അകാല നര
* * * * * * * *
ഒരു കല്യാണത്തിന് പോകാനായി കണ്ണാടിയുടെ മുന്നിൽ നിന്ന് അണിഞ്ഞൊരുങ്ങുമ്പോഴാണ് ആദ്യമായി അത് ശ്രദ്ധയിൽ പെട്ടത്. മുടിയിൽ മുൻവശത്ത് തന്നെ ഒന്നു രണ്ട് വെളുത്ത വരകൾ.. ഞെട്ടിപ്പോയി. അത് പതിയെ നുള്ളിപ്പറിക്കാൻ ശ്രമിക്കുമ്പോഴാണ് ഉള്ളിൽ വേറെയും കുറെ വെള്ളക്കാർ ഒളിച്ചിരിക്കുന്നത് കണ്ടത്. അതോടെ പറിച്ചെടുക്കാനുള്ള തീരുമാനം ഒഴിവാക്കി മുൻവശത്ത് കാണുന്നവരെ അകത്തൊളിപ്പിക്കാനായി ശ്രമം.
പക്ഷേ പെട്ടെന്ന് മുറിയിലേക്ക് കയറിവന്ന ഭാര്യ സങ്ങതി കണ്ടു പിടിച്ചു കളഞ്ഞു.
"എൻറുമ്മച്ചീ ഇങ്ങടെ മുടിയെത്രയാ നരച്ചിരിക്കുന്നത്. "
"ഒന്നു രണ്ട് മുടി നരച്ചുവെന്നല്ലാതെ ഇവിടെ മറ്റു പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലല്ലോ.. അതിനിങ്ങനെ വിളിച്ചു കൂവേണ്ട ആവശ്യമില്ല..."
"ഒന്ന് രണ്ടെണ്ണമൊന്നുമല്ല. ഇതാ ഇവിടെയൊക്കെ നരച്ചിട്ടുണ്ട്. "
ഞാൻ ചീകിയൊതുക്കി വെച്ച മുടി വാരിയിളക്കി മുഴുവൻ വെള്ളക്കാരെയും പിടിച്ച് പുറത്തിറക്കിക്കൊണ്ട് അവൾ പറഞ്ഞു.
"അതൊക്കെ ഇപ്പോഴത്തെ ഭക്ഷണത്തിന്റെ പ്രശ്നമാ. എന്തെല്ലാം മായങ്ങളാ ഓരോന്നിലുമുള്ളത് ".
" അതേ ഭക്ഷണങ്ങളൊക്കെത്തന്നെയല്ലേ ഞാനും കുട്ടികളുമൊക്കെ കഴിക്കുന്നത്. എന്നിട്ട് ഞങ്ങളുടേതൊന്നും നരച്ചിട്ടില്ലലല്ലോ..."
"നീ പെട്ടെന്ന് റെഡിയാവ് .അല്ലെങ്കിൽ തന്നെ നേരം വൈകി. "
തൽക്കാലം സംസാരം മാറ്റാനായി എന്തെങ്കിലുമൊക്കെ പറയേണ്ടെ. പക്ഷേ സങ്ങതി ത്വരിത നടപടിയെടുക്കേണ്ട വിഷയം തന്നെയാണ്.
കല്യാണത്തിന് പോയി വന്നയുടനെത്തന്നെ ടൗണിലുള്ള അയ്യപ്പൻ വൈദ്യരെക്കാണാനിറങ്ങി. "നിങ്ങളെങ്ങോട്ടാ.."
" അങ്ങാടി വരെയൊന്ന് പോയി വരാം" പതിവ് ചോദ്യത്തിന് പതിവുത്തരവും കൊടുത്ത് റോഡിലേക്കിറങ്ങവെ പിന്നിൽ നിന്നും ഒരു സാധനങ്ങളുടെ ഒരു ലിസ്റ്റ് നിലവിളിയായി വരുന്നുണ്ടായിരുന്നു."
" വരുമ്പോൾ കുറച്ച് ഉണക്കമീനും തക്കാളിയും വാങ്ങാൻ മറക്കണ്ട. പിന്നൊരു വനിതയും"
ഈ പുരുഷൻ ആകെ തലയിൽ നരകയറിയത് കണ്ട് നടുങ്ങി നിൽക്കുമ്പോഴാ അവളുടെയൊരു വനിത. ഞാൻ മനസിൽ പറഞ്ഞു.
വൈദ്യശാലയിൽ തിരക്ക് കുറവാണ്. ദൂര ദിക്കുകളിൽ നിന്നു വരെ വൈദ്യരെക്കാണാൻ ആളുകളെത്താറുണ്ട്. ഡോക്ടർമാർ ചികിത്സയില്ലെന്നു പറഞ്ഞ് തിരിച്ചയക്കുന്ന പലരും വൈദ്യരുടെ ചികിത്സയിൽ സുഖം പ്രാപിച്ചിട്ടുണ്ട്. അകാലനരക്കും വൈദ്യരുടെയടുത്ത് നല്ല ചികിത്സയുള്ളതായി കേട്ടിട്ടുണ്ട്.
അൽപ നേരത്തെ കാത്തിരിപ്പിന് ശേഷം എന്റെ ഊഴമെത്തി.
വൈദ്യരുടെ മുന്നിലെ മരക്കസേരയിലിരുന്ന് ഞാൻ എന്റെ രോഗവിവരങ്ങൾ പറഞ്ഞു തുടങ്ങി.. എല്ലാം കേട്ട ശേഷം വൈദ്യർ ഒരു ചിരി.. ചിരിയെന്നു പറഞ്ഞാൽ ഒരു വല്ലാത്ത ചിരി..
ഇതെല്ലാം ഞാനെത്ര കണ്ടതാ.. ഇതിനിത്ര ബേജാറാവണോ... ഇത് പെട്ടെന്ന് തന്നെ ചികിത്സിച്ച് ഭേദമാക്കാം എന്നൊക്കെയായിരിക്കും ആ ചിരിയുടെ അർത്ഥമെന്ന് ഞാൻ കണക്ക് കൂട്ടി.. പക്ഷേ വൈദ്യരുടെ മറുപടി കേട്ടപ്പോൾ എനിക്ക് മനസിലായി എന്റെ കാൽക്കുലേറ്റർ കേടായിരുന്നുവെന്ന്.കാരണം എന്റെ കണക്കുക്കുട്ടലുകളെല്ലാം തന്നെ തെറ്റിയിരിക്കുന്നു.
" നാൽപത് വയസായിയെന്നല്ലേ നേരത്തേ പറഞ്ഞത്.. അപ്പൊ ഇത് അകാലനരയല്ല.. കാലത്തിനനുസരിച്ചുള്ള നര തന്നെയാ... അതായത് വയസ് കൂടിത്തുടങ്ങുമ്പോൾ ശരീരത്തിൽ പല മാറ്റങ്ങളും നടക്കും. അതിലൊന്നായി കണ്ടാൽ മതി ഈ നരയേയും.
ഇതിന് ചികിത്സയും തേടി സമയം കളയേണ്ടതില്ല......"
വൈദ്യരുടെയടുത്ത് നിന്നും ഞാൻ നേരെ പോയത് മാർക്കറ്റിലേക്കായിരുന്നു. ഉണക്കമീനും തക്കാളിയും പിന്നെ ഒരു വനിതയും വാങ്ങി സമാധാനമായി വീട്ടിലേക്ക് തിരിച്ചു..
_________________________
എം.പി.സക്കീർ ഹുസൈൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക