Slider

സുഹൃദ്സംഗമം

0

പണ്ടു ഗുരുകുലവാസം നയിക്കവേ
രണ്ടുപേരൊറ്റ മനസ്സുമായി
യാദവബാലനുമാരണന്‍ തന്നെയും
നല്ല സതീര്‍ത്ഥ്യരായ് മാറിയത്രേ.
എല്ലാര്‍ക്കുമേ കണ്ണിലുണ്ണിയായുള്ളവന്‍
കണ്ണനാ,യുള്‍ക്കാഴ്ച നല്കുവോനായ്
കുത്സിതചേല ധരിപ്പോന്‍ കുചേലനോ
ദാരിദ്ര്യമെന്നതിന്‍ മൂര്‍ത്തിഭാവം .
ദേശികനേതുമറിയാതെയെത്രയോ
കുട്ടിക്കുറുമ്പുകള്‍ ചെയ്തുവന്നൂ .
ദക്ഷിണ നല്കിപ്പിരിയേണ്ട കാലമായ്
കെട്ടിപ്പിടിച്ചു കരഞ്ഞു കൂട്ടര്‍.
കാലം കടന്നുപോയൈശ്വര്യലക്ഷ്മിക്കു
നായകന്‍ തന്നെയായ് വാഴുന്നൊരാള്‍
ഓദനമില്ലാദിനങ്ങളായെന്നതി -
ലത്തല്‍ പൂണ്ടിങ്ങു കഴിയുന്നൊരാള്‍.
എല്ലാര്‍ക്കുമൈശ്വര്യമേകും സതീര്‍ത്ഥ്യനോ -
ടൊന്നുമേ യാചിപ്പാനായീടാതേ .
എങ്കിലും തന്‍ധര്‍മ്മദാരങ്ങള്‍ ചൊല്ലിയ
വാക്കുകള്‍ നല്കിയ ധൈര്യവുമായ്
പ്രാഭവം പൂണ്ടങ്ങിരിക്കും സതീര്‍ത്ഥ്യനെ
കാണുവാന്‍ തന്നെയുറച്ചു ഹൃത്തില്‍
പ്രാഭൃതമായെന്തു നല്കേണ്ടുവെന്നൊരു
ചിന്തയാല്‍ പിന്നേയും ഖിന്നനായി.
യാചിച്ചു നേടിയ ധാന്യങ്ങള്‍ കൊണ്ടുതാ -
നപ്പോളവിലുമുണ്ടാക്കി , പത്നി.
കീറിയ ചേലയില്‍ മാറാപ്പു കെട്ടി തന്‍
കാന്തന്‍റെ കൈയില്‍ കൊടൂത്തു വിട്ടു.
ഇന്നുമലട്ടുമസമത്ത്വ ചിന്തകള്‍
അന്നുമുണ്ടായി കുചേലന്നുള്ളില്‍
നാറുന്ന ചേല ,വിയര്‍പ്പുറ്റ മേനിയും
കണ്ടില്ല സര്‍വ്വജ്ഞനായ കണ്ണന്‍ .
ഗാഢമായാലിംഗനം ചെയ്തു കണ്ണനോ
ചോദിച്ചതില്ല വിശേഷമേതും.
ജീര്‍ണ്ണിച്ച ഭാണ്ഡത്തില്‍ നിന്നവല്‍ വേഗത്തില്‍
ഭക്ഷിച്ച നേരം ശ്രീ കൈപിടിച്ചു.
"വേണ്ടയിനിയൊട്ടും ഭക്ഷിക്ക വേണ്ടെ"ന്നു
ചൊല്ലി രഹസ്യമായ് കാതിലപ്പോള്‍ .
"എന്നെ സതീര്‍ത്ഥ്യന്‍റെ ദാസിയാക്കീടൊല്ല "
ഗൂഢസ്മിതം തൂകീ കണ്ണനപ്പോള്‍ .
ലക്ഷ്മിതന്‍ നോട്ടമതേറ്റ കുചേലനോ
കോമളരൂപനായ് മാറിയപ്പോള്‍ .
ആഭൂഷണങ്ങളും പട്ടാംബരങ്ങളും
പെട്ടെന്നു മേനിയില്‍ വന്നണഞ്ഞൂ .
ചെറ്റക്കുടിലോ വന്‍ മാളികയായിതു
പത്നിയോ സന്നതഗാത്രിയുമായ്.
അന്തണനത്ഭുതമേതുമറിയാതെ
മൌഢ്യമൊട്ടാര്‍ന്നു നിന്നല്പനേരം!
പെട്ടെന്നാ ചിത്തം നിറഞ്ഞു കവിഞ്ഞൊരു
ജ്യോതിസ്സുവന്നൂ കുചേലനുള്ളില്‍
ഒന്നുമേ ചോദിക്കാതെല്ലാം കൊടുക്കുന്ന
കണ്ണന്‍ യഥാര്‍ത്ഥ സതീര്‍ത്ഥ്യനത്രേ .
പദാര്‍ത്ഥങ്ങള്‍:
ആരണന്‍ = ബ്രാഹ്മണന്‍.
ദേശികന്‍ = ഗുരു
ഓദനം = ചോറ്
അത്തല്‍ = വ്യസനം.
പ്രാഭൃതം = കാഴ്ചദ്രവ്യം.
സന്നതഗാത്രി = സുന്ദരി

By: Krishnaraja sarma
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo