Slider

അമ്മയ്ക്കായ്

0

അമ്മയ്ക്കായ്
🌹🌹🌹🌹🌹🌹
ഞാൻ ലക്ഷ്മി. അച്ചമ്മ എന്നെ ലച്ചൂന്നാ വിളിക്കുന്നെ. അമ്മ..... അമ്മ ഒന്നും വിളിക്കാറില്ല.. മോളേന്നു വിളിക്കും.... എന്നെയല്ല അമ്മേടെ കയ്യിലുള്ള പാവേനെ.... അമ്മ അങ്ങനാ ഞാൻ അടുത്തു ചെന്നാൽ കണ്ണുരുട്ടി പേടിപ്പിക്കും. എന്നാലും എനിക്ക് ജീവനാ എന്റമ്മേനെ.. അച്ഛൻ മരിച്ചതിൽ പിന്നെയാ അമ്മയിങ്ങനെയായേന്നാ അച്ചമ്മ പറഞ്ഞേ.. അച്ചമ്മ എന്നെ പൊന്നുപോലെയാ നോക്കുന്നേ. അതു കൊണ്ട് വല്ല്യ വിഷമമില്ലാട്ടോ. അച്ചമ്മയ്ക്ക് സഹായത്തിന് മാളൂട്ടിയമ്മേം ഉണ്ട് എന്റെ വീട്ടിൽ. ആയമ്മയാ അമ്മേടെ എല്ലാ കാര്യവും നോക്കുന്നത്.
പണ്ടു സ്കൂളിൽ പോകുമ്പോ കുട്ട്യോ ളൊക്കെ അവർടെ അമ്മേടെ കൈയ്യിൽ തൂങ്ങി വരുമ്പോ ലച്ചൂനു സങ്കടം വരുമായിരുന്നു. പിന്നെ ഓർക്കും സാരല്യ അമ്മയ്ക്ക് സുഖമില്ലാത്തതു കൊണ്ടല്ലേ. അച്ചമ്മയുണ്ടല്ലോ എല്ലാത്തിനും.
ഞാൻ ഏഴാം ക്ലാസിലോ മറ്റോ പഠിക്കുന്ന സമയത്താണ്. അടുത്ത വീട്ടിൽ പുതിയ താമസക്കാർ വന്നത്. അവിടത്തെ അമ്മൂനെ എന്റെ ക്ലാസിലാ ചേർത്തേ. അതു കൊണ്ട് നല്ല ഒരു കൂട്ടുകാരിയെ കിട്ടി.
അവധിക്കാലം വന്നു. അന്ന് അമ്മുവും കുടുംബവും എവിടെയോ പോകാൻ ഒരുങ്ങി നിൽക്കുന്നു. എന്നെ കണ്ട് അമ്മു ഓടി വേലിക്കരികിലെത്തി. അവൾ അമ്മ വീട്ടിൽ പോവാണത്രേ. അവിടെ മുത്തശ്ശനും മുത്തശ്ശിയും അമ്മാവനും അമ്മായീം അവർടെ കുട്ട്യോളും ഉണ്ടെന്ന്. നല്ല രസാത്രേ..
ഞാൻ ഓടി അച്ഛമ്മേടെ അരികിലെത്തി. 'അച്ഛമ്മേ എന്റെ അമ്മ വീട് എവിടെയാ.. അമ്മു പോയല്ലോ. എനിക്കും പോണം. ' അന്നാണ് അച്ചമ്മ അച്ഛന്റേയും അമ്മയുടേയും കഥ എനിക്ക് പറഞ്ഞ് തന്നത്.
അച്ചമ്മയ്ക്കും അച്ചച്ചനും ഒരേയൊരു മകനായിരുന്നു എന്റെ അച്ഛൻ. അച്ചച്ചൻ നേരത്തേ മരിച്ചു. ഒരുപാട് സ്വത്തുണ്ട്. അച്ഛൻ പത്രമാഫീസിലായിരുന്നു ജോലി. സാമൂഹ്യ പ്രവർത്തനങ്ങളും ഉണ്ട്. മനുഷ്യ സ്നേഹിയായ അച്ഛന് ഒരാഗ്രഹമേയുണ്ടായിരുന്നുള്ളു. ആരോരുമില്ലാത്ത ഒരനാഥ പെണ്ണിനെ സ്വന്തമാക്കുക. ഇതു വരെ അവൾക്ക് കിട്ടാത്ത സ്നേഹം കൊടുക്കുക.
അച്ചമ്മയ്ക്ക് സമ്മതമായിരുന്നു. ചില ബന്ധുക്കൾ എതിർത്തു. എന്നാൽ അച്ഛൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. അങ്ങനെയാണ് ദൂരെയുള്ള അനാഥാലയത്തിൽ നിന്നും അമ്മയെ വിവാഹം കഴിക്കുന്നത്. ഒരു ജന്മത്തിന്റെ സ്നേഹം മുഴുവൻ അച്ഛൻ അമ്മയ്ക്ക് കൊടുത്തു. മൂന്നു വർഷങ്ങൾക്കു ശേഷമാണ് അമ്മ ഗർഭിണിയായത്. എനിക്ക് അമ്മയുടെ വയറ്റിൽ 8 മാസം പ്രായമുള്ളപ്പോഴാണ് അച്ഛന് അപകടം പറ്റി മരിക്കുന്നത്. ഇത്രയും സ്നേഹം ഒരു ഞൊടിയിടയിൽ നഷ്ടമായപ്പോൾ അമ്മയുടെ സമനില തെറ്റി.
ചികിത്സകളും നേർച്ചകളും വഴിപാടുകളും ഒരു പാട് നടത്തി. പാവം അച്ചമ്മ തനിയെ എന്തു ചെയ്യാനാണ്. ഒരുപാടു പേർ പറഞ്ഞു അമ്മേനെ ഏതെങ്കിലും ആശുപത്രിയിൽ ഇരുട്ടറയിൽ തള്ളാൻ. അച്ചമ്മ അവരെയൊക്കെ ആട്ടിപ്പായിച്ചു.
അന്നു മുതൽ ഞാൻ മനസ്സിൽ കുറിച്ചു. ഞാൻ ഒരു ഡോക്ടറാകും. അമ്മയെ പോലെയുള്ളവരെ ചികിത്സിക്കുന്ന ഒരു സൈക്കാട്രിസ്റ്റ്. അതിനു വേണ്ടി ഞാൻ നന്നായി പഠിച്ചു.
എൻട്രൻസ് എഴുതി. നല്ല റാങ്കോടു കൂടി മെഡിക്കൽ കോളേജിൽ പഠിപ്പും തുടങ്ങി. അവിടെ ഒരു പാടു പേർ പ്രേമം പറഞ്ഞ് പുറകെ കൂടി. ആരെയും കൂടെക്കൂട്ടിയില്ല. എന്റെ സീനിയർ ആയിരുന്നു കണ്ണൻ. എന്തു സഹായത്തിനും കൂടെയുണ്ട്. പക്ഷെ ഒരിക്കൽ കണ്ണനും തന്റെ ഇഷ്ടം പറഞ്ഞു. അന്നു മുതൽ അവനേയും ഒഴിവാക്കി. പിന്നീടാണ് അറിഞ്ഞത് കണ്ണനും എന്റമ്മയേ പോലെ ഒരു അനാഥനാണെന്ന്. അന്നു മുതൽ കണ്ണൻ എന്റെ കണ്ണേട്ടനായി ഞാൻ കണ്ണേട്ടന്റെ ലച്ചുവും.
ഞാൻ കണ്ണേട്ടനുമായി മുത്തശ്ശിയുടെ അടുത്തു പോയി. അച്ചമ്മക്ക് ഇഷ്ടമായി. ഞങ്ങളെ അനുഗ്രഹിച്ചു. പക്ഷെ എന്റെ ശ്രദ്ധ പഠിത്തത്തിൽ മാത്രമായിരുന്നു. ഇടയ്ക്ക് ലീവുള്ളപ്പോൾ മുത്തശ്ശിടെ അടുത്തു പോകും. വീണ്ടും ഹോസ്റ്റലിൽ.
അങ്ങനെ ഞാൻ മൂന്നാംവർഷം പഠിക്കുമ്പോഴാണ് അച്ചമ്മയുടെ മരണം. എന്നെ ഒരു ഡോക്ടറായി കാണണം എന്ന ആഗ്രഹം ബാക്കി വച്ച് അച്ചമ്മ പോയി. ആകെ തകർന്നു ഞാൻ ഇനിയെന്ത് എന്ന് ചിന്തിക്കുമ്പോഴാണ് കണ്ണേട്ടൻ പറഞ്ഞത് ഇവിടെ ഒരു വീടെടുത്ത് അമ്മയെ കൊണ്ടു പോരാം. അങ്ങനെ തറവാട് വിറ്റു. അമ്മയേയും കൊണ്ട് ഞാൻ കോളേജിനടുത്ത് ഒരു വീടെടുത്ത് താമസമാക്കി. അമ്മയെ നോക്കാൻ ഒരു സ്ത്രീയേയും നിർത്തി. മെഡിക്കൽ കോളേജിൽ അമ്മയുടെ ചികിത്സ തുടങ്ങി.
അച്ചമ്മയുടെ പേരിലുള്ള സ്വത്തു മുഴുവനും സ്വാഭാവികമായും എന്റെ പേരിലായി. എല്ലാം വിറ്റു പെറുക്കി ബാങ്കിൽ നിക്ഷേപിച്ചു. പഠിപ്പിന് ഉപകാരപ്പെടുമല്ലൊ. കണ്ണേട്ടന്റെ പഠിപ്പ് കഴിഞ്ഞു. കണ്ണേട്ടന് തുടർന്നു പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും അന്നുവരെയുണ്ടായിരുന്ന സ്പോൺസർ പിൻമാറിയതുകൊണ്ട് പഠിപ്പ് വഴിമുട്ടി. ഞാൻ നിർബന്ധിച്ച് ബാങ്കിലുള്ള കാശു കൊണ്ട് അമേരിക്കയിൽ പഠിക്കാൻ പോകാമെന്ന് സമ്മതിച്ചു.
അതിനു മുൻപ് അമ്മയെ സാക്ഷിനിർത്തി ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തു. ക്ഷേത്രത്തിൽ പോയി കണ്ണേട്ടൻ എന്റെ കഴുത്തിൽ താലിചാർത്തി. എന്റെ സീമന്തരേഖയിൽ സിന്ദൂരം അണിയിച്ചു. എന്നിട്ടും ഞങ്ങൾ രണ്ടു മുറിയിൽ ഉറങ്ങി. കാരണം ഞങ്ങൾക്ക് ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടണമായിരുന്നു.
വൈകാതെ കണ്ണേട്ടൻ അമേരിക്കയിലേക്ക് പറന്നു. ഞാൻ എന്റെ പഠിത്തവുമായി നാട്ടിലും. അമ്മയ്ക്ക് മാറ്റമൊന്നുമില്ല.
അങ്ങനെ എന്റെ പഠിത്തവും കഴിഞ്ഞു. ഞാനും അമ്മയും അമേരിക്കയിലേക്ക് പോയി. ഞാനും കണ്ണേട്ടനും പഠിത്തം. അമ്മയെ നോക്കാൻ ഒരാളെ നിർത്തി.
അങ്ങനെയിരിക്കെയാണ് കണ്ണേട്ടന്റെ സീനിയറായി പഠിച്ച ഒരു ഡോക്ടർ അവിടെ ഒരു സൈക്കാട്രി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന വിവരം അറിഞ്ഞത്. അവിടത്തെ Medical Superintendent ഒരു മലയാളിയാണെന്നറിഞ്ഞു. ഞങ്ങൾ അമ്മയുമായി അവിടേക്കു പോയി. അമ്മയെ ചികിത്സിച്ച് ഭേദമാക്കാമെന്ന് ആ ഡോക്ടർ എനിക്ക് വാക്കു തന്നു. അമ്മയെ അവിടെ Admit ചെയ്തു. പഠിത്തം കഴിഞ്ഞ് ഞാൻ അവിടെത്തന്നെ ജോലിക്ക് കയറി. അമ്മയ്ക്ക് മാറ്റങ്ങൾ കണ്ടുതുടങ്ങി. ഒരു ദിവസം അമ്മയെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. മാപ്പു പറഞ്ഞു.
ഞങ്ങൾ അമ്മയെ കൂട്ടി നാട്ടിൽ തിരികെയെത്തി. ഒരു ആശുപത്രി തുടങ്ങി അച്ഛന്റെ പേരിൽ. അമ്മയെനിക്ക് തരാതെ കാത്തുവച്ച സ്നേഹം മുഴുവൻ ഒരു കടം വീട്ടുന്നതു പോലെ എനിക്ക് തിരികെ തരുകയായിരുന്നു പിന്നീട്. എന്റെ വയറ്റിൽ ജീവന്റെ ആദ്യ തുടിപ്പ് അറിഞ്ഞപ്പോൾ ഞാൻ ആദ്യം പറഞ്ഞതും എന്റെ അമ്മയോടായിരുന്നു.
ഇപ്പോൾ ഞാൻ ഞങ്ങൾ സ്വർഗ്ഗം എന്നു പേരിട്ട സ്വർഗ്ഗം പോലെയുള്ള വീട്ടിൽ എന്റെ അമ്മയോടും കണ്ണേട്ടനോടും ഞങ്ങളുടെ ഇരട്ട മക്കളായ അപ്പുവിനോടും ഉണ്ണിമോളോടും കൂടെ സുഖമായി ജീവിക്കുന്നു.. എനിക്ക് ചെറുപ്പത്തിൽ കിട്ടാതെ പോയ അമ്മയുടെ സ്നേഹം അമ്മ എന്റെ മക്കൾക്ക് കൊടുക്കുന്നത് ഞാനും എന്റെ കണ്ണേട്ടനും നിറകണ്ണുകളോടെ കാണുന്നു.
ശുഭം
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Note :- ആദ്യമായാണ് ഒരു കഥ സ്വന്തം ഭാവനയിൽ നിന്നെഴുതുന്നത്. തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടി പൊറുത്തുതരുമല്ലൊ.

By
Deepa Shajan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo