Slider

നിസ്സീമമാണ് ആ സ്നേഹം

0
നിസ്സീമമാണ് ആ സ്നേഹം
നിന്റെ ബുദ്ധി പതറാതിരിയ്ക്കാനും ചോദ്യങ്ങള്കൊണ്ട് നിന്റെ മന:സമാധാനം നഷ്ടപ്പെടാതിരിയ്ക്കാനും അനുയോജ്യമായിരുന്നു മനോഹരമയമായ ആ ഏദന് പൂന്തോട്ടം. പുഷ്പവാടികള്; മുന്തിരിതോട്ടങ്ങള്; കളിച്ചുല്ലസിക്കാന് വള്ളിക്കുടിലുകള്, മധുരം ചുണ്ടില് പകരാന് പ്രേയസി.....എന്ത്തെല്ലാം നിനക്കായി ഞാന് ഒരുക്കിയില്ല! അതെല്ലാം നീ കളഞ്ഞുകുളിച്ചു. ഏതോ ചെകുത്താന്റെ വാക്കുകകള് കേട്ട് നീ അറിയരുതാത്തത് അറിഞ്ഞ് ജ്ഞാനിയാണെന്ന് അഹങ്കരിച്ചു. 
എന്നിട്ടും എനിയ്ക്ക് നിന്നോട് ഇഷ്ടം കുറഞ്ഞില്ല. നിന്നെ ശപിച്ച് ഭൂമിയിലേയ്ക്ക് തള്ളിയിട്ടത് കോപം കൊണ്ടല്ല, സ്നേഹംകൊണ്ടായിരുന്നു. നീ നന്നാവണം, അതായിരുന്നു എന്റെ അഭിലാഷം. പകലന്തിയോളം മണ്ണിനോട് മല്ലിട്ട് രാത്രി തളര്ന്നുവീഴുന്ന നിന്നെ സംശയങ്ങളും ചോദ്യങ്ങളും ശല്യം ചെയില്ലെന്നായിരുന്നു എന്റെ കണക്കുകൂട്ടല്.
വിശ്രമദിവസമായ ഞായറാഴ്ച്ചകളില് നിന്റെ വിനോദത്തിനായി പള്ളികളിലും അമ്പലങ്ങളിലും സംഗീതാത്മകമായി മണികള് മുഴങ്ങണമെന്ന് ഞാന് പുരോഹിതരോട് ചട്ടം കെട്ടി. നഷ്ടപ്പെട്ട സ്വര്ഗരാജ്യം തിരിച്ചു തരേണമേ എന്ന്, ആട്ടിന് കൂട്ടം ആകാശത്തെയ്ക്കുനോക്കി കരയുന്നതുപോലെ, നീ നിന്റെ കൂട്ടരൊന്നിച്ച് കണ്ണീര് വാര്ക്കാന് പാകത്തില് പ്രാര്ത്ഥനാഗാനങ്ങള് ആലപിക്കണമെന്ന് വേദപുസ്തകത്തില് ഞാന് എഴുതിയത് പുരോഹിതര് നിനക്ക് വായിച്ചു കേള്പ്പിച്ചു. അമ്പലങ്ങളില് ആര്ഷജ്യോതി തെളിയ്ക്കണമെന്നും ശാങ്ഖുനാദം മുഴങ്ങണമെന്നും നിബന്ധനയുണ്ടാക്കി.
പക്ഷെ നീ എന്റെ കണക്കുകൂട്ടലുകള് പിന്നെയും തെറ്റിച്ചു. നിന്റെ അദ്ധ്വാനം ഞാന് ചൂഷണമെയ്യുന്നുവെന്ന് പറഞ്ഞ് നീ എന്നെ ദുഷിച്ചു. എന്റെ പുരോഹിതന്മാരെ നീ നിന്ദിച്ചു.
പക്ഷെ നീ നന്നാവുമെന്ന് എനിയ്ക്കുറപ്പുണ്ടായിരുന്നു. ഞാന് ഒരു ചൂഷകനെല്ലെന്ന് കാട്ടിത്തരാന് എന്നെങ്കിലും കഴിയുമെന്ന് എനിയ്ക്കുറപ്പുണ്ടായിരുന്നു.
എന്റെ പ്രതീക്ഷ അസ്ഥാനത്തായില്ല. നിന്റെ അദ്ധ്വാനഭാരം ലഘൂകരിയ്ക്കാനും ജീവിതം കൂടുതല് സുഖകരമാക്കാനും ഞാന് സൈബര് ലോകത്തുനിന്ന് പുതിയ യന്ത്രങ്ങള് വരുത്തി തന്നു. നിന്റെ വേതനം കോടിക്കണക്കിനാക്കി. നിനക്ക് ജോലിചെയ്യാന് വാതാനുകൂലമായ മന്ദിരങ്ങള് പണിതു. നിനക്കായി ഭക്ഷണമൊരുക്കാന് കേഫ്ടീരിയകള് ഇരുപത്തിനാലു മണിക്കൂറും തുറന്നു വെച്ചു. നിന്റെ മനസ്സും ശരീരവും തമ്മില് പൊരുത്തപ്പെടുത്താന് യോഗഗുരുക്കളെ ഭൂമിയിലേയ്ക്കയച്ചു.
ഇപ്പോള് എനിക്ക് സംത്രുപ്തി തോന്നിതുടങ്ങിയിരിയ്ക്കുന്നു. കൂടുതല് വേതനത്തിനും സുഖത്തിനും വേണ്ടിയുള്ള പാച്ചിലിനിടയില് സംശയങ്ങളും ചോദ്യങ്ങളും നിന്നെ അലോസരപ്പെടുത്തുന്നില്ല.
ചോദ്യങ്ങള് ചോദിയ്ക്കുന്നതും അന്യായത്തിനെതിരെ പോരാടുന്നതും ഇന്നു നിന്റെ സ്വഭാവത്തിലില്ല. നീ ഇപ്പോള് ഒരു പാവമാണ്. ഞാന് നിനക്കായി പ്രത്യേകം തയ്യാറാക്കിയ നീലനിറത്തിലുള്ള പട്ട പൂണുനൂല് പോലെ കഴുത്തിലിട്ടാട്ടി നീ നഗരങ്ങളില് ഓടുന്നതുകാണുമ്പോള് എനിയ്ക്ക് കോരിത്തരിയ്ക്കുന്നു.


by: 
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo