അടുക്കള രഹസ്യം
💞
====================

====================
"ഇനി ഒരു നിമിഷം ഞാനീ നശിച്ച വീട്ടിൽ നിൽക്കില്ല ". മഞ്ജു കരഞ്ഞുകൊണ്ട് പ്രേതിഷേധ സൂചകമായി തന്റെ മൂക്ക് പിഴിഞ്ഞ് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു .
കട്ടക്കലിപ്പിൽ അവൾ ബാഗിൽ തുണികൾ കുത്തി നിറക്കുമ്പോൾ തന്റെ പഴയ അണ്ടർവെയറും അതിൽ പെട്ടത് ഞെട്ടലോടെ ശശി കണ്ട് നിന്നു .കാളിയെപ്പോലെ ഉറഞ്ഞു തുള്ളുന്ന അവളോട് മിണ്ടാൻ ചെന്നാൽ സീൻ കോൺട്ര ആകുമെന്ന് അവന് അറിയാമായിരുന്നു .
നിറച്ച ബാഗുമായി ചാടി തുള്ളി അവൾ മുറിക്കു പുറത്തേക്ക് ഇറങ്ങിയപ്പോൾ ശശി ദയനീയമായി അവളെ നോക്കി . പകരമൊരു ദഹിപ്പിക്കുന്ന നോട്ടമായിരുന്നു അവന് ലഭിച്ചത് .
എല്ലാം കേട്ട് പുറത്തു നിന്ന ശശിയുടെ അമ്മ അവൾ ഇറങ്ങുന്നത് കണ്ട് അവളെ വട്ടം കയറിപ്പിടിച്ചു .
" മോളേ എന്ത് പ്രശ്നം ഉണ്ടായിട്ടാ ഈ വഴക്കും , ഇറങ്ങിപ്പോക്കും . എന്ത് പ്രശ്നം ഉണ്ടെങ്കിലും പറഞ്ഞാൽ നമുക്ക് പരിഹാരം ഉണ്ടാക്കാമല്ലോ .ആകെ നാല് മാസമല്ലേ ആയുള്ളൂ കല്യാണം കഴിഞ്ഞിട്ട് , അതിന് മുൻപ് ......"
അത് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ അവൾ അവരുടെ കൈ തട്ടി മാറ്റി .
" നിങ്ങൾക്കൊന്നും അറിഞ്ഞുകൂടല്ലേ ? ഞാൻ പോയി കഴിഞ്ഞാൽ അമ്മയ്ക്കും മോനും സമാധാനമാകുമല്ലോ .......ഇനി ഒറ്റമോനെയും കെട്ടിപ്പിടിച്ചു ഇരുന്നോ " .
അവൾ അരിശം മുഴുവൻ ഗേറ്റിനോട് [ഒന്നാം ഗേറ്റ് ] തീർത്തു കൊണ്ട് റോഡിലേക്കിറങ്ങി .
ഗേറ്റും [ രണ്ടാം ഗേറ്റ് ] തുറന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് വരുന്ന മകളെ കണ്ട് പ്രഭാവതി ഓടിച്ചെന്നു .
" എന്തുപറ്റിയെടി മോളേ , എന്തിനാ നീ കരയുന്നേ " .
ബാഗ് നിലത്തേക്കിട്ടു മഞ്ജു അമ്മയുടെ മാറിലേക്ക് വീണു .
" എന്റമ്മേ , ഇനി ആ നരകത്തിലോട്ടു ഞാൻ പോകില്ല , അങ്ങേർക്ക് അമ്മയെ മതി , എന്നോട് ഒരു സ്നേഹവുമില്ല .
ഞാനെന്തുണ്ടാക്കിയാലും അങ്ങേർക്കു ഇഷ്ടമാകില്ല , അമ്മ ഉണ്ടാക്കുന്നതെല്ലാം അമൃത് പോലെ കഴിച്ചോളും . ഞാനെന്തുണ്ടാക്കിയാലും പറയുന്നത് അമ്മേടെ പോലെ ഒത്തില്ലെന്നാ .
പുറത്തൊന്ന് കറങ്ങാൻ പോയാലോ , ഒരു സിനിമയ്ക്ക് പോയാലോ , ഒടനെ അങ്ങേര് അമ്മയെയും കൂട്ടും . എനിക്കാ വീട്ടിൽ ഒരു സ്വാതന്ത്ര്യവും ഇല്ല " .
മകളുടെ കരച്ചിലും പറച്ചിലും കേട്ട് അച്ഛനായ ഗോവിന്ദൻ നായര് പുറത്തേക്ക് വന്നു കാര്യം അന്വേഷിച്ചു .അവൾ അച്ഛനോടും കാര്യങ്ങൾ വിവരിച്ചു .
" ഒരു കാര്യം ചെയ്യാം അച്ഛനൊന്ന് ശശിയെ വിളിച്ചു കാര്യം അന്വേഷിക്കട്ടെ " .
അത് കേട്ടപ്പോൾ പ്രഭാവതിക്ക് അടിമുടി വിറഞ്ഞു കയറി .
" സ്വന്തം മകള് പറഞ്ഞിട്ട് നിങ്ങൾക്ക് വിശ്വാസമായില്ലല്ലേ ....അവനെ വിളിച്ചു തിരക്കാൻ പോകുവാണ് പോലും .
ഗവണ്മെന്റ് ജോലിക്കാരനാ , പാവം പയ്യനാ എന്നൊക്കെ പറഞ്ഞു ആ നാറിയെ ഇവളുടെ തലയിൽ കെട്ടിവച്ച നിങ്ങളൊരുത്തനാ എന്റെ മോളുടെ ജീവിതം നശിപ്പിച്ചത് .
ഇനിയും എന്റെ പോന്നു മോള് കഷ്ടപ്പെടാൻ ഞാൻ അനുവദിക്കില്ല , ഉടനേ നല്ലൊരു വക്കീലിനെ കാണണം " .
പ്രഭാവതി ഉറഞ്ഞു തുള്ളി മകളെയും കൊണ്ട് അകത്തേക്ക് പോയി . ബാഗുമായി പിന്നാലെ ഭാര്യക്ക് എന്നും വിധേയനായ ഗോവിന്ദൻ നായരും .
മിസ്റ്റർ കേരള ആയതിനു ശേഷമേ വിവാഹം കഴിക്കൂ എന്ന് പ്രതിജ്ഞ എടുത്തിട്ടുള്ള മഞ്ജുവിന്റെ ചേട്ടൻ രഘു ജിമ്മിൽ നിന്നും മസിലുകൾ ഉരുട്ടിക്കയറ്റി അപ്പോൾ അങ്ങോട്ടു വന്നു .
പ്രഭാവതി പൊടിപ്പും തൊങ്ങലും വച്ച് അവന് കഥ വിവരിച്ചു . തന്റെ പൊന്നാനിയത്തി അനുഭവിച്ച ദുരിതങ്ങൾ കേട്ടപ്പോൾ രഘുവിന്റെ രക്തം വെട്ടിത്തിളച്ചു , മസിലുകൾ വലിഞ്ഞു മുറുകി .
അപ്പോഴാണ് ഗോവിന്ദൻ നായർ ഗേറ്റിനു വെളിയിൽ ഒരു തല കണ്ടത് . അത് മറ്റാരുടെയും അല്ലായിരുന്നു , നമ്മുടെ കഥാ നായകൻ ശശിയുടെ തല തന്നെ ആയിരുന്നു .
" ആ മോനെ അവിടെന്താ നിൽക്കുന്നെ , അകത്തോട്ടു കയറി വാ " . വീട്ടിലേക്ക് കയറാൻ ഭയന്ന് നിന്ന ശശി , അമ്മായി അച്ഛന്റെ സ്നേഹം നിറഞ്ഞ വിളിയിൽ ധൈര്യം സംഭരിച്ചു അകത്തേക്ക് കയറി .
" എടാ ചെറ്റേ ...നീയെന്ത് ധൈര്യത്തിലാ ഈ മുറ്റത്തു കാല് കുത്തിയത് " , അവനെ കണ്ടതും പ്രഭാവതി പാഞ്ഞു വന്ന് അവന്റെ കരണത്തിൽ തന്നെ ആദ്യ അടി പൊട്ടിച്ചു .
തന്റെ മസിലുകൾ അനക്കാൻ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ രഘുവും ശശിയുടെ പുറത്തു ചാടി വീണു സ്നേഹമുള്ള ഒരു സഹോദരന്റെ കടമ നിർവഹിക്കാൻ തുടങ്ങി .
" അയ്യോ , ഇവരെല്ലാം കൂടെ എന്റെ ശശിയേട്ടനെ തല്ലി കൊല്ലുന്നേ ...നാട്ടുകാരെ ഓടി വായോ " .
ആ അലമുറ കേട്ട് ഒരു നിമിഷം സ്‌തബ്ധരായ അവർ തിരഞ്ഞു നോക്കിയപ്പോൾ മഞ്ജു വലിയ വായിൽ നിലവിളിക്കുകയായിരുന്നു .
" എടി മോളേ , നിന്നെ കഷ്ടപ്പെടുത്തിയ ഈ ദുഷ്ടന് വേണ്ടിയാണോ നീ കരയുന്നത് ???" പ്രഭാവതി ആശ്ചര്യത്തോടെ മകളോട് ചോദിച്ചു .
രഘു അപ്പോൾ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിൽക്കുകയായിരുന്നു .
" ഞങ്ങള് ഭാര്യേം ഭർത്താവും പിണങ്ങും ഇണങ്ങും പക്ഷെ വല്ലവരും എന്റെ ചേട്ടന്റെ ശരീരത്തു തൊട്ടാൽ ഞാൻ സഹിക്കില്ല " .
ശശിയെ കെട്ടിപ്പിടിച്ചു കൊണ്ട് മഞ്ജു അമ്മയോട് പൊട്ടിത്തെറിച്ചു .
ശശിയെ കെട്ടിപ്പിടിച്ചു കൊണ്ട് മഞ്ജു അമ്മയോട് പൊട്ടിത്തെറിച്ചു .
" ആഹാ , നിന്നെ വളർത്തി വലുതാക്കിയ ഞങ്ങളിപ്പം വല്ലവരുമായല്ലേ .....ഇനി ഈ കോന്തനെ ഉപേക്ഷിച്ചിട്ട് അല്ലാതെ നീ ഈ പടി ചവിട്ടിയാൽ നിന്റെ കാല് ഞാൻ തല്ലി ഒടിക്കും ....."
അത് പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുന്നേ മുഖത്ത് ശക്തിയോടെ ഒരു കരം പതിച്ചു പ്രഭാവതി തെറിച്ചു താഴെ വീണു .
ആ കരത്തിന്റെ ഉടമസ്തൻ തന്റെ വിധേയനായ ഭർത്താവാണെന്ന് അറിഞ്ഞപ്പോൾ പ്രഭാവതി ഞെട്ടിപ്പോയി .
" നിനക്ക് ഇത്രയും നാൾ ഇത്‌പോലൊന്ന് തരാതിരുന്നത് നിന്നെ ഭയന്നിട്ടല്ല , ഞാനെങ്കിലും അല്പം ഒതുങ്ങിയാൽ ഈ വീടിന്റെ സമാധാനം പോകില്ലല്ലോ എന്നോർത്താണ് .
പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന പലർക്കും പുതിയ ജീവിത സാഹചര്യങ്ങളുമായി പെട്ടന്ന് പൊരുത്തപ്പെടാൻ പറ്റിയെന്നു വരില്ല .
അത് പറഞ്ഞു മനസിലാക്കി അവരെ തിരുത്തുന്നവർ ആയിരിക്കണം മാതാപിതാക്കൾ . മുറിവിൽ മുളക് പുരട്ടുന്ന നിന്നെ പോലുള്ള രക്ഷകർത്താക്കൾ കാരണമാണ് നമ്മുടെ നാട്ടിൽ ഡിവോഴ്സ് പെരുകി കൊണ്ടിരിക്കുന്നത്" .
അപ്പോഴേക്കും മഞ്ജു അകത്തു നിന്നും ബാഗും എടുത്ത് കൊണ്ട് വന്നു .
" വാ ശശിയേട്ടാ , നമുക്ക് നമ്മുടെ വീട്ടിലേക്കു പോകാം" . ശശിയുടെ കയ്യും പിടിച്ചു ഗേറ്റ് തുറന്ന് അവൾ പുറത്തേക്ക് ഇറങ്ങി .
കസേര മോഹിച്ചു കാരാഗ്രഹം കിട്ടിയ ചിന്നമ്മയുടെ അവസ്ഥയിലായിരുന്നു പ്രഭാവതി അപ്പോൾ .





No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക