Slider

എന്‍റെ സ്വയം പരിചയപ്പെടുത്തല്‍ (ആത്മകഥ)

0
Image may contain: 2 people, people sitting

എന്‍റെ നാട് പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിക്കടുത്തുള്ള പള്ളിപ്പുറമാണ്. പ്രിയപ്പെട്ട എം ടി യുടെ തട്ടകത്തമ്മയായ ശ്രീ കൊടിക്കുന്നു ഭഗവതി ക്ഷേത്രത്തിനു തൊട്ടടുത്താണ് എന്‍റെ ജന്മഗൃഹം. അവിടെയാണ് ഞാനും അമ്മയും ഭാര്യയും രണ്ടാണ്‍മക്കളും അടങ്ങുന്ന കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. പത്താം ക്ലാസ്സ്‌ കഷ്ടിച്ചു പാസ്സായ ഞാന്‍ പി ഡി സിയേയും തോല്‍പ്പിച്ചു. ബി കോം എന്ന കടമ്പ കടന്നതെത്രത്തോളം കഷ്ടപ്പെട്ടിട്ടാണെന്ന് എനിക്ക് മാത്രമേ അറിയൂ. ഒരു വേള നഷ്ടപ്പെട്ടെന്നു തന്നെ കരുതിയ ബിരുദം തലനാരിഴക്കാണ് എന്നരികിലെത്തിയത്...
അപ്പോഴേക്കും കൃഷിപ്പണി, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ , ഹോട്ടല്‍ പണി, പ്രസ്സിലെ ജോലികള്‍, പാരലല്‍ കോളേജ് അദ്ധ്യാപകന്‍, വീടുതോറുമുള്ള സാധന വില്‍പ്പന, ഇന്‍ഷുറന്‍സ് ഏജന്റ് എന്നു തുടങ്ങിയ പലതിലും പ്രാവീണ്യം ലഭിച്ചിരുന്നു. പിന്നെ ഐ ടി ഐ ഓട്ടോമൊബൈല്‍ ജില്ലാ തലത്തില്‍ ഒന്നാം റാങ്കോടെ തന്നെ പാസായതിനു ശേഷം ഓട്ടോറിക്ഷ വര്‍ക്‌ഷോപ്പ് ഇട്ടു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകേറാന്‍ അനന്തരം വേറെ പണി തേടിപ്പോയി എന്നു മാത്രം.. പിന്നീടാണ് സെയില്‍സ് ആന്‍ഡ്‌ മാര്‍ക്കറ്റിംഗ് രംഗത്തേക്ക് ഒരു പുതിയ ചുവടുവെപ്പ് നടത്തിയത്.
ഈ സമയത്താണ് വിവാഹിതനായതും മറ്റും. മൊട്ടുസൂചി മുതല്‍ മോട്ടോര്‍ കാര്‍ വരെ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. ഇതിനിടയില്‍ ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രശ്നത്തിനു പുറമേ ദാമ്പത്യ പ്രശനവും കൂട്ടായി, അതു കുടുംബകോടതിയില്‍ വരെ എത്തിനിന്നപ്പോള്‍ ഞാന്‍ നാടു വിട്ട് കേരള തലസ്ഥാനത്തേക്ക് ചേക്കേറി. അങ്ങിനെ ഭിക്ഷ യാചിച്ചു നടന്ന എന്നെ ബഷീര്‍ക്ക എന്ന ഒരു നല്ല മനുഷ്യന്‍ സഹായിക്കുകയും, എന്നെയും അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന്‍ ആക്കുവാനുള്ള ശ്രമം നടത്തുകയും ചെയ്തു. അദ്ദേഹം അതില്‍ വിജയിച്ചുവെങ്കിലും, പരമകാരുണികനായ പടച്ച തമ്പുരാന്‍ അദ്ദേഹത്തെ അങ്ങോട്ടേക്ക് നേരത്തേ കൊണ്ടുപോവുകയും ചെയ്തു.
ഒരു ജോലി കണ്ടെത്താന്‍ ബഷീര്‍ക്ക എന്നെ സഹായിച്ചു. താമസം, ഭക്ഷണം എന്നിവ നല്‍കി സ്വന്തം മകനേ പോലെത്തന്നെ കരുതി പരിപാലിച്ചുപോന്നു. ഈ സമയം ഞാനാകട്ടെ എന്‍റെ ജോലികളില്‍ നന്നായി ശോഭിക്കുകയും ചെയ്തു. മറ്റു ലൌകിക ചിന്തകളെല്ലാം വെടിഞ്ഞു മുന്നോട്ടു പോയി. ആശ്ചര്യം എന്നു തന്നെ പറയട്ടെ, ഭാര്യയും രണ്ടു വയസ്സുള്ള മകനും ഉടനൊരുനാള്‍ തിരുവനന്തപുരത്ത് എത്തുകയും പിന്നീട് ഞങ്ങള്‍ ഒന്നിച്ചുള്ള ഈ യാത്ര പൂര്‍വ്വാധികം ഭംഗിയാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
തുടര്‍ പഠനത്തിനായി ഇഗ്നോ എം ബി എ എന്‍ട്രന്‍സ് പാസ്സായി കോഴ്സിനു ചേരുകയുമൊക്കെ ചെയ്തെങ്കിലും മുഴുമിക്കാനായില്ല. ഈ സമയം ഞാന്‍ ഐ ടി കമ്പനിയില്‍ മാര്‍ക്കറ്റിംഗ് ജോലികള്‍ ചെയ്യുകയായിരുന്നു. അന്നാണ് ആദ്യമായി കംപ്യൂട്ടര്‍ എന്താണെന്ന് കാണുന്നതും അതിനോടുള്ള ഭ്രമം ഉണ്ടായതും മറ്റും. ഒരു ലാപ്ടോപ് വാങ്ങി ഉപയോഗിച്ചു പഠിക്കാന്‍ തുടങ്ങി . കംപ്യൂട്ടര്‍ മെക്കാനിസത്തിലേക്ക് ശ്രദ്ധ തിരിഞ്ഞു. അങ്ങിനെ പത്തു വര്‍ഷമായി കൊണ്ടുനടന്ന മാര്‍ക്കറ്റിംഗ് ജോലിക്ക് വിരാമമായി. വൈറസ്ടെക് (ഇപ്പോഴത്തെ Virustec I T Solutions) എന്ന പേരില്‍ ഓഫീസ് ഇല്ലാതെ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങി. ഒന്നും അറിയില്ലെങ്കില്‍ത്തന്നെ എല്ലാം പഠിച്ചു നന്നായി മുന്നോട്ടു പോയി.
ഗൂഗിള്‍ തന്നെ ഗുരു. ആളുകള്‍ എന്നെത്തന്നെ സര്‍വീസിനു വിളിക്കാന്‍ തുടങ്ങി. ഒരു ദിവസത്തെ വരുമാനം ശരാശരി മൂവായിരം രൂപയിലെത്തി നില്‍ക്കുമ്പോഴും ഓഫീസ് ഉണ്ടായിരുന്നില്ല. ആയിടയ്ക്ക്‌ തിരുവനന്തപുരത്തിന്‍റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന അന്നാസ്‌ ആര്‍ക്കേഡില്‍ സൗജന്യമായി ഒരു ഓഫീസ് മുറി അതിന്‍റെ മുതലാളിയും, സന്മനസ്സിന്‍റെ മൂര്‍ത്ത പ്രതീകമായ മോനി ജോര്‍ജ് എന്ന മാനേജറും Moni George ചേര്‍ന്നെനിക്ക് നല്‍കി.
ഫോര്‍മാറ്റ്‌ ചെയ്യാതെ തന്നെ വൈറസ് നീക്കം ചെയ്യുന്ന അതിവിദഗ്ദമായ ടെക്നിക്ക് ആയിരുന്നു എന്‍റെ വിജയക്കുതിപ്പിനാധാരം. കാലം അങ്ങിനെ കടന്നുപോവുന്നതിനിടയില്‍ നടുറോഡില്‍ നാട്ടില്‍ വച്ച്, അച്ഛന്‍ ഹൃദയാഘാതത്താല്‍ ഈ ലോകത്തോട്‌ വിട പറഞ്ഞത് എന്‍റെ മടിയില്‍ തല വച്ചു കൊണ്ടായിരുന്നു. അതുവരെ കേരളത്തിന്‍റെ തലസ്ഥാനത്ത് കുടുംബസമേതം താമസിച്ച ഞങ്ങള്‍ അച്ഛന്‍റെ വിയോഗ ശേഷം തിരിച്ച് നാട്ടിലേക്ക് തന്നെ വണ്ടി കയറി. അച്ഛനും അമ്മയും നാട്ടില്‍ തന്നെയായിരുന്നു.
അങ്ങിനെ ഇപ്പോള്‍ പട്ടാമ്പിക്കാരനായി പട്ടാമ്പിയില്‍ തന്നെ കമ്പ്യൂട്ടര്‍ സ്ഥാപനം ഇട്ടു മുന്നോട്ടു പോകുന്നിടയ്ക്കാണ് നവംബര്‍ എട്ടിന് നോട്ടു നിരോധനം ഏര്‍പ്പെടുത്തിയത്. തട്ടി മുട്ടി പോയിക്കൊണ്ടിരുന്ന പട്ടാമ്പിയെന്ന ചെറുപട്ടണത്തിലെ എന്‍റെ പുതിയ സ്ഥാപനം മൂക്കും കുത്തി വീണു. യാതൊരുവിധ ദുശ്ശീലങ്ങള്‍ക്കും അടിമപ്പെടാന്‍ ഇതു വരെ എനിക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ നോട്ടു നിരോധനത്തിന് ശേഷം വര്‍ക്ക്‌ തീരെ കുറവാകയാല്‍ എഴുത്തിലേക്ക്‌ വഴി മാറി. വിഷയം നോട്ടു നിരോധനം തന്നെ. എഴുത്താവട്ടെ, അത്‌ നമ്മുടെ പ്രിയങ്കരിയായ ഫേസ്ബുക്കിലും. നോട്ടു നിരോധനക്കാലം കഴിഞ്ഞതോടെ എഴുത്തും വഴി മുട്ടി. കവിതയിലായി പിന്നെ കളി. ഇപ്പോള്‍ അമ്പതോളം കവിതകള്‍ നാലായിരത്തോളം വരുന്ന വരികളില്‍ എഴുതിത്തീര്‍ത്തു. ഈ വൃത്തവും പ്രാസവും പദ സമ്പത്തും എല്ലാം ഗൂഗിളില്‍ നിന്നു തന്നെ കിട്ടിയതാണേ. ഗുരുവായി കരുതുന്നത് ശ്രീ ദീപു ആറ്റിങ്ങല്‍ Deepu Attingal എന്ന മഹത് വ്യക്തിയേയാണ്.
ഇക്കഴിഞ്ഞ പത്തു വര്‍ഷക്കാലമായി, കൊണ്ടു നടക്കുന്ന കമ്പ്യൂട്ടര്‍ സര്‍വീസിംഗ് ആണ് ഇപ്പോഴത്തെ തൊഴില്‍.അതും ഒറ്റയ്ക്ക്തന്നെ. ആത്മകഥാസമാനമായ ഇത്രയും ദീര്‍ഘിച്ച പരിചയപ്പെടുത്തല്‍ മനപ്പൂര്‍വ്വം തന്നെയാണ് കേട്ടോ. എല്ലാവര്‍ക്കും ആശംസകള്‍...
സമ്പാദ്യം - വട്ടപ്പൂജ്യം, ദുരാഗ്രഹം - ഋണസംഖ്യ സമ്പാദ്യത്തില്‍ വരുത്തരുതേ എന്ന് മാത്രം
സന്ദീപ്‌ പട്ടാമ്പി 9539071844
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo