Slider

സംഭവ കഥ ..............ഒരു 'തീ'വണ്ടി യാത്ര...........

0

സംഭവ കഥ
..............ഒരു 'തീ'വണ്ടി യാത്ര...........
" ചെക്കാ, മൊബൈലിൽ കുത്തിയിരിക്കാണ്ട് പോയിക്കിടന്നുറങ്ങ്, നാളെ വെളുപ്പിന് എണീക്കേണ്ടതല്ലേ." അമ്മയുടെ ശകാരം കേട്ട് രാജേഷ് മെല്ലെ തല പൊക്കി നോക്കി.
"ഞാൻ പോണോ അമ്മേ? "
"പിന്നെ പോവാണ്ട്. ടെസ്റ്റിനു പാസാവാതെ പിന്നെങ്ങനെ ജോലി കിട്ടും. മുപ്പതു വയസ്സാകാൻ പോവാ ഈ ചിങ്ങത്തില്. അവന് ജോലിയും കൂലിയും ഇല്ലാതെ, പെണ്ണും കെട്ടാണ്ടിങ്ങനെ പിള്ളേർടെ കൂടെ തെണ്ടിത്തിരിഞ്ഞ് നടക്കണം. പോലീസ്സിൽ കിട്ടിയിട്ട് പോവാത്തവനാ, ഒരു കലാം സ്നേഹി.. "
"എന്റമ്മേ ഒന്നു നിറുത്തുവോ. ഞാൻ പോകുവാ. അമ്മയ്ക്കറിയില്ലേ എനിക്കൊരു സ്വപ്നമുണ്ട്. കാശ്മീരിൽ പോണം. അതു കഴിഞ്ഞ് ജോലി. കല്ല്യാണത്തിനെ കുറിച്ച് പിന്നെ ചിന്തിക്കാം.. അമ്മ എന്തിനാ ഒന്നു പറഞ്ഞ് രണ്ടിന് അബ്ദുൾ കലാമിനെ പിടിച്ചിടണേ, കേട്ടിട്ടില്ലേ പുള്ളി പറഞ്ഞിരിക്കുന്നത്.
Dreams are not those which comes while we are sleeping but dreams are those when u don't sleep before fulfilling them.
(ഉറങ്ങുമ്പോൾ കാണുന്നവയല്ല സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത് വരെ നിങ്ങൾ ഉറങ്ങാതിരിക്കുന്നവയാണ് സ്വപ്നങ്ങൾ )
"കാര്യം നീ സമ്പാദിച്ചു വന്നിട്ടു വേണ്ട ഇവിടെ കഴിയാൻ. പക്ഷെ എല്ലാവരും ചോദിച്ചു തുടങ്ങി ചെക്കനു ജോലിയായോ കല്ല്യാണം ആയോന്നൊക്കെ "
"നമ്മൾ നമുക്കു വേണ്ടി ജീവിക്കണമമ്മേ, മറ്റുള്ളവർക്ക് വേണ്ടിയല്ല. വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്......"
" എനിക്കു കേൾക്കണ്ട... എന്തു പറഞ്ഞാലും വിവേകാനന്ദന്റേയും കലാമിന്റേയും വാചകം കൊണ്ട് വരും.നിനക്കിഷ്ടമുള്ളത് ചെയ്യ്.. ഞാൻ പോണു. നീ ഇവിടെയിരുന്ന് ഉറങ്ങാതെ സ്വപ്നം സാക്ഷാത്കരിക്ക്.. "
"അമ്മിണിയമ്മ പിണങ്ങല്ലേ. ഞാൻ ഉറങ്ങാൻ പോകുവാ."
"രാവിലെ നാലിന് അലാറം വയ്ച്ചോളൂ. അഞ്ചരയ്ക്കല്ലേ ട്രയിൻ?"
" ഉം. ഞാൻ ബൈക്കിൽ പോയ്ക്കോളാം സ്റ്റേഷനിലോട്ട്. അച്ഛനെ വിളിക്കണ്ട കേട്ടോ."
" ശരിയപ്പാ, പോയി കിടക്ക്.. "
മൊബൈൽ കുത്തിയിരുന്ന് എപ്പോഴോ ഉറങ്ങിപ്പോയ്. അലാറത്തിന്റെ ശബ്ദം കേട്ട് ചാടിയെണീറ്റു. പ്രഭാത കർമ്മങ്ങൾക്കു ശേഷം അമ്മ നൽകിയ കട്ടനും അടിച്ചിറങ്ങി. സ്ട്രീറ്റ് ലൈറ്റുകൾ അണഞ്ഞിരുന്നില്ല. വിജനമായ റോഡിലൂടെ ബൈക്ക് ഒഴുകാൻ തുടങ്ങി. ബസ് സ്റ്റോപ്പിനടുത്തു കൂടെ പോയപ്പോഴാണ് അവൻ കണ്ടത്. ഒരു പെൺകുട്ടി, അക്ഷമയായി കാത്തിരിക്കുന്നു. അടുത്തു വന്നപ്പോഴാണ് ശ്രദ്ധിച്ചത്. അത് മിനിയാണ്. കഴിഞ്ഞ ദിവസം അമ്പലത്തിൽ പോയപ്പോൾ പരിചയപ്പെട്ടിരുന്നു. അമ്മയുടെ കൂട്ടുകാരിയുടെ മകൾ.
പതുക്കെ ബൈക്ക് സ്ലോ ചെയ്തു.
"എന്താ, തനിച്ചിവിടെ ?"
"അതൊരു ടെസ്റ്റുണ്ട്, റയിൽവേ സ്റ്റേഷൻ വരെ പോകണം. അച്ഛൻ സ്ഥലത്തില്ല."
" ആഹാ, ഞാനും റയിൽവേ സ്റ്റേഷനിലോട്ടാ, വിരോധമില്ലാച്ചാൽ ഞാൻ കൊണ്ടാക്കാം."
ചെറുതായൊന്നു മടിച്ചെങ്കിലും പെട്ടെന്ന് വന്ന് വണ്ടിയിൽ കയറി. പ്രഭാതത്തിലെ കുളിർ തെന്നലിന് ഇത്തിരി കുളിർമ്മ കൂടിയോ? ആദ്യമായിട്ട് ഒരു പെൺകുട്ടിക്ക് ബൈക്കിൽ ലിഫ്റ്റ് കൊടുക്കണെ. അവൾ മുട്ടിയുരുമാതെ ശ്രദ്ധിച്ചിരുന്ന പോലെ തോന്നി. കാണാൻ നല്ല കുട്ടിയാട്ടോ. കാച്ചിയ എണ്ണയുടെ മണം. ഒരു കല്ല്യാണമൊക്കെ ആവാമല്ലേ? കല്ല്യാണം കഴിച്ചിട്ടും വിവേകാനന്ദന്റേയും കലാമിന്റേയും ആരാധകരായി തുടരുന്ന എത്ര പേരുണ്ട്. ഈ ടെസ്റ്റെഴുതിയെടുക്കണം. കല്ല്യാണം കഴിഞ്ഞാലും കാശ്മീരിൽ പോകാലോ..
"ചേട്ടാ, സ്റ്റേഷനെത്തി.. "
അയ്യോ ഓരോന്നാലോചിച്ചിരുന്ന് സ്റ്റേഷനെത്തിയതറിഞ്ഞില്ല.
" വളരെ നന്ദി സഹോ.. " ഇതു പറഞ്ഞ് അവൾ പെട്ടെന്നിറങ്ങി നടന്നു.
"കുട്ടീ, എന്റെ പേര് സഹദേവനല്ല, രാജേഷ് ", എന്ന് പറഞ്ഞു തീരും മുമ്പേ അവൾ നടന്നകന്നിരുന്നു. അപ്പോഴാണ് അവൾ പറഞ്ഞതെന്താണെന്ന് തലച്ചോറ് തിരിച്ചറിഞ്ഞത്. 'സഹോ' അതായത് ബ്രോ.
ന്യൂ ജെൻ കുട്ടിയായിരുന്നല്ലേ. അല്ല, തന്റെ കൂട്ടുകാരൻ പറഞ്ഞല്ലേ, ഇപ്പോഴത്തെ കുട്ടികൾ അച്ഛനേയും അമ്മയേയും വരെ 'ബ്രോ' എന്നാണത്രേ വിളിക്കുന്നത്. ആ അല്ലേലും കല്ല്യാണത്തിന് മുമ്പേ കാശ്മീരിൽ പോണയാ നല്ലത്.
അങ്ങനെ ചെറുതായി തകർന്ന ഹൃദയവുമായി രാജേഷ് സീറ്റു കണ്ടു പിടിച്ചിരുന്നു. വല്ല സാഹിത്യ ഗ്രൂപ്പിലും കേറി രണ്ട് കമന്റിടാം കരുതി മൊബൈൽ എടുത്തപ്പോഴാണ് അവന്റെ പാതി തകർന്ന ഹൃദയം മുഴുവനായും തകർന്നത്. മൊബൈൽ ചാർജില്ലാതെ ചത്തിരിക്കുന്നു. ചാർജ് ചെയ്യാൻ നോക്കുമ്പോ ഒരു മൊബൈൽ കുത്തി വച്ചിരിക്കുവാ. അപ്പോഴാണ് തന്റെ സഹയാത്രികനെ ശ്രദ്ധിച്ചത്. ഒരു അന്യ സംസ്ഥാനം. ഉറങ്ങുവാ. ഒരു മലയാളി ചാർജ് ചെയ്തിട്ട് ഇവൻ ചെയ്താൽ മതി. പതുക്കെ മൊബൈൽ ഊരി സീറ്റിൽ വച്ചു.
"ചേട്ടാ, ഇപ്പൊ വച്ചതേയുള്ളൂ, ചാർജായിട്ടില്ല."
പുറകിൽ നിന്ന് നല്ല പച്ച മലയാളത്തിലിതവൻ പറഞ്ഞപ്പോൾ ചൂളിയ മുഖവുമായി രാജേഷ് തിരിച്ച് ഫോൺ വച്ചു. ചത്ത ഫോൺ മരവിച്ച ഹൃദയത്തിന്റെ താളമേറ്റു വാങ്ങാനായി പോക്കറ്റിലഭയം പ്രാപിച്ചു. ജനാലയിലൂടൊഴുകി വരുന്ന കാറ്റിന്റെ തലോടലിൽ സുഖം പ്രാപിച്ച് എപ്പോഴോ നിദ്രാ ദേവിയോടൊപ്പം അവൻ ഒളിച്ചോടി.
" ചേട്ടാ, ചാർജ്ജ് ചെയ്തോളൂ."
അന്യ സംസ്ഥാനമാണ്. എത്തേണ്ട സ്ഥലമടുക്കാറായി. ഫോൺ ചാർജ്ജറിൽ കുത്തി വച്ചു. കുറച്ചു നേരം കഴിഞ്ഞ് ഓണാക്കി. ആദ്യമൊന്ന് വിസമ്മതിച്ചെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ ഓണായി. നെറ്റോണാക്കേണ്ട താമസം, ചറപറ മെസ്സേജ് നോട്ടിഫിക്കേഷൻസ്. നോക്കുമ്പോ അന്യസംസ്ഥാനം തലയാട്ടിച്ചിരിക്കുന്നു.
എല്ലാം വീട്ടിനടുത്ത കൂട്ടുകാർ.. എന്താണാവോ? എല്ലാത്തിലും ഒരേ ചോദ്യം..
" നീ ഇപ്പോ എവിടാ.." മുത്തശ്ശിക്കെന്തെങ്കിലും ...
ഉടനെ അമ്മയെ വിളിച്ചു. ബിസി...
പിന്നെ കൂട്ടുകാരൻ അപ്പു.
"ഹലോ.. "
"ടാ രാജേഷേ, എത്ര നേരമായി നിന്നെ വിളിക്കുന്നു. നിനക്കങ്ങനെ ഒരാഗ്രഹമുണ്ടെങ്കിൽ ഞങ്ങളില്ലേ, ഒരു വാക്ക് പറഞ്ഞില്ലല്ലോ. ഇവിടെ എല്ലാരുമുണ്ട്, ഞാൻ ചന്ദ്രന് കൊടുക്കാം.. "
"എടാ ചന്ദ്രനാടാ.. എന്റേയും സുമതിയുടേയും കാര്യത്തിന് നീയല്ലേ മുന്നിൽ നിന്നേ. നിനക്ക് ഞങ്ങളില്ലേ.. "
" അല്ല, നിങ്ങളെന്തായീ പറയണെ?" ആകെ ചിന്താ കുഴപ്പത്തിൽ രാജേഷ് ചോദിച്ചു.
"ടാ മിനി ഓക്കെയാണോ?"
"ആ... "
" ഇനിയിങ്ങനെ ഉത്തരവാദിത്വബോധമില്ലാതെ സംസാരിക്കല്ലേ . അതിരാവിലെ പെണ്ണുമായി വണ്ടി കേറിയിട്ട്.. "
"നിങ്ങൾക്ക് വട്ടാണോ. ഞാനവൾക്ക് ലിഫ്റ്റ് കൊടുത്തയാ, അല്ല നിങ്ങളെങ്ങനെ... ഈശ്വരാ ആകെ കുഴപ്പായോ.. "
" ബെസ്റ്റ്.. ആ പെണ്ണ് ആർടെ കൂടാണോ പോയേ അപ്പൊ.. പത്രമിടണ കുട്ടപ്പേട്ടനാ നിന്റെ ബൈക്കിനു പുറകേയിരുന്നവൾ പോയ കാര്യം ഇവിടെ പറഞ്ഞേ. "
"കൃഷ്ണാ.. അമ്മയോടും?... "
"ഉം.. അപ്പൊ മുതൽ എല്ലാരും വിളിച്ചു കൊണ്ടിരിക്കുവാ നിന്റെ അമ്മയുടേയും അച്ഛന്റേയും ഫോണിലേക്ക്. ആ കുട്ടി എഴുതി വച്ചിട്ടിറങ്ങിയതാ, ഇഷ്ടപ്പെട്ട ആൾടെ കൂടെ പോകുകയാണെന്ന് . നീ വിഷമിക്കാതെ ഞങ്ങളറിയിക്കാം എല്ലാവരേയും'''
ഫോൺ വയ്ച്ചെങ്കിലും എത്ര നേരം ഫോൺ കാതിൽ തന്നെ വച്ചവനവിടെയിരുന്നു എന്നവനറിയില്ല. വീണ്ടും ഫോൺ ശബ്ദിച്ചു, ചന്ദ്രനാണ്..
"എടാ, അവളേയും അവനേയും കിട്ടി. ഒരു ഫ്രോടാടാ അവൻ. കുട്ടിയെ പറഞ്ഞു മനസ്സിലാക്കി ബന്ധുക്കൾ വിളിച്ചു കൊണ്ടു വന്നിട്ടുണ്ട്. നീ സമാധാനമായിട്ടിരിക്ക് കേട്ടോ.."
എൻറമ്മേ എന്തൊരാശ്വാസം. ജീവൻ തിരിച്ചു കിട്ടയപോലെ. അന്യസംസ്ഥാനത്തിന് ഒരു ചിരിയും പാസ്സാക്കി ട്രയിൻ വിട്ടു . വല്ല വിധേനയും ടെസ്റ്റാക്കെ എഴുതി, തിരിച്ച് വീട്ടിലേക്ക്.
വേറൊരു ടെസ്റ്റിന്റെ തലേ ദിവസം.
"അമ്മേ, ഈ ജോലി കിട്ടിയാൽ ഞാൻ തീർച്ചയായും ചേരും. പോലീസ് ജോലി ഇഷ്മില്ലാത്തോണ്ടല്ലേ പോകാഞ്ഞേ. "
" ഉം. പക്ഷെ റയിൽവേ സ്റ്റേഷനിൽ അച്ഛൻ കൊണ്ടാക്കും.."
" ഹ ഹ.. ഓക്കെ ഓക്കെ "
.................. ഇന്ദു പ്രവീൺ...............
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo