Slider

കാര്യമില്ലാ കാര്യം

0
Image may contain: 1 person, selfie and closeup

രാവിലെ സുഖസുഷുപ്ത്തിയിലായിരുന്ന ഞാൻ പതിവായി കേൾക്കാറുള്ള കിളികളുടെ ഹർഷാരാവാങ്ങൾക്ക് പകരം ചില പൊട്ടലും ചീറ്റലുമൊക്കെ കേട്ട് തലയിൽ നിന്നു പുതപ്പ് മാറ്റി ചെവിയോർത്തു..അടുക്കളയിൽ നിന്നാണ് മാതാശ്രീയും, പ്രിയതമയും തമ്മിൽ..
സമയം എത്രയായി... ? ഇപ്പോഴാണോ കുടുംബത്തിൽ പെണ്ണുങ്ങൾ എഴുന്നേൽക്കുന്നത്..മാതാശ്രീ പറഞ്ഞ വാക്കുകൾ വീടിന്റെ ചുമരിൽ ചെന്നിടിച്ചു എന്റെ കർണ്ണപുടങ്ങളിൽ പതിച്ചു.. ഞാൻ ചുമരിലേ ക്ലോക്കിലേക്ക് നോക്കി.. 10 മണി..രാവിലെ പ്രിയതമ എഴുന്നേല്ക്കാൻ തുടങ്ങിയപ്പോൾ ഞാനാണ്‌ പിടിച്ചു കിടത്തിയത്... ഇന്ന് ഞായറാഴ്ച ആയതിനാൽ രാവിലെ ആർക്കും ഒരിടത്തും പോകണ്ട.. പള്ളിയിൽ വൈകിട്ട് നാലു മണിക്കാണ് എല്ലാരും കൂടെ പോകാറ് പതിവ്..പോരാത്തതിനു നല്ല തണുപ്പും.. അതിനാൽ കെട്ടിപിടിച്ചു കിടക്കാൻ നല്ല സുഖമായിരുന്നു..പക്ഷെ കലാപരിപാടി ഒക്കെ കഴിഞ്ഞു രണ്ടുപേരും ഒന്ന് മയങ്ങിപ്പോയി... അവിടെയാണ് പണി പാളിയത്..
ശീതയുദ്ധം അടുക്കളയിൽ കൊടുംമ്പിരി കൊണ്ടിരിക്കുന്നു.. രണ്ടുപേരും തങ്ങളുടെ കയ്യിലുള്ള വാക്കസ്ത്രങ്ങൾ തൊടുത്തു വിടുന്നുണ്ട്... എന്റമ്മേ അതിനിടയിലെങ്ങാനും പെട്ടാൽ നമ്മൾ എപ്പോ പടമായി എന്ന് ചോദിച്ചാൽ മതി.. ഞാൻ പുതപ്പെടുത്തു തല മൂടി...
അപ്പൊ ഞാൻ ദൈവത്തോട് ചോദിച്ചു...
ഈ പെണ്ണുങ്ങൾക്കു ഇങ്ങനത്തെ സ്വഭാവം കൊടുത്തപ്പോൾ നീ എന്ത് കൊണ്ട് ഞങ്ങൾ പുരുഷൻമാരുടെ കാര്യം ചിന്തിച്ചില്ല..എത്ര വലിയ അന്താരാഷ്ട്ര പ്രശ്നങ്ങളും ഞങ്ങൾ നിമിഷനേരം കൊണ്ട് പരിഹരിക്കും..പക്ഷേ ഇവിടെ ഞങ്ങൾ ആയുധം നഷ്ട്ടപെട്ട പോരാളിയായി പോകുന്നു.. അമ്മയോട് കാര്യം ചോദിച്ചാൽ പറയും.. അവൻ പെണ്ണുംപിള്ളേടെ വാക്കും കേട്ട് വന്നിരിക്കുവാ..നൊന്തു പ്രസവിച്ചു വളർത്തി വലുതാക്കിയ കണക്കുകൾക്കു മുന്നിൽ ഞങ്ങടെ വായടയും... എന്നാ സ്വന്തം പെണ്ണിനിട്ട് ഒന്ന് പൊട്ടിക്കാം എന്ന് വെച്ചാൽ.. പെണ്ണും കെട്ടി പിള്ളാരുമായി..ഇപ്പോഴും അമ്മ പറയുന്നതേ കേൾക്കൂ എന്നാകും പറച്ചിൽ... ഒന്നും ചെയ്യാനാവാതെ ഒരു പുരുഷൻ ജീവിതത്തിൽ നിസ്സഹായനായി നിൽക്കുന്നത് ഇവരുടെ ഇടക്കായിരിക്കും..ഒന്ന് ഒന്നിനോട്‌ തുലനം ചെയ്യാൻ പറ്റാത്ത അവസ്ഥ...
മനസ്സ് ഒരു പട്ടം പോലെ പാറി നടന്നപ്പോളാണ് പ്രിയതമയുടെ പാദപദനശബ്ദം അടുത്തടുത്തു വന്നത്... ഞാൻ ഒന്നും അറിയാത്തപോലെ ഉറക്കം നടിച്ചു കിടന്നു... കട്ടിലിലേക്ക്‌ വന്നു കിടന്ന അവളുടെ കരച്ചിലിന്റെ ഏങ്ങലടി കേട്ടപ്പോൾ ഒന്ന് കെട്ടി പിടിച്ചാലോന്ന്‌ ചിന്തിച്ചു എങ്കിലും പൊട്ടിതെറിച്ചാലോന്ന്‌ ഓർത്ത്‌ ഞാൻ അനങ്ങിയില്ല...
പക്ഷേ എത്ര നേരമാ കേട്ടോണ്ട് കിടക്കുന്നെ.... !പിന്നെ ഈ ഉറക്കം നടിച്ചു കിടക്കുന്നത് വലിയ പാടാന്നേ..
ഞാൻ അവളുടെ കരച്ചിൽ ഇപ്പൊ കേട്ടിട്ട് എഴുന്നേൽറ്റപോലെ കണ്ണ് തുറന്ന് ചോദിച്ചു.. എന്ത് പറ്റിയെടി... ?
ഞാൻ ചോദിച്ചതും അണ പൊട്ടിയ പോലെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നതിനിടയിൽ അവൾ കാര്യം പറഞ്ഞു....
അമ്മ അങ്ങനെ പറഞ്ഞോ... ഞാൻ ഒന്ന് ചോദിച്ചു നോക്കട്ടെ... ? എന്ന് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല...
എനിക്കറിയാം അവൾ സമ്മതിക്കില്ലന്ന്‌.. ആ ധൈര്യത്തിലല്ലേ ഞാൻ ചോദിയ്ക്കാന്ന്‌ പറഞ്ഞത്... അതവൾക്കറിയാത്തതിനാൽ ഞാൻ രക്ഷപെട്ടു.... ഞാൻ അവളെ ഒന്ന് ചേർത്തു പിടിച്ചു.. കണ്ണീർ
ഒഴുകിയിറങ്ങിയ ആ കവിളിൽ എന്റെ മുഖമൊന്നമർത്തി കൊണ്ട് പറഞ്ഞു.. സാരമില്ലടി പെണ്ണേ... എല്ലാ സങ്കടങ്ങളും അവിടെ തീർന്നു... ശാന്തമായി അവൾ..
ഒന്നാം ലോകരാജ്യവും, രണ്ടാം ലോകരാജ്യവും തമ്മിലുള്ള കിടമത്സരത്തിന്റെ പരിണിത ഫലമെന്നോണം ഉച്ചയ്ക്ക് ഊൺ മേശയിൽ ഞായറാഴ്ച നിരക്കണ്ട ബീഫ് ഫ്രൈക്കു പകരം വെണ്ടയ്ക്കതോരനും, തക്കാളി കറിയും ഒക്കെ കണ്ട്‌, മൂന്നാം ലോക രാജ്യത്തിൽപെടുന്ന അച്ഛനും, ഞാനും മദ്ധ്യസ്ഥശ്രെമങ്ങൾക്കുള്ള വഴികൾ ആലോചിച്ചു... നാലാം ലോകരാജ്യത്തിൽ പെട്ട മക്കൾ.. ഇതിനൊന്നും ചെവി കൊടുക്കാതെ കഴിച്ചെന്നു വരുത്തി സ്ഥലം കാലിയാക്കി...സർവ്വത്ര നിശബ്ദത..ഈ പെണ്ണുങ്ങൾ വാ പൂട്ടിയാൽ വീടുറങ്ങിയ പോലെയാന്നേ..
ചുവരിൽ ഘടികാരം മൂന്നുമണി അറിയിച്ചപ്പോൾ എല്ലാവരും നാലുമണി കുർബാനയ്ക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി... സാദാരണ കാറിലാണ് എല്ലാവരും കൂടെ പോകാറ്... ഞാൻ വരുന്നില്ലെന്ന് പറഞ്ഞാൽ മാതാശ്രീ മൂന്നേമുക്കാലിന്റെ ബസ്സിനു പോകും..പ്രിയതമ പിന്നെ ഞാനില്ലന്ന്‌ പറഞ്ഞാൽ അവളും പോകില്ല.. അതുകൊണ്ട് ഞാനും പള്ളിയിൽ പോകുന്നുണ്ടന്ന രീതിയിൽ ഒരുങ്ങി... 10 മിനിറ്റിൽ എത്താം പള്ളിയിൽ..ബസ്സ്‌ പോകുന്നത് വരെ ഞാൻ പോകാനുള്ള തയ്യാറെടുപ്പിൽ നിന്നു..മൂന്നേ മുക്കാലിന്റെ ബസ്സ്‌ പോയതും ഞാൻ മാതാശ്രീയോട് പറഞ്ഞു ഞാൻ വരുന്നില്ല പള്ളിയിൽ..
മാതാശ്രീക്ക് നല്ല ദേഷ്യം വന്നു.. എന്നാൽ പിന്നെ നിനക്ക് നേരത്തെ പറഞ്ഞാൽ ഞാൻ ആ ബസ്സിൽ പോകില്ലാരുന്നോ... ?
അതുകൊണ്ടല്ലേ പറയാതിരുന്നത്‌ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.. ഒരുങ്ങി വന്ന പ്രിയതമയും പെട്ടന്നുള്ള എന്റെ മാറ്റം കണ്ട്‌ കലിപ്പിച്ചു നോക്കുന്നുണ്ട്...
അപ്പോൾ ഞാൻ അടുത്ത നമ്പർ ഇറക്കി..
അല്ല നിങ്ങൾ എന്തിനാ പള്ളിയിൽ പോകുന്നത്..., ?കർത്താവു എന്താ പറഞ്ഞേ..നിങ്ങൾക്ക് ആരോടേലും, മനസ്സിൽ വെറുപ്പുണ്ടെങ്കിൽ.. അല്ലങ്കിൽ ആർക്കെങ്കിലും നിങ്ങളോട് വെറുപ്പുണ്ടന്ന്‌ തോന്നിയാൽ അവരുമായി രമ്യതപെട്ടിട്ട് വന്നു ബലിയർപ്പിക്കുക..
ഇതിപ്പോ നിങ്ങൾ രണ്ടും പിണങ്ങിയിരുന്നു പള്ളിയിൽ പോയി പ്രാർത്ഥിച്ചിട്ടു എന്ത് കാര്യം... ?
രണ്ടുപേരും എന്നെ കട്ട കലിപ്പിൽ നോക്കുന്നുണ്ട്... ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ പോകുന്നില്ലന്നുള്ള രീതിയിൽ തന്നെ ഇരുന്നു...
നീ വരുന്നില്ല... ?മാതാശ്രീ അവസാനമായി ചോദിച്ചു...
ഇല്ല... ഞാൻ കനത്തിൽ തന്നെ മറുപടി കൊടുത്തു..
നീ വാടി പെങ്കൊച്ചേ... ഇച്ചിരി സ്പീഡിൽ നടന്നാൽ മതി.. പത്ത് മിനിറ്റ് താമസിക്കൂന്നേ ഉള്ളൂ...
ഞാൻ നോക്കിയപ്പോൾ പ്രിയതമയും എന്നെ നോക്കി ദേഷ്യപ്പെട്ടോണ്ടു മാതാ ശ്രീയുടെ കൂടെ പോകുന്നു... നോക്കണേ തമാശ.. ഇവരുടെ നോട്ടം കണ്ടാൽ ഞാനാണ്‌ വഴക്കുണ്ടാക്കിയതെന്ന്‌ തോന്നും..അവർ പോയി അഞ്ചു മിനിറ്റ് കഴിഞ്ഞു ഞാൻ വണ്ടിയെടുത്തു ചെന്നു..
രമ്യതയിലായ അവരോടൊപ്പം ചേരാൻ..
(അമ്മയുടെയും, ഭാര്യയുടെയും നടുവിൽ നിസ്സഹായനായി പോകുന്ന എല്ലാ പുരുഷന്മാർക്കും വേണ്ടി സമർപ്പിക്കുന്നു..
NB: ഞാൻ ഇതിൽ പെടുന്നില്ല.. )
By.....Bins Thomas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo