Slider

ജീവിതമെന്ന പിരിയൻഗോവണി

0

പലപ്പോഴെല്ലാം ജീവിതമതിന്‍റെ
നനുത്ത തൂവല്‍ചിറകുകള്‍ വിടര്‍ത്തിയൊരു
അപ്രതീക്ഷിത വിരുന്നുകാരനെപ്പോല്‍
ആകസ്മികമായ യാദൃശ്ചികതകളും
പകപ്പുകളു,മുന്മാദങ്ങളും
തീപ്പടക്കങ്ങളെന്നപോലുള്ളുപൊള്ളിച്ച്
നമ്മളിലേയ്ക്ക് വലിച്ചെറിയുന്നു.
ജീവിതം, പ്രണയമെന്നൊരു
വസന്തരേഖ കൊണ്ടടയാളപ്പെട്ട
നിമിഷത്തില്‍ നിന്നുമടര്‍ന്നൊരിതളിനെ,
ആത്മാവില്‍നിന്നടര്‍ത്താതെയൊരു
ഗ്രീഷ്മം പ്രാണനെ തോളിലേറ്റി, ചങ്കിറുക്കി
നടന്നടുക്കുമ്പോള്‍ കാണുന്ന മിഴികള്‍
ഉഷ്ണിച്ചുഷ്ണിച്ചൊരു മഴയാകുന്നു,
ഒരുപൂവോര്‍മ്മപോലുമില്ലാതെ
വസന്തം വരണ്ടിലകള്‍ പൊഴിയ്ക്കുന്നു,
ഇനിയുമൊന്നു കാണാനാവില്ലെന്നു
മിഴികള്‍ ചേര്‍ന്നടയുന്നതിന്നു മുന്‍പേ
ദേഹിയറ്റൊരു മകനച്ഛന്‍റെ തോളിലുറങ്ങുന്നു.
എന്നിട്ടും, ഉന്‍മാദമദങ്ങള്‍ ചാലിച്ചെഴുതിയ
വിശ്വാസങ്ങളുടെ പറുദീസകള്‍ക്കിടയില്‍,
എന്തിനെന്നറിയാതെയണഞ്ഞ
ജീവന്‍റെയടര്‍ന്നയടയാളങ്ങള്‍ക്കിടയിലിനിയും
ബാക്കിയായ പ്രതീക്ഷകളേയൊരു
മുന്തിരിവള്ളിയെന്നപോലെ, ജീവിതമെന്ന
പിരിയൻഗോവണിയിലേയ്ക്കതി
സൂക്ഷ്മതയോടെ നട്ടു നനച്ചെടുക്കുന്നു.
By: 
ധന്യ അരവിന്ദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo