Slider

അഖില

0
പത്തുവയസ്സുള്ള ഒരു പെൺകുട്ടി, അവളെ നമുക്ക് അഖില എന്ന് വിളിക്കാം... അവളിൽ ഞാൻ എന്നെ കാണുന്നു. പേടിച്ചരണ്ട മുഖവും ഭയചകിതമായ മിഴികളുമുള്ള ഒരു സുന്ദരികുട്ടി. അവളെനിക്ക് വളരെ പ്രിയപെട്ടവളാണ്. ഇവിടെ എന്റെയടുത്തു വരുമ്പോൾ അവൾ ഉറക്കെ പൊട്ടിച്ചിരിക്കാറുണ്ട്, കുഞ്ഞുശബ്ദത്തിൽ പാട്ടുകൾ പാടാറുണ്ട്. എന്റെ മക്കളോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴും ടി വി കാണുമ്പോഴും അവൾ ഒത്തിരി ആഹ്ലാദവതിയാണെന്നു ഞാൻ മനസിലാക്കുന്നു. പലതവണ അവളുടെ വീട്ടിലേക്ക് അവളെ കൊണ്ടുവിടാനായി ഞാൻ പോയിട്ടുണ്ട്. വീട്ടിലേക്ക് തിരിയുന്ന വഴിയായാൽ എന്റെ ടുവീലറിന് പുറകിലിരിക്കുന്ന അവളുടെ മുഖം മ്ലാനമാകുന്നതും ഒച്ചയിടറുന്നതും റിയർവ്യൂ മിററിലൂടെ ഞാൻ ശ്രദ്ധിക്കാറുണ്ട്. എല്ലാം എന്റെ ചെറുപ്പകാലങ്ങളിലേത് പോലെ തന്നെ എന്ന് ഞാൻ ഓർത്തെടുക്കുന്നു.
അവളിലെന്നെ കാണാൻ എനിക്ക് അധികമൊന്നും അലയേണ്ടി വന്നില്ല. നീണ്ടുവിടർന്ന ആ മിഴികളിലെ ഭയചകിതമായ നോട്ടം, ഇന്നെന്റെ മിഴികളിലെ വിഷാദമാണ്. കുഞ്ഞിലെയുള്ള അരക്ഷിതാവസ്ഥ ഓരോ കുഞ്ഞുമനസ്സിലും നിറക്കുന്ന വികാരം ഭയം തന്നെയാണ്. അത് പിന്നീട് അപകർഷതാ ബോധവും ആത്മവിശ്വാസമില്ലായ്മയിലേക്കും നയിക്കുന്നു. വളർച്ചക്കിടയിലെ സൗഹൃദങ്ങളെ പോലും സ്വീകരിക്കാനാവാത്ത വിധം മനസ്സ് ചുരുങ്ങിപോകുന്നു. ആശ്രയവും ആശ്വാസവും തേടി അലയുന്ന മനസിലേക്ക് എപ്പോഴെങ്കിലും ആരോ ഒരാൾ കടന്നുകൂടുന്നു. അയാളെ ദൈവം പോലെ കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നു. നിരാശ്രയത്വം മനസിലാക്കുന്ന അയാൾ നല്ലൊരു വേടനെപോലെ അവളെ വേട്ടയാടുന്നു. ആഗ്രഹിക്കാത്തത് സംഭവിക്കുമ്പോൾ സമനില തെറ്റുന്ന മനസ്സ് വീണ്ടും നിരാശയുടെ പടുകുഴിയിലേക്ക്..... ജീവിതത്തിലാരെയും വിശ്വസിക്കാനാവാത്ത വിധം ഒരു പെണ്ണിന്റെ മനസിന്റെ തകർച്ച ഇവിടെ തുടങ്ങുന്നു... കാരണമാകുന്നത് എന്തെന്നെറിയാമോ നിങ്ങൾക്ക് ???ഒരു കുഞ്ഞു പിറന്നു വീഴുമ്പോൾ (അത് മോനായാലും മോളായാലും )ആ കുട്ടിക്ക് കിട്ടേണ്ട തണൽ അച്ഛൻ എന്ന വന്മരത്തിന്റേതാണ്. അമ്മയെ വാനോളം പുകഴ്ത്തുമ്പോൾ അച്ഛൻ എന്ന വ്യക്തിക്ക് ഉത്തരവാദിത്തങ്ങളുടെ ചുമതല മാത്രമല്ല ഉള്ളത്. ഒരു പെൺകുഞ്ഞിന്റെ ജീവിതത്തിലെ ആദ്യത്തെ പുരുഷൻ അവളുടെ അച്ഛനാണ്. ആ സംരക്ഷണ വലയത്തിൽ അവൾ സുരക്ഷിതയാണെന്ന ബോധ്യം ഉണ്ടായാൽ പിന്നേ ഒരു പെൺകുഞ്ഞും മനസ്സ് തകർന്ന് വിലപിക്കേണ്ടി വരില്ല, നിരാശ്രയത്വം പേറുന്ന മിഴികളുമായി ഭൂമിയെ നോക്കികാണേണ്ടി വരില്ല.
അഖില......
അവളിലൂടെ ഞാൻ പുനർജനിക്കുകയാണ്.... മരിക്കാതെ തന്നെ വീണ്ടുമൊരു ജനനം. അവളുടെ കാര്യത്തിൽ ഞാൻ സദാ സമയവും ജാഗരൂകയാണ്. കണ്ണുംകാതും മനസ്സും അവൾക്കുവേണ്ടി തുറന്ന് വെക്കുന്നു. തകർച്ചയുടെ പടുകുഴിയിലേക്കവൾ പോകാതിരിക്കാനായി, എനിക്ക് ലഭിക്കാതിരുന്ന സംരക്ഷണ കവചം അവൾക്കു ചുറ്റിലും ഒരുക്കാൻ ഞാൻ ബാധ്യസ്ഥയാണ്. എന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ട്. അഖിലയെന്ന അവൾ ആശ്രയമില്ലാതെ അലയാതിരിക്കാൻ.... അബദ്ധങ്ങളുടെ ഘോഷയാത്രയിൽ പെട്ട് വഴിയറിയാതെ പകച്ചുനിൽക്കാതിരിക്കാൻ..... ഇനിയൊരു ഞാൻ കൂടി ആവർത്തിക്കാതിരിക്കാൻ........
ഗൗരികല്യാണി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo