Slider

===രക്തപുഷ്പങ്ങൾ=== �

0

അൽപം വലിയ കഥയാണ്. വായിക്കണം എന്ന് ആഗ്രഹിക്കുന്നു!�

===രക്തപുഷ്പങ്ങൾ=== �
ഇത് എന്റെ ആത്മഹത്യാ കുറിപ്പാണ്!
ഞാൻ ആരാണ്!
അതൊന്നു നിന്നെ അറിയിക്കാൻ വേണ്ടിയാണ് ഈ കുറിപ്പ്.
നീ അറിയണം ഞാൻ ആരെന്ന്.
�മരിക്കാൻ ആർക്കും ആഗ്രഹമില്ല. എനിക്കും!
ഞാൻ എന്റെ അച്ഛന്റെ ഏക മകളാണ്. അത് മാത്രമാണ് ഞാൻ! തന്റെ സ്വപ്നങ്ങളെല്ലാം ഒറ്റമകളിൽ നിക്ഷേപിച്ചു അച്ഛൻ വളർത്തി വലുതാക്കിയ മകൾ. എനിക്ക് അമ്മയില്ല. നീ ചോദിച്ചിട്ടുണ്ടോ എന്നെങ്കിലും എന്നെ പറ്റി! നിന്റെ കാമുകിയായല്ലേ ഞാൻ അറിയപ്പെട്ടിരുന്നത്! ഇല്ല! നീ ചോദിച്ചിട്ടും ഇല്ല ഞാൻ പറഞ്ഞിട്ടും ഇല്ല. നിനക്ക് അറിയേണ്ടത് മാത്രമേ നീ ചോദിച്ചുള്ളൂ, അല്ല, അറിഞ്ഞിട്ടുള്ളു! അതാണ് സത്യം.
ഇന്ന് ഞാൻ ആരാണെന്നു നിനക്കറിയാം. എല്ലാം നീ തന്ന പദവികളാണ്
തീപ്പൊരി നേതാവിന്റെ പഴയ കാമുകി..
പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കപെട്ടവൾ..
വേശ്യ..
നാളെ ഈ ശരീരത്തിൽ നിന്ന് ജീവനറ്റു കഴിഞ്ഞാൽ ഒരുപക്ഷെ നിനക്കും നിന്റെ പ്രസ്ഥാനത്തിനും എന്റെ ജഡം ആവശ്യം വന്നേക്കും.. നഗരത്തിൽ പ്രദിക്ഷണം ചെയ്യിക്കാൻ, അത് കൊണ്ട് വിലപേശാൻ, ഒരുപക്ഷെ ഞാൻ ഇനി മുതൽ നിങ്ങളുടെ രാക്ഷസാക്ഷിയായിരിക്കും. എങ്ങനെ നോക്കിയാലും ലാഭം തന്നെ.. അല്ലേ?

മനസ്സിൽ ഒരായിരം വർണ്ണസ്വപ്നങ്ങളുമായാണ് ഞാൻ കാമ്പസിൽ വന്നത്. ആദ്യ ദിനം അല്ലെ. കോളേജ് വരെ കൂടെ വരാൻ അച്ഛൻ തയ്യാറായതാണ്. ഞാൻ തടഞ്ഞു, എങ്കിലും ബസ് സ്റ്റോപ്പ് വരെ അച്ഛൻ വന്നു. വീട്ടിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ ആണ് കോളേജിലേക്ക്. അടുത്തു തന്നെ അഡ്മിഷൻ കിട്ടിയത് വലിയ സമാധാനമായിരുന്നു. അല്ലെങ്കിൽ അച്ഛനെ തനിച്ചാക്കി ഹോസ്റ്റലിലോ മറ്റോ നിൽക്കേണ്ടി വന്നേനെ. 'അടുത്തു തന്നെ അഡ്മിഷൻ കിട്ടിയപ്പോ അതായിരുന്നു വലിയ ആശ്വാസം.

ആ കോളേജ് ഒരുപാട് തവണ മുൻപും കണ്ടിട്ടുണ്ട്. അതിലൂടെ കടന്നു പോവുമ്പോഴെല്ലാം ഒരിക്കൽ അവിടെ പഠിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. എന്നാലും ആദ്യ ദിവസം ആണ്. എനിക്കു അൽപം ഭയവും ഉണ്ടായിരുന്നു. കോളേജ് സ്റ്റോപ്പിൽ ബസ് ഇറങ്ങുമ്പോൾ മനസ് പടപടാ മിടിച്ചിരുന്നു.

'ദൈവമേ.. കുഴപ്പങ്ങൾ ഒന്നും ഉണ്ടാവരുതേ!'

ബസ് ഇറങ്ങി നടന്നു തുടങ്ങിയപ്പോൾ എന്തിനോ മനസ് വല്ലാതെ വേവലാതി കൊണ്ടു. പെട്ടന്ന് ഒരു ആൾക്കൂട്ടത്തിൽ വലിച്ചെറിയപെട്ടപോലെ! കൂടെ പഠിച്ചിരുന്ന ഒന്ന് രണ്ടു പേർക്കേ ഇവിടെ അഡ്മിഷൻ കിട്ടീട്ടുള്ളു. അവരാണെങ്കിൽ മറ്റു വിഷയങ്ങൾ ആണ്. അവരാരെങ്കിലും ഉണ്ടോ? പരിചയമുള്ള ആരെയെങ്കിലും ഒന്നും കണ്ടിരുന്നെങ്കിൽ! മനസ് വെറുതെ കൊതിച്ചു. പക്ഷെ കോളേജിനോട് അടുക്കും തോറും മനസിന്റെ ഭയം പതുക്കെ നീങ്ങി.

ബസ് സ്റ്റോപ്പ് മുതൽ കോളേജിന്റെ കവാടം വരെ റോഡിന്റെ ഇരുവശത്തും നിരന്നു നിന്നിരുന്ന വാകമരങ്ങളും കൊന്നമരങ്ങളും. ചിലതിലെല്ലാം പൂക്കളുണ്ടായിരുന്നു. പക്ഷെ പൂക്കളേക്കാൾ മനോഹരമായിരുന്നു മരങ്ങളിൽ അലങ്കരിച്ചിരുന്ന വിവിധ സംഘടനകളുടെ തോരണങ്ങൾ. കാറ്റിൽ, അത് തൂക്കിയവരുടെ നിറം നോക്കാതെ ആ തോരണങ്ങൾ ഒന്നിച്ചു നൃത്തം ചെയ്തു.

റോഡിൽ സ്വാഗതമോതുന്ന നോട്ടീസുകളും കാർഡുകളുടെ ചേട്ടന്മാരും ചേച്ചിമാരും. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്യുന്നവർ!

കോളേജിന്റെ മതിലിൽ നിരന്നിരിക്കുന്ന ചേട്ടന്മാരുടെ ചൂളംവിളികൾ, അലങ്കരിച്ച കവാടം. ആ അങ്കലാപ്പിലും ബഹളത്തിലും കോളേജിന്റെ പടി കടക്കുമ്പോൾ മനസ്സിൽ ദൈവത്തെ പ്രാർത്ഥിക്കാൻ മറന്നില്ല.

റാഗിംഗ് ഒക്കെ ചെറുതായി ഉണ്ടാവും എന്ന് അച്ഛൻ പറഞ്ഞിരുന്നു. പതറാതെ നിൽക്കണമെന്നും ചെറിയ തമാശകൾ ആണെങ്കിൽ അങ്ങ് കണ്ണടച്ചേക്കണം എന്ന് ഉപദേശിച്ചിരുന്നു. ഏറ്റവും നല്ല ഉപായം ആരുടേയും കണ്ണിൽ പെടാതെ നടക്കുന്നതല്ലേ! അതുകൊണ്ടു നിറം കുറഞ്ഞ ഒരു സൽവാർ ആയിരുന്നു തിരഞ്ഞെടുത്തത്. അഡ്മിഷന് അച്ഛനോടൊപ്പം വന്നപ്പോൾ ക്ലാസ് കണ്ടിരുന്നു. വഴിയിൽ ഒന്ന് രണ്ടു പേർ തടഞ്ഞു നിർത്തി പേരും ക്ളാസും ഒക്കെ ചോദിച്ചിരുന്നു എങ്കിലും വലിയ കുഴപ്പിമില്ലാതെ ക്ളാസ്സിലെത്തി. ക്ളാസിൽ മൂന്നാമത്തെ നിരയിലെ ഡെസ്കിൽ രണ്ടു കുട്ടികളുടെ നടുവിൽ സ്ഥലവും പിടിച്ചു. പരമാവധി ക്ളാസ്സിനുള്ളിൽ തന്നെ സമയം കഴിച്ചു കൂട്ടണം കുറെ നാൾ. ആരുടേയും കണ്ണിൽ പെടാതെ. പതുക്കെ കുറച്ചു നല്ല കൂട്ടുകാരൊക്കെ വേണം. ഇനിയുള്ള മൂന്നു വർഷം ഇതാണ് ലോകം. അങ്ങനെയൊക്കെ ആയിരുന്നു മനസ്സിൽ.
�എല്ലാ കണക്കു കൂട്ടലുകളും തെറ്റിയത് മൂന്നാം ദിവസം മുതലായിരുന്നു.. നീ എന്നെ കണ്ടുപിടിക്കുന്ന ദിവസം, അന്ന് മുതൽ!
�നുണ പറയില്ല ഞാൻ, നിന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു. ആദ്യ ദിവസം നീ ക്ലാസ്സിൽ വന്നതും പല മുഖങ്ങളിൽ പരതുന്ന കൂട്ടത്തിൽ എന്റെ മുഖത്തും നിന്റെ കണ്ണുകൾ എത്തിയതും ഞാൻ അറിഞ്ഞിരുന്നു. അന്ന് നീ നിന്റെ സംഘടനക്ക് വേണ്ടി നവാഗതരെ സ്വാഗതം ചെയ്തു സംസാരിക്കാൻ വന്നതായിരുന്നു. പിന്നെ ഒരു തവണ കൂടി നീ ക്‌ളാസിൽ വന്നു പ്രസംഗിച്ചിരുന്നു. പുതിയ അംഗങ്ങളെ ചേർക്കാനുള്ള മെമ്പർഷിപ് ക്യാമ്പയ്‌ഗൻ ന്റെ ഭാഗമായി. പിന്നെ ക്‌ളാസ്സിനു മുന്നിലൂടെ കടന്നു പോയ ശക്തി പ്രകടനത്തിലും ഞാൻ മുഷ്ടിചുരുട്ടി മുദ്രാവാക്ക്യം വിളിക്കുന്ന നിന്നെ കണ്ടിരുന്നു. അപ്പോഴൊക്കെ എന്നിലൂടെ പാളിപ്പോവുന്ന നോട്ടങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു. നിന്റെ ശബ്ദത്തിന്റെ തീക്ഷ്ണത, വാക്കുകളിലെ തീവ്രത ഒക്കെ, കണ്ണുകളിലെ ആത്മവിശ്വാസം എല്ലാം ഞാൻ ശ്രദ്ധിച്ചിരുന്നു.
�അങ്ങനെ മൂന്നാം ദിവസം ആണ് നീ എന്റെ അരികിൽ ആദ്യമായി വന്നത്.
�രാഷ്രീയനേതാവായ സീനിയർ ചേട്ടൻ! കാണാനും കൊള്ളാം. ക്ലാസ്സ്റൂമിൽ എത്തിയപ്പോൾ എല്ലാവരുടെയും നോട്ടം നിന്നിലായിരുന്നു. നീ എല്ലാരോടും ചിരിച്ചു. ചിലർക്കെല്ലാം കൈ കൊടുത്തു. നിന്റെ നോട്ടം അവസാനം എത്തിയത് എന്നിലായിരുന്നു. നീ നേരെ നടന്നു വന്നത് എന്റെ ഡെസ്കിലേക്കും. അടുത്തിരിക്കുന്ന കുട്ടിയോട് 'ഒന്ന് പുറകിലിരിക്കാൻ' പറഞ്ഞു നീ എന്റെ അടുത്തു ഇരുന്നു. ഞാൻ അൽപം പരിഭ്രാന്തിയിലായിരുന്നു. ഒരൽപം ആകാംഷയിലും!�
"രമേഷ്" നീ സ്വയം പരിചയപ്പെടുത്തി.
�പേര് എനിക്കറിയാമായിരുന്നു. അല്ലെങ്കിലും നിന്നെ അറിയാത്തവർ ആരും ഉണ്ടായിരുന്നില്ലല്ലോ. എന്ത് തിരിച്ചു പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ചിരിച്ചിരുന്നു എന്നാണു ഓർമ്മ.�
"രാഖി എന്നല്ലേ പേര്"
എനിക്ക് ഒരല്പം ആശ്ചര്യം തോന്നി. എങ്ങനെ അറിയും!
"അതെ.." ഞാൻ മറുപടി പറഞ്ഞു. ആ ആദിയിൽ എന്റെ ആശ്ചര്യം ഉണ്ടായിരുന്നു.
"കഴിഞ്ഞ വർഷത്തെ സ്കൂൾ കലോത്സവത്തിൽ ലളിത സംഗീതത്തിന് രണ്ടാം സ്ഥാനം, അല്ലെ!"
"ഹാ ..അതെ"
എനിക്ക് കൂടുതൽ അത്ഭുതം തോന്നി. എന്നെ പറ്റി കുറെ അറിഞ്ഞിരിക്കുന്നു.
"ഞാനുണ്ടായിരുന്നു അന്ന് അവിടെ, പാട്ടുപാടുമ്പോൾ, തന്നെ ശ്രദ്ധിച്ചിരുന്നു അന്ന് തന്നെ"
എനിക്ക് എന്തോ തോന്നി.. ഇതിന് ഞാനിപ്പോ എന്താ മറുപടി പറയുക. ഞാൻ ചിരിക്കാൻ ശ്രമിച്ചു. �
"ഇത്ര നന്നായി പാട്ടുപാടുന്ന ആൾക്ക് മിണ്ടാൻ ഇത്ര ബുദ്ധിമുട്ടോ?"
"അത്. " ഞാൻ വിക്കി
"ഒന്നും പറയാനില്ലേ?"
"സോറി.. ഞാൻ കണ്ടതായി ഓർക്കുന്നില്ല" ഞാൻ ബുക്കിൽ തിരുപ്പിടിച്ചു.
"അത് കുഴപ്പില്ല. ആ തിരക്കിൽ എങ്ങനെ കാണാനാ"
ഞാൻ ചിരിച്ചു.
"ഇഷ്ടായോ കോളേജ്?"
"കുഴപ്പില്ല" .. ഞാൻ പറഞ്ഞു..
"അത്രേ ഉള്ളു"
എനിക്ക് വീണ്ടും ഉത്തരം മുട്ടി..
"ഞാൻ.. എന്താ പറയാ.."
"എന്നാൽ ഒന്നും പറയണ്ട, ഒരു പാട്ടു മതി" നീ വീണ്ടും പറഞ്ഞു.
"അയ്യോ പാട്ടൊന്നും വേണ്ട.." എന്റെ മറുപടി പെട്ടന്നായിരുന്നു.
"ആഹ് , എന്തായാലും ആദ്യമായി മിണ്ടല്ലേ. ഇന്ന് പാട്ടു വേണ്ട. പക്ഷെ ഞാൻ വരും.. അപ്പൊ പാടണം"
"അത് .."
"പാടണം" അതൊരു ആജ്ഞ പോലെ ആയിരുന്നു..

ഞാൻ തലയാട്ടി. അത് പക്ഷെ സമ്മതത്തിന്റെ തലയാട്ടൽ അല്ലായിരുന്നു. അനുസരണത്തിന്റെ തലയാട്ടൽ ആയിരുന്നു. പക്ഷെ നീ എന്നോട് ഒരിക്കലും നിനക്ക് വേണ്ടി പാട്ടുപാടാൻ പിന്നെ ആവശ്യപ്പെട്ടിട്ടില്ല.

എന്തെങ്കിലുo ആലോചിക്കും മുൻപ് നീ എഴുന്നേറ്റു തിരിച്ചു നടന്നിരുന്നു. തിരിച്ചു നടക്കുമ്പോൾ കറുത്ത കരയുള്ള മുണ്ട് ഇവൾ ചുവപ്പ് നിറമുള്ള ചെക്ക് ഷർട്ടിന്റെ മുകളിലേക്ക് നീ മടക്കി കുത്തി, ക്ളാസ്സിന്റെ വാതിലിൽ എത്തിയപ്പോൾ തിരിഞ്ഞു നിന്ന് എന്നെ നോക്കി ചിരിച്ചിരുന്നു. സത്യം പറയാലോ. ആ ചിരി എനിക്ക് ഒരുപാട് ഇഷ്ടമായി. നീ പോയപ്പോൾ ക്ലാസ്സിൽ പലരുടെയും നോട്ടം എന്റെ മേലെ ആയിരുന്നു. ആരൊക്കെയോ എന്നെ പറ്റി പിറുപിറുക്കുന്ന പോലെ എനിക്ക് തോന്നി. അടുത്തിരുന്ന കുട്ടി എന്റെ കൈ പിടിച്ചു അമർത്തി ഒന്ന് ചിരിച്ചു. കൂടെ ഒരു മൂളലും. ഒതുങ്ങിക്കൂടി ഞാൻ പെട്ടന്ന് ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു.

അതെ.. അന്ന് മുതൽ ഇന്ന് വരെ എനിക്ക് ഒരിക്കലും ഒതുങ്ങിക്കൂടാൻ കഴിഞ്ഞിട്ടില്ല. ഒളിച്ചിരിക്കാൻ കഴിഞ്ഞിട്ടില്ല.

കാര്യങ്ങൾ മാറിയത് പെട്ടന്നായിരുന്നു.

ക്ളാസ്സിലെ പുറകിലെ ബെഞ്ചിൽ ഇരുന്ന സുനിതയും ആഷിദയും പെട്ടന്നായിരുന്നു എന്റെ കൂട്ടുകാരികൾ ആയത്. ഞാൻ അധികം താല്പര്യം കാണിക്കാതിരുന്നിട്ടു കൂടി അവർ ഒഴിവു സമയങ്ങളിൽ എന്റെയടുത്ത് വന്നു. വേണ്ടെന്നു പറഞ്ഞിട്ടും അവരെന്നെ നിർബന്ധിച്ചു ക്യാന്റീനിലേക്കും പുറകിലെ പുൽതട്ടിയിലേക്കും കൊണ്ട് പോയി. ആദ്യം അൽപം അസ്വസ്ഥത തോന്നി എങ്കിലും പിന്നെ ഞാനും ആ കൂട്ട് ഇഷ്ടപ്പെട്ടു തുടങ്ങി. അവർ എന്നെ കൊണ്ട് പോയിരുന്നിടത്തെല്ലാം അപ്രതീക്ഷിതം എന്ന പോലെ നീ എന്റെ മുന്നിൽ വന്നിരുന്നു.. അത് ശരിക്കും അപ്രതീക്ഷിതമായിരുന്നോ? അറിയില്ല!

അവർ ഇടക്കൊക്കെ നിന്നെ പറ്റി എന്നോട് സംസാരിക്കാറുണ്ടായിരുന്നു, നിന്റെ ധീരതയെ പറ്റി, നിന്റെ പിടിപാടുകളെ പറ്റി, രാഷ്ട്രീയത്തെ പറ്റി..

എനിക്ക് ഒന്നറിയാം, സുനിതയും ആഷിദയും എന്നെക്കാൾ മുൻപ് നിന്റെ കൂട്ടുകാരായിരുന്നു.. നിങ്ങൾക്ക് രാഷ്ട്രീയം ഉണ്ടായിരുന്നു. നിങ്ങളുടെ കൊടികൾക്ക് ഒരേ നിറമായിരുന്നു.

അങ്ങനെ ഒരു ദിവസം ആണ് അവരെന്നെ പാർട്ടി മീറ്റിംഗ് ഇൽ കൊണ്ട് പോയത്. വേണ്ടെന്നു ഞാൻ പലവട്ടം പറഞ്ഞു..
"വാടോ..ചുമ്മാ വന്നു ഇരുന്നാ മതി"
ഞാൻ എതിർത്തിരുന്നു. അവരെന്നെ ബലമായി പിടിച്ചു കൊണ്ട് പോവുകയായിരുന്നു.
അവർ അന്ന് എന്നെ കൊണ്ട് പോയത് ചുമ്മാ ഇരിക്കാൻ അല്ലായിരുന്നു. പത്തോ പതിനഞ്ചോ പേർ മാത്രം ഉള്ള ഒരു മീറ്റിംഗ് ആയിരുന്നു അത്. കൂടുതലും നവാഗതർ. ഞങ്ങൾ പുറകിലെ ബെഞ്ചിൽ ആണ് ഇരുന്നത്. ഞങ്ങൾക്ക് അഭിമുഖമായി നീയും രമചേച്ചിയും. രമചേച്ചിയാണ് ആദ്യം ഞങ്ങളെ അതിസംബോദന ചെയ്തതു. പിന്നെ നീയും. നിങ്ങൾ പറഞ്ഞത് പലതും എനിക്കന്നു മനസ്സിലായിരുന്നില്ല.
"നമ്മുടെ പുതിയ അംഗത്തിന്, നമ്മുടെ രാഖിക്ക്, എല്ലാത്തിലും ഉപരി സുന്ദരിയായ ഗായികക്കു സ്വാഗതം" അപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്. നിന്റെ സ്വരമായിരുന്നു അത്.
പെട്ടന്ന് എനിക്ക് അവിടെ നിന്നും എണീറ്റ് ഓടാൻ ആണ് തോന്നിയത്. പക്ഷെ കഴിഞ്ഞില്ല. എന്നോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടു.. ഞാൻ അനുസരിച്ചു.
തുടക്കം അതായിരുന്നു. ഞാൻ പോലും അറിയാതെ ഞാൻ നിന്റെ പാർട്ടിയുടെ അംഗമായി കഴിഞ്ഞു. എന്നിട്ടും ഞാൻ എതിർത്തു.
"എനിക്ക് പറ്റില്ല.. എനിക്ക് ഈ രാഷ്ട്രീയം ഒന്നും ഇഷ്ടല്ല" ഞാൻ സുനിതയോടും ആഷിദയോടും തീർത്ത് പറഞ്ഞു.
"അതിനു നീ മന്ത്രി അവനൊന്നും പോണില്ല.. ചുമ്മാ നിന്ന് കൊടുത്താ മതി."�
"പറ്റില്ല.. എന്തായാലും പറ്റില്ല"
അവർ എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഞാൻ സമ്മതിച്ചില്ല. അടുത്ത രണ്ടു ദിവസം കുഴപ്പൊന്നും ഉണ്ടായില്ല. സുനിതയും അഷിദയും പതിവുപോലെ ഇടയ്ക്കു വന്നു സംസാരിച്ചു.
രക്ഷപെട്ടു എന്ന് കരുതി ഇരിക്കുമ്പോഴാണ് ആ സംഭവം ഉണ്ടായത്. സ്റ്റോറിൽ ബുക്ക് വാങ്ങാൻ പോവാൻ സുനിത കൂട്ട് വിളിച്ചതാണ്. ഞാനും ഒരു നോട്ട് ബുക്ക് വാങ്ങി. വരുന്ന വഴി ഒരു കൂട്ടം ആൺകുട്ടികൾ എന്നെ തടഞ്ഞു. സുനിത കൂടെ ഉണ്ടായിരുന്നു. അവർ എന്റെ കയ്യിൽ നിന്നും നോട്ട് ബുക്ക് ബലമായി വാങ്ങി. സുനിതയോടു അവിടെ നിന്നും പോവാൻ പറഞ്ഞു. ആദ്യം തട്ടിമുട്ടി നിന്നെങ്കിലും സുനിതയെ അവർ നിർബന്ധിച്ചു പറഞ്ഞു വിട്ടു. എട്ടു പേരോളം ഉണ്ടായിരുന്നു അവർ, എന്നെ വളഞ്ഞു നിൽക്കുകയായിരുന്നു. ആ ഇടനാഴിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആദ്യം അവരെന്റെ ബുക്ക് താഴെയിട്ടു. അതെടുക്കാൻ പറഞ്ഞു. ഞാൻ അനുസരിച്ചു. പിന്നെ പാട്ടു പാടാൻ നിർബന്ധിച്ചു. ഞാൻ രണ്ടു വരി പാടി. പിന്നെ ആണ് അവർ ദേഹത്ത് തൊടാൻ തുടങ്ങിയത്. പുറകിൽ നിന്നായിരുന്നു ആദ്യം.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ നിന്നായി.
"പ്ലീസ്..എന്നെ വിട്ടേക്ക്.." ഞാൻ പറഞ്ഞു.
അവർ കേട്ടില്ല.
"നിങ്ങൾ പറഞ്ഞത് ഞാൻ ചെയ്തില്ലേ.. പ്ലീസ് ഞാൻ പോട്ടെ "�
"നിന്റെ പാട്ടു കേൾക്കാൻ അല്ല.. നിന്നെ മൊത്തമായി എടുക്കാനാ പിടിച്ചേ." കൂട്ടത്തിൽ വെളുത്തു സുന്ദരനായ ഒരുത്തൻ എന്റെ താടിയിൽ പിടിച്ചു.
പെട്ടന്ന് എവിടെനിന്നോ നിന്റെ കൂട്ടുകാർ വന്നു.. എന്റെ മുന്നിലിട്ട് എന്നെ റാഗ് ചെയ്യാൻ വന്നവരെ അടിച്ചു. എന്നോട് ക്ലാസ്സിൽ പോവാൻ പറഞ്ഞു.
ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു. ക്ലാസിലെത്തിയപ്പോൾ അഷിദയും സുനിതയും അടുത്തു വന്നു.. അവരെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴാണ് നിന്റെ വരവ്. നിന്റെ വലതു കയ്യിൽ എന്റെ താടിക്കു പിടിച്ചവന്റെ കോളർ ആയിരുന്നു.
"മാപ്പു പറയെടാ" നീ ആജ്ഞാപിച്ചു
ഞാൻ കൂടുതൽ പരിഭ്രാന്തയായി. എന്തിനാ ഇതൊക്കെ. എനിക്ക് ഒന്നും മനസിലായില്ല.
നീ അവസാനം അവനെക്കൊണ്ട് എന്നോട് മാപ്പു പറയിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല.
പിന്നെ എല്ലാരോടും കൂടിയുള്ള താക്കീതായിരുന്നു.�
"ഇവൾ ഞങ്ങളുടെ കുട്ടിയാണ്. അതുകൊണ്ടു ഇങ്ങോട്ടു കളി വേണ്ട"
എനിക്ക് അന്ന് പുതിയ മേൽവിലാസം ഔദ്യോഗികമായി കിട്ടി..
ഞാൻ അവരുടെ കുട്ടിയായി. അവരുടെ പാർട്ടി അംഗം ആയി.. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നെ സുനിതയും ആഷിദയും ആണ് കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. അവർ പറയുന്ന മീറ്റിംഗുകളിൽ ഞാൻ ചെന്നിരുന്നു. പ്രകടനങ്ങളിൽ കൂടെ നടന്നു. മുദ്രാവാക്യത്തെ വിളിക്കാൻ അറിയില്ലായിരുന്നു. എങ്കിലും മുന്നിൽ തന്നെ എന്നെ നിർത്തി.. ഞാൻ ചുണ്ടുകൾ അനക്കി അഭിനയിച്ചു തുടങ്ങി. �
പിന്നെ ഇലക്ഷന് തിരക്കുകൾ ആയി. അതോടെ ഞാൻ പൂർണ്ണമായി പാർട്ടി പ്രവർത്തകയായി.
എന്റെ ജോലി പാട്ടുപാടുകയായിരുന്നു.. ആദ്യമൊക്കെ ഞാൻ എതിർത്തു. പിന്നെ നീ നിർബന്ധിച്ചു.. അല്ല.. ആജ്ഞാപിച്ചു..
"ഹ്മ്മ്.. രമേശ് പറഞ്ഞാലേ കേൾക്കു അല്ലെ.." സുനിതയും അഷിദയും അടക്കം പറഞ്ഞു.. എന്നെ കേൾപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്.. എനിക്കറിയാം.
പിന്നെ ക്ലാസ്സുകളിൽ കയറിയിറങ്ങി പാട്ടുപാടിച്ചു..
"എനിക്ക് സുഖില്ല.. തൊണ്ട വേദനിച്ചു വയ്യ"
ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ല..
"എനിക്ക് വേണ്ടി.. പ്ലീസ് .. ഒരു നാല് ദിവസം കൂടി.."
"ഹ്മ്മ് " ..
ഞാൻ നിനക്ക് വേണ്ടി എന്തിനു പാടണം.. എനിക്കറിയില്ലായിരുന്നു. പക്ഷെ ഞാൻ അറിയാതെ തന്നെ മറ്റുള്ളവർ ഒന്ന് തീരുമാനിച്ചു. ഞാൻ പാർട്ടി നേതാവ് രമേശിന്റെ കാമുകിയാണ് എന്ന്. രമേശ് പറഞ്ഞാൽ ഞാൻ എന്തും ചെയ്യുമെന്ന്. ഞങ്ങൾക്കിടയിൽ എന്തൊക്കെയോ ഉണ്ടെന്ന്. അതിന് ബലം കൂട്ടാൻ എന്ന വണ്ണം ആയിരുന്നു പലതും. ചില ചുമതലകൾ രമേശ് എനിക്ക് മാത്രം ആയി ഏൽപ്പിച്ചു.. സഹായത്തിനു രമേശ് തന്നെ സ്വയം വന്നു. ചില ദിവസങ്ങളിൽ ബസ് സ്റ്റോപ്പിൽ നീ എനിക്ക് വേണ്ടി കാത്തു നിന്നു. ചിലപ്പോൾ എന്നോട് ചോദിക്കാതെ തന്നെ എന്റെ അടുത്തിരുന്നു എന്റെ ചോറുപാത്രത്തിൽ നിന്നു ഭക്ഷണം കഴിച്ചു. ഒരു തരാം അടിച്ചേൽപ്പിക്കലായിരുന്നു അത്. അതോ എന്റേത് ഒരു വഴങ്ങിത്തരലായിരുന്നോ? അങ്ങനെയും പറയാം. �
'വേണ്ട'.. 'പറ്റില്ല' എന്നൊക്കെ പറയാൻ പഠിക്കാത്തതിന്റെ ഫലം
ഇലക്ഷന് പാർട്ടി തൂത്തുവാരി.. വേറെ ഒരു പാർട്ടിക്കും ഒരു സീറ്റും ലഭിച്ചില്ല.. അല്പം നാൾ എനിക്ക് വിശ്രമമായിരുന്നു.. നീയും പതുക്കെ എന്നെ മറന്നു തുടങ്ങിയിരുന്നു.. പിന്നെയാണ് യൂത് ഫെസ്റ്റിവൽ വരുന്നത്.. ഞാൻ പാടണം എന്നത് നിന്റെ നിർബന്ധമായിരുന്നു..
"അടുത്ത വർഷം ആർട്സ് ക്ലബ് സെക്രട്ടറി ആയി മത്സരിക്കാൻ ഉള്ളതാണ്.. പാടിയെ പറ്റൂ" നീ കട്ടായം പറഞ്ഞു.
അതെ.. അതായിരുന്നു നീ എന്നിൽ കണ്ട ഗുണം.. പാർട്ടിയുടെ പാട്ടുപെട്ടി. �
നീ അത് മീറ്റിംഗ് ഇൽ തുറന്നു തന്നെ പറഞ്ഞു.
"എനിക്ക് വോട്ട് ചോദിക്കാനൊന്നും അറിയില്ല.." ഞാൻ പറഞ്ഞു
"രാഖി നന്നായി പാടും. പെൺകുട്ടിയാണ്, സുന്ദരിയാണ് എലെക്ഷൻ ജയിക്കാൻ പിന്നെ എന്താ വേണ്ടത്, ചുമ്മാ പാടിയാൽ മതി.. വോട്ട് ഒക്കെ ഞങ്ങൾ ചോദിക്കാം
അത് കേട്ടപ്പോഴേ ഞാൻ ഇനി പാടില്ല എന്ന് തീരുമാനിച്ചു. പക്ഷെ നീ എന്റെ പേര് കൊടുത്തിരുന്നു. യൂണിയൻ നിന്റെ യൂത്ത് ഫെസ്റ്റിവൽ നിന്റെ. ഞാൻ പോലും നിന്റെ എന്നാണു എല്ലാരുടെയും വിശ്വാസം.
പറ്റില്ല എന്ന് പറയാൻ കഴിഞ്ഞില്ല.. ഞാൻ പാടി.. പാടിയത് ജയിക്കാതിരിക്കാൻ വേണ്ടിയായിരുന്നു.. �
എന്നെക്കാൾ നന്നായി പാടിയ കുട്ടികൾ ഉണ്ടായിരുന്നു.. എന്നിട്ടും ഒന്നാം സ്ഥാനം എനിക്ക് തന്നെ ലഭിച്ചു.
അത് പക്ഷെ എളുപ്പത്തിൽ തീർന്നില്ല. എതിർപ്പുകൾ ഉണ്ടായിരുന്നു. ഏറ്റവും നന്നായി പാടിയത് നിഷ സുന്ദരൻ ആയിരുന്നു. അവൾ പരാതി കൊടുത്തു. ജഡ്ജസ് ആയി ഇരുന്നവരിൽ ഒരു അദ്ധ്യാപകൻ നിന്റെ വരുതിക്ക് നിൽക്കുന്നവൻ ആയിരുന്നില്ല.. അയാളും എതിർത്തു.
അവസാനം എന്ത് സംഭവിച്ചു!
ആ കുട്ടി അവിടത്തെ പഠിപ്പു നിർത്തി വേറെ കോളേജിൽ പോവേണ്ടി വന്നു.
'അധ്യാപകനും വിദ്യാർത്ഥിയും അനാശ്വാസ്യം' അതായിരുന്നു കാരണം.. നിഷ പോവുന്നതിനു മുൻപ് എന്നെ വന്നു കണ്ടിരുന്നു. ഒന്നേ പറഞ്ഞുള്ളു..
"ഇതിനെല്ലാം നീ അനുഭവിക്കും"
അതെ ഞാൻ അനുഭവിക്കുകയാണ്. മരണത്തിന്റെ വക്കിലാണ്.
അന്ന് ഞാൻ തീരുമാനിച്ചു. ഇനി എല്ലാത്തിനും നിന്നു തരില്ല.. പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറയും.. ഇഷ്ടമല്ലാത്തത് ചെയ്യില്ല.
കോളേജിലെ ഒരു അദ്ധ്യാപകൻ അപമര്യാദയായി പെരുമാറി എന്ന് പരാതി പറയാൻ ആണ് അടുത്തതായി നീ എന്നെ നിയോഗിച്ചത്. ഞാൻ എതിർത്തു.. ശക്തിയായി തന്നെ. എന്തുകൊണ്ടോ നീ എന്നെ അധികം നിർബന്ധിച്ചില്ല. എനിക്ക് വേണ്ടി ആ ദൗത്യം ഏറ്റെടുത്ത് സുനിതയായിരുന്നു. ആ അധ്യാപകനെ നിങ്ങൾ എത്ര ദാരുണമായാണ് തല്ലി ചതച്ചത്. അയാളുടെ കുടുംബം, ഭാര്യ ഒരു കുഞ്ഞു മോൾ, എല്ലാം ഒരു ദിവസം കൊണ്ട്.. അത് പോട്ടെ
എന്റെ ജൂനിയർ ആയി സ്കൂളിൽ പഠിച്ച ജീവൻ. അവന്റെ വരവോടെയാണ് എനിക്ക് ഒരൽപം ആശ്വാസമായത്. നവാഗതരെ സ്വാഗതം ചെയ്യാൻ ക്‌ളാസ്സുകൾ കേറിയിറങ്ങി പാട്ടു പാടുകയായിരുന്നു ഞാൻ.. അപ്പോഴാണ് അവനെന്റെ കയ്യിൽ വന്നു പിടിച്ചത്.. നിനക്ക് ഇഷ്ടമായില്ല എന്ന് നിന്റെ നോട്ടം കണ്ടപ്പോഴേ തോന്നി.. ഞാൻ അത് കാര്യമാക്കിയില്ല.. പിന്നെ ഒഴിവു സമയങ്ങളിലെല്ലാം ജീവൻ എന്റെ അടുത്തു വന്നിരുന്നു. പാർട്ടി അല്ലാതെ ഒരു സൗഹൃദം എനിക്ക് ഉണ്ടാവുന്നത് അന്നാണ്.. കോളേജ് എന്നാൽ പാർട്ടി അല്ല എന്ന് ഞാൻ അറിയാൻ തുടങ്ങിയ നാളുകൾ. മനസിന് വലിയ ആശ്വാസം തോന്നി. കോളേജിലേക്കുള്ള വരവും പോക്കും ഞങ്ങൾ ഒരുമിച്ചായി. ഞാൻ പതുക്കെ പാർട്ടി പ്രവർത്തനങ്ങളിൽ അലസത കാണിച്ചു. ചിലപ്പോഴെല്ലാം പറ്റില്ല എന്ന് പറഞ്ഞു. നീ നേരിട്ട് ഒന്നും പറഞ്ഞില്ല. ഇടയ്ക്കു ഒരു കമിതാവിന്റെ മുഖംമൂടിയണിഞ്ഞു പരിഭവം പറയാൻ ശ്രമിച്ചിരുന്നു. ഞാൻ അത് അവഗണിച്ചു. എനിക്ക് അറിയാമായിരുന്നു നിനക്കെന്നോട് പ്രത്യേകിച്ച് ഒരു സ്നേഹവും ഇല്ലെന്ന്.
അടുത്ത ദിവസം ജീവൻ കോളേജിൽ വരാതിരുന്നപ്പോൾ ഞാൻ കരുതിയത് എന്തെങ്കിലും അസുഖം ആയിട്ടാവും എന്നാണ്. പിന്നെയാണ് അറിഞ്ഞത്.. ഒരു കൂട്ടം ഗുണ്ടകൾ അവനെ തല്ലി, ഇപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന്. ഞാൻ അവനെ പോയി കണ്ടു. അവൻ പറഞ്ഞു എല്ലാം.
അടുത്ത പാർട്ടി മീറ്റിംഗ് ഇൽ ഞാൻ എന്റെ പരാതി പറഞ്ഞു. ഇത് ഗുണ്ടായിസം ആണ്,. ഇങ്ങനെയാണെങ്കിൽ ഞാൻ തുടരുന്നില്ല എന്ന് തുറന്നു പറഞ്ഞു.
"കോളേജ് ആയാൽ തട്ടലും മുട്ടലും പിച്ചലും മാന്തലും ഒക്കെ ഉണ്ടാവും, കയ്യൊടിഞ്ഞല്ലേ ഉള്ളു.. അവനോടു കോളേജിൽ വരാൻ പറ.. ഇനി കുഴപ്പൊന്നും ഉണ്ടാവില്ല" നീ ഉറപ്പു തന്നു.
"ഈ പിച്ചലും മാന്തലും ചെയ്തു ചെയ്താണ് ഭാവിയിൽ വെട്ടലും കുത്തലും ആവുന്നത്" ഞാൻ ആഞ്ഞടിച്ചു.. എനിക്ക് അപ്പോഴേക്കും രാഷ്ട്രീയം കുറെ ഒക്കെ മനസിലായി തുടങ്ങിയിരുന്നു..
എന്റെ ഭാഗ്യദോഷം.. ജീവൻ കോളേജിൽ തിരിച്ചു വന്നത് നിന്റെ എതിർ പാർട്ടിയിൽ അംഗമായിട്ടാണ്. അവരുടെ അകമ്പടിയോടെ. ഞാൻ ജീവനോട് സംസാരിച്ചു. രാഷ്ട്രീയം വേണ്ട എന്ന് ഉപദേശിച്ചു.. അവൻ വഴങ്ങിയില്ല.
അവനു എതിർപാർട്ടി സംരക്ഷണം കൊടുക്കാം എന്ന് ഉറപ്പു കൊടുത്തത്രെ. ഞാൻ എതിർത്തില്ല. അവനായുള്ള കൂട്ടും നിർത്തിയില്ല..
�പാർട്ടിയിൽ ഞാൻ ഒറ്റപെടുകയായിരുന്നു. എങ്കിലും ഇലക്ഷന് വന്നപ്പോൾ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് എന്റെ പേര് തന്നെ മുന്നോട്ടു വന്നു..
"പറ്റില്ല" ഞാൻ തീർത്തു പറഞ്ഞു.
"എങ്കിൽ നിന്നെ ഇനി പാർട്ടിക്ക് വേണ്ട" നീ തീർപ്പു കൽപ്പിച്ചു.
ഞാൻ ഇറങ്ങി നടന്നു.
നീ പുറകെ വന്നു. അനുനയിപ്പിക്കാനല്ല.. ഭീഷിണിപ്പെടുത്താൻ �
"നീ നോക്കിക്കോ! നിന്നെ ഞാൻ അവസാനിപ്പിച്ചിരിക്കും" അതായിരുന്നു അവസാനം നീ പറഞ്ഞത്..
വീണ്ടും ഭാഗ്യദോഷം. എതിർ പാർട്ടിയിലെ സ്ഥാനാർഥി പട്ടികയിൽ ജീവന്റെ പേരിലായിരുന്നു അത് വന്നത്. അഷിദ ആണ് എന്നോട് വന്നു പറഞ്ഞത്.. ജീവനോട് കരുതിയിരിക്കാൻ പറയാൻ.. അപകടം ആണെന്ന്..
അന്ന് ഞാൻ നിന്നെ വന്നു കണ്ടിരുന്നു.. അപേക്ഷിക്കാൻ.. ജീവനെ ഒന്നും ചെയ്യരുത് എന്ന്.. നീ എന്നെ നോക്കി ചിരിച്ചു.. ഒരു കൊലച്ചിരി..
ജീവനോടും ഞാൻ കെഞ്ചി.. സ്ഥാനാർത്ഥിത്തം പിൻവലിക്കാൻ.. അവനും കേട്ടില്ല..
ആ വർഷം ഇലെക്ഷനിൽ ആദ്യമായി എതിർപാർട്ടിയിൽ ഒരു വിജയി ഉണ്ടായി.. ജീവൻ! നിന്റെ പരാജയം എന്തുകൊണ്ട് എനിക്കന്നു സന്തോഷം തന്നു
ഒരാഴ്ച കഴിഞ്ഞു കാണും. തലയ്ക്കു അടിയേറ്റു ജീവൻ ആശുപത്രിയിൽ ആയ വാർത്ത ആണ് കോളേജിൽ എനിക്ക് വേണ്ടി കാത്തിരുന്നത്. അത്യാഹിതവിഭാഗത്തിൽ! അപകടനില തരണം ചെയ്തിട്ടില്ല.. ഇനിയും 24 മണിക്കൂർ കാക്കണം.
ഹോസ്പിറ്റലിൽ നിന്നും ഞാൻ കോളേജിലേക്കാണ് നേരെ പോയത്.. കോളേജിന് മുന്നിലെ നിന്റെ പാർട്ടിയുടെ കൊടി വലിച്ചു താഴെയിറക്കി തറയിലിട്ടു ചവിട്ടുകയാണ് ആദ്യം ചെയ്തത്. എനിക്ക് ഭ്രാന്തായിരുന്നു. ചുറ്റും വിദ്യാർഥികൾ കൂടി.
ഞാൻ ഒന്നൊന്നായി പറഞ്ഞു.. നിന്റെയും നിന്റെ കൂട്ടരുടെയും കൊള്ളരുതായ്മകൾ.. രാഷ്ട്രീയത്തിന്റെ പേരിൽ നിങ്ങൾ ചെയ്യുന്ന കാപട്യങ്ങൾ.. പാതകങ്ങൾ.. എല്ലാം എല്ലാം..
ആരൊക്കെയോ എന്നെ പിടിച്ചു വീട്ടിൽ കൊണ്ടാക്കുകയായിരുന്നു..
അച്ഛൻ വിവരമറിഞ്ഞിരുന്നു..
അവരെല്ലാം വലിയ അപകടകാരികൾ ആണ്.. മോൾ ഇനി കോളേജിൽ പോവണ്ട എന്ന് അച്ഛൻ പറഞ്ഞു.. ഞാൻ കേട്ടില്ല..
അടുത്ത ദിവസം ഞാൻ വീണ്ടും ചെന്നു.
നീ എന്റെ ക്‌ളാസിൽ വന്നു.. എന്റെ അടുത്തു വന്നില്ല..
"ഓ.. ആദ്യം കുറെ എന്റെ കൂടെ കിടന്നു.. ഇപ്പൊ അവന്റെ കൂടെ ആണ് അവളുടെ കിടപ്പ്. അതിന്റെ കടിയാണ്" ഞാൻ കേൾക്കാൻ വേണ്ടിയാണ് നീയത് പറഞ്ഞത്.. ഞാൻ അങ്ങനെ പലതും പ്രതീക്ഷിച്ചിരുന്നു.. ഞെട്ടിയില്ല
പക്ഷെ സംഗതി അവിടെ നിന്നില്ല.. അവൻ പറഞ്ഞത് പോലെ ഞാൻ കൂടെ കിടന്ന കഥകളുമായി പിന്നെയും പലരും പുറത്തു വന്നു.. അധ്യാപകരിൽ ഒരാളും അവരുടെ കൂടെ കൂടി.. അയാളുടെ കൂടെയും ഞാൻ കിടന്നത്രെ..
ജീവൻ മരിച്ചു..
ഞാൻ മരണവീട്ടിൽ ആയിരുന്നു. ഒറ്റക്കായിരുന്നു. ഞാനും കൂടി കാരണമായ മരണം.
തിരിച്ചു ഇറങ്ങുമ്പോഴാണ് പോലീസ് വന്നത്. ഒരു വനിതാ പോലീസ് വന്നു കൂടെ ചെല്ലാൻ പറഞ്ഞു. എനിക്ക് ഒന്നും മനസിലായില്ല. എന്നെ അവർ ഇരുമ്പഴിക്കുള്ളിൽ ആക്കിയില്ല.. സ്റ്റേഷന്റെ ഒരു മൂലയിൽ ഒരു ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു. ഇടയ്ക്കു വെള്ളവും ഭക്ഷണവും തന്നു.. ആരും ഒന്നും പറഞ്ഞില്ല. അച്ഛൻ വന്നു. അച്ഛനും ഒന്നും അറിയില്ലായിരുന്നു.. അധികം സംസാരിക്കും മുൻപേ അച്ഛനെ അവർ പറഞ്ഞു വിട്ടു.
പിറ്റേന്ന് അച്ഛൻ വന്നപ്പോൾ കൂടെ പൊയ്ക്കോളാൻ പറഞ്ഞു..
�തിരിച്ചു ഓട്ടോയിൽ പോവുമ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല.
വീട്ടിൽ എത്തി ടീവി ഓൺ ആക്കി അച്ഛൻ അപ്പുറത്തെ മുറിയിൽ പോയി.. വാർത്താ ചാനൽ ആയിരുന്നു..
"കോളേജ് കൊലപാതകം , ജീവന്റെ മരണത്തിനു പിന്നിൽ പ്രണയ വൈരാഗ്യം"
അതായിരുന്നു വാർത്ത.
കോളേജിലെ തന്നെ ഒരു പെൺകുട്ടിയുമായുള്ള അടുപ്പമാണ് ജീവന്റെ കൊലപാതകത്തിന് പിന്നിൽ. പെൺകുട്ടിയുടെ മുൻ കാമുകൻ സന്ദീപ് ആണ് കോല നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു പിന്നീട് വിട്ടയച്ചു..
പിന്നെ കണ്ട രംഗങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. പോലീസ് സ്റ്റേഷനിൽ നിന്നും അച്ഛനോടൊപ്പം ഇറങ്ങി വരുന്ന ഞാൻ.. എന്റെ മുഖം കാണാത്ത വിധം ചാനലുകാർ മറച്ചിട്ടുണ്ട്.. അച്ഛന്റെ മുഖം വ്യക്തം..
എനിക്ക് ബോധം നശിച്ചിരുന്നു.. ഞാൻ കസേരയിൽ നിന്നും തറയിലേക്ക് വീണു.
കണ്ണ് തുറന്നപ്പോൾ അച്ഛൻ ഉണ്ട് അടുത്തു.. ഒന്നും മിണ്ടുന്നില്ല..
"അച്ഛാ"
മറുപടി പറയാതെ അച്ഛൻ എഴുന്നേറ്റു പോയി
സന്ദീപ്! എനിക്കറിയാം അവനെ. എന്നെ റാഗ് ചെയ്യാൻ വന്നവൻ. എന്റെ താടിയിൽ പിടിച്ചവൻ.. രമേശ് എന്നോട് മാപ്പു പറയിച്ചവൻ!!
പിന്നെ കേട്ട കഥകൾ കോളേജിൽ നീയും കൂട്ടരും പറഞ്ഞു പരത്തിയ കഥകളുടെ ആവർത്തനങ്ങൾ ആയിരുന്നു.
രാഖി.. ഒരു വെടിയാണ്.. കോളേജ് നിറയെ കാമുകന്മാർ.. ആരൊക്കെയോ ആയി കിടന്നവൾ. അധ്യാപകരെ പോലെയും വിട്ടില്ലത്രെ. അവൾക്കു കഴപ്പ് കൂടുതലാണത്രെ.
ഒരാഴ്ച്ചയായി. വീടിനുള്ളിൽ. പുറത്തിറങ്ങിയപ്പോൾ ചൂളം വിളികളും നോട്ടങ്ങളും. തിരിച്ചു ഓടി കയറുകയായിരുന്നു വീട്ടിലേക്ക്. �
നീ എന്നെ അവസാനിപ്പിച്ചിരുന്നു രമേശ്.. അഭിനന്ദനങ്ങൾ!
ഇനി മരണം..
ഞാൻ കയ്യിൽ കരുതിയ വിഷം എടുത്തു. അച്ഛൻ തിരിച്ചു വരും മുൻപ് കഴിയണം.
ടീവിയിൽ വീണ്ടും വാർത്തകൾ നിറയുന്നു..
അയൽക്കാരൻ നാല് വയസുകാരിയെ പീഡിപ്പിച്ചത്രേ. എത്രയോ വാർത്തകൾ ദിവസവും. അവളെയും നാളെ വെടി എന്ന് വിളിക്കുമോ. വിളിക്കും. ഉറപ്പാണ്. പീഡിപ്പിച്ച അയൽക്കാരൻ സ്വാധീനമുള്ളവൻ ആണെങ്കിൽ ഉറപ്പാണ്!
രമേശ്.. ഞാൻ പോവുന്നു.. വീണ്ടും ആശംസകൾ!�
എക്സ്ക്യൂസ് മി!! ഞാൻ എന്തിനു മരിക്കണം!
ആർക്കു ഗുണം!
മരണം ഒരു കീഴടങ്ങൽ അല്ലെ! കുറ്റം ഏറ്റു പറയൽ അല്ലെ! നിനക്ക് രാഷ്ട്രീയം കളിക്കാൻ എന്റെ ശവം സമ്മാനിക്കൽ അല്ലെ!
ഇല്ല. ഞാൻ തീരുമാനം മാറ്റുന്നു! മരിക്കാൻ എനിക്ക് മനസില്ല.. എനിക്ക് ജീവിക്കണം. എനിക്ക് വേണ്ടി, എന്റെ അച്ഛന് വേണ്ടി.. പീഡിപ്പിക്കപ്പെട്ട ആ നാല് വയസുകാരിക്ക് വേണ്ടി. അങ്ങനെ വെടികളെന്നു മുദ്രകുത്തിയ ഒരുപാട് പെൺകുട്ടികൾക്ക് വേണ്ടി.
�ഞാൻ മുഖം കഴുകി.. കൂട്ടത്തിൽ തിളക്കമുള്ള സൽവാർ തന്നെ ഇട്ടു. ഒതുങ്ങിക്കൂടാൻ വയ്യ. മുടി വാരികെട്ടി. മതി.
�അറിയാം നീയൊക്കെ എന്ത് ചെയ്യുമെന്ന്..
�"കൂവടാ. കൂക്കി വിളിക്ക്. വെടി എന്ന് വിളിച്ചു കൂവ്. പക്ഷെ ഇനി ഞാൻ പിന്നോട്ടില്ല. ഇനി എന്റെ കളിയാണ്. നിന്റെ അന്ത്യവും! "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo