ഭര്‍ത്താവിന്റെ പ്രണയിനി (കഥ - പൈങ്കിളി)
---------------------------------------------------------------
---------------------------------------------------------------
മക്കള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അയാള്‍ അവരൊടൊപ്പം ഉറങ്ങാന്‍ കിടന്നു. കിടപ്പ് മുറിയില്‍ നിന്നും മക്കളുമായിട്ടുള്ള കളിയുടെയും ചിരിയുടേയും ശബ്ദം അടുക്കള ഭാഗം വരെ കേള്‍ക്കുന്നുണ്ടായിരുന്നു. സാധാരണ വീട്ടമ്മയില്‍ നിന്നും തികച്ചും വ്യത്യസ്ഥമല്ലായിരുന്നില്ല അവളുടെയും അവസ്ഥ. അത്താഴത്തിനു ശേഷം പാത്രങ്ങളൊക്കെയും കഴുകി വച്ചു, പുറത്തെ നായയുടെ കൂടു തുറന്ന് വിട്ടു, ഗേറ്റു പൂട്ടിയെന്ന് ഉറപ്പ് വരുത്തി, വീടിന്റെ വാതിലുകളും ജനാലകളും അടച്ച് കുറ്റിയിട്ടു. മണി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. അവള്‍ കിടപ്പ് മുറിയിലെത്തുമ്പോള്‍, കുട്ടികളിലൊരാള്‍ അയാളുടെ നെഞ്ചിലും ബാക്കിയുള്ളവര്‍ ഇരു വശങ്ങളിലുമായി ഉറക്കം പിടിച്ചിരിക്കുന്നു. അയാള്‍ കണ്ണുകളടച്ച് കിടക്കുകയാണു, വെറുതെ ഉറക്കം നടിക്കുന്നു.
കുളികഴിഞ്ഞ് വന്നു അലമരയില്‍ നിന്നും മാറാനുള്ള വസ്ത്രം തിരഞ്ഞപ്പോള്‍, ആദ്യം കയ്യില്‍ കിട്ടിയത് നേര്‍ത്ത, സില്‍ക്കി വൈറ്റ് നൈറ്റ് ഗൗണ്‍ ആയിരുന്നു. അതെടുത്ത് ശരീരത്തോട് ചേര്‍ത്ത് വച്ചിട്ടവള്‍ അയാളെ ഒന്നു നോക്കി, ഉറക്കം നടിക്കുകതന്നെയാണു. വൈറ്റ് ഗൗണ്‍ ധരിച്ച് നിലക്കണ്ണാടിയുടെ മുന്നില്‍ നിന്നു, കുറച്ച് ഇറുക്കം കൂടീയിട്ടുണ്ട്, അത് കൊണ്ട് തന്നെ ശരീര വടിവുകള്‍ വ്യക്തമാണു. അവള്‍ കരിമഷിയെടുത്ത് കണ്‍ പോളകളില്‍ വരച്ചു, വശീകരണ ഗന്ധമുള്ള, അയാള്‍ക്കിഷ്ടമുള്ള സുഗന്ധ തൈലം തേയ്ച്ചു. അരക്കെട്ടോളം എത്തി നില്‍ക്കുന്ന ഈറനിറ്റുന്ന മുടികള്‍ മുന്നിലേക്കിട്ട് വിരലുകള്‍ കൊണ്ട് ചീകി ഈര്‍പ്പമകറ്റി.
അയാളുടെ നെഞ്ചില്‍ കിടന്ന കുട്ടിയെ എടുത്ത് മാറ്റി കിടത്തി. അയാള്‍ ഒരു വശത്തേക്ക് മാറി കിടന്നു. വെട്ടം കെടുത്തി അവള്‍ വെറുതെ കട്ടിലിലിരുന്നു, മുറിയിലാകെ സുഗന്ധ തൈലത്തിന്റെ ഗന്ധം പരന്നു. മധു വിധു കൊടൈക്കനാലിലായിരുന്നു. അവിടെ ചെന്നപ്പോഴാണു കാണുന്നത്, അയാള്‍ കൊണ്ടു വന്നത് ഒരു ബാഗ് നിറയെ പാശ്ചാത്യ രീതിയിലുള്ള നിശാവസ്ത്രങ്ങളായിരുന്നു. കൂട്ടു കുടുംബത്തിലെ പരിമിതികള്‍ക്കുള്ളില്‍ ഇതൊന്നും ധരിക്കാനൊ ധരിച്ച് കാണാനൊയുള്ള സൗകര്യം ഉണ്ടായിരുന്നില്ല. പിന്നെ വല്ലപ്പോഴും അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ അയാള്‍ നിര്‍ബന്ധിക്കുമായിരുന്നു. സ്വന്തമായി വീട് വച്ച് മാറിയപ്പോഴേക്കും മക്കള്‍ മൂന്നായി. ഇതിനിടയില്‍ ഇത് പോലുള്ള സ്വകാര്യനിമിഷങ്ങളൊക്കെ അന്യം നിന്നു പോയി.
പെട്ടെന്നവളുടെ ഉള്ളിലൊരാന്തലുണ്ടായി. ഇന്നത്തെ രാത്രിക്ക് മറ്റൊരവകാശിയുണ്ട്. വൈകുന്നേരം വന്നപ്പോള്‍ കൂടെ കൂട്ടി വന്നു. രണ്ട് ദിവസമായി ആരോടൊക്കെയോ ഫോണില്‍ പോലും ഇത് തന്നെയായിരുന്നു സംസാരം. അവള്‍ക്കവകാശപ്പെട്ട പല രാത്രികളും ഇത് പോലുള്ള കാമുകിമാര്‍ക്ക് വേണ്ടി മാറ്റി വയ്ക്കുമ്പൊള്‍ അവള്‍ക്ക് കണ്ട് നില്‍ക്കാനെ കഴിയുള്ളു. ഇതിനയാള്‍ നല്‍കിയിരിക്കുന്ന പേരും പ്രണയം. ഇതും പ്രണയമാണൊ? പ്രതികരിക്കനൊ പ്രതിഷേധിക്കാനോ അവകാശമില്ല. അവള്‍ നേര്‍ത്ത സില്‍ക്കി നൈറ്റ് ഗൗണ്‍ അഴിച്ച് മാറ്റി പകരം ഒരു കറുത്ത കോട്ടണ്‍ നൈറ്റി ധരിച്ചു ഉറങ്ങാന്‍ കിടന്നു.
അയാള്‍ മെല്ലെ എഴുന്നേറ്റ് ഭാര്യയെ നോക്കി. നല്ല ഉറക്കമാണു. കതക് തുറന്ന് മര്‍ജ്ജാരപാദനായി അടുത്ത മുറിയിലെത്തി വെളിച്ചം വരുത്തി. അവള്‍ പകുതി തുറന്ന കണ്ണിലൂടെ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അയാള്‍ ചാരിയ വാതിലിലൂടെ പ്രകാശം ഒരു വര പോലെ പുറത്തേക്ക് പതിച്ചു. അടുത്ത് കിടന്ന കുട്ടിയെ കെട്ടിപിടിച്ച് കണ്ണുകള്‍ ഇറുക്കി അടച്ച് ഉറക്കത്തിനു വേണ്ടി ശ്രമിച്ചു.
വെളുപ്പിനു അഞ്ചു മണിക്ക് തന്നെ അലാറം അവളെ ഉണര്‍ത്തി. അവള്‍ തിരക്കിട്ട് അടുക്കളയിലെ പണികളില്‍ മുഴുകി. കുട്ടികള്‍ക്ക് സ്കൂളില്‍ കൊണ്ട് പോകാനുള്ള ഭക്ഷണം പാകം ചെയ്ത പാത്രങ്ങളില്‍ ഭാഗം ചെയ്ത് വച്ച ശേഷം അയാളുടെ മുറി ശബ്ദമുണ്ടാക്കാതെ തുറന്നു. കട്ടിലിന്റെ തല ഭാഗത്തെ പലകയില്‍ ചാരി വച്ചിരിക്കുന്ന തലയിണയില്‍ ചാരിയിരുന്നു നല്ല ഉറക്കമാണു. പ്രണയിനി അയാളുടെ നെഞ്ചില്‍ വിടര്‍ന്ന് കമിഴ്ന്ന് കിടക്കുന്നു. അവള്‍ അകത്ത് കടന്നത് ആരും അറിഞ്ഞില്ല. എന്തോ എഴുതി വച്ചിരിക്കുന്ന ഒരു തുണ്ട് കടലാസ് അവളെടുത്ത് വായിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു - ' എന്നെ തൃപ്തിപെടുത്താന്‍ നിനക്കായില്ല. ഉറക്കമൊളിച്ചുള്ള ഒരു രാത്രിക്ക് നീ യോഗ്യയല്ല. എനിക്ക് നിന്നിലേക്ക് പൂര്‍ണ്ണമായി ഇഴുകി ചേരുന്നതിലും എന്നെ നിന്നിലേക്കാവാഹിക്കുന്നതിലും നീ തികച്ചും പരാജയമാണു. അലസമായ വേളകളിലോ മുഷിഞ്ഞ യാത്രകളിലോ നിന്നെ കൂടെ കൂട്ടാം, തൊട്ടും തലോടിയും ഇരിക്കാം, അതിനപ്പുറത്തേക്ക് നീയില്ല'.
അവള്‍ ഒരു ചിരിയോടെ ആ കടലാസ് കഷണം എടുത്ത് നാലായി മടക്കി, അയാളുടെ നെഞ്ചില്‍ വിടര്‍ന്ന് കിടന്നുറങ്ങിയ പ്രണയിനിയേയും അയാളുണരാതെയെടുത്ത്, അതിനുള്ളില്‍ തുണ്ട് കടലാസ് സൂക്ഷിച്ച് ബുക്ക് ഷെൽഫിൽ ഭദ്രമായി വച്ചു. ഒരു പുതപ്പെടുത്ത് അയാളെ പുതപ്പിച്ച് പുറത്തിറങ്ങി വാതില്‍ ചാരി.
(അശോക് വാമദേവന്‍)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക