Slider

പ്രണയദിനം (കഥ)

0

പ്രണയദിനം (കഥ)
------------------------------
ശ്രാവണ്‍ ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് ഫോണ്‍ എടുത്ത് ആറു മണിക്ക് അലാറം സെറ്റ് ചെയ്തു വെച്ചു..
നാളെ ഫെബ്രുവരി 14.
താന്‍ കാത്തിരുന്ന ദിവസം.. രാവിലെ എഴുന്നേറ്റ് അമ്പലത്തില്‍ പോകണം..
അതിനു ശേഷം വേണം അവളെ കാണാന്‍ പോകാന്‍..
അവന്‍റെ മനസ്സിലൂടെ പല ചിന്തകളും കടന്നു പോയി..
അവള്‍.. ഇതുവരെ തന്‍റെ ഉറ്റ സുഹൃത്തായിരുന്നു.. നാളെ മുതല്‍ പ്രണയിനിയാകാന്‍ പോകുന്നു..
നാലു വര്‍ഷത്തിലധികമായി തമ്മില്‍ പരിചയപ്പെട്ടിട്ട്.. അന്നു മുതല്‍ ഇന്നുവരെ എന്തും തുറന്നു പറയാവുന്ന ആത്മ സുഹൃത്തുക്കള്‍..
ആദ്യം മുതലേ അവളോട് അഗാധമായ പ്രണയമായിരുന്നു.. ഒരിക്കലും തുറന്നു പറഞ്ഞില്ല.. കാരണം ഒരു ജോലിയൊക്കെ കിട്ടിക്കഴിഞ്ഞ് അവളെ ജീവിതത്തിലേക്ക് ക്ഷണിക്കാനായിരുന്നു ആഗ്രഹം..
പ്രണയം പറഞ്ഞ് വെറുതേ ഒലിപ്പിച്ചു നടക്കാന്‍ ഒട്ടും താല്പര്യം തോന്നിയില്ല..
ഇപ്പോള്‍ സമയമായി.. ജോലി കിട്ടിക്കഴിഞ്ഞു.. ഇനി തന്‍റെ പ്രണയം തുറന്ന് പറഞ്ഞ് അവളെ ജീവിതത്തിലേക്ക് ക്ഷണിക്കാം..
അതിനു വേണ്ടി എല്ലാവരും പ്രണയികളുടെ ദിവസമെന്നു വാഴ്ത്തിപ്പാടുന്ന ഫെബ്രുവരി 14 തന്നെ തിരെഞ്ഞെടുത്തു..
അതിനായി ഗിഫ്റ്റും വാങ്ങി..
അവന്‍ ഒരിക്കല്‍ കൂടി ആ ഗിഫ്റ്റ് ബോക്സ് തുറന്നു നോക്കി ..
രണ്ടു പ്ളാറ്റിനം റിംഗ്സ്.. ഒരെണ്ണം താന്‍ അവളുടെ വിരലില്‍ അണിയിക്കുമ്പോള്‍ ഒന്നു അവള്‍ ഇങ്ങോട്ടും.. ചുരുക്കി പറഞ്ഞാല്‍ ഒരു
ഗാന്ധര്‍വ്വ വിവാഹം തന്നെ..
ജ്വല്ലറിയില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്താണ് ഈ റിംഗ് ഗിഫ്റ്റായി സജസ്റ്റ് ചെയ്തത്.. പുതിയ ട്രെന്‍ഡ് ആണത്രേ..
അവളോട് നാളെ കാണുന്ന കാര്യമൊന്നും ഇതുവരെ പറഞ്ഞിട്ടില്ല..
രാവിലെ വിളിച്ച് പറയാം കാണണം എന്ന്..
അവള്‍ക്ക് ഇതൊരു സര്‍പ്രെെസ് ആകും..
ആളൊരു കാന്താരി ആണെങ്കിലും അവള്‍ക്കും തന്നോട് ഇഷ്ടം തന്നെയായിരിക്കും.. താന്‍ ആദ്യം പറയട്ടെ എന്നു കരുതി കാത്തിരിക്കുകയാവും..
എന്തായാലും നാളെത്തെതോടു കൂടി അവളുടെ മസിലു പിടിത്തം അവസാനിക്കുമല്ലോ..
അതോര്‍ത്തപ്പോള്‍ അവനു ചിരി പൊട്ടി.. ആ ചിരിയോടെ തന്നെ അവന്‍ ഉറക്കത്തിലേക്ക് വഴുതി വീണു..
രാവിലെ കൃത്യം ആറു മണിക്കുതന്നെ അലാറം ശബ്ദിച്ചു..
ശ്രാവണ്‍ വേഗം എഴുന്നേറ്റ് കുളിച്ചു.. അമ്പലത്തില്‍ പോകാന്‍ ഒരുങ്ങാന്‍ തുടങ്ങി..
പതിവില്ലാത്ത കാഴ്ച കണ്ട് അവന്‍റെ അമ്മ ചോദിച്ചു..
''എന്താ, എന്താടാ നിനക്ക് പറ്റിയേ..
മൂട്ടില്‍ വെയിലടിച്ചാലും എഴുന്നേല്‍ക്കാത്ത നീയെന്താ രാവിലെ ത്തന്നെ കുളിച്ചു ഒരുങ്ങിയത്..''
''അതു പിന്നെ.. എനിക്ക് ഒന്ന് അമ്പലത്തില്‍ പോകണം ''..
അവന്‍ പരുങ്ങലോടെ പറഞ്ഞു..
''അമ്പലത്തിലോ?''
''സ്വന്തം പിറന്നാളിനു പോലും അമ്പലത്തില്‍ പോകാത്ത ചെക്കനാ.. എന്താ ഇന്നു വിശേഷം'',.
അമ്മ അത്ഭുതപ്പെട്ടു..
''ഒന്നൂല്ല.. അമ്മേ.. വെറുതേ ..പോകണം എന്നു തോന്നി.. അതാ..''
''എടീ , മണ്ടി ഇന്നത്തെ ദിവസം എന്താണെന്ന് നിനക്കറിയോ?''
മുത്തശ്ശി രംഗത്തെത്തി..
''എനിക്കറിയില്ല.. എന്തായാലും ഇന്നവന്‍റെ പിറന്നാള്‍ ഒന്നുമല്ല''..
''എടീ ഇന്ന് ഫെബ്രുവരി 14 ആണ്.. പ്രണയദിനം.. അവന്‍ ആരോടോ പ്രണയം പറയാന്‍ പോവുകയാ... കോളേജിലൊക്കെ പഠിച്ചിട്ടും നിനക്ക് ഇതൊന്നുമറിയാതെ പോയല്ലോ''..
മുത്തശ്ശി അമ്മയെ കളിയാക്കി..
തനിക്ക് ഒരു ന്യൂ ജെന്‍ മുത്തശ്ശിയെ കിട്ടിയതില്‍ ശ്രാവണിന് അഭിമാനം തോന്നി..
അവന്‍ മുത്തശ്ശിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തിട്ട് ബെെക്കിന്‍റെ താക്കോലുമെടുത്ത് പുറത്തേക്കിറങ്ങി..
ഗിഫ്റ്റ് എടുത്ത് പോക്കറ്റില്‍ വെക്കാന്‍ മറന്നതേയില്ല..
''പ്രണയം പറയുന്നതൊക്കെ കൊള്ളാം.. തല്ലുകൊള്ളാതെ നോക്കണം..''
അമ്മ പുറകില്‍ നിന്ന് വിളിച്ചു പറഞ്ഞു..
ശ്രാവണ്‍ ബെെക്ക് സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തു..
സ്മൃതി കോളിംഗ്..
'അവളാണല്ലോ.. അമ്പലത്തില്‍ പോയി തൊഴുതിട്ട് അവളെ വിളിക്കാമെന്നു വിചാരിച്ചതാ.. എന്തായാലും ഇങ്ങോട്ട് വിളിച്ചല്ലോ.''.
അവന്‍ മനസ്സില്‍ പറഞ്ഞുകൊണ്ട് ഫോണ്‍ എടുത്തു..
''ഹലോ''..
''ഡാ,, നീ എവിടെയാ..''
''ഞാന്‍ വീട്ടിലാ.. എന്തേ..''
അവന്‍ വെറുതേ പറഞ്ഞു..
''നീ ഒമ്പത് മണിക്ക് പാര്‍ക്കില്‍ വരണം .. ഒരു സര്‍പ്രെെസുണ്ട്''..
''എന്താടീ, എനിക്ക് ഓഫീസില്‍ പോകണ്ടേ.''.
''അതുകഴിഞ്ഞിട്ട് പോകാം .. പത്തു മണിക്കല്ലേ ഓഫീസില്‍ എത്തേണ്ടൂ''..
''മ്ം .. ശരി ..
അവന്‍ ഫോണ്‍ കട്ടു ചെയ്തു..
തന്നേക്കാള്‍ മുന്‍പേ അവള്‍ എല്ലാം പ്ളാന്‍ ചെയ്തിരിക്കുന്നു..
'അമ്പടി കള്ളീ,, അപ്പോ നീയും കാത്തിരിക്കുകയായിരുന്നു ഈ പ്രണയദിനം വരാന്‍ അല്ലേ?''
മനസ്സില്‍ പറഞ്ഞുകൊണ്ട് അവന്‍ ഊറിച്ചിരിച്ചു...
അവന്‍ ബെെക്ക് സ്റ്റാര്‍ട്ട് ചെയ്ത് അമ്പലത്തിലേക്ക് പോയി..
നന്നായി തൊഴുതു പ്രാര്‍ത്ഥിച്ചു..
അവനു നല്ല ഉന്‍മേഷം തോന്നി..
ഒമ്പതു മണിയാകാന്‍ ഇനിയും സമയമുണ്ട്..
പതുക്കെ പാര്‍ക്കിലേക്ക് പോകാം..
അവന്‍ ബെെക്കിനടുത്തെത്തി..
അപ്പോളാണ് അവിടെയുള്ള പൂക്കടയില്‍ നിന്നു പലരും ചുവന്ന റോസാപ്പൂക്കള്‍ വാങ്ങുന്നത് അവന്‍റെ ശ്രദ്ധയില്‍ പെട്ടത്..
'എല്ലാവരും പ്രണയികളെ കാണാനുള്ള തിരക്കിലാവും ... ഒരെണ്ണം വാങ്ങാം അവള്‍ക്ക് കൊടുക്കാന്‍..'
അവന്‍ വിചാരിച്ചു..
അങ്ങനെ അവനും ഒരു ചുവന്ന പനിനീര്‍പൂവ് വാങ്ങി നേരെ പാര്‍ക്കിലേക്ക് വണ്ടി വിട്ടു...
പാര്‍ക്കിലെത്തിയപ്പോള്‍ കണ്ടത് കണ്ണിനു കുളിരേകുന്ന കാഴ്ചയായിരുന്നു..
പ്രണയികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു പാര്‍ക്ക്..
ഹൃദയം കെെമാറുന്നവര്‍.. പ്രണയം കെെമാറുന്നവര്‍.. സമ്മാനങ്ങള്‍ കെെമാറുന്നവര്‍..
പെട്ടെന്ന് അവളുടെ കോള്‍ വന്നൂ..
''ഡാ, നീ എത്തിയോ?''
''ആ.. എത്തി''..
''ഞാനിവിടെ ഗുല്‍മോഹറിന്‍റെ ചുവട്ടില്‍ ഉണ്ട്.. നീ ഇങ്ങോട്ട് വാ''..
അവന്‍ അങ്ങോട്ടേക്ക് നടന്നു..
ഗുല്‍മോഹര്‍ മരച്ചുവട്ടില്‍ അവള്‍ നില്പുണ്ടായിരുന്നു..
പിങ്ക് നിറത്തില്‍ നിറയെ പൂക്കളുള്ള ചുരിദാര്‍ അണിഞ്ഞ് ഒരു വസന്തം പോലെ...
അവന്‍ അടുത്തെത്തി ചോദിച്ചു..
''എന്താടീ സര്‍പ്രെെസ്''?
''പറയാം .. ഒരു മിനിറ്റ്..''
''സിദ്ധൂ''..
അവള്‍ മരത്തിന്‍റെ പിറകിലേക്ക് നോക്കി വിളിച്ചു..
അവിടെ നിന്ന് ഒരു ചെറുപ്പക്കാരന്‍ അവളുടെ അടുത്തേക്ക് വന്നു..
''ഇതാണ് ഞാന്‍ പറഞ്ഞ ശ്രാവണ്‍.. എന്‍റെ ബെസ്റ്റ് ഫ്രണ്ട്''..
അവള്‍ അയാളോട് പറഞ്ഞു..
''ഹലോ, ഞാന്‍ സിദ്ധാര്‍ത്ഥ്.. ബാംഗ്ളൂരില്‍ എഞ്ചിനീയര്‍ ആണ് ''..
അയാള്‍ ശ്രാവണിനെ ഷേക്ക് ഹാന്‍ഡ് ചെയ്തു..
''നീയിങ്ങനെ മിഴുങ്ങസ്യാ നില്‍ക്കണ്ട ബാക്കി ഞാന്‍ പറഞ്ഞു തരാം.''
അവള്‍ ശ്രാവണിന്‍റെ തലയില്‍ തട്ടിക്കൊണ്ട് പറഞ്ഞു
''അച്ഛന്‍റെ പഴയ സുഹൃത്തിന്‍റെ മകനാ.. എവിടെ വെച്ചോ എന്നെ കണ്ടിട്ടു ഇഷ്ടായി പോലും.. വീട്ടുകാര്‍ വഴി ആലോചിച്ചു.. നേരിട്ട് കണ്ട് സംസാരിച്ചപ്പോള്‍ എനിക്കും ഇഷ്ടമായി.. നമ്മുടെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റുമെന്ന് തോന്നി ''..
അവളുടെ വാക്കുകള്‍ കേട്ട് ഒരു നിമിഷം അവന്‍ ഷോക്കേറ്റത് പോലെ നിന്നുപോയി.. തനിക്ക് ചുറ്റുമുള്ളതൊക്കെ കറങ്ങുന്നതായി അവനു തോന്നി..
''നീയെന്താടാ ഒന്നും മിണ്ടാത്തേ.. നേരിട്ട് പറഞ്ഞിട്ട് നിന്നെ ഒന്നു ഞെട്ടിപ്പിക്കാം എന്നു വിചാരിച്ചിട്ടാ നിന്നോട് ഒന്നും പറയാതിരുന്നത്..''
അവന്‍ പെട്ടെന്ന് സമനില വീണ്ടെടുത്തു പറഞ്ഞു..
''പോടി, ഇതാണോ നിന്‍റെ സര്‍പ്രെെസ്..
ഞാനിത് നേരത്തെ അറിഞ്ഞു''..
'
''ആരാ പറഞ്ഞേ നിന്നോട് അമ്മയാണോ?''
''അതൊക്കെ അറിഞ്ഞു.. ഇതാ നിങ്ങള്‍ക്ക് ഗിഫ്റ്റും വാങ്ങിയിട്ടാ ഞാന്‍ വന്നത്..''
അവന്‍ റിംഗ്സ് അടങ്ങിയ പാക്കറ്റ് അവളുടെ കെെയില്‍ കൊടുത്തു..
''അമ്മ തന്നെയാവും നിന്നോട് പറഞ്ഞേ.. ശ്ശൊ.. ഈ അമ്മ സര്‍പ്രെെസ് മുഴുവന്‍ പൊളിച്ചല്ലോ''..
അവള്‍ കൊഞ്ചിക്കൊണ്ട് പറഞ്ഞു..
അവള്‍ വളരെ സന്തോഷത്തിലാണെന്ന് അവനു മനസ്സിലായി...
''രണ്ടാളും ആ റിംഗ്സ് പരസ്പരം അണിയിച്ചാട്ടെ.. ഞാനൊന്നു കാണട്ടെ..''
അവന്‍ ഗൗരവത്തില്‍ പറഞ്ഞു..
രണ്ടു പേരും ചിരിച്ചു കൊണ്ട് പരസ്പരം റിംഗ് അണിയിച്ചു..
''അപ്പോ അതാര്‍ക്കാ...''
അവന്‍റെ പോക്കറ്റില്‍ വെച്ച ചുവന്ന റോസാപ്പൂവ് ചൂണ്ടിക്കാട്ടി അവള്‍ ചോദിച്ചു ..
''അതു നിനക്കല്ല.. വേറെ ഒരാള്‍ക്കാ..''
''അതേതാ ഞാനറിയാത്ത വേറെ ഒരാള്‍''..
''അതു സര്‍പ്രെെസ്.. ഞാനിത് കൊടുത്തിട്ടു വരാം..''
അതും പറഞ്ഞവന്‍ തിരിഞ്ഞു നടന്നു..
ഒരു നഷ്ട സ്വപ്നത്തിന്‍റെ ചുടുനെടുവീര്‍പ്പുമായി..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo