Slider

ഒരു വായ്നോട്ടത്തിന്റെ കഥ

1
Image may contain: 1 person

ഡിഗ്രീ പഠന കാലത്ത് രണ്ടു രണ്ടര കിലോമീറ്റർ നടന്നാണ് കോളേജിലേക്ക് പൊയ്കൊണ്ടിരുന്നത്... ഒറ്റയ്ക്കല്ല.. ഞങ്ങൾ അഞ്ചു പെണ്ണുങ്ങൾ... ഊഹിക്കാമല്ലോ ആ യാത്ര... കലപില കലപില ചിലച്ചോണ്ട്... എന്താണിത്ര മാത്രം പറയാൻ ഉണ്ടാരുന്നതെന്ന് ഞങ്ങൾക്കിപ്പോളും അറിയില്ല...
രണ്ട് ബാച്ച് ആണ് ഞങ്ങൾ... മൂന്നുപേർ കെമിസ്ട്രി..മോളുവും ഞാനും സൂളോജി.. ക്ലാസ്സിലെ കാര്യങ്ങളും.. കൂട്ടുകാരുടെ പ്രണയവും... എന്തിനേറെ ടീച്ചേഴ്‌സ് ഉടുക്കുന്ന സാരിയും തൊടുന്ന പൊട്ടും വരെ ഞങ്ങൾക്ക് ചർച്ചാ വിഷയം ആയിരുന്നു...
ദൂരം അനുസരിച്ചു ഓരോരുത്തർ അടുത്ത ആളുടെ വീട്ടിൽ എത്തി അവരേം കൂട്ടി... കൂട്ടി.. അങ്ങാനാണ് ഞങ്ങളുടെ യാത്ര.. അഞ്ചാമനെ വഴിയരികിൽ ഉള്ള ഒരു കുരിശുപള്ളിയിൽ വെയിറ്റ് ചെയ്താണ് എന്നും സംഘത്തിൽ ചേർത്തിരുന്നത്...
അവൾ കൃത്യനിഷ്ഠയുടെ നിറകുടം ആയതിനാൽ തന്നെ കുറച്ചു നേരം ഞങ്ങൾ 4 പേർക്കും കുരിശിൻതൊട്ടിയിൽ പ്രാർത്ഥിക്കാൻ എന്നും സമയം കിട്ടിയിരുന്നു... അവിടെ അണഞ്ഞു കിടക്കുന്ന മെഴുകുതിരികൾ എല്ലാം കത്തിക്കുക എന്നത് സമയം കളയാൻ ഉള്ള എന്റെ മാർഗം ആയിരുന്നു.... ഒപ്പം കാശുമുടക്കില്ലാതെ ചുളുവിൽ ഇച്ചിരെ അനുഗ്രഹോം മാതാവൽനിന്ന് കിട്ടിയാലോ....
എന്നും ഒരേ സമയത്തുള്ള ഞങ്ങളുടെ ഈ യാത്രയിൽ ഞങ്ങൾ എന്നും കാണുന്നതും ഒരേ ബസ്സുകൾ തന്നെ ആയിരിക്കുക എന്നുള്ളത് സ്വാഭാവികം..... ബസ് പോകുമ്പോൾ വാചകമടിക്കിടയിലും ഒന്ന് നോക്കുക എന്നുള്ളതും സ്വാഭാവികം...അങ്ങനെ സ്വാഭാവികമായ സംഭവങ്ങൾകിടയിൽ അസ്വാഭാവികമായ ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്....എന്റെ മാത്രം ശ്രദ്ധയിൽ അല്ല കേട്ടോ.. എല്ലാരും അത് ശ്രദ്ധിച്ചിരുന്നു..
ഞങ്ങൾക്ക് വിപരീത ദിശയിൽ പോകുന്ന ഒരു ബസ്സിൽ ആണുങ്ങളുടെ ഡോറിന്റെ തൊട്ടു മുന്നിലത്തെ സീറ്റിൽ എന്നും വെള്ള ഷർട്ട് ഇട്ട ഒരു ചേട്ടൻ...കുറ്റം പറയരുതല്ലോ.. ആരും നോക്കി പോകും.. സുന്ദരൻ... എന്നും ഒരേ കളർ ഷർട്ടും.. ഒരേ സീറ്റും ആകുമ്പോൾ ശ്രദ്ധിക്കും എന്നുള്ളത് പറയേണ്ടതില്ലല്ലോ...
അങ്ങനെ പുള്ളിയെ വായ്നോക്കുക എന്നുള്ളത് ഞങ്ങളുടെ സ്ഥിരം കലാപരിപാടി ആയി മാറി... എന്നും വെള്ള ഷർട്ട് ഇടുന്ന ചേട്ടന് "വൈറ്റ് ഷർട്ട്" എന്ന പേരും ഇട്ടു... പതിയെ പതിയെ ചേട്ടനും ഞങ്ങളെ നോക്കി തുടങ്ങി... ബസ്സ് വരും ...ഞങ്ങൾ ചേട്ടനെ നോക്കും.. ചേട്ടൻ ഞങ്ങളെ നോക്കും.. വണ്ടി പോകുമ്പോൾ ഞങ്ങൾ വീണ്ടും പൊട്ടും ചുരിദാറും അടക്കമുള്ള വല്യ വല്യ കാര്യങ്ങൾ ചർച്ച ചെയ്ത് ....ഒരു സംശയം മാത്രം വഹിച്ചു കൊണ്ട്..... യാത്ര തുടരും...
സംശയം ഇതായിരുന്നു... ഞങ്ങളിൽ ആരെയാണ് പുള്ളി നോക്കുന്നത്??...ഞങ്ങളെ സംബന്ധിച്ച് അതിന് ഉത്തരം കിട്ടുക എന്നുള്ളത് .... കൂട്ടുകാരുടെ പ്രണയവും..കോളേജിൽ ഇറങ്ങുന്ന പുതിയ ഫാഷൻ വസ്ത്രങ്ങളും..പോലുള്ള ഇന്റർനാഷണൽ കാര്യങ്ങൾക്കിടയിൽ അത്ര വലിയ കാര്യം അല്ലാത്തതിനാൽ അതിനു കൂടുതൽ പ്രാധാന്യം കൊടുത്തില്ല...
അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ ചേച്ചിയുടെ മകനെ കാണാൻ അവൻ കിടന്ന ഹോസ്പിറ്റലിൽ ഞാൻ പോയി...ജംഗ്ഷനിൽ ബസ്സ് ഇറങ്ങി ഇത്തിരി നടന്ന്‌ രണ്ടു റോഡ് ക്രോസ്സ് ചെയ്താലാണ് ഹോസ്പിറ്റലിൽ എത്തുക.. വണ്ടിയിൽനിന്നിറങ്ങിയപ്പോ സ്കൂളിൽ കൂടെ പഠിച്ച കൂട്ടുകാരിയെ കണ്ടു..
അവളോട് കുറച്ചു നേരം സംസാരിച്ച് ... ലാ ലാ പാടി ...വഴി ക്രോസ്സ് ചെയ്ത് ഹോസ്പിറ്റൽ വളപ്പിൽ എത്തിയപ്പോ ശൂ... ശൂ... എന്നുള്ള ഒരു ശബ്ദം പിറകിൽ... ഏയ് ഞാൻ അത്തരകാരി അല്ല... എവിടേലും ശൂ.. ശൂ... വിളി കേട്ടാൽ നല്ല പെൺകുട്ടികൾ തിരിഞ്ഞു നോക്കാൻ പാടുണ്ടോ??? ഞാൻ വീണ്ടും നടന്നു..
അപ്പോ പിന്നേയും... അതേ ശൂ.. ശൂ... വിളി... നല്ല കുട്ടി അല്ലേ ഞാൻ ... അത് മൈൻഡ് ചെയ്യാതെ പിന്നെയും നടന്നപ്പോൾ ഒരു ചേച്ചി എന്നെ തൊണ്ടിയിട്ട്‌.. " മോളേ.. ദേ ആരോ വിളിക്കുന്നു" എന്ന് പറഞ്ഞു.... തിരിഞ്ഞു നോക്കിയ എനിക്ക് വെള്ള ഷർട്ട് ഇട്ട ഒരു രൂപം കണ്ടത് ഓർമയുണ്ട്...... എന്റെ സാറേ... പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല...എന്ന് പറഞ്ഞ അവസ്ഥയായി...പ്രേമം തോന്നിയിട്ടല്ല... പേടിച്ചിട്ട്....
ഒരിക്കലും നേരിട്ട് കാണില്ല എന്ന് കരുതിയല്ലേ ഞങ്ങൾ വായ്നോട്ടം തുടങ്ങിയേ... ഇങ്ങേര് ഇങ്ങനെ മുൻപിൽ വന്നു നില്കുംന്ന് സ്വപ്നത്തിൽ വിചാരിച്ചോ?? പുള്ളി എന്താരിക്കും സംസാരിക്കാൻ പോകുക.. ഞാൻ എന്ത് മറുപടി പറയും.. അങ്ങനെ ഒരു കൂട്ടം ചിന്തകൾ എന്റെ മനസിൽ കൂടെ ആ ഒരു നിമിഷം പാഞ്ഞു പോയി...
പിന്നെ വല്ലോരും കാശ് മുടക്കിയതാണേലും എന്നും നിനക്ക് ഞാൻ തിരി കത്തിക്കുന്നതല്ലേ മാതാവേ... മിന്നിച്ചേക്കണേ.. എന്ന് പ്രാർത്ഥിച്ചോണ്ട്... എന്റെ ചങ്ക് പട.. പടാ ...ഇടിക്കുന്ന ശബ്ദം പുള്ളി കേൾക്കാതിരിക്കാൻ മാക്സിമം ട്രൈ ചെയ്ത്... ഞാൻ അങ്ങ് നിന്നു...
"എന്താ ഇവിടെ???" പുള്ളി ചോദിച്ചു.
"ചേച്ചിടെ മോൻ.....പനി... ചോറ് കൊടുക്കാൻ..." സു..സു..സുധി വാത്മീകം പോലെ... ഞാൻ വിക്കി വിക്കി മറുപടി കൊടുത്തു..
......…......... .......... നിശബ്ദത..
"എന്താ ഇവിടെ???" ഞാൻ അങ്ങോട്ട്..
"എനിക്കിവിടെ അടുത്താ ജോലി.. ആ ജംഗ്ഷനിൽ ആണ് ഓഫീസ്.." പുള്ളി പറഞ്ഞു..
എന്റെ ദൈവമേ.. ഈ രണ്ടു റോഡ് ക്രോസ്സ് ചെയ്തു ഈ മനുഷ്യൻ എന്തിനാണോ എന്റെ പിറകെ ഹോസ്പിറ്റൽ വരെ വന്നത്?? സ്ഥിരം കലാപരിപാടിയെ കുറിച്ച് വല്ലതും എന്നോട് ചോദിക്കുവോ?? വീണ്ടും ചങ്കിടിപ്പ് കൂടി... മനസിലെ ടെൻഷൻ പുറമേ കാണിക്കാതിരിക്കാൻ ഞാൻ ഒരു പുഞ്ചിരി മുഖത്ത് ഫിക്സ് ചെയ്തു...
" മോനിപ്പോ എങ്ങനുണ്ട്??" വീണ്ടും വൈറ്റ് ഷർട്ട് മൗനം ഭേദിച്ചു...
" കുറഞ്ഞു... ചെറിയ പനിയാരുന്നു".... ഞാൻ പെട്ടന്ന് പറഞ്ഞു...
ഇനി പുള്ളിയെങ്ങാൻ കൊച്ചിനെ കാണാൻ കേറി വന്നാലോ.. വീട്ടുകാരോട് ഞാൻ എന്ത് പറയും?? ആരാന്നു പറയും... ഇന്നത്തെ കാലവും പ്രായവും അല്ലല്ലോ...
...... ...... ....... ....... വീണ്ടും നിശബ്ദത..
"അത്... ഞങ്ങൾ.. വെറുതെ... ഒന്നും തോന്നരുത്..." പുള്ളി എന്തെങ്കിലും ഇങ്ങോട്ട് പറയും മുൻപേ ഞാൻ തലയ്കാടം വെട്ടി...
" അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ" ഒരു ചിരിയോടെ പുള്ളിയുടെ മറുപടി ...
"എങ്കിൽ ഞാൻ പോവാ... കൊച്ചിന് വിശക്കുന്നുണ്ടാവും.. " ഞാൻ തിരിഞ്ഞു നടന്നു..
"അതേയ്... പേര് പറഞ്ഞില്ല.." വീണ്ടും പിൻവിളി..
"നിഷ..." ഞാൻ മറുപടി കൊടുത്തു..
വൈറ്റ് ഷർട്ട് എന്ന വിളിപ്പേരിൽ ഞങ്ങൾ പറയുന്ന ആളുടെ യഥാർത്ഥ പേരറിയാൻ ഉള്ള ആഗ്രഹത്താൽ ഞാനും പേര് ചോദിച്ചറിഞ്ഞു...
പിന്നെ തിരിഞ്ഞു നോക്കാതെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നടന്നു...
അതോടെ ഞാൻ നിർത്തി...
വായ്നോട്ടം അല്ല കേട്ടോ... സ്ഥിരമായി ഒരാളെ വായിൽ നോക്കുന്നത്... വായ്നോട്ടം ഇപ്പോളും മുറക്ക് നടക്കുന്നു... കമ്പനിക്ക് കണവനും കൂടും.. അതൊന്നും ഇല്ലെങ്കിൽ എന്ത് രസം അല്ലേ????
നിഷ ബിബിൻ
21/04/2017
1
( Hide )
  1. ഹാ ഹാ.വായ്നോട്ടക്കഥ അസ്സലായി.ചുമ്മാ ആ പാവം മനുഷ്യനെ തെറ്റിദ്ധരിച്ചു.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo