അന്ന് വൈകുന്നേരം തുടങ്ങിയ കള്ള് കൂടിയായിരുന്നു..
സമയം എട്ടര ആയി.
നല്ല ഫിറ്റും..
പതിവ് പോലെ സെക്കൻഡ് ഷോക്ക് പോകാൻ തോന്നി.
ഫിറ്റായാൽ ഇത് പതിവ് ആണ്..
സെക്കൻഡ് ഷോക്ക് പോയി, എസിയിൽ കിടന്ന് ഉറക്കം..
പടം കഴിയുമ്പോൾ സെക്യൂരിറ്റി വിളിച്ച് ഉണർത്തും.
തിരികെ പോരും..
പിന്നീട് എപ്പോഴെങ്കിലും ബോധത്തിൽ പോയി കാണും..
അന്നും രാകേഷ് മാത്രം സമ്മതിച്ചു..
അങ്ങിനെ അവന്റെ ബൈക്കിൽ ഞങ്ങൾ പോയി..
ജോലി ഉപേക്ഷിച്ച് വന്നിട്ട് ആദ്യ മദ്യപാനവും സിനിമയും ആണ്..
പടം തുടങ്ങി..
ഞാൻ എപ്പോഴോ ഉറങ്ങി പോയി..
അല്ലു അർജുന്റെ പടം ആയത് കൊണ്ട് അവൻ കാണും..
പടം കഴിഞ്ഞപ്പോൾ അവൻ വിളിച്ചുണർത്തി..
തിരിച്ച് പോരുമ്പോൾ കിക്ക് എല്ലാം പോയിരുന്നു..
മെയിൻ റോഡിൽ നിന്നും എന്റെ വീടിന്റെ ഭാഗത്തേക്ക് ഉള്ള പോക്കറ്റ് റോഡ് എത്തിയപ്പോൾ ഞാൻ ഇറങ്ങി..
അതും അങ്ങിനെ ആണ് ശീലം..
എന്നിട്ട് ഒരു സിഗ്രെറ്റ് കത്തിച്ച ഞാൻ നടക്കും..
ഒരു ഇരുപത് മിനുറ്റ്..
ആ ക്ഷീണത്തിൽ അങ്ങ് പോയി കിടന്നാൽ നല്ല ഉറക്കം കിട്ടും..
പതിവ് പോലെ എന്നെ ഇറക്കി അവൻ പോയി..
ഞാൻ നടന്ന് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഒരാൾ ഇരുട്ടത്ത് തപ്പി തടയുന്നു..
ഞാൻ അടുത്തെത്തി മൊബൈൽ വെളിച്ചത്തിൽ നോക്കിയപ്പോൾ പ്രായം ഉള്ള ഒരാൾ..
നരച്ച മുടിയും താടിയും.
എന്ത് പറ്റി ചേട്ടാ എന്ന് ചോദിച്ചു..
വഴി കാണുന്നില്ല..
കൈയിൽ വെളിച്ചവും ഇല്ല..
വീട് എവിടെയെന്ന് ചോദിച്ചു..
അയാൾ പറഞ്ഞു.
ഞാൻ കൊണ്ടാക്കി കൊടുക്കാമെന്നു പറഞ്ഞു..
ഞങ്ങൾ നടന്ന് തുടങ്ങി...
ഏകദേശം ഇരുപത് മിനുറ്റ് നടക്കാൻ ഉണ്ടാകും.
ചേട്ടൻ എന്താ ഈ നേരത്ത്.. ?
അയാൾ ഗുരുവായൂരിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയാണെന്നും, രാത്രി ഭാര്യക്ക് സുഖമില്ലെന്ന് പറഞ്ഞ് കോൾ വന്നുവെന്നും പറഞ്ഞു.. ഒപ്പം മരുമകൾ ഉണ്ടെന്നും പക്ഷെ ഇപ്പോഴത്തെ കുട്ടികൾ അല്ലെ. ഉള്ളതും ഇല്ലാത്തതും കണക്ക് തന്നെ.. അതാ താൻ പോന്നതെന്നും കൂട്ടിച്ചേർത്തു..
ഞങ്ങൾ നടന്ന് നടന്ന് അയാൾ പറഞ്ഞത് അനുസരിച്ച് ഒരു പറമ്പിൽ എത്തി..
അയാൾ ചെരുപ്പ് ശരിയാക്കാനായി കുമ്പിട്ടു..
ഞാൻ മൊബൈൽ വെളിച്ചത്തിൽ മുന്നിലോട്ട് നോക്കിയപ്പോൾ ഒരു കുളം.
ഇവിടെ ഒരു കുളം ആണലോ എന്ന് പറഞ്ഞ് കൊണ്ട് തിരിഞ്ഞ് ആളെ നോക്കുമ്പോൾ ആളെ കാണാനില്ല..
അയാൾ നിന്നിടത്ത് ഒരു വലിയ ആൽ..
പെട്ടെന്നുള്ള ഞെട്ടലിൽ ഞാൻ കുളത്തിലേക്ക് വീഴാൻ പോയി..
എന്താ പന്നി.. ഉറങ്ങി ഉറങ്ങി സീറ്റിൽ നിന്ന് വീഴുലോ..
പണ്ടാരം സ്വപ്‌നം ആയിരുന്നു..
ഞാൻ വീണ്ടും ഉറങ്ങാൻ നോക്കവേ..
അവൻ പറഞ്ഞു.
മതി പടം കഴിയാറായി..
പടം കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി..
പോരുന്ന വഴി ഒരു തട്ട് കടയിൽ നിന്നും ഭക്ഷണം കഴിച്ചു.
ഓരോന്ന് വലിച്ചു..
റോഡിൽ ഇറങ്ങി നടക്കുമ്പോൾ വലിക്കാൻ ഒരെണ്ണം കയ്യിൽ കരുതി..
പോക്കറ്റ് റോഡിന്റെ അവിടെ എന്നെ ഇറക്കി അവൻ പോയി..
ഞാൻ നടന്നു..
സിഗ്രെറ്റ് കത്തിച്ചു..
നടന്ന് കുറച്ച് ദൂരം പിന്നിട്ടപ്പോൾ റോഡിനരികിൽ ഒരാൾ..
ഞാൻ മൊബൈൽ എടുത്തു..
മൊബൈൽ വെളിച്ചം കണ്ടപ്പോൾ അയാൾ മോനെ എന്ന് വിളിച്ചു..
ഞാൻ അയാളുടെ അടുത്ത് ചെന്നു ഞെട്ടൽ പ്രകടിപ്പിക്കാതെ..
അതേ ആൾ..
അതെ.. അതേ രൂപം..
ഉള്ളിൽ ഭയം തോന്നി..
പക്ഷെ പ്രകടിപ്പിക്കാതെ കാര്യം ചോദിച്ചു.
അതേ ആവശ്യം..
അതേ ഉത്തരം..
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ മിണ്ടാതെ നിന്നു..
പിന്നെ വരുന്നിടത്ത് വെച്ച് കാണാം എന്ന് മനസിൽ പറഞ്ഞ് ആളേം കൊണ്ട് പോയി..
അയാൾ പറഞ്ഞത് അനുസരിച്ച് ഞങ്ങൾ ഒരു പറമ്പിൽ എത്തി..
പറമ്പിന്റെ വലത് വശത്തായി ഒരു വെളിച്ചം..
അത് ചൂണ്ടി കാട്ടിയിട്ട് അതാണ് വീടെന്ന് പറഞ്ഞു..
എന്നാ ഇനി ചേട്ടൻ പോകില്ലേ എന്ന് ചോദിച്ചപ്പോൾ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു.
നേരം വൈകി എന്ന് പറഞ്ഞ് ഞാൻ കേറിയില്ല..
തിരികെ വീട്ടിലേക്ക് നടന്നു.
വീടെത്തുമ്പോൾ രണ്ട് മണി..
അമ്മയെ വിളിക്കാൻ നിന്നില്ല..
സിറ്റ് ഔട്ടിൽ കിടന്നു..
പിറ്റേന്ന് ഒമ്പത് ആയിട്ടാണ് ഉണർന്നത്..
ഇന്നലെ നടന്നത് സ്വപ്‌നം ആയിരുന്നോ..
അതോ സത്യം ആയിരുന്നോ എന്നായിരുന്നു അപ്പൊ സംശയം..
എന്തായാലും അവിടെ വരെ ഒന്ന് പോകണം എന്ന് ഉറപ്പിച്ചു..
കുറച്ച് കഴിഞ്ഞപ്പോൾ രാകേഷ് വന്നു.
ഞങ്ങൾ പുറത്തിറങ്ങി..
അപ്പോൾ അവനൊരു കോൾ വന്നു..
അവന്റെ അമ്മയായിരുന്നു വിളിച്ചത്..
കോൾ കട്ട് ചെയ്ത് അവൻ പറഞ്ഞു..
ഒരിടം വരെ പോണം..
ഒരു മരണം ആണ്..
ഞാൻ ഓകെ പറഞ്ഞു..
ഞങ്ങൾ പോയത് ഇന്നലെ ഞാൻ പോയ വീട്ടിലേക്ക് ആയിരുന്നു..
പക്ഷെ മറ്റൊരു വഴിയിലൂടെ..
ഞാൻ അവനോട് ചോദിച്ചു..
ഒരു സ്ത്രീയാണോ മരിച്ചത്..
അതെയെന്ന്..
അവന്റെ ഒരു അകന്ന ബന്ധുവാണെന്നും പറഞ്ഞു..
ഞാനാണ് അവരുടെ ഭർത്താവിനെ ഇന്നലെ ഇവിടെ കൊണ്ടാക്കിയത് എന്ന് പറഞ്ഞപ്പോൾ അവൻ എന്നോട് നിനക്ക് ആളെ തെറ്റിയതാണെന്ന്..
ഞാൻ സമ്മതിച്ചില്ല..
ഞാൻ സത്യാ പറയുന്നത്..
അയാൾ ഗുരുവായൂരിൽ അല്ലെ ജോലി ചെയ്യുന്നതെന്നു അവന് ഉറപ്പ് കിട്ടാൻ പറഞ്ഞു.
അത് ശരിയെന്നു പറഞ്ഞെങ്കിലും
അവൻ മറ്റൊന്ന് കൂടി പറഞ്ഞു..
അയാൾ മരിച്ചിട്ട് ഒരു വർഷം ആകാറായി എന്ന്..
ഞാൻ പക്ഷെ കണ്ടു എന്ന എന്റെ ഉറപ്പിൽ നിന്നപ്പോൾ അവൻ എന്നെയും കൊണ്ട് വീടിന്റെ മുൻ വശത്തേക്ക് കൊണ്ട് പോയി.
ചുവരിൽ അയാളുടെ ഫോട്ടോ..
കുളത്തിൽ വീണാണ് മരിച്ചത്, പേരക്കുട്ടിയുടെ പട്ടം എടുക്കാൻ കുളത്തിന് അരികിലെ ആൽ മരത്തിൽ കയറിയതാ.
കുളത്തിലേക്ക് വീണു..
നീ നാട്ടിൽ ഇല്ലാത്തപ്പോൾ ആയിരുന്നു..
അപ്പൊ ഞാൻ ഇന്നലെ കണ്ടത്..
വെല്ല സ്വപ്നവും ആകും മയിരെ.. ആളെ പേടിപ്പിക്കലെ..
വീണ്ടും സംശയം പ്രകടിപ്പിക്കാൻ നിന്നപ്പോൾ അവൻ വീണ്ടും തെറി വിളിച്ചു..
ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല..
ഞാൻ വീട്ടിൽ തിരിച്ചെത്തിയിട്ടും ഇന്നലത്തെ രാത്രിയിലും ആ പറമ്പിലും ആ കുളത്തിലും ആയിരുന്നു..
വൈകുനേരം ആയപ്പോൾ ഒന്ന് തീരുമാനിച്ചു.
ആ പറമ്പും കുളവും കാണണം..
ഞാൻ എന്റെ ബൈക്കെടുത്ത് ഇറങ്ങി..
ആ പറമ്പ് തേടി പിടിച്ചു..
പറമ്പിന്റെ ഒരു മൂലയിൽ ഒരു ചെറിയ കുളം..
അതിനരികിൽ ഒരു വലിയ ആൽ..
കുറച്ച് കുട്ടികൾ കുളത്തിലേക്ക് നോക്കി നിൽക്കുന്നുണ്ട്..
ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി അവരുടെ അരികിലേക്ക് ചെന്നു... അവരുടെ ബോൾ കുളത്തിൽ വീണു..
എടുക്കാൻ കഴിയാതെ കുടുങ്ങി നിലക്കാണ് പാവങ്ങൾ..
ഞാൻ ബോൾ എടുക്കാൻ കുളത്തിലോട്ട് ഇറങ്ങി..
ഇന്ന് ഞാൻ കുളത്തിൽ വീണ് മരിച്ചിട്ട് ഒരു വർഷം തികയുകയാണ്..
By: Vineeth Vijayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക