Slider

എട്ടുകാലി

0

എട്ടുകാലി
*****************************************************
"എത്ര ദിവസമായി ദേഹത്തിനു വേദന തുടങ്ങിയിട്ട് ?"
വൃദ്ധന്റെ കണ്പോളകള്‍ തുറന്നു നോക്കിയതിനു ശേഷം ഡോക്ടര്‍ നെല്‍സന്‍ അയാളോട് ചോദിച്ചു.
"രണ്ടു ദിവസം."
"വാ നല്ലത് പോലെ തുറന്നേ."
വൃദ്ധന്‍ വാ തുറന്നു.ഡോക്ടര്‍ ചെറിയ ടോര്‍ച്ചു തെളിച്ചു തൊണ്ട പരിശോധിച്ചു.
അപ്പോഴേക്കും സിസ്റര്‍ മരിയ രോഗിയുടെ കക്ഷത്തില്‍ വച്ചിരുന്ന തെര്‍മോമീറ്റര്‍ എടുത്തു ചൂട് നോക്കി പറഞ്ഞു.
"നോര്‍മലാ ഡോക്ടറെ."
ഡോക്ടര്‍ പ്രിസ്ക്രിപ്ഷന്‍ പാഡില്‍ ഗുളികകളും മരുന്നും കുറിച്ചു.വൃദ്ധന്‍ ആ സമയം കാഷ്വാലിറ്റിയുടെ വെളുത്ത ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന ,മരുന്നുകളുടെ പരസ്യങ്ങള്‍,പ്രമേഹം നിയന്ത്രിക്കുന്നത്‌ എങ്ങനെ എന്നുള്ള നോട്ടീസ് തുടങ്ങിയവ വായിക്കുകയായിരുന്നു.സിസ്റര്‍ മരിയ അപ്പോഴേക്കും കംബ്യൂട്ടറില്‍ രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി.
" വൈറല്‍ ഫീവറിന്റെ ആരംഭമാണ്.തത്ക്കാലം ഈ മരുന്ന് കഴിക്കു.മൂന്നു ദിവസം കഴിച്ചു കുറവില്ലെങ്കില്‍ വന്നാല്‍ മതി."
വൃദ്ധന്‍ പോയതിനു ശേഷം സിസ്റര്‍ മരിയയും ഡോക്ടറും തനിച്ചായി..തന്‍റെ പുസ്തകങ്ങളുമായി നെല്‍സന്‍ ക്യാബിനിലേക്ക് പോയി.
നേരം രാത്രി ഏഴര കഴിഞ്ഞിരുന്നു.ആ ചെറു പട്ടണത്തിലെ ഒരേ ഒരു ആശുപത്രിയാണ് അത്.കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രി..എറിയ പങ്കു ജീവനക്കാരും സിസ്റെഴ്സ് തന്നെയാണ്.
ഡോക്ടര്‍ തന്റെ ക്യാബിനില്‍ എത്തി പഠനം തുടങ്ങി.എം.ഡിയുടെ പ്രവേശന പരീക്ഷക്ക്‌ തയ്യാര്‍ എടുക്കുകയാണ് അയാള്‍.തിരക്ക് കുറഞ്ഞ ആശുപത്രിയാണ് അത്.രാത്രി രോഗികള്‍ ,അടിയന്തിര സാഹചര്യങ്ങള്‍ ഒക്കെ വല്ലപ്പോഴുമേ ഉണ്ടാകു.ആരെങ്കിലും വന്നാല്‍ കാഷ്വാലിറ്റിയിലെ നഴ്സ് ഡോക്ടറെ വിളിക്കും.അപ്പോള്‍ എത്തിയാല്‍ മതി.കിടപ്പ് രോഗികള്‍ കുറവാണ്.മൂന്നു നഴ്സുമാരും ഒരു ഡോക്ടറും മാത്രമേ രാത്രികളില്‍ ഉണ്ടാകൂ.
ഒന്ന് രണ്ടു മണിക്കൂര്‍ വായന കഴിഞ്ഞപ്പോള്‍ നെല്‍സന്‍ ഒന്ന് മയങ്ങി.ഉറക്കത്തില്‍ ഡോക്ടര്‍ ഒരു സ്വപ്നം കണ്ടു
.
താന്‍ വായിച്ചു കൊണ്ടിരിക്കുകയാണ്..പൊടുന്നനെ ഭിത്തിയില്‍ ഒരു എട്ടുകാലി പ്രത്യക്ഷപെട്ടു.അത് തന്നെ നോക്കുകയാണ്.താന്‍ ഭിത്തിയില്‍ എങ്ങോട്ട് നോട്ടം മാറ്റിയാലും എട്ടുകാലി താന്‍ നോക്കിയ സ്ഥലത്തേക്ക് ചാടിയിരിക്കും.ഒരു പാട് തവണ ഡോക്ടര്‍ നോട്ടം മാറ്റി.അപ്പോഴെല്ലാം എട്ടുകാലിയും സ്ഥാനം മാറി.എട്ടുകാലിയുടെ നോട്ടത്തില്‍ നിന്ന് രക്ഷപെടാന്‍ തനിക്കു സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം ഡോക്ടര്‍ ഞെട്ടിയുയുണര്‍ന്നു.
അയാള്‍ വിയര്‍ത്തു കുളിച്ചിരുന്നു..എന്തൊരു സ്വപ്നമാണിത് ?
ഡോക്ടര്‍ വെള്ളം കുടിക്കാനായി എഴുന്നേറ്റു.അപ്പോഴാണ് ഭിത്തിയില്‍ ഒരു അനക്കം ശ്രദ്ധിച്ചത്.
ഒരു എട്ടുകാലി.
ഡോക്ടര്‍ അതിനെ ഓടിക്കാനായി അടുത്തതും അത് ജനാലയുടെ വിടവിലേക്ക് ചാടി രക്ഷപെട്ടു.ഡോക്ടറുടെ ക്യാബിനും കാഷ്വാലിറ്റിയുമായി വേര്‍ തിരിക്കുന്ന ഭിത്തിയാണ് അത്.ഡോക്ടര്‍ ജനാലയുടെ അരികില്‍ എത്തി..അങ്ങനെ തുറക്കാറില്ലാത്ത ജനലാണ്.
അതിനെ ഓടിക്കാനായി ഡോക്ടര്‍ ജനാലയുടെ വിരി മാറ്റാന്‍ തുടങ്ങുകയായിരുന്നു.അപ്പോഴാണ് ആ ചെറിയ വിടവിലൂടെ ഡോക്ടര്‍ അത് കണ്ടത്.
കാഷ്വാലിറ്റിയിലെ നഴ്സുമാരുടെ കസേരയില്‍ ഇരുന്നു സിസ്റര്‍ മരിയ ഒരു ഡയറിയില്‍ എന്തോ വരക്കുന്നു.
ഇരുപത് ഇരുപ്പത്തിരണ്ടു വയസ്സുള്ള മരിയക്ക് അതി സുന്ദരമായ വെളുത്ത മുഖമാണ്.ശിരോവസ്ത്രത്തിനു ഇടയിലൂടെ തലനാരുകള്‍ നെറ്റിയിലേക്ക് വീണ് കിടന്നു.ഒരു സ്വപ്നത്തില്‍ എന്ന വണ്ണം സിസ്റര്‍ ഒരു കടലാസ്സില്‍ എന്തോ എന്തോ സൂക്ഷമമായി വരയ്ക്കുന്നത് ഡോക്ടര്‍ കണ്ടു.ആ ദൃശ്യം ഏതോ യൂറോപ്പ്യന്‍ പെയിന്റിങ്ങുകള്‍ പോലെ ഡോക്ടര്‍ക്ക് തോന്നി.
വര പൂര്‍ത്തിയായതിനു ശേഷം സിസ്റര്‍ ആ ഡയറിയില്‍ എന്തോ എഴുതുന്നതും അതിനു ശേഷം തന്റെി ഡയറി ബാഗില്‍ വച്ച് ബാഗ് അടക്കുന്നതും ഡോക്ടര്‍ കണ്ടു.ആ സമയം ഒക്കെയും സിസ്റ്ററുടെത് ഒരു വല്ലാത്ത മുഖഭാവം ആയിരുന്നു.
അതിനു ശേഷം സിസ്റര്‍ വരച്ചിരുന്ന കടലാസ്സ്‌ എടുത്തു.പിന്നെ അത് സൂക്ഷിച്ചു നോക്കി.സിസ്റ്ററുടെ വെളുത്ത മുഖം ചുവക്കുന്നതും കണ്ണില്‍ ക്രൂരത നിറയുന്നതും ഡോക്ടര്‍ കണ്ടു.
അടുത്ത നിമിഷം സിസ്റര്‍ ആ കടലാസ്സ്‌ കുനുകുനാ വലിച്ചു കീറി.അപ്പോള്‍ സിസ്റ്റര്‍ കിതക്കുന്നുണ്ടായിരുന്നു.ഒരു നിമിഷം കഴിഞ്ഞു സിസര്‍ ശാന്തയായി.ആ കടലാസ് കഷണങ്ങള്‍ വേസ്റ്റ് ബാസ്കറ്റില്‍ ഇട്ടു.
രാത്രി ഒരു മണി ആയപ്പോള്‍ സിസ്റര്‍ മരിയ ഉറങ്ങാനായി റസ്റ്റ്‌ റൂമിലേക്ക് പോയി.പകരം റസ്റ്റ്‌ റൂമില്‍ അത് വരെ ഉറങ്ങിയ സിസ്റര്‍ തെരേസ കാഷ്വാലിറ്റിയിലേക്ക് വന്നു.വളരെ പ്രായമുള്ള സിസ്റര്‍ തെരേസ അവിടുത്തെ ഒരു സീനിയര്‍ നഴ്സ് ആണ്.
ഇനി പുലര്‍ച്ചെ വരെ സിസ്റര്‍ തെരേസ ആയിരിക്കും കാഷ്വാലിറ്റിയില്‍.
രാത്രി മൂന്ന് വരെ ഡോക്ടര്‍ വീണ്ടും പഠിച്ചു.അതിനു ശേഷം പതുക്കെ പുറത്തിറങ്ങി.
ഡോക്ടര്‍ കാഷ്വാലിറ്റി റൂമില്‍ കയറി.മങ്ങിയ വെളിച്ചത്തില്‍ സിസ്റര്‍ തെരേസ മയങ്ങി കിടക്കുന്നത് കണ്ടു.അയാള്‍ മേശയില്‍ ഇരുന്ന ബാഗില്‍ നിന്ന് പതുക്കെ സിസ്റര്‍ മരിയയുടെ ഡയറി ശബ്ദം ഉണ്ടാക്കാതെ എടുത്തു.പിന്നെ അത് എടുത്ത് തന്റെ ക്യാബിനില്‍ കൊണ്ട് പോയി തുറന്നു നോക്കി.
പുതിയവര്‍ഷത്തെ ഡയറി ആയിരുന്നു അത്.അത് കൊണ്ട് തന്നെയാവണം മിക്ക താളുകളും ശൂന്യമായിരുന്നു.
.>>
ജനുവരി എട്ട്:
>>>>>>>>>>>>>
ഇത്ര നാളായിട്ടും അത് എനിക്ക് മറക്കാന്‍ കഴിയുന്നില്ല.ഇപ്പോഴും എന്റെ മനസ്സില്‍ നിന്ന് പക മാഞ്ഞു പോകുന്നില്ല.യേശുവേ അങ്ങയുടെ മണവാട്ടിയായിട്ടിരിക്കാന്‍ ..ഈ വെറുപ്പ് നിറഞ്ഞ മനസ്സുമായി കഴിയുന്ന എനിക്ക് യോഗ്യത ഇല്ലല്ലോ...
ജനുവരി പതിനേഴ്‌:
>>>>>>>>>>>>
പന്ത്രണ്ടു വയസ്സ് ആയിരുന്നെങ്കിലും എനിക്ക് ഇപ്പോഴും അയാളുടെ തോളിലെ ആ പച്ച കുത്തിയ ചിത്രം മനസ്സില്‍ നിന്ന് മായുന്നില്ല.അയാളുടെ .തോളിലെ ആ വിഷ ജീവി എന്‍റെ ഉറക്കത്തില്‍ എന്നെ വിടാതെ പിന്തുടരുന്നു.അടുത്ത ബന്ധുവായിട്ടും അയാള്‍ എന്നോട് കാണിച്ച ക്രൂരത..ഒരു പക്ഷെ ഞാന്‍ മനസ്സിലാക്കില്ലാത്ത പ്രായം ആണെന്നു കരുതി അയാള്‍ ചെയ്തത് എന്റെ ശരീരത്തക്കാളും മനസ്സിനെയാണ്‌ ബാധിച്ചത്..ഒരു കരിയാത്ത മുറിവായി...
ജനുവരി ഇരുപത്തിരണ്ട് :
>>>>>>>>>>>>>>>>>>>>>>
ഇപ്പോള്‍ എന്റെ പക കുറച്ചു കുറയാന്‍ ഞാന്‍ ഒരു മാര്‍ഗം കണ്ടെത്തി.ആ വിഷ ജീവിയുടെ ചിത്രം വരച്ചതിനു ശേഷം ആ കടലാസ്സ്‌ വലിച്ചു കീറുക.അപ്പോള്‍ മനസ്സിന് ഒരു ഭാരക്കുറവ് തോന്നും.യേശുവേ ,എന്നോട് ക്ഷമിക്കണമേ...അയാളുടെ അസുഖം കൂടിയെന്ന് പപ്പാ വിളിച്ചു പറഞ്ഞു.എന്നോട് പ്രാര്‍ഥിക്കാന്‍ ചെല്ലാമോ എന്ന് ചോദിച്ചുവത്രേ...
ഫെബുവരി പതിനഞ്ച്
>>>>>>>>>>>>>>>>>
അയാള്‍ മരണത്തിനോട്‌ മല്ലിടുകയാണ്...അയാളെ കാണാന്‍ പോകാഞ്ഞതിനു പപ്പ കുറെ വഴക്ക് പറഞ്ഞു.പപ്പക്ക് ഒന്നും അറിയില്ലലോ..
ഒരു പക്ഷെ അയാള്‍ ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് ...ഒരു പക്ഷെ വിവാഹ ജീവിതം സാധ്യമായേനെ...കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടിക്ക് ഇടയില്‍ ഡോക്ടര്‍ നെല്‍സന്‍ ഉറങ്ങുന്നത് കണ്ടു.കൊതി തോന്നുന്ന,ദുസ്വപ്നങ്ങള്‍ വെട്ടയാടാത്ത നിര്‍മ്മലമായ മായ ഉറക്കം...(പിന്നെ എഴുതിയിരിക്കുന്ന വരികള്‍ വെട്ടി കളഞ്ഞിരികുന്നു.വായിക്കാന്‍ സാധ്യമല്ലാത്ത വിധം )
>>
ഡോക്ടര്‍ തിരികെ ആ ഡയറി കൊണ്ട് പോയി ബാഗില്‍ വച്ചു.സിസ്റര്‍ തെരേസ അപ്പോഴും ഉറക്കമായിരുന്നു
.
പിറ്റേന്ന് രാവിലെ പുതിയ ഡ്യൂട്ടിക്കാര്‍ വന്നപ്പോള്‍ സിസ്റര്‍ മരിയ മഠത്തിലേക്ക് തിരിച്ചു പോയി.സിസ്റ്റര്‍ പോയപ്പോള്‍ ആരും കാണാതെ ഡോക്ടര്‍ നെല്‍സന്‍ വെയിസ്സ് ബാസ്ക്കറ്റില്‍ കിടന്ന കടലാസ്സ്‌ കഷണങ്ങള്‍ ശേഖരിച്ചു ഒരു കടലാസ്സില്‍ പൊതിഞ്ഞു മാറ്റി.
ആശുപത്രിയുടെ അടുത്ത് തന്നെ ഉള്ള ക്വാര്‍ട്ടെഴ്സില്‍ എത്തിയ ഉടനെ ഡോക്ടര്‍ ആ കടലാസ്സ്‌ തുണ്ടുകള്‍ കൂട്ടി യോജിപ്പിച്ച് നോക്കി.അത് ഒരു എട്ടുകാലിയുടെ ചിത്രമായിരുന്നു.വളരെ വ്യക്തമായ ,ഭീകരമായ ഒരു രൂപം.
ഡോക്ടര്‍ ക്ഷീണിതനായിരുന്നു.അത് കൊണ്ട് തന്നെ കിടന്ന ഉടനെ ഡോക്ടര്‍ ഉറങ്ങിപ്പോയി.ഉറക്കത്തില്‍ ഡോക്ടര്‍ വീണ്ടും ഒരു സ്വപ്നം കണ്ടു.
തന്റെ അരികില്‍ വന്നിരിക്കുന്ന സിസ്റ്റര്‍ മരിയ.അവരുടെ ശിരോവസ്ത്രത്തില്‍ നിന്ന് എട്ടുകാലികള്‍ തന്റെ ശിരസ്സിലെക്ക് വന്നു വീഴുന്നു.
ഒരു ഫോണ്‍ ബെല്‍ അടിക്കുന്നത് കേട്ടാണ് ഡോക്ടര്‍ ഉറക്കം തെളിഞ്ഞത്.നേരം വൈകിയിരുന്നു.സിസ്റര്‍ തെരേസ ആയിരുന്നു.
"ഡോക്ടര്‍ ഒരു എമെര്‍ജെന്‍സി ഉണ്ട്.ഒന്ന് വേഗം വരണം.ഒരു ഡെത്ത് സര്‍ട്ടിഫൈ ചെയ്യണം.രോഗി ഇവിടെ വരുന്ന വഴി തന്നെ മരിച്ചു."
ഡോക്ടര്‍ ഉടനെ ആശുപത്രിയില്‍ എത്തി.റൂമിലേക്ക് നടക്കുന്നിതിനിടയില്‍ സിസ്റര്‍ തെരേസ പറഞ്ഞു.
"ഒരു കാന്‍സര്‍ പേഷ്യന്റ് ആണ്.നമ്മുടെ സിസ്റര്‍ മരിയയുടെ അമ്മാവനാണ്.വീട്ടില്‍ വിശ്രമത്തിലായിരുന്നു കുറെ നാള്‍.."
"എന്നിട്ട് സിസ്റ്റര്‍ മരിയ എവിടെ ?..."
"സിസ്റ്റര്‍ ആ വീട്ടിലേക്ക് പോയി.ഇന്നലത്തെ ഉറക്കക്ഷീണം കാരണം ഇന്ന് വരാന്‍ കഴിയില്ലെന്ന് വിളിച്ചു പറഞ്ഞിരുന്നു.മാത്രമല്ല .സിസ്റ്റര്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു അങ്കിള്‍ ആണത്രേ .അത് കൊണ്ട് മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാന്‍...
അറുപതു വയസ്സ് കഴിഞ്ഞ ഒരു വൃദ്ധനായിരുന്നു അയാള്‍.ഡോക്ടര്‍ പള്‍സ് ചെക്ക് ചെയ്തു.അയാളുടെ ബന്ധുക്കള്‍ മുറിയില്‍ ഉണ്ടായിരുന്നു.
"മരിച്ചു."
ബന്ധുക്കളെ പുറത്താക്കിയതിനു ശേഷം ബോഡി ഡ്രെസ് ചെയ്യാന്‍ തുടങ്ങി.അയാളുടെ ശരീരത്തില്‍ ഉള്ള വസ്ത്രങ്ങള്‍ മാറ്റിയതിനു ശേഷം സിസ്റര്‍ തെരേസ അയാളെ തിരിച്ചു കിടത്തി.
അയാളുടെ പുറത്തു തോളില്‍ അവ്യക്തമായ ഒരു പച്ച കുത്തിയ അടയാളം ഉണ്ടായിരുന്നു.ഡോക്ടര്‍ സൂക്ഷിച്ചു നോക്കി.
അത് ഒരു എട്ടുകാലിയുടെ ചിത്രമായിരുന്നു.
അത് കണ്ടു ഡോക്ടറും നെല്‍സനും സിസ്റര്‍ തെരേസയും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു.
"എട്ടുകാലിയുടെ വിഷം ഭയങ്കരമാണ്.നല്ലത് പോലെ വിഷം ഏറ്റാല്‍ ഓരോ വര്‍ഷവും ആ സമയം ആകുമോള്‍ അത് കുത്തിയിടം ചൊറിഞ്ഞു വൃണം ഉണ്ടാകും.നീണ്ട കാലം ആ വിഷത്തിന്റെ ഇഫക്റ്റ് നില്‍ക്കും."
സിസ്റര്‍ തെരേസ പറഞ്ഞു.
"എട്ടുകാലി ചത്തു കഴിഞ്ഞാല്‍ പിന്നെ അങ്ങിനെ ഉണ്ടാകുമോ സിസ്റര്‍ തെരേസ?..."എന്തോ ഓര്‍മ്മിക്കുന്നതിനിടയില്‍ നിന്നെന്ന പോലെ ഡോക്ടര്‍ നെല്‍സന്‍ ചോദിച്ചു.
സിസ്റര്‍ തെരേസ ഒന്ന് സംശയിച്ചു നിന്നു.
"അങ്ങിനെയൊരു ചോദ്യം ഞാന്‍ ആദ്യം കേള്‍ക്കുവാ...ഡോക്ടര്‍ തന്നെ അത് കണ്ടുപിടിക്ക്."
ചിരിച്ചു കൊണ്ട് അത് പറഞ്ഞിട്ട് സിസ്റ്റര്‍ തെരേസ ബോഡി ഡ്രെസ് ചെയ്യുന്നത് തുടര്‍ന്നു..
(അവസാനിച്ചു)

By Anish Francis

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo