടാം ശനിയാഴ്ച്ച പറമ്പിൽ തേങ്ങവലിക്കാനാണ് സനോജ് ഗൗരീടെ വീട്ടിൽ വന്നത്. എല്ലാ രണ്ടാം ശനിയാഴ്ച്ചയും ഗൗരി ജോലിചെയ്തിരുന്ന തയ്യൽക്കടക്ക് അവധിയായിരുന്നു... കുടിക്കാൻ വെള്ളം ചോദിച്ച് അടുക്കളയിലേക്ക് കയറിവന്ന അയാൾ പെട്ടന്നു കടന്നു പിടിച്ചപ്പോൾ അവൾ ബഹളം വച്ചെങ്കിലും... നടക്കാനാവാതെ അകത്തു കിടക്കുന്ന അവളുടെ അമ്മക്ക് ഉറക്കെ കരയാനല്ലാതെ മറ്റൊന്നിനും ആകുമായിരുന്നില്ല.
അമ്മയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് അടുത്ത വീട്ടിലെ കുട്ടികളാണ് ആദ്യം ഓടിവന്നത്. ഒന്നുറക്കെ കരയാൻ പോലും ഭയന്ന് പിച്ചികീറിയ വസ്ത്രം വാരിചുറ്റി ദേഹമാകെ പൊതിഞ്ഞു പിടിച്ച് അലങ്കോലപ്പെട്ടു കിടക്കുന്ന അടുക്കളയുടെ ഒരു മൂലയിൽ അവൾ തളർന്നു കിടക്കുകയായിരുന്നു....
അമ്മാവന്മാരെ അറിയിച്ചപ്പോൾ അവരാദ്യം പറഞ്ഞത് പോലീസിനെ അറിയിക്കേണ്ടെന്നായിരുന്നു. നാണക്കേടാണത്രേ..... അതുനന്നായെന്നു ഗൗരിക്കും തോന്നി. അതുകൊണ്ടാണല്ലോ ഇന്നവൻ്റെ മണിയറയിൽ ഇരിക്കാനവൾക്കു ആയത്.
'നിനക്കെന്നോട് ദേഷ്യമുണ്ടോ...ഞാൻ ഞാനന്ന്....അറിയാതെ...?'
-അയാൾ ഗൗരിയുടെ മറുപടി കാത്തു.
'ദേഷ്യമുണ്ടായിരുന്നെങ്കിൽ നിങ്ങളെക്കൊണ്ട് ഒരു പെണ്ണിനേയും തൃപ്തിപ്പെടുത്താനാവില്ലെന്ന സത്യം ഞാൻ എല്ലാരോടും പറയുമായിരുന്നില്ലേ.. സനോജ്? നിങ്ങളോടെനിക്ക് സഹതാപമേയുള്ളു. ഒരുപക്ഷെ ആ കഴിവില്ലായ്മ മറച്ചുവക്കാനുള്ള മനസ്സിൻ്റെ തന്ത്രമായിരുന്നിരിക്കണം കീഴ്പ്പെടുത്തൽ.'
-അവളൂറിച്ചിരിച്ചുകൊണ്ടവനെ നോക്കി.
ആ മറുപടിയവനെ അസ്വസ്ഥനാക്കി. ഒന്നും മിണ്ടാതെ അവളുടെ നേർക്കു നീണ്ട തൻ്റെ കൈ അവൻ പിൻവലിച്ചു. ഒരു പുതിയ ഭയം ആർത്തു ചിരിച്ചുകൊണ്ട് അവനെ കീഴ്പ്പെടുത്തി. മണിയറയിലെ പുത്തൻ കിടക്കയുടെ ഒരരികിൽ ചരിഞ്ഞു കിടന്നുറങ്ങുന്ന ഗൗരിയെ നോക്കി നെടുവീർപ്പെട്ടുകൊണ്ട് അവനും തിരിഞ്ഞു കിടന്നുറങ്ങി, ചിന്തകൾ പുകഞ്ഞ് നീറി മനസ്സ് ചൂടാവുമ്പോഴും... അവൻ്റെ ശരീരത്തിൽ ഒരിക്കലും മാറാത്ത തണുപ്പു വ്യാപിക്കുകയായിരുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo